റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് 'അജയ്യന്‍' എന്നും പാശ്ചാത്യ മാധ്യമങ്ങള്‍ സാത്താന് 2 എന്നും വിശേഷിപ്പിച്ച സര്മാട് മിസൈലിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവും. റഷ്യയിലെ പ്ലിസെറ്റ്സ്ക് കോസ്മോഡ്രോമില്‍ നടക്കുന്ന പരീക്ഷണത്തില്‍ കാംചാറ്റ്കയിലെ പരീക്ഷണ കേന്ദ്രങ്ങളെയാവും മിസൈല്‍ ലക്ഷ്യം വയ്ക്കുക. ഈ പരീക്ഷണ ഫലത്തെ അടിസ്ഥാനമാക്കിയാണ് ആദ്യ സര്മാട് ഐസിബിഎം സേനാവിഭാഗം നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടെസ് റിപ്പോര്‍ട്ടു ചെയ്തു.
ഭൂഖണ്ഡാന്തര മിസൈലുകള്‍ കുറഞ്ഞത് അഞ്ച് വിക്ഷേപണങ്ങളെങ്കിലും പരീക്ഷണത്തിന്റെ ഭാഗമായി നടത്തണമെന്നാണ് കരുതപ്പെടുന്നത്. ഇതിലൊന്ന് ദക്ഷിണ ധ്രുവത്തിന് മുകളിലൂടെ പറന്നുകൊണ്ട് ലക്ഷ്യത്തിലെത്തുന്നതുമായിരിക്കണം. ഏപ്രിലിലാണ് മോസ്കോ സാര്മാട് ഭൂഖണ്ഡാന്തര മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയത്. റഷ്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ പ്ലിസെറ്റ്സ്കില് നിന്നും കിഴക്കേ അറ്റത്തെ കംചാത്കയിലേക്കാണ് മിസൈല്‍ പറന്നത്.
സർമാർട് മിസൈലിനെ മറ്റു രാഷ്ട്രങ്ങളുടെ മിസൈല്‍ വേധ സംവിധാനങ്ങള്‍ക്ക് കണ്ടെത്താനാവില്ലെന്ന അവകാശവാദം പുടിന് തന്നെ നടത്തിയിരുന്നു. വിദേശത്തു നിന്നുള്ള ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്മാട് മിസൈല്‍ റഷ്യയെ പ്രാപ്തമാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വിപി മക്യേവ് സ്റ്റേറ്റ് മിസൈല്‍ സെന്ററില്‍ നിന്നായിരുന്നു സര്മാട് മിസൈല്‍ നിര്‍മിച്ചത്. അടുത്ത അമ്പത് വര്‍ഷത്തേക്ക് റഷ്യയെ സര്മാട് മിസൈല്‍ സംരക്ഷിക്കുമെന്നായിരുന്നു മക്യേവ് സ്റ്റേറ്റ് മിസൈല്‍ സെന്റര്‍ അധികൃതര്‍ അവകാശപ്പെട്ടത്.
വേഗത്തിന്റെയും ദൂരപരിധിയുടെയും കൃത്യതയുടെയും കാര്യത്തില്‍ അദ്ഭുതമായ സര്മാട്ടിന് നിലവിലെ മിസൈല്‍ വേധ സംവിധാനങ്ങളെ എളുപ്പം കബളിപ്പിക്കാനാവുമെന്നും റഷ്യന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. ഒരു ഭൂഗര്‍ഭ അറയില്‍ നിന്നും പൊടുന്നനെ സര്മാട് മിസൈല്‍ പുറത്തേക്ക് വരുന്നതിന്റെ അനിമേഷന്‍ ദൃശ്യങ്ങള്‍ നേരത്തേ റഷ്യ പുറത്തുവിട്ടിരുന്നു. ഏതാണ്ട് 20 സെക്കൻഡ് നീണ്ടതായിരുന്നു റോക്കറ്റിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വിഡിയോ.
15 ആണവായുധങ്ങള്‍ വരെ ഒരേസമയം വഹിക്കാന്‍ ശേഷിയുണ്ട് സര്മാട് മിസൈലിന്. 220 ടണ്‍ ഭാരവും 116 അടി നീളവുമുണ്ട് ഈ പടുകൂറ്റന്‍ മിസൈലിന്. 10,000 കിലോമീറ്റര്‍ മുതല്‍ 18,000 കിലോമീറ്റര്‍ വരെയാണ് ഈ മിസൈലിന്റെ പരിധി. ഈ ആയുധങ്ങള്‍ പല MIRVsലാണ് ഘടിപ്പിക്കുക. ഇത് ഒരേസമയം ഒന്നിലേറെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സര്മാട്ടിനെ പ്രാപ്തമാക്കുന്നു. നാറ്റോ സാത്താന് എന്നു വിശേഷിപ്പിക്കുന്ന സോവിയറ്റ് കാലത്തെ ആര് 36 മിസൈലുകള്‍ക്ക് പകരക്കാരനായാണ് സര്മാട് മിസൈലിന്റെ വരവ്. അതുകൊണ്ടു തന്നെയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ സാത്താന് 2 എന്ന് ഇതിനെ വിശേഷിപ്പിക്കുന്നതും.
English Summary: Russia's 'invincible' Sarmat missile ready to roar; ICBM to be tested again