Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ച ട്രെയിനിൽ കിമ്മിന്റെ മിന്നൽ സന്ദർശനം, ചൈനയിലെത്തിയത് എങ്ങനെ?

kju-beijing-train

ഉത്തര കൊറിയൻ മേധാവി കിം ജോങ് ഉൻ സ്വന്തം രാജ്യം വിട്ട് യാത്ര പോകുന്നത് അപൂർവമാണ്. ഉത്തര കൊറിയൻ മേധാവിയായതിനു ശേഷം അയൽ രാജ്യമായ ചൈനയിൽ പോലും കിം ജോങ് ഉൻ പോയത് കഴിഞ്ഞ വര്‍ഷം മാർച്ചിലാണ്. തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്കു സിംഗപ്പൂരിലും പോയി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കിം ജോങ് ഉൻ വീണ്ടും ചൈനയിൽ എത്തിയെന്നാണ് റിപ്പോർട്ട്. അതിർത്തി കടന്നെത്തിയ ഗ്രീൻ ട്രെയിനിലായിരുന്നു കിമ്മിന്റെയും സംഘത്തിന്റെയും രഹസ്യ സന്ദര്‍ശനമെന്നാണ് വിവരം.

മൂന്നു ദിവസത്തെ സന്ദർശനത്തിനായി കിം ജോങ് ഉൻ തന്റെ ഔദ്യോഗിക ഗ്രീൻ ട്രെയിനിൽ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങള്‍ ചൈനീസ് മാധ്യമങ്ങൾ തന്നെ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കയുമായി വ്യാപാരയുദ്ധം തുടരുന്ന ചൈനയുമായി തന്ത്രപ്രധാന ചർച്ചകള്‍ക്കാണ് കിം എത്തിയതെന്നും സൂചനയുണ്ട്.

യാത്ര പച്ച ട്രെയിനിൽത്തന്നെ

കിം ജോങ് ഉന്നിന്റെ രണ്ടാം ചൈനീസ് സന്ദർശനം ഉത്തര കൊറിയൻ, ചൈനീസ് മാധ്യമങ്ങൾ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എപ്പോൾ, എങ്ങനെയായിരുന്നു യാത്ര എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലഭ്യമായ വിവരങ്ങൾ പ്രകാരം കിം ജോങ് ഉന്നും അനുയായികളും 22 കോച്ചുകളുള്ള പച്ച ട്രെയിനിൽ കഴിഞ്ഞ ആഴ്ച ചൈനയിലെത്തി തിരിച്ചുപോയെന്നു കരുതാം. 2011 ൽ ഉന്നിന്റെ പിതാവ് ചൈന സന്ദർശിച്ചതും ട്രെയിനിലായിരുന്നു.

തിരശ്ചീനമായി മഞ്ഞ വരകളുള്ള പച്ച ട്രെയിനിന്റെ ചിത്രങ്ങൾ വിവിധ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ഡാൻഡോങ്ങില്‍നിന്ന് ബെയ്ജിങ്ങിലേക്ക് 1,100 കിലോമീറ്റർ ദൂരമുണ്ട്. തുടർച്ചയായി 14 മണിക്കൂർ സഞ്ചരിച്ചാലേ ചൈനയുടെ ആസ്ഥാനത്തെത്തൂ. സ്വിറ്റ്സർലൻഡിൽ പഠനത്തിനു വേണ്ടിയും കിം വിദേശത്ത് പോയിട്ടുണ്ട്.

ബുള്ളറ്റ് പ്രൂഫ് ട്രെയിൻ

കിം ജോങ് ഉൻ സഞ്ചരിക്കുന്ന പച്ച ട്രെയിനിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. സുരക്ഷയ്ക്ക് മുൻതൂക്കം നൽകി നിർമിച്ചിട്ടുള്ള ട്രെയിൻ മിസൈൽ, ബുളളറ്റ് പ്രൂഫാണ്. ആഡംബര സൗകര്യങ്ങളുള്ള ട്രെയിനിൽ കോൺഫറൻസ് റൂമുകൾ, ബെഡ്റൂം, ഓഡിയൻസ് ചേംബറുകൾ, ഹൈ–ടെക് കമ്യൂണിക്കേഷൻ സംവിധാനങ്ങൾ, സാറ്റലൈറ്റ് ഫോണുകൾ, ഫ്ലാറ്റ് സ്ക്രീൻ ടെലിവിഷനുകൾ, ഡൈനിങ് റൂം എന്നിവയുമുണ്ട്.
വിദേശ യാത്രയ്ക്കായി മൂന്നു ട്രെയിനുകളുള്ള വ്യൂഹമാണ് കിം ജോങ് ഉൻ സജ്ജമാക്കിയിരുന്നത്. മധ്യത്തിലുള്ള വണ്ടിയിൽ കിമ്മും പിന്നിലും മുന്നിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ വണ്ടികളും. ഇതാണ് കിമ്മിന്റെ യാത്രാ പദ്ധതി.

ഇതേ ട്രെയിനിൽ ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള മെഴ്സിഡീസ് കാറുകളുമുണ്ട്. ചൈനയിൽ എത്തിയതിനു ശേഷം ഇവയിലാണ് കിം സഞ്ചരിക്കുക. ഉത്തര കൊറിയയിലെ കുറച്ചു പേർക്കു മാത്രമേ ഈ ട്രെയിനിലെ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് അറിയൂ. ഇത്തരം ആറോളം ട്രെയിനുകൾ ഉണ്ടെന്നാണ് ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മണിക്കൂറിൽ 60 കിലോമീറ്ററാണ് പച്ച ട്രെയിനിന്റെ വേഗം. 2004 ൽ സംഭവിച്ച ദുരന്തത്തിനു ശേഷം ട്രെയിൻ യാത്രയിൽ വൻ മാറ്റങ്ങളാണ് ഉത്തര കൊറിയ നടപ്പിലാക്കിയത്. അന്നത്തെ ദുരന്തത്തിൽ 160 പേർ മരിക്കുകയും 1,300 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 

കിം ജോങ് ഉൻ വിമാനം വഴി ആദ്യമായി യാത്ര ചെയ്തത് സിംഗപ്പൂരിലേക്കാണ്. ചൈനീസ് വിമാനം ഉപയോഗിച്ചായിരുന്നു യാത്ര. അന്ന് കാറുകളും മറ്റു അനുബന്ധ സാമഗ്രികളും കൊണ്ടുപോകാൻ കൊറിയൻ വിമാനങ്ങൾ തന്നെയാണ് ഉപയോഗിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.