ADVERTISEMENT

മാസങ്ങളായി ഇടവേളകളും വെടിനിർത്തലുകളുമില്ലാതെ തുടരുകയാണ് യുക്രെയ്നിലെ റഷ്യയുടെ യുദ്ധം. യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ റഷ്യ കൈവരിച്ച മുന്നേറ്റം പലയിടങ്ങളിലും ചെറുക്കപ്പെട്ടു. യുക്രെയ്ന്റെ പല മേഖലകളിലും റഷ്യയുടെ നിയന്ത്രണത്തിലായ ഭൂമി, യുക്രെയ്ൻ തിരിച്ചുപിടിക്കുന്ന കാഴ്ചകൾക്കും ലോകം സാക്ഷ്യം വഹിച്ചു. തങ്ങൾ വിചാരിച്ചതിനേക്കാൾ നീളുന്ന യുദ്ധം, റഷ്യയ്ക്ക് വലിയ അലോസരമുണ്ടാക്കിയിരുന്നു. യുക്രെയ്ന്റെ പടിഞ്ഞാറൻ സഖ്യരാജ്യങ്ങൾ ആയുധങ്ങൾ നിർലോഭം വിതരണം ചെയ്യുന്നതാണ് യുദ്ധം നീളാനുള്ള പ്രധാനകാരണമെന്ന് റഷ്യ ഇടയ്ക്കിടെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

 

ലോകത്തിലെ മുൻനിര സൈനികശക്തിയും ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശമുള്ള രാജ്യവുമായ റഷ്യ ഉൾപ്പെട്ടതിനാൽ ആണവഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു യുദ്ധ പുരോഗതി. എന്നാൽ ലോക സമ്പദ്‌വ്യവസ്ഥയിലും രാഷ്ട്രീയത്തിലും നിർണായക പങ്കുവഹിക്കുന്ന രാജ്യങ്ങളിലൊന്നായതിനാൽ രാജ്യാന്തര സമ്മർദ്ദം ഭയന്ന് റഷ്യ ആണവാക്രമണത്തിനു മുതിരില്ലെന്ന ദൃഢ പ്രതീക്ഷ ലോകത്തിനുണ്ടായിരുന്നു. എങ്കിലും ഇടയ്ക്കിടെ റഷ്യൻ പക്ഷത്തു നിന്ന് ഉയരുന്ന ഇതു സംബന്ധിച്ച പ്രസ്താവനകൾ ആശങ്കയോടെയാണു ലോകം നോക്കിക്കണ്ടത്.

 

കഴിഞ്ഞ ദിവസം ബ്രോം എന്ന പേരിൽ റഷ്യ ഒരു സൈനികാഭ്യാസം നടത്തി. ഇടിമുഴക്കം എന്നാണ് റഷ്യൻ ഭാഷയിൽ ബ്രോമിനർഥം. ഈ പരിശീലനം അക്ഷരാർഥത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒരു ഇടിമുഴക്കം സൃഷ്ടിച്ചു. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഐസിബിഎമ്മുകളുൾപ്പെടെ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ ഈ പരിശീലനത്തിനായി റഷ്യ ഉപയോഗിച്ചു.

 

യുക്രെയ്ൻ ഡേർട്ടി ബോംബ് എന്ന ആയുധം പ്രയോഗിക്കുമെന്ന് റഷ്യ ആവർത്തിച്ച് പറയുന്നതിനിടെയിലായിരുന്നു ഈ പരിശീലനമെന്നതും ശ്രദ്ധേയം. റഷ്യ ഇക്കാര്യം യുഎൻ രക്ഷാസമിതിയിലും ഉന്നയിച്ചു. അതോടെ എന്താണ് ഈ ഡേർട്ടി ബോംബ് എന്ന ചോദ്യം വളരെ ട്രെൻഡിങ്ങായി. സത്യത്തിൽ, എന്താണ് ഡേർട്ടിബോംബ്?

 

ആണവ മേഖലയുമായി ബന്ധപ്പെട്ട ആയുധമാണ് ഡേർട്ടി ബോംബ്, എന്നാൽ ആണവായുധമല്ല. ഡൈനാമിറ്റ് പോലുള്ള സ്ഫോടകവസ്തുക്കളിലേക്ക് ആണവ വികിരണ ശേഷിയുള്ള പൗഡറുകളോ തരികളോ കലർത്തുന്നതാണ് ഡേർട്ടി ബോംബ്.

ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ സ്ഫോടനത്തിനൊപ്പം ആണവ വികിരണശേഷിയുള്ള വസ്തുക്കളും സമീപപ്രദേശങ്ങളിലേക്ക് തെറിക്കും. ഈ സ്ഥലങ്ങൾ ആണവ മാലിന്യ സ്ഥലങ്ങളായി മാറും. ഒരു ആണവബോംബ് (ഹിരോഷിമയിലും നാഗസാക്കിയിലും വീണതുപോലുള്ളവ) കുറഞ്ഞ സമയത്തിൽ അതീവ വിനാശകരമായ സ്ഫോടനവും വികിരണങ്ങളുമുണ്ടാക്കുന്നു. എന്നാൽ ഡേർട്ടി ബോംബിൽ ഇത്തരം സ്ഫോടനമില്ല. സാധാരണ ഒരു ബോംബ് തന്നെയാണ് ഇത്. അതിനാൽ തന്നെ സ്ഫോടനത്തിൽ ഉയർന്ന അളവിൽ ആളുകൾ കൊല്ലപ്പെടുകയുമില്ല.

 

പിന്നെന്താണ് ഡേർട്ടി ബോംബ് ഇത്ര കുപ്രസിദ്ധമാക്കുന്നത്? ഉത്തരം ആണവമാലിന്യത്തിന്റെ വിതരണം എന്നതാണ്. ഡേർട്ടി ബോംബ് ഒരു നഗരത്തിൽ വീണാൽ ആ നഗരത്തിലെ പല മേഖലകളിലേക്ക് ആണവമാലിന്യം കടന്നു ചെല്ലും. പെട്ടെന്ന് തന്നെ ഒരു വലിയ വിഭാഗം ജനങ്ങളെ ആ നഗരത്തിൽ നിന്ന് ഒഴിപ്പിക്കേണ്ടതായി വരും. ഇത് ആക്രമിക്കപ്പെടുന്ന രാജ്യത്തെ സമ്മർദ്ദത്തിലാക്കും.

ഡേർട്ടിബോംബ് വികസിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ല.

 

English Summary: Vladimir Putin says ‘dirty bomb’ claims to Nato were made on his orders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com