റഷ്യന്‍ വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ യുക്രെയിന് ആശ്വാസമായി രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൂടി. നസാംസ്( NASAMS), അസ്പൈഡ് (ASPIDE) എന്നീ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കിയതിന് പാശ്ചാത്യ രാഷ്ട്രങ്ങളോട് നന്ദി പറഞ്ഞ് യുക്രെയിൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നികോവ് തന്നെ ട്വീറ്റു ചെയ്തു. നോര്‍വെ, സ്‌പെയിന്‍, അമേരിക്ക എന്നീ രാഷ്ട്രങ്ങളോടാണ് യുക്രെയിൻ നന്ദി അറിയിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 10ന് യുക്രെയിൻ നഗരങ്ങളില്‍ റഷ്യ വലിയ തോതില്‍ മിസൈലാക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വ്യോമ പ്രതിരോധ സംവിധാനം നല്‍കാന്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ തയാറാകണമെന്ന് യുക്രെയിൻ പ്രസിഡന്റ് സെലെന്‍സ്‌കി ആവശ്യപ്പെടുകയും ചെയ്തിരുന്നു. റഷ്യയുടെ ആകാശത്തു നിന്നുള്ള ആക്രമണം പ്രതിരോധിക്കാവുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കിയാല്‍ ദശലക്ഷക്കണക്കിന് ജനങ്ങള്‍ നന്ദിയുള്ളവരാകുമെന്ന് ലോക നേതാക്കളോട് ജി 7 സമ്മേളനത്തിനിടെ യുക്രെയിൻ പ്രസിഡന്റ് പറയുകയും ചെയ്തു.
സെലെന്‍സ്‌കിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ ജര്‍മ്മനി IRIS-T വ്യോമ പ്രതിരോധ സംവിധാനം യുക്രെയിന് കൈമാറിയിരുന്നു. രണ്ട് നാഷണല്‍ അഡ്വാന്‍സ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റംസ് (NASAMS) കൈമാറുമെന്ന് അമേരിക്കയും അറിയിച്ചിരുന്നു. ജര്‍മനിയിലുളള നോര്‍വീജിയന്‍ സൈനികരാണ് യുക്രെയിനികള്‍ക്ക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചുകൊടുത്തതെന്ന് യുറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു.
സ്‌പെയിനിന്റെ നസാംസ് വ്യോമ പ്രതിരോധ സംവിധാനം യുക്രെയിനിലേക്ക് എത്തിക്കുമെന്ന് നവംബര്‍ രണ്ടിനാണ് സ്‌പെയിന്‍ അറിയിച്ചത്. അസ്‌പെയ്ഡ് വിമാനവേധ മിസൈല്‍ സംവിധാനത്തിന്റെ ബാറ്ററി, നാല് ഹോക്ക് വ്യോമ പ്രതിരോധ സംവിധാനം, ടാങ്ക് വേധ മിസൈലുകള്‍, തോക്കുകള്‍ എന്നിവയും സ്‌പെയിന്‍ യുക്രെയിന് നല്‍കിയിരുന്നു. അസ്‌പെയ്ഡ് ബാറ്ററികളില്‍ ആറ് മിസൈലുകള്‍ വീതം വഹിക്കാവുന്ന രണ്ട് ലോഞ്ചറുകളാണുണ്ടാവുക. ശബ്ദത്തിന്റെ നാലിരട്ടി വേഗത്തില്‍ സഞ്ചരിക്കാനാവുന്ന സ്പാഡ 2000 മിസൈലുകളാണ് ഇതിലുപയോഗിക്കുന്നത്. ആറ് കിലോമീറ്റര്‍ വരെ ഉയരത്തിലും 25 കിലോമീറ്റര്‍ വരെ ദൂരത്തിലുമുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഈ മിസൈലുകള്‍ക്കാവും.
യുക്രെയിനിലേക്ക് സ്പാനിഷ് വിദേശകാര്യമന്ത്രി യോസേ മാനുവല്‍ അല്‍ബരെസ് നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു സഹായങ്ങള്‍ പ്രഖ്യാപിച്ചത്. സ്‌പെയിന്റെ നടപടിക്ക് യുക്രെയിൻ പ്രസിഡന്റ് തന്നെ നേരിട്ട് നന്ദിയും അറിയിച്ചിട്ടുണ്ട്. ഏത് കാലാവസ്ഥയിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വ്യോമപ്രതിരോധം തീര്‍ക്കാന്‍ ശേഷിയുണ്ട് സ്‌പെയിന്‍ നല്‍കിയ സ്പാഡ 2000 മിസൈലുകള്‍ക്ക്. 2000 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ ഇങ്ങനെയൊരു വ്യോമ പ്രതിരോധ സംവിധാനത്തിന് കഴിയും. ഓരോ മിസൈലിലും 35 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ വരെ വഹിക്കാനും സാധിക്കും. പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമമായി യുക്രെയിന് റഷ്യന്‍ വ്യോമാക്രമണത്തെ പ്രതിരോധിക്കാനാവുമെന്നാണ് പ്രതീക്ഷ.
English Summary: Ukraine’s ‘Underdog’ Interceptor Missile That Kills At Near Hypersonic Speed Joins German & US Defense Systems