മേഘാലയ ഖനിയപകടത്തിൽ കാണാതായവരെ പുറത്തെത്തിക്കാൻ നാവിക സേനയുടെ അത്യാധുനിക യന്ത്രത്തിന്റെ സഹായം തേടി.
കാണാതായ 15 പേരെ കുറിച്ചുള്ള ആദ്യ സൂചന നൽകിയത് നാവികസേനയുടെ റിമോട്ട് കൺട്രോൾ വാഹനം (ആർഒവി. ദിവസങ്ങൾ നീണ്ട തിരച്ചലിലും ഒരു സൂചനയും ലഭിക്കാതിരുന്നതിനെ തുടർന്നാണ് ആർഒവിയുടെ സേവനം തേടിയത് ആദ്യ മൃതദേഹം കണ്ടെത്തുന്നതിൽ ഈ നീക്കം ഏറെ സഹായകരമായി. 220 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം പുറത്തെത്തിച്ചതെന്നാണ് അറിയുന്നത്.
നേവിയുടെ റിമോട്ട് കൺട്രോൾ ഉപകരണത്തിന്റെ സഹായത്തോടെയുള്ള തിരച്ചിൽ തുടരുകയാണ്. ഖനിയിലേക്ക് വാഹനം അയച്ചിട്ട് മുകളിൽ നിന്നു ക്യാമറ വഴി ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഡിസംബർ 13ന് സംഭവിച്ച ദുരന്തത്തിൽ കുടുങ്ങിയവരെ ഇത് ആദ്യമയാണ് പുറത്തെത്തിക്കുന്നത്.
ഖനിക്കുള്ളിലെ ജലം ഒഴിവാക്കി തിരച്ചിൽ നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് നേവിയുടെ സഹായം തേടിയത്. വെള്ളത്തിനിടയിലെ വസ്തുക്കൾ കണ്ടെത്താൻ നാവിക സേനയിലെ ഡൈവർമാർ ഉപയോഗിക്കുന്നതാണ് ആർഒവി. 650 മീറ്റർ താഴ്ചയിലുളള വസ്തുക്കൾ വരെ കണ്ടെത്തി ദൃശ്യങ്ങൾ മുകളിലേക്ക് എത്തിക്കാൻ ആർഒവിയ്ക്ക് സാധിക്കും.
ഖനിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനായി നേവിയുടെ അഞ്ച് ആർഒവി സിസ്റ്റമാണ് സജ്ജമാക്കിയിരിക്കുന്നത്. ഇക്കാര്യം മേഘാലയ സർക്കാർ സുപ്രീം കോടതിയെയും അറിയിച്ചിരുന്നു. ഡൈവർമാരെ ഇറക്കിയുള്ള തിരച്ചിലിനു ഭീഷണിയുണ്ട്. ഇതിനാലാണ് ടെക്നോളജിയുടെ സഹായം തേടിയത്. രാത്രിയും പകലും ഒരു പോലെ തിരച്ചിൽ നടത്താൻ ശേഷിയുള്ളതാണ് ആർഒവി.
ഡിസംബർ 28 മുതൽ വിശാഖപട്ടണത്തു നിന്നുള്ള നാവിയുടെ ഡൈവിങ് സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഖനിക്കുള്ളിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ആർഒവിയ്ക്ക് പുറമെ മറ്റു സാങ്കേതിക സഹായങ്ങളും നേവി ഉപയോഗിക്കുന്നുണ്ട്.