ADVERTISEMENT

യുക്രെയ്‌നു നേരെ റഷ്യ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. യുക്രെയ്ന്‍ സായുധ സേനാ വിഭാഗത്തിന്റെ സ്ട്രാറ്റെജിക് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അഥവാ സ്ട്രാറ്റ്‌കോമാണ് കെഎച്ച് 55 എന്ന ആണവായുധ മിസൈല്‍ റഷ്യ പ്രയോഗിച്ചെന്ന് ആരോപിച്ചിരിക്കുന്നത്. ആണവായുധം ഘടിപ്പിക്കാതെയാണ് ആണവായുധ മിസൈല്‍ റഷ്യ കീവിന് നേരെ പ്രയോഗിച്ചിരിക്കുന്നത്.

 

സോവിയറ്റ് യൂണിയന്റെ കാലത്ത് 1970കളിലാണ് കെഎച്ച് 55 ക്രൂസ് മിസൈലുകള്‍ നിര്‍മിക്കുന്നത്. അന്ന് യുക്രെയ്‌നില്‍ നിര്‍മിച്ച ഈ മിസൈലുകള്‍ 1983 ലാണ് സോവിയറ്റ് സൈന്യത്തിന്റെ ഭാഗമാവുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം റഷ്യയാണ് ഈ മിസൈലുകള്‍ ഏറ്റെടുക്കുന്നത്. യുക്രെയ്‌നില്‍ ഉണ്ടായിരുന്ന 1612 കെഎച്ച് 55 മിസൈലുകള്‍ റഷ്യ 1990കളില്‍ പൂര്‍ണമായി തന്നെ കൊണ്ടുപോയെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ കെഎച്ച് 55 മിസൈലുകള്‍ ഉപയോഗിക്കുന്ന ഏക രാഷ്ട്രം റഷ്യയാണ്.

 

കെഎച്ച് 55 മിസൈലുകള്‍ക്ക് 50 കിലോടണ്‍ വരെ ശേഷിയുള്ള ആണവസ്‌ഫോടനം നടത്താന്‍ ശേഷിയുണ്ടെന്നാണ് റഷ്യ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ഹിരോഷിമയില്‍ 15 കിലോ ടണ്ണും നാഗസാക്കിയില്‍ 20 കിലോടണ്ണും ശേഷിയുള്ള ആറ്റം ബോംബുകളായിരുന്നു അമേരിക്ക ഇട്ടത്. അതേസമയം റഷ്യന്‍ കെഎച്ച് 55 മിസൈലുകള്‍ക്ക് 200 കിലോടണ്‍ വരെ ആഘാതമുണ്ടാക്കുന്ന സ്‌ഫോടനങ്ങള്‍ നടത്താനാകുമെന്ന് കരുതുന്നവരുമുണ്ട്.

 

റഷ്യ പൊതുവേ കെഎച്ച് 555 മിസൈലുകളാണ് യുദ്ധ മേഖലയില്‍ ഉപയോഗിക്കുന്നത്. 400 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള കൂടുതല്‍ മികച്ച ഗതി നിര്‍ണയ സംവിധാനമുള്ള മിസൈലാണിത്. 1999ല്‍ റഷ്യന്‍ എയറോസ്‌പേസ് ഫോഴ്‌സസ് പരീക്ഷിച്ച കെഎച്ച് 555 മിസൈലുകള്‍ 2004 മുതല്‍ റഷ്യന്‍ സേനയുടെ ഭാഗമാണ്. അതേസമയം കെഎച്ച് 555 മിസൈലുകള്‍ ആവശ്യത്തിന് ലഭിക്കാതെ വന്നതോടെയാണ് റഷ്യ കെഎച്ച് 55 മിസൈല്‍ ഉപയോഗിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 

ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലില്‍ ആണവായുധം ഘടിപ്പിക്കാതെ പ്രയോഗിച്ചത് റഷ്യയുടെ മുന്നറിയിപ്പാണെന്ന് പല പാശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. കെഎച്ച് 55 മിസൈലിലെ ഡമ്മി ആയുധത്തിന് പകരം ആണവായുധം ഘടിപ്പിക്കാന്‍ തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സാധിക്കുമെന്ന മുന്നറിയിപ്പാണ് യുക്രെയ്‌നും ലോകത്തിനും റഷ്യ നല്‍കുന്നതെന്നാണ് ആരോപണം. യുക്രെയ്‌നെതിരായ അധിനിവേശം റഷ്യ ആരംഭിക്കുമ്പോള്‍ തന്നെ പുടിനും റഷ്യയും ആണവായുധം പ്രയോഗിക്കുമെന്ന പ്രചാരം വ്യാപകമായിരുന്നു. കര നാവിക വ്യോമ സേനകള്‍ക്ക് ഉപയോഗിക്കാന്‍ തയാറായിട്ടുള്ള 1,912 ആണവായുധങ്ങള്‍ റഷ്യക്കുണ്ടെന്നാണ് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ് പറയുന്നത്.

 

English Summary: Russia Fired Nuke-Capable Kh-55 Missile Into Kyiv After Simply Unscrewing ‘Nuclear Warheads’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT