ADVERTISEMENT

ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മറ്റൊരു ചാരക്കപ്പൽ ചൈന വിട്ടത് കഴിഞ്ഞ ദിവസത്തെ പ്രധാനപ്പെട്ട വാർത്തകളിലൊന്നായിരുന്നു. യുവാൻ വാങ് 6 എന്ന കപ്പലാണ് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിയത്. കുറച്ചുദിനങ്ങളായി ഇന്ത്യൻ നാവികസേനയും ഈ കപ്പലിന്റെ മുന്നേറ്റം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുവാങ് വാങ് 6 ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ചുകഴിഞ്ഞെന്ന് ഉപഗ്രഹ ഡേറ്റ വ്യക്തമാക്കുന്നു. ബാലിയുടെ തീരത്തിനടുത്തുകൂടിയാണ് ഇപ്പോൾ സഞ്ചാരം.

 

∙ മിസൈൽപരീക്ഷണം നോക്കാനോ?

 

ഉപഗ്രഹങ്ങളെയും മിസൈൽ പരീക്ഷണങ്ങളെയും നിരീക്ഷിക്കാനായാണ് ഇത്തരം കപ്പലുകൾ ചൈന പ്രധാനമായും അയയ്ക്കുന്നത്. ഇന്ത്യ വികസിപ്പിച്ച ഒരു പുതിയ മിസൈലിന്റെ പരീക്ഷണം നടക്കാനിരിക്കെയായിരുന്നു കപ്പലിന്റെ വരവ്. 2200 കിലോമീറ്റർ വരെ റേഞ്ചുള്ള ഈ മിസൈൽ ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നിന്നു പരീക്ഷിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഈ മിസൈലിന്റെ റേ‍ഞ്ച്, പറക്കുന്ന രീതി, കൃത്യത തുടങ്ങിയവ മനസ്സിലാക്കാനാണ് ചൈനീസ് ചാരക്കപ്പലിന്റെ വരവെന്ന് പൊതുവെ കരുതപ്പെടുന്നു.‌‌

 

∙ യുവാൻ വാങ് കപ്പൽനിര

 

ദീർഘദർശി എന്നർഥമുള്ള ലോങ് വ്യൂ അഥവാ ട്രാക്കിങ് കപ്പലുകളുടെ ഗണത്തിലാണ് ചൈന യുവാൻ വാങ്ങിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സത്യത്തിൽ യുവാൻ വാങ്ങെന്നത് പലതരം ഡിസൈനിലുള്ള കപ്പലുകളുടെ കൂട്ടങ്ങളാണ്. ഓരോ കൂട്ടങ്ങളെയും ഓരോ നമ്പരുകൾ നൽകി വേർതിരിച്ചിരിക്കുന്നു. ചൈനീസ് സൈന്യത്തിനു കീഴിലുള്ള സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്സാണ് ഈ കപ്പലുകളുടെ നിയന്ത്രണം നിർവഹിക്കുന്നതെന്ന് കരുതിപ്പോരുന്നു. ചൈനയുടെ ബഹിരാകാശ, സൈബർ, ഇലക്ട്രോണിക് യുദ്ധരംഗങ്ങളുടെ ചുമതലയുളള ഈ സേന, ചൈനീസ് സായുധസേനകളിലെ അഞ്ചാം വിഭാഗമായാണു കരുതിപ്പോരുന്നത്.

 

ചൈനയിലെ ജിയാനൻ ഷിപ്‌യാഡിലാണ് ഈ കപ്പൽ നിർമിച്ചത്.21,000 മുതൽ 18,000 വരെ ഭാരമുള്ള കപ്പലുകളാണ് യുവാൻ വാങ് ശ്രേണിയിൽ പ്രധാനമായും വരുന്നത്. 1965ൽ അന്നത്തെ ചൈനീസ് പ്രീമിയറായ ഷൂ എൻലായിയാണ് ഈ കപ്പലുകളുടെ നിർമാണപദ്ധതിക്ക് രൂപീകരണം നൽകിയത്. 1968ൽ സാക്ഷാൽ മാവോ സെതുങ് തന്നെ ഇതിന് അംഗീകാരം നൽകി. ജിയാനൻ ഷിപ്‌യാഡിൽ 1977,78 വർഷങ്ങളിൽ യുവാൻ വാങ്1, യുവാൻ വാങ് 2 കപ്പലുകൾ രംഗത്തിറങ്ങി.

 

യുവാൻ വാങ് 3 കപ്പൽ 1995ലും യുവാൻ വാങ് 4 കപ്പൽ 1999ലുമാണ് നീറ്റിലിറക്കിയത്. ഇതേ ക്ലാസിൽ പിന്നീട് യുവാൻ വാങ് 5, യുവാൻ വാങ് 6,യുവാൻ വാങ് 7,യുവാൻ വാങ് 21,യുവാൻ വാങ് 22 എന്നീ കപ്പൽശ്രേണികളും ഇറങ്ങി. യുവാൻ വാങ് 21,22 കപ്പലുകൾ ലോങ് മാർച്ച് 5 മിസൈലുകളെ വഹിക്കാൻ കഴിവുള്ളവയാണ്.

 

∙ ഇന്ത്യയ്ക്കരികിൽ മുൻപും

 

ഈ ചാരക്കപ്പലിന്റെ ശ്രേണിയിലുള്ള മറ്റൊരു കപ്പലായ യുവാൻ വാങ് 5 കഴിഞ്ഞ ഓഗസ്റ്റിൽ ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിട്ടശേഷം പിന്നീട് തെക്കൻ ചൈനാക്കടലിലേക്കു മടങ്ങിയിരുന്നു. ശാസ്ത്രീയ ഗവേഷണങ്ങൾക്കായാണു കപ്പൽ വന്നതെന്നാണ് അന്ന് ചൈന പറഞ്ഞെങ്കിലും സൈനികനിരീക്ഷണ ദൗത്യം വഹിക്കുന്ന കപ്പലാണിതെന്ന് യുഎസ് പ്രതിരോധവകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു.

 

∙എന്താണ് ചാരക്കപ്പൽ?

 

ചാരക്കപ്പൽ, റികണൈസൻസ് കപ്പലുകൾ തുടങ്ങി വിവിധ പേരുകളിലറിയപ്പെടുന്ന സ്പൈഷിപ്പുകൾ പൊതുവെ ഇന്റലിജൻസ് വിവരം ചോർത്തുന്നവയാണ്. മറ്റൊരു രാജ്യത്തിൽ നിന്നോ സേനയിൽ നിന്നോ വിവരങ്ങൾ ചോർത്താൻ വരുന്ന ഏതു കപ്പലിനെയും ചാരക്കപ്പലിന്റെ വിഭാഗത്തിൽ പെടുത്താം. പൊതുവെ സർക്കാരുകളാണ് ചാരക്കപ്പലുകളുടെ നിയന്ത്രണം നടത്തുന്നത്. 

കപ്പലുകളായതിനാൽ നാവികസേനയുടെ കീഴിലാകും പൊതുവെ ചാരക്കപ്പലുകൾ. എന്നാൽ ചിലപ്പോഴൊക്കെ രഹസ്യസേനകളും ഇവയുെട പ്രവർത്തനം നിയന്ത്രിക്കാറുണ്ട്.

 

English Summary: Chinese Spy Ships in the Indian Ocean – An Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com