ADVERTISEMENT

ഒക്ടോബർ എട്ടിന് നവതി പൂർത്തിയാക്കുകയാണ് പുകൾപ്പെറ്റ ഇന്ത്യൻ വ്യോമസേന. യുദ്ധമുന്നണികളിലും സൈനിക ദൗത്യങ്ങളിലും മാത്രമല്ല, എയർഫോഴ്‌സ് നിർണായകമായി രക്ഷയ്‌ക്കെത്തിയത്. രക്ഷാദൗത്യങ്ങളിലും സേന മുൻപന്തിയിലായിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും തിളക്കമാർന്ന രക്ഷാദൗത്യമാണ് ഓപ്പറേഷൻ റാഹത്. 2013ൽ ഉത്തരാഖണ്ഡിലും ഹിമാചലിലും യുപിയിലുമായി വൻനാശം വിതച്ച പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനായിരുന്നു ഈ ദൗത്യം. ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് നടത്തിയ ഏറ്റവും വലിയ സിവിലിയൻ രക്ഷാദൗത്യമാണ് റാഹത്. റാഹത് എന്നാൽ ഹിന്ദിയിൽ ആശ്വാസം എന്നാണ് അർഥം.

 

2013 ജൂണിൽ ഉത്തരാഖണ്ഡിൽ സംഭവിച്ച മേഘവിസ്‌ഫോടനത്തെ തുടർന്നാണ് വൻപ്രളയം മേഖലയിൽ ഉടലെടുത്തത്. കേദാർനാഥ്, ബദ്രിനാഥ്, രുദ്രപ്രയാഗ് തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്കുള്ള തീർഥയാത്രയിൽ ഏർപ്പെട്ടിരുന്ന ഒട്ടേറെ തീർഥാടകർ വഴിയിൽ കുടുങ്ങി. 

പ്രളയം നിയന്ത്രണം വിട്ടതോടെ ജൂൺ 16നാണ് വ്യോമസേനയുടെ സഹായം തേടിയത്. അന്ന് എയർ വൈസ് മാർഷലും മലയാളിയുമായ എസ്ആർകെ നായരായിരുന്നു ഉത്തരാഖണ്ഡിലെ വ്യോമസേനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. എയർ കൊമ്മോഡോർ രാജേഷ് ഇസ്സർ ഓപ്പറേഷൻ റാഹത്തിന്‌റെ ടാസ്‌ക് ഫോഴ്‌സ് കമാൻഡറായി നിയോഗിക്കപ്പെട്ടു.

 

ഉത്തർ പ്രദേശിലെ സഹ്‌റാൻപുരിലുള്ള സർസാവ എയർഫോഴ്‌സ് സ്‌റ്റേഷനായിരുന്നു ദൗത്യങ്ങളുടെ പ്രധാനകേന്ദ്രം. പഞ്ചാബിലെ ഭറ്റിൻഡയിൽ നിന്നും യുപിയിലെ ഹിൻഡൻ എയർഫോഴ്‌സ് ബേസിൽ നിന്നുമുള്ള ഹെലികോപ്റ്ററുകൾ ഇങ്ങോട്ടേക്കെത്തി. 43 എയർക്രാഫ്റ്റുകളാണ് ദൗത്യത്തിൽ ഉപയോഗിച്ചത്. ഇതിൽ 23 എണ്ണം എംഐ-17 ഹെലികോപ്റ്ററുകളായിരുന്നു.

 

ജൂൺ 17ന് ഹരിയാനയിലെ കർണാലിൽ നിന്ന് 36 ആളുകളെ ഹെലികോപ്റ്റർ ദൗത്യത്തിൽ രക്ഷിച്ചു. അന്നുമുതലുള്ള ആദ്യ ഘട്ട ഓപ്പറേഷനിൽ 2140 സോർട്ടി പറക്കലുകൾ വ്യോമസേന നടത്തി. 19,600 പേരെ ആദ്യഘട്ട പറക്കലുകളിൽ രക്ഷിച്ചു. ലോകത്തെ തന്നെ ഏറ്റവും തിളക്കമുറ്റ രക്ഷാദൗത്യമായിരുന്നു ഇത്.

 

രാജ്യത്തെ വേദനിപ്പിച്ച ഒരു സംഭവവും ഇതിനിടയിലുണ്ടായി. ജൂൺ 25ന് ഗൗരികുണ്ഡിനു വടക്കായി, രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന ഒരു എംഐ17 വി5 ഹെലിക്കോപ്റ്റർ തകർന്നുവീണു. അതിലുണ്ടായിരുന്ന 20 ആളുകളും വീരമൃത്യു മരിച്ചു. അഞ്ച് വ്യോമസേനാംഗങ്ങൾ, 9 ദുരന്തനിവാരണ സേനാംഗങ്ങൾ, 6 ഐടിബിപി സേനാംഗങ്ങൾ എന്നിവരായിരുന്നു അത്.

 

English Summary: Operation Rahat - Indian Air Force: Touch The Sky With Glory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT