ADVERTISEMENT

റഷ്യയുടെ ഡ്രോൺ ആക്രമണത്തില്‍ നിന്ന് രക്ഷതേടാൻ പുതിയ വഴികൾ തേടുകയാണ് യുക്രെയ്ൻ സർക്കാർ. ഡ്രോണുകൾ വീഴ്ത്താനായി യുക്രെയ്ൻ പ്രത്യേകം ആപ് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനായി എപ്പോ (ePPO) എന്ന പേരില്‍ ആപ് പുറത്തിറക്കിട്ടുണ്ടെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. റഷ്യ ഉപയോഗിക്കുന്ന ഇറാന്‍ നിര്‍മിത ഡ്രോണുകളാണ് ഇപ്പോൾ യുക്രെയ്ന്‍ നഗരങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. 

 

റഷ്യൻ ഡ്രോൺ വീഴ്ത്താനാണ് യുക്രെയ്ന്‍ ഇപ്പോൾ പൗരന്മാരുടെ നേരിട്ടുള്ള സഹകരണം തേടിയിരിക്കുന്നത്. രാജ്യത്തെ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍കൈ എടുത്താണ് എപ്പോ ആപ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷനാണ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നത്. താമസിയാതെ ഐഒഎസ് പതിപ്പും അവതരിപ്പിക്കുമെന്ന് അധികാരികള്‍ അറിയിക്കുന്നു. കുതിച്ചെത്തുന്ന ഡ്രോണുകള്‍ കൃത്യമായി ഏതു സ്ഥലത്തുകൂടെയാണ് പോകുന്നതെന്നു നിര്‍ണയിക്കാനായാല്‍ അവയെ വീഴ്ത്തല്‍ കൂടുതല്‍ എളുപ്പമാകും എന്നതിനാലാണ് യുക്രെയ്ന്‍ സാധാരണക്കാരുടെ സഹായം തേടിയിരിക്കുന്നത്.

 

ഉപയോഗിക്കുന്നത് എങ്ങനെ?

 

ക്രൂസ് മിസൈലോ, കില്ലർ ഡ്രോണോ പറക്കുന്നതു കണ്ടാല്‍ എപ്പോ ആപ് സ്മാര്‍ട് ഫോണില്‍ തുറക്കുക. ആപ്പില്‍ പറന്നടുക്കുന്നത്, പറന്നു പോകുന്നത് ഡ്രോണ്‍ ആണോ മിസൈല്‍ ആണോ എന്നതു തിരഞ്ഞെടുക്കുക. സ്മാര്‍ട് ഫോണ്‍ ഡ്രോണ്‍ അല്ലെങ്കില്‍ മിസൈലിനു നേരെ പിടിക്കുക. ആപ്പിലുള്ള വലിയ ചുവന്ന ബട്ടണില്‍ അമര്‍ത്തുക. വ്യോമപ്രതിരോധ വിദഗ്ധര്‍ ഇത് മാപ്പില്‍ രേഖപ്പെടുത്തും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളും റഡാറില്‍ നിന്നു ലഭിച്ചിരിക്കുന്ന വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് ഡ്രോണിനെയോ മിസൈലിനെയോ വീഴ്ത്താന്‍ വേണ്ട ആയുധം കൃത്യതയോടെ തൊടുക്കും. 

 

ഇറാനില്‍ നിന്നു വാങ്ങിയ ഡ്രോണുകളാണ് ഇപ്പോള്‍ യുക്രെയ്‌നില്‍ ഭീതി പരത്തുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവയെ വീഴ്ത്തുക എന്നതാണ് പുതിയ ആപ്പിന്റെ പ്രധാന ഉദ്ദേശം. ഇപ്പോള്‍ ഓരോ യുക്രെയ്ന്‍ പൗരനും യുദ്ധത്തില്‍ തങ്ങളുടെ എളിയ രീതിയില്‍ പങ്കാളികളാകാന്‍ സാധിക്കും. വ്യോമ പ്രതിരോധം വര്‍ധിപ്പിക്കാനാണ് ആളുകളുടെ സഹായം സർക്കാർ തേടിയിരിക്കുന്നത്.

 

എപ്പോ ഒബ്‌സേര്‍വര്‍ ആപ് എന്നാണ് ആപ്പിന്റെ മുഴുവന്‍ പേര്. ഇത് സൃഷ്ടിച്ചിരിക്കുന്നത് ടെക്‌നാരി ( Technari) എന്ന സ്റ്റാര്‍ട്ട്-അപ് കമ്പനിയും യുക്രെയ്ന്‍ സേനയും സംയുക്തമായാണ്. ഈ ആഴ്ച പുറത്തിറക്കിയ ആപ് 100,000 ലേറെ പേര്‍ ഡൗണ്‍ലോഡ്ചെയ്തു കഴിഞ്ഞു. പൗരന്മാര്‍ അതിവേഗം ഡ്രോണുകളും മറ്റും കണ്ട കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നതോടെ പ്രതിരോധ സംവിധാനത്തിന് പെട്ടെന്ന് വേണ്ട കാര്യങ്ങള്‍ ചെയ്യാനാകും. അതിസൂക്ഷ്മമായ ജിയോ ലൊക്കേഷന്‍ നിര്‍ണയിക്കാനാകുന്നു എന്നതാണ് ആപ് വഴി ചെയ്യാനാകുക.

 

മിസൈല്‍, ആളില്ലാ ഡ്രോണ്‍, വിമാനം, ഹെലിക്കോപ്റ്റര്‍ തുടങ്ങിയ എന്തെങ്കിലും കണ്ടാല്‍ അല്ലെങ്കില്‍ സ്‌ഫോടനം കേട്ടാല്‍ ശാന്തതയോടെ എപ്പോ ഓബ്‌സേര്‍വര്‍ ആപ് ഓപ്പണ്‍ ചെയ്യുക. ഏതു വിഭാഗത്തില്‍പെട്ട വ്യോമ ആയുധമാണ് അല്ലെങ്കില്‍ സ്‌ഫോടനമാണ് എന്ന് തിരഞ്ഞെടുക്കുക. ഫോണ്‍ അതിന്റെ ദിശയില്‍ പിടിക്കുക. ചുവന്ന ബട്ടണ്‍ അമര്‍ത്തുക. ഇങ്ങനെ ചെയ്യുക വഴി നിങ്ങള്‍ക്ക് യുക്രെയ്‌ന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ പുതിയ ഭീഷണിയെക്കുറിച്ചുളള വിവരങ്ങള്‍ ധരിപ്പിക്കാനാകും. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനുമായേക്കുമെന്നും മന്ത്രാലയം പറയുന്നു.

 

ആപ് ഉപയോഗിക്കുന്നവര്‍ ചില സൂക്ഷ്മ തിരിച്ചറിയല്‍ നടപടികളില്‍ കൂടി കടന്നുപോകണം, അല്ലെങ്കില്‍ പുതിയ സംവിധാനം റഷ്യന്‍ പടയാളികള്‍ തന്നെ ദുരുപയോഗം ചെയ്‌തേക്കാമെന്ന് യുക്രെയ്ന്‍ കരുതുന്നു. വ്യോമ പ്രതിരോധ വിദഗ്ധരുമായി നിരന്തരം ചര്‍ച്ച ചെയ്താണ് പുതിയ ആപ് നിര്‍മിച്ചതെന്ന് ടെക്‌നാരിയുടെ ഉദ്യോഗസ്ഥന്‍ ഗെനഡി സുല്‍ഡിന്‍ പറയുന്നു. യുക്രെയ്ന്‍ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പദ്ധതിയുമായി തുടക്കം മുതല്‍ സഹകരിച്ചിരുന്നുവെന്നും ഗെനഡി വെളിപ്പെടുത്തി. 

 

ഇറാനില്‍ നിന്ന് റഷ്യ സംഘടിപ്പിച്ച ഷാഹെദ്-136 (Shahed-136) കില്ലർ ഡ്രോണുകളാണ് ഇപ്പോള്‍ യുക്രെയ്‌നില്‍ ഭീതി വിതയ്ക്കുന്നത്. റഷ്യ ഇതിനെ ജെറാനിയംസ് (Geraniums) എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റുകള്‍, വൈദ്യുതി വിതരണമേഖല, ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവയ്ക്കു നേരെയാണ് ജെറാനിയംസ് ആക്രമിക്കുന്നത്. ഇവ നന്നേ താഴ്ന്നു പറക്കുന്നതിനാല്‍ ഇവയ്ക്ക് റഡാറുകളുടെ കണ്ണുവെട്ടിക്കാനും പല വ്യോമ പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാനും സാധിക്കുന്നു എന്നു കണ്ടെത്തിയിതിനാലാണ് പുതിയ ആപ് പുറത്തിറക്കിയിരിക്കുന്നത്. 

 

രണ്ടാം ലോക മഹായുദ്ധ കാലത്ത് വ്യോമാക്രമണങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങളുടെ സഹായം തേടിയതിനു സമാനമായ സാഹചര്യമാണ് ഇതെന്ന് ദി വാര്‍ സോണിന്റെ വിദഗ്ധന്‍ തോമസ് ന്യൂഡിക് പറയുന്നു. അധിക വിവരങ്ങള്‍ നല്‍കാനാണ് ജനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇത് വളരെ സഹായകരമായിരിക്കുമെന്നും, പ്രത്യേകിച്ചും ഒരു പറ്റം ഡ്രോണുകള്‍ വരുന്നുണ്ടെങ്കില്‍ അത്തരം സാഹചര്യത്തില്‍ കൂടുതല്‍ കൃത്യതയുള്ള പ്രതിരോധത്തിനും ആക്രമണത്തിനും പുതിയ സംവിധാനം സഹായകമാകും.

 

ഷാഹെദ് ഡ്രോണുകള്‍ ഏകദേശം 120 മൈല്‍ വേഗത്തിലാണ് പറക്കുന്നത്. ഇത്തരം വിവരങ്ങള്‍ അവയ്‌ക്കെതിരെ പെട്ടെന്നൊരു ആക്രമണമുതിര്‍ക്കാന്‍ ഗുണകരമാണെന്നു പറയുന്നു. ഇതിനു പുറമെ ഇപ്പോള്‍ ആക്രമണങ്ങള്‍ക്കു മുൻപില്‍ നിസഹയരായ യുക്രെയ്നികൾക്ക് തങ്ങള്‍ക്കും ചെറിയ സഹായം ചെയ്യാനാകുമെന്ന ധാരണയും ആത്മവിശ്വാസവും വളര്‍ത്താനും ആപ് ഉപകരിക്കുമെന്ന് പറയുന്നു. ഇത് മനഃശാസ്ത്രപരമായ ഗുണം ചെയ്‌തേക്കും. അതേസമയം, റഷ്യയിലെ ചില ബ്ലോഗര്‍മാര്‍ പോലും പുതിയ സംവിധാനത്തെ പുകഴ്ത്തി രംഗത്തെത്തിയെന്ന് ടെലഗ്രാം ചാനലായ റൈബര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

യുക്രെയ്നിൽ ആളില്ലാ ഡ്രോണുകള്‍ കനത്ത നാശനഷ്ടങ്ങളാണ് വരുത്തുന്നത്. നഗരങ്ങളുടെയും രാജ്യത്തിന്റെയും പല നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെയും അവ തകര്‍ക്കുന്നു. ജനങ്ങളുടെ ജീവനും അവ കടുത്ത ഭീഷണി സൃഷ്ടിക്കുന്നു. ചാവേര്‍ ഡ്രോണുകള്‍ ഡസന്‍ കണക്കിന് കിലോ സ്‌ഫോടകവസ്തുക്കളാണ് വഹിക്കുന്നത്. അവ ഭൂമിയില്‍ പതിക്കുമ്പോള്‍ കനത്ത ആഘാതവും ഉണ്ടാകുന്നു, യുക്രെയ്‌ന്റെ റീഇന്റഗ്രേഷന്‍ മന്ത്രാലയം ഇറക്കിയ കുറിപ്പില്‍ പറയുന്നു.

 

ഇത്തരം ഡ്രോണുകളില്‍ നിന്ന് രക്ഷനേടാനുള്ള പല ഉപദേശങ്ങളും മന്ത്രാലയം നല്‍കുന്നുമുണ്ട്. ഉദാഹരണത്തിന് ചാവേര്‍ ഡ്രോണുകള്‍ വരുമ്പോള്‍ കനത്ത ഇരമ്പല്‍ കേള്‍ക്കാം. വളരെയധികം ശബ്ദമുള്ളതാണ് അവയുടെ എൻജിനുകള്‍. യന്ത്രവല്‍കൃത അറക്കവാളിന്റേതിന് സമാനമായ ശബ്ദം ഇത് പുറപ്പെടുവിപ്പിക്കും. ഇത്തരം ശബ്ദം കേള്‍ക്കുമ്പോള്‍ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി അടുത്തുള്ള അഭയകന്ദ്രങ്ങളില്‍ എത്താന്‍ ശ്രമിക്കുക. ഭൂമിക്കടിയിലുള്ള ഇടങ്ങളിലും മറ്റും അഭയം പ്രാപിക്കുക.

 

രണ്ട് ഭിത്തികളുള്ള ഇടങ്ങളില്‍ എത്തുന്നത് കൂടുതല്‍ സുരക്ഷിതത്വം നല്‍കിയേക്കുമെന്നും സർക്കാർ പറയുന്നു. ഒരു വാഹനത്തിലും ഇരിക്കരുത്. റോഡില്‍ നിന്ന് എത്ര അകലേക്ക് ഓടി എത്താമോ അത്രയും ഓടുക. അഭയ കേന്ദ്രങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തുക. 

 

English Summary: New app lets civilians help shoot down drones and missiles in Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com