Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ വാങ്ങിയ റഫാൽ യുദ്ധവിമാനം പകുതി വിലയ്ക്ക് ‌ഫ്രാൻസിന് ? റിപ്പോർട്ട് നിഷേധിച്ച് ഫ്രാൻസ്

rafale-france

റഫാൽ വിമാന ഇടപാടിൽ ഇന്ത്യയിൽ പോരു കനക്കുന്നതിനിടെ വിവാദമായ യുദ്ധവിമാനം പകുതി വിലയ്ക്കു സ്വന്തമാക്കാൻ ഫ്രാൻസ് സർക്കാർ നിർമാതാക്കളായ ഡാസോയുമായി കരാറിലെത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2.3 ബില്യണ്‍ യൂറോയ്ക്കു 28 റഫാൽ യുദ്ധ വിമാനങ്ങൾ സ്വന്തമാക്കാനുള്ള കരാറാണ് ഫ്രാൻസ് സർക്കാർ നൽകിയിരിക്കുന്നതെന്നാണ് വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിൽ പറയുന്നത്. 36 യുദ്ധ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ മുടക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ പകുതി വില മാത്രമാണിത്. 7.8 ബില്യൺ യൂറോ (ഏതാണ്ട് 59,000 കോടി) രൂപയാണ് 36 യുദ്ധ വിമാനങ്ങൾക്കായി ഇന്ത്യ നൽകുന്നത്.

ഇതു പ്രകാരം 26 റഫാൽ പോർവിമാനങ്ങളുടെ വില ഏതാണ്ട് 6.06 ബില്യൺ യൂറോയാണ്. എന്നാൽ ഇമ്മാനുവൽ മക്രോണിന്‍റെ നേതൃത്വത്തിലുള്ള ഫ്രാൻസ് സർക്കാർ ഈ റിപ്പോർട്ട് നിഷേധിച്ചു. റഫാലിന്‍റെ എഫ്4 പതിപ്പിന്‍റെ നിർമാണത്തിന് സാമ്പത്തിക സഹായമായി 200 കോടി യൂറോ നൽകുക മാത്രമാണ് തങ്ങൾ ചെയ്തിട്ടുള്ളതെന്നാണ് സർക്കാരിന്‍റെ വിശദീകരണം. 

റഫാൽ‌ വിമാനങ്ങൾ സ്വന്തമാക്കാൻ ഫ്രാൻസ് സർക്കാർ പുതിയ കരാറിലൊന്നും തന്നെ എത്തിച്ചേർന്നിട്ടില്ലെന്ന് ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി അലക്സാന്‍ഡ്രെ സീഗ്ലർ വെളിപ്പെടുത്തി. നിലവിൽ ചൂണ്ടിക്കാണിക്കപ്പെടുന്ന 28 യുദ്ധവിമാനങ്ങൾ നേരത്തെയുള്ള കരാറുകളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധവിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച പുതിയ പ്രഖ്യാപനങ്ങളൊന്നും തന്നെ ഫ്രാൻസ് സർക്കാർ നടത്തിയിട്ടില്ലെന്നും എഫ്4 പതിപ്പിന്‍റെ നിർമാണത്തിനുള്ള സർക്കാർ സഹായമാണ് വിവാദങ്ങൾക്കു കാരണമായിട്ടുള്ളതെന്നും അദ്ദേഹം ട്വീറ്റു ചെയ്തു. 

കുറച്ചു വിമാനങ്ങൾക്കു കൂടുതൽ പണം നൽകുകയാണ് മോദി ചെയ്തതെന്നാണ് ഡാസോയുമായി ഫ്രാൻസ് സർക്കാർ ഏർപ്പെട്ടിട്ടുള്ള കരാർ തെളിയിക്കുന്നതെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് നിയന്ത്രണത്തിലുള്ള ദിനപത്രമായ നാഷണൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റഫാൽ യുദ്ധവിമാനത്തിന്‍റെ എഫ്3ആർ പതിപ്പാണ് ഇന്ത്യക്കു ലഭിക്കുക. ഈ വർഷം സെപ്റ്റംബറിലാകും ആദ്യ വിമാനം ഇന്ത്യക്കു കൈമാറുക. 2022 നകം കരാർ പ്രകാരമുള്ള 36 വിമാനങ്ങളും കൈമാറും. 2024 നകം എഫ്4 പതിപ്പു പുറത്തിറക്കുമെന്നാണ് ഡാസോ അറിയിച്ചിരുന്നത്. യുപിഎ സർക്കാർ ഉറപ്പിച്ച കരാറിനെക്കാൾ അധികവില നൽകിയാണ് മോദി സർക്കാർ റഫാൽ വിമാനങ്ങൾ സ്വന്തമാക്കുന്നതെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം.

കുറഞ്ഞ വിലയ്ക്ക് ഖത്തറിനും റഫാൽ യുദ്ധവിമാനം

12 റഫാൽ വിമാനങ്ങൾ വാങ്ങാൻ ഖത്തർ കരാർ ഒപ്പുവച്ചതു കുറഞ്ഞ വിലയ്ക്കാണെന്ന റിപ്പോർട്ട് നേരത്തെ ചർച്ചയായിരുന്നു. ഖത്തറിന് ഒരു റഫാൽ പോര്‍വിമാനം ഏകദേശം 700 കോടി രൂപയ്ക്കാണ് (9 കോടി യൂറോ) നൽകുന്നത്. റഫാൽ വിമാനങ്ങൾ മുൻപു വാങ്ങിയ രണ്ടു രാജ്യങ്ങൾ ഈജിപ്തും ഖത്തറുമാണ്. ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങൾ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തർ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങൾ വാങ്ങി– ഒരു വിമാനവില 26.2 കോടി യൂറോ. എന്നാൽ ഖത്തർ ഇപ്പോൾ 12 വിമാനങ്ങൾ കൂടി വാങ്ങിയപ്പോൾ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ.

ഇന്ത്യയ്ക്കു വിമാനങ്ങൾ നൽകിയതു കൂടിയ വിലയ്ക്കല്ലെന്നും ചില പ്രത്യേകതകൾ കണക്കിലെടുക്കണമെന്നും റഫാൽ നിർമാതാക്കളായ ദാസോൾത് വ്യക്തമാക്കിയിരുന്നു. ഏറ്റവും ആധുനികമായ ആയുധങ്ങളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്, ഏഴു വർഷത്തേക്കു സ്പെയർപാർട്ടുകൾ നൽകാൻ കരാറിൽ വ്യവസ്ഥയുണ്ട്, ഇന്ത്യയുടെ ആവശ്യാനുസരണം വിമാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നിവയാണവ. ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളിൽ 28 എണ്ണം ഒറ്റ സീറ്റ് മാത്രമുള്ള പോർവിമാനങ്ങളാണ്. എട്ടെണ്ണം ഇരട്ട സീറ്റ് ഉള്ളവയും. ഖത്തർ വാങ്ങിയത് ഇവയിൽ ഏതു തരമാണെന്നു വ്യക്തമാക്കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.