അവസാന റഫാൽ ഡിസംബർ പകുതിയോടെ ഇന്ത്യയിലെത്തും

rafale-fighter-plane
Photo: IAF
SHARE

ഡിസംബർ പകുതിയോടെ ഫ്രാൻസിൽ നിന്ന് ഇന്ത്യയ്ക്ക് അവസാന (36-ാമത്) റഫാൽ പോർവിമാനം ലഭിക്കുമെന്ന് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർപ്രകാരം 36 വിമാനങ്ങളുടെയും വിതരണം പൂർത്തിയാക്കി ഡിസംബർ 15നകം ഫ്രാൻസിൽ നിന്നുള്ള അവസാന റഫാൽ ഇന്ത്യയ്ക്ക് ലഭിച്ചേക്കുമെന്ന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

36 റഫാൽ പോർവിമാനങ്ങൾക്കായുള്ള കരാറിലാണ് ഇന്ത്യ ഒപ്പുവച്ചിരുന്നത്. ഇതിൽ 35 എണ്ണം ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തി. പശ്ചിമ ബംഗാളിലെ അംബാല, ഹരിയാന, ഹസിമാര എന്നിവിടങ്ങളിലാണ് 35 റഫാൽ പോർവിമാനങ്ങൾ വിന്യസിച്ചിരിക്കുന്നത്. റാഫാൽ ജെറ്റുകളുടെ ആദ്യ ബാച്ച് 2020 ജൂലൈ 29 നാണ് ഇന്ത്യയിലെത്തിയത്.

വ്യോമസേനയുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 36 റഫാലുകൾക്കായി 2016 സെപ്റ്റംബറിലാണ് ഇന്ത്യ ഫ്രാൻസുമായി 60,000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്. ദീർഘദൂര മെറ്റോർ എയർ ടു എയർ മിസൈലുകൾ, എസ്‌സി‌എ‌എൽ‌പി സംവിധാനങ്ങളുള്ള റഫാൽ പോർവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യയ്ക്ക് പാക്കിസ്ഥാനെയും ചൈനയെയും അതിവേഗം പ്രതിരോധിക്കാൻ സാധിക്കും.

മിസൈലുകളും ആണവ പോർമുനകളും വഹിക്കാൻ ശേഷിയുള്ള മധ്യദൂര മൾട്ടിറോൾ പോർവിമാനമായ റഫാൽ പാക്കിസ്ഥാൻ, ചൈന അതിർത്തിയോടു ചേർന്ന തന്ത്രപ്രധാന വ്യോമതാവളങ്ങളിലാണ് വിന്യസിച്ചിരിക്കുന്നത്. അതീവ പ്രഹരശേഷിയുള്ള മെറ്റോർ മിസൈലുകൾ (എയർ ടു എയർ മിസൈൽ) വഹിക്കുന്നതാണ് റഫാൽ പോർവിമാനങ്ങൾ. പേരിന്റെ‌ അർഥം സൂചിപ്പിക്കും പോലെ കൊള്ളിമീൻ കണക്കെ ടാർഗറ്റിലേക്ക് പാഞ്ഞെത്തി ലക്ഷ്യം പൂർത്തീകരിക്കാൻ ശേഷിയുള്ളതാണു മെറ്റോർ മിസൈലുകൾ. ഇലക്ട്രോണിക് റഡാർ ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന ഇവ ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച എയർ ടു എയർ മിസൈലുകളിലൊന്നായാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.

പാക്, ചൈന വെല്ലുവിളികളെ നേരിടാൻ ഏറ്റവും പുതിയ അത്യാധുനിക സെന്‍സറുകളുള്ള പോർവിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടത്. ഇന്ത്യയുടെ റഫാലിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ നിർമിച്ചിരിക്കുന്നത് ഇസ്രയേലാണ്. കൃത്യതയുടെ കാര്യത്തിൽ ഇസ്രയേൽ റഡാറുകൾ മികച്ചതാണ്. ഫ്രാൻസിന്റെ തന്നെ എയർ ടു എയർ മിസൈലായ മൈക്ക തൊടുക്കാനുള്ള ശേഷിയും ഇന്ത്യ വാങ്ങിയ റഫാലിനുണ്ട്. പൈലറ്റിന്റെ കാഴ്ചയ്ക്ക് അപ്പുറത്തെ ലക്ഷ്യങ്ങളെ വരെ നേരിടാൻ ശേഷിയുള്ളതാണ് മൈക്ക മിസൈല്‍.

എഎഎസ്എം ഹമ്മർ സിസ്റ്റം: വായുവിൽ നിന്ന് കരയിലെ ലക്ഷ്യം കൃത്യമായി കണ്ടെത്തി നേരിടാൻ ഹമ്മർ സിസ്റ്റം ഉപയോഗിക്കുന്നു. ഇതും റഫാലിലുണ്ട്. വിവിധ നാവിഗേഷൻ സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ് ഹമ്മര്‍ സിസ്റ്റം. റഫാലിൽ ആയുധങ്ങൾ ഘടിപ്പിക്കാനായി പതിനാല് അറകളുണ്ട്. മറ്റൊരു പ്രധാന ഫീച്ചർ സ്റ്റോക്ക്സ് മാനേജ്മെന്റ് സിസ്റ്റമാണ്. പോർവിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മിസൈലുകള്‍, ബോംബുകൾ, തോക്കുകൾ, മറ്റു ആയുധങ്ങൾ സമയത്തിന് പൈലറ്റിന് സുഖകരമായി നിയന്ത്രിക്കാൻ കഴിയുന്ന സ്റ്റോക്ക്സ് മാനേജ്മെന്റ് സിസ്റ്റം റഫാലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‌English Summary: India to receive 36th Rafale jet from France by mid-December

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS