അമേരിക്കയുടെ യുദ്ധവിമാനത്തിൽ ചൈനയ്ക്കും പങ്ക്! എഫ്–35 ൽ കണ്ടെത്തിയത് ചൈനീസ് നിര്‍മിത ഭാഗങ്ങൾ

Mail This Article
അമേരിക്കയുടെ ഏറ്റവും ആധുനിക പോര്‍വിമാനമായ എഫ്-35ല്‍ വീണ്ടും ചൈനീസ് നിര്‍മിത ഭാഗങ്ങള്‍ കണ്ടെത്തി. തങ്ങളുടെ പോര്‍വിമാനത്തിലെ ചൈനീസ് നിര്‍മിത വസ്തു സുരക്ഷാ വീഴ്ചയായാണ് വാഷിങ്ടണ്‍ കണക്കാക്കുന്നത്. ഇതോടെ പുതിയ എഫ്–35 വിമാനങ്ങളുടെ വിതരണം സെപ്റ്റംബര്‍ ഏഴ് മുതല്‍ പെന്റഗണ്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
എഫ്–35 പോര്‍വിമാനത്തിന്റെ എൻജിനുള്ളിലെ ഒരു ഭാഗമാണ് ചൈനീസ് നിര്‍മിതമാണെന്ന് അമേരിക്ക കണ്ടെത്തിയിരിക്കുന്നത്. അപൂര്‍വമായ കൊബാള്‍ട്ട്, സമാരിയം മിശ്രിതമാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ചൈനയില്‍ നിന്നാണെന്നാണ് യുഎസ് സൈനികര്‍ കണ്ടെത്തിയിരിക്കുന്നത്. എഫ്–35 പോര്‍വിമാനങ്ങളുടെ വിതരണം നിര്‍ത്തിവച്ചെങ്കിലും അതിന്റെ നിര്‍മാണ പ്രവൃത്തികള്‍ തുടരുകയാണെന്ന് ലോക്ഹീഡ് മാര്‍ട്ടിന്റെ വൈസ് പ്രസിഡന്റ് ഡിഫെന്‍സ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. അമേരിക്കന്‍ വ്യോമയാന നിര്‍മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് എഫ്–35 പോര്‍വിമാനങ്ങള്‍ നിര്‍മിക്കുന്നത്.
അതേസമയം, എഫ്–35ല്‍ നിന്നും കണ്ടെത്തിയ ചൈനീസ് ഭാഗം വഴി പ്രത്യേകിച്ച് വിവര ചോര്‍ച്ച സംഭവിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. എങ്കിലും ചൈനയുമായുള്ള ബന്ധം വഷളായി തുടരുന്ന സാഹചര്യത്തിലും ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരെ നിരോധന നിയമം നിലവിലുള്ളതിനാലും എഫ്–35 ന്റെ ഈ ഭാഗം മാറ്റും. ചൈനീസ് നിര്‍മിത വസ്തുക്കള്‍ യുഎസ് പോർവിമാനങ്ങളില്‍ നിന്നും കണ്ടെത്തുന്നത് ആദ്യമല്ല. ബോയിങ് ബി 1ബി ബോംബറുകളിലും എഫ്–16 പോര്‍വിമാനങ്ങളിലും ചൈനീസ് നിര്‍മിത ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, യുഎസ് വ്യോമസേന ചീഫ് ഓഫ് സ്റ്റാഫ് ഈ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണത്തിനായുള്ള സാധനങ്ങളുടെ വിതരണ ശൃംഖലയിലാണ് ചീഫ് ഓഫ് സ്റ്റാഫ് ചാള്‍സ് ക്യു ബ്രൗണ്‍ ജൂനിയര്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയോ സംഘര്‍ഷമോ ഉണ്ടായാല്‍ എങ്ങനെയാണ് ഇത്തരം വിതരണ ശൃംഖലകളെ ആശ്രയിക്കുകയെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
ചൈനീസ് വ്യോമസേനയില്‍ നിന്നും വിരമിച്ച ഫു ക്വാന്‍ഷോ അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. എഫ്–35 പോലുള്ളവയുടെ ഭാഗങ്ങള്‍ പ്രാദേശികമായി അമേരിക്കക്ക് എത്രത്തോളം പൂര്‍ണമായും നിര്‍മിക്കാനാവുമെന്ന ചോദ്യമാണ് ഫു ക്വാന്‍ഷോ ഉന്നയിക്കുന്നത്. അങ്ങനെ ചെയ്താല്‍ നിര്‍മാണ പ്രവൃത്തി കൂടുതല്‍ സമയമെടുക്കുന്നതും പണച്ചെലവേറിയതുമാവുമെന്നും അദ്ദേഹം പറയുന്നു. 'ഇത് അമേരിക്കയുടെ ധര്‍മസങ്കടമാണ്. ചൈനയെ വിമര്‍ശിക്കാതെ സ്വന്തം പാകപ്പിഴകള്‍ തിരിച്ചറിയുകയാണ് അമേരിക്ക ചെയ്യേണ്ടത്' എന്നും ഫു വ്യക്തമാക്കുന്നു.
English Summary: The trouble with trying to keep Chinese parts out of US military hardware