ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് ബങ്കറുകൾ നിർമിച്ച് കരസേന, ചൈന അതിർത്തിയിൽ വിന്യസിക്കാൻ

3d-bunker
Photo: Gorev Evgenii/ Shutterstock
SHARE

ലഡാക്കിലെ സൈനികർക്കായി ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് ബങ്കറുകൾ നിർമിച്ച് ഇന്ത്യൻ കരസേന. സേനയുടെ എൻജിനീയറിങ് കോറാണു നിർമാണത്തിനു പിന്നിൽ. കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖയ്ക്കു സമീപത്തായി അടുത്തവർഷം ഇതു സ്ഥാപിക്കാനാണു പദ്ധതി.

ഒട്ടേറെ ആയുധങ്ങൾ ഉപയോഗിച്ചുള്ള പ്രഹരത്തെ ബങ്കറുകൾ അതിജീവിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയാണു ബങ്കറുകൾ വികസിപ്പിച്ചത്. ചെറിയ ആയുധങ്ങൾ മുതൽ ടി90 ടാങ്കുകളുടെ പ്രധാനപീരങ്കികൾ വരെ ഇതിൽ ഉൾപ്പെടും.

36 മുതൽ 48 മണിക്കൂറുകൾ വരെയുള്ള സമയം കൊണ്ട് ബങ്കറുകൾ നിർമിക്കാൻ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് ഇന്ത്യൻ ആർമി എൻജിനീയർ– ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ ഹർപാൽ സിങ് പറഞ്ഞു. ഇവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനും എളുപ്പമാണ്. ഘടനയിൽ ഏറ്റവും ഭാരമുള്ള ഭാഗത്തിനു പോലും ഭാരം വെറും 40 കിലോ മാത്രമാണ്. ഇന്ത്യൻ സേനയിലെ എൻജിനീയറിങ് യൂണിറ്റ്, ഗാന്ധിനഗർ, മദ്രാസ് ഐഐടികളുടെ സഹകരണത്തോടെയാണ് നിർമാണം യാഥാർഥ്യമാക്കിയത്.

അതിർത്തികളിലും മറ്റും ഇന്ത്യൻ സേനയടെ നിർമാണശേഷി കൂട്ടുന്ന ഒരു നീക്കമായിട്ടാണ് ഇതു കണക്കാക്കപ്പെടുന്നത്. സങ്കീർണമായ സോഫ്റ്റ്‌വെയറും റോബട്ടിക് യൂണിറ്റുകളും ഉപയോഗിച്ചാണ് ത്രീഡി പ്രിന്റിങ് ടെക്നോളജി പ്രവർത്തിക്കുന്നത്. ഒരു ഡിജിറ്റൽ മോഡലിൽ നിന്ന് പൂർണസജ്ജമായ ഘടനയിലേക്കുള്ള വികാസം ഇതുവഴി സാധിക്കും. അമേരിക്കൻ സേനകൾ കഴിഞ്ഞ കുറച്ചുനാളുകളായി ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് ആവശ്യമുള്ള ഘടനകൾ നിർമിക്കുന്നുണ്ട്.

∙ത്രീഡി പ്രിന്റിങ് എങ്ങനെ?

ആദ്യമായി ഒരു വെർച്വൽ ഡിസൈൻ ഉണ്ടാക്കിയശേഷമാണ് ത്രീഡി പ്രിന്റിങ് പ്രവർത്തിക്കുന്നത്. കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ (കാഡ്) സോഫ്റ്റ്‌വെയറുകളുപയോഗിച്ചാണ് ഈ വെർച്വൽ ഡിസൈൻ സാക്ഷാത്കരിക്കുന്നത്. ത്രീഡി സ്കാനറുകൾ ഉപയോഗിച്ച്, നിലവിലുള്ള ഒരു വസ്തുവിനെ സ്കാൻ ചെയ്തും വെർച്വൽ ഡിസൈൻ ഉണ്ടാക്കാം.

വെർച്വൽ ഡിസൈനനുസരിച്ചാണ് ത്രീഡി പ്രിന്റർ പ്രിന്റിങ് നടത്തുന്നത്.മെറ്റീരിയൽ എക്സ്ട്രൂഷൻ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. സാധാരണ പ്രിന്ററുകളിൽ പ്രിന്റിങ്ങിനു കാരണമാകുന്നത് മഷിയോ ടോണറോ ആണെങ്കിൽ ത്രീഡി പ്രിന്റിങ്ങിൽ സിമന്റോ ദ്രവാവസ്ഥയിലുള്ള പ്ലാസ്റ്റിക്കോ ലോഹങ്ങളോ ഒക്കെയായിരിക്കും പ്രിന്റിങ് വസ്തുക്കൾ.

ത്രീഡി പ്രിന്റിങ് ടെക്നോളജി ഇന്നും ബാലദശയിലാണെന്ന് ഗവേഷകർ പറയുന്നു. എങ്കിലും കളിപ്പാട്ടങ്ങളും ഫോൺ കേസുകളും ടൂളുകളും വസ്ത്രങ്ങളും ഫർണിച്ചറുമെല്ലാം ഉണ്ടാക്കാൻ ത്രീഡി പ്രിന്റിങ് ഉപയോഗിച്ചിരുന്നു. എന്നാൽ ത്രീഡി പ്രിന്റിങ്ങിന്റെ ആപേക്ഷിക തലം മാറുന്ന കാഴ്ചയ്ക്കാണു ഈ നാളുകൾ സാക്ഷ്യം വഹിക്കുന്നത്. അഗ്‌നികുൽ കോസ്മോസ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി ത്രീഡി പ്രിന്റിങ് ഉപയോഗിച്ചാണ് റോക്കറ്റ് എൻജിനുകൾ നിർമിച്ചെടുത്തത്.

ഒരു രോഗിയുടെ കോശങ്ങൾ ഉപയോഗിച്ച് തന്നെ അയാളുടെ ശരീരാവയവങ്ങൾ പ്രിന്റ് ചെയ്തെടുക്കുന്ന തലത്തിലേക്ക് ഈ സാങ്കേതികവിദ്യ മാറുമെന്ന് കരുതപ്പെടുന്നുണ്ട്. ഇതുൾപ്പെടെ ജീവസംബന്ധമായ കാര്യങ്ങൾ പ്രിന്റ് ചെയ്തു നിർമിക്കുന്ന ത്രീഡി പ്രിന്റിങ് വകഭേദത്തിന് ബയോപ്രിന്റിങ് എന്നാണു വിളിക്കുന്നത്. ബയോപ്രിന്റിങ്ങിലും ഒട്ടേറെ ഗവേഷണങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്.

English Summary: Army to construct next-gen 3D-printed bunkers at LAC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS