ഇന്ത്യൻ നാവികസേന മുക്കിയ ഗാസി: പാക്കിസ്ഥാന്റെ അക്കാലത്തെ വജ്രായുധം

ghazi
Photo: Wikimedia
SHARE

ഇന്ത്യൻ നാവിക സേനയുടെ നീണ്ട ചരിത്രത്തിലെ തിളക്കമാർന്ന ഒരു ഏടാണ് ഗാസി സംഭവം. ഇന്ന് നാവികസേനാദിനത്തിൽ ഓർക്കേണ്ടതാണ് ആഴക്കടലിലെ ആ ക്ലാസിക് ത്രില്ലർ പോരാട്ടം. അറബിക്കടലിൽ പാക്കിസ്ഥാന്‌റെ നാവികസേനയുടെ മുനയൊടിച്ച സംഭവമായ ഇതിനു നേതൃത്വം നൽകിയത് നാഗർകോവിൽ സ്വദേശിയായ വൈസ് അഡ്മിറൽ നീലകണ്ഠ കൃഷ്ണൻ എന്ന സൈന്യാധിപനായിരുന്നു. 

∙ 1971 ബംഗ്ലാ വിമോചന യുദ്ധകാലം. യുദ്ധത്തിൽ കരസേനയ്‌ക്കൊപ്പം തന്നെ നാവിക, വ്യോമ സേനകളും പങ്കെടുക്കുകയും ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ചെയ്തു.

∙ 1945ൽ യുഎസ് നേവിയുടെ ഭാഗമായി നീറ്റിലിറങ്ങിയതായിരുന്നു ഡയബ്ലോ എന്നറിയപ്പെടുന്ന ആ മുങ്ങിക്കപ്പൽ. ചെകുത്താൻ എന്നു വിശേഷിപ്പിച്ചിരുന്ന ഡയബ്ലോയ്ക്ക് 78 സേനാംഗങ്ങളെയും 24 ടോർപിഡോകളെയും വഹിക്കാനുള്ള കഴിവുണ്ടായിരുന്നു. യുഎസിന്റെ രണ്ടാം ലോകയുദ്ധ നാവിക ദൗത്യങ്ങളിൽ ചിലതിലൊക്കെ ഇതു പങ്കെടുത്തിട്ടുണ്ട്. 1963ൽ യുഎസ് ഡയബ്ലോയെ പാക്കിസ്ഥാനു നൽകി.

∙ 1964 ൽ ‘പിഎൻഎസ് ഗാസി’ എന്ന പുതിയ പേരു സ്വീകരിച്ച ഡയബ്ലോ പാക്ക് നാവികസേനയുടെ ഭാഗമായി കറാച്ചി നാവികകേന്ദ്രത്തിലെത്തി. പാക്ക് സൈന്യത്തിന്റെ ആദ്യ അന്തർവാഹിനിയായിരുന്നു ഗാസി.

∙ 1965ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ പങ്കെടുത്ത ഗാസിയെ യുദ്ധശേഷം ടർക്കിയിൽ കൊണ്ടു പോയി നിരവധി പരിഷ്‌കരണങ്ങൾക്ക് പാക്കിസ്ഥാൻ വിധേയമാക്കി. 5 വർഷങ്ങൾക്കു ശേഷം ഡാഫ്‌നി എന്നു പേരുള്ള 3 അന്തർവാഹിനികൾ പാക്കിസ്ഥാൻ വാങ്ങിയെങ്കിലും ഗാസി അവരുടെ കടലിലെ പ്രധാന ആയുധമായി തുടർന്നു.

∙ 1971ൽ ബംഗ്ലാ വിമോചന പ്രസ്ഥാനം കിഴക്കൻ പാക്കിസ്ഥാനിൽ ശക്തി പ്രാപിച്ചു. ഇന്ത്യയുമായി എപ്പോൾ വേണമെങ്കിലും ഒരു യുദ്ധം സംഭവിക്കാമെന്നും അങ്ങനെ വന്നാൽ കരസേന മാത്രമല്ല, നാവിക, വ്യോമസേനകളും യുദ്ധത്തിൽ പങ്കെടുക്കുമെന്നും പാക്കിസ്ഥാൻ കണക്കുകൂട്ടി. അറബിക്കടലിൽ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു.

ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പലായിരുന്നു അതിനു കാരണം. വിക്രാന്തിനെ തകർത്തു മാത്രമേ കടൽയുദ്ധത്തിൽ തങ്ങൾക്ക് ഇന്ത്യയുമായി പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളുവെന്നു മനസ്സിലാക്കിയ പാക്കിസ്ഥാൻ അതിനുള്ള ദൗത്യത്തിനായി തിരഞ്ഞെടുത്തത് ഗാസിയെയാണ്. ആയിടെ വിക്രാന്തിനെ മുംബൈ തുറമുഖത്തു നിന്നും ഇന്ത്യ വിശാഖപട്ടണത്തേക്കു മാറ്റി. ഇതും കിഴക്കൻ പാക്കിസ്ഥാനിൽ കടൽ വഴി ഇടപെടാനുള്ള ഇന്ത്യയുടെ ശ്രമമായാണ് പാക്കിസ്ഥാൻ വ്യാഖ്യാനിച്ചത്.

‘വിശാഖപട്ടണത്തു പോയി വിക്രാന്തിനെ മുക്കുക, ഇന്ത്യയുടെ കിഴക്കൻ നാവിക കേന്ദ്രങ്ങളിൽ കടൽമൈനുകൾ സ്ഥാപിക്കുക.’ ഈ ലക്ഷ്യങ്ങളുമായി ഗാസി 1971 നവംബർ 14നു കറാച്ചിയിൽ നിന്നു യാത്ര തിരിച്ചു. ഈ നീക്കത്തെക്കുറിച്ച് വൈസ് അഡ്മിറൽ നീലകണ്ഠ കൃഷ്ണൻ നേരത്തെ സംശയിച്ചിരുന്നു. വിക്രാന്തിനെ സുരക്ഷിതമായി വിശാഖപട്ടണത്തു നിന്നു മാറ്റണമെന്ന് ദീർഘദർശിയായ അദ്ദേഹം തീർച്ചപ്പെടുത്തി. ആൻഡമാൻ ദ്വീപുകളിലെ പോർട് എക്സ്റേ എന്ന രഹസ്യ സ്ഥലത്ത് വിക്രാന്തിനെ ഡോക്ക് ചെയ്യാമെന്നു തീരുമാനമായി. ഗാസി യാത്രതിരിക്കുന്നതിനു തലേന്നു തന്നെ വിക്രാന്ത് വിശാഖപട്ടണം വിട്ട് ആൻഡമാനിലേക്കു യാത്രയായി.

എന്നാൽ വിശാഖപട്ടണത്തേക്ക് വരുന്ന ഗാസിയെ ഇവിടെ മുക്കണമെന്ന് ഇന്ത്യൻ നാവികസേന തീർച്ചയാക്കിയിരുന്നു. ഇതിനായി ഇന്ത്യയുടെ പടക്കപ്പലുകളിലൊന്നായ ഐഎൻഎസ് രാജ്പുത്തിനെ വിക്രാന്ത് എന്ന വ്യാജേന വിശാഖപട്ടണത്തു നിർത്തി. വിക്രാന്തിലേക്കെന്ന രീതിയിൽ രാജ്പുത്തിലേക്കു സേനാകേന്ദ്രങ്ങൾ സന്ദേശങ്ങൾ അയച്ചു.

ഇതു പിടിച്ചെടുത്ത പാക്കിസ്ഥാൻ സേന വിക്രാന്ത് വിശാഖപട്ടണത്തു തന്നെയുണ്ടെന്നു തെറ്റിദ്ധരിച്ചു. നവംബർ 25നു കറാച്ചിയിൽ നിന്നും ഗാസിയിലേക്കു ചെന്ന ഒരു മെസേജ് ‘വിക്രാന്ത് വിശാഖപട്ടണത്തുണ്ട്’ എന്നു പറഞ്ഞായിരുന്നു. ഈ സന്ദേശം ചോർത്തിയെടുത്ത ഇന്ത്യൻ സേന തങ്ങളുടെ തന്ത്രം ഫലിച്ചെന്നു തീർച്ചപ്പെടുത്തി.

ins-vikrant

ഗാസി ഏറ്റെടുത്തത് അന്തർവാഹിനിക്കപ്പലുകളുടെ ചിത്രത്തിലെ ഏറ്റവും സാഹസികമായ ദൗത്യങ്ങളിലൊന്നായിരുന്നു. തങ്ങളേക്കാൾ ശക്തമായ ഒരു രാജ്യത്തിന്റെ ഹോം പോർട്ടിൽ ചെന്ന് അവരുടെ ഏറ്റവും മികച്ച വിമാനവാഹിനിക്കപ്പലിനെ മുക്കുക. പിഎൻഎസ് ഗാസി മുംബൈ നാവിക മേഖല വിട്ട് ശ്രീലങ്ക ചുറ്റി മദ്രാസ് മേഖലയിൽ എത്തി. പിന്നീട് വിശാഖപട്ടണം ലക്ഷ്യമാക്കി യാത്ര തുടർന്നു. ഇതിനിടെ 1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ ‘ചെങ്കിസ് ഖാൻ’ എന്നു പേരിട്ട ദൗത്യത്തിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ വ്യോമത്താവളങ്ങളിൽ ആക്രമണം നടത്തിയതോടെ ബംഗ്ലാ വിമോചന യുദ്ധത്തിന് ഔദ്യോഗികമായി തുടക്കമായി. ഇതോടെ ഗാസിയെ കണ്ടെത്തി മുക്കുകയെന്ന ദൗത്യം കൂടുതൽ ഊർജിതമായി.

ഡിസംബർ മൂന്നിന് രാത്രി പന്ത്രണ്ടോടെ ഐഎൻഎസ് രാജ്പുത് ഗാസിയെ തേടി വിശാഖപട്ടണത്തു നിന്നു പുറപ്പെട്ടു. രാത്രി പന്ത്രണ്ടേകാലോടെ രാജ്പുത് വിശാഖപട്ടണത്തിനു സമീപമുള്ള ഡോ‍ൾഫിന്‍‌ ബോയ് എന്ന സമുദ്രമേഖലയിലെത്തി. സോണാർ ഒഴികെ എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളും ഓഫ് ചെയ്തു വളരെ ജാഗരൂകമായിട്ടാണ് കപ്പൽ കിടന്നത്. അന്തർ വാഹിനികളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ഡെപ്ത് ചാര്‍ജ് എന്ന ബോംബുകൾ കപ്പൽ തയാറാക്കി നിർത്തി.

അര നോട്ടിക്കൽ മൈല്‍ അകലെ ഏതോ അന്തർവാഹിനി എത്തിയതായി ഇതിനിടെ രാജ്പുത്തിന്റെ സോണാർ റൂമിൽ അറിയിപ്പു വന്നു. കപ്പലിനെ വെട്ടിച്ചുമാറ്റാൻ ക്യാപ്റ്റൻ നിർദേശം നൽകി. കടലിലേക്കു രണ്ട് ബോംബുകൾ അയയ്ക്കുകയും ചെയ്തു. രണ്ട് വൻസ്ഫോടനങ്ങൾ കടലിൽ നടന്നു. നിമിഷങ്ങൾ കടന്നു പോയി. വെള്ളത്തിലേക്ക് എണ്ണ ഉയർന്ന് ഒരു പാട രൂപപ്പെട്ടു.

പിഎൻഎസ് ഗാസി സ്ഫോടനത്തിൽ തകർന്നെന്ന് ഇന്ദർസിങ് തീർച്ചപ്പെടുത്തി. അദ്ദേഹം വിവരം വിശാഖപട്ടണത്തു വൈസ് അഡ്മിറൽ കൃഷ്ണനെ അറിയിച്ചു. പിറ്റേന്ന് രാവിലെ ഗാസിയുടെ അവശിഷ്ടങ്ങൾ മേഖലയിൽ നിന്ന് ഇന്ത്യൻ നാവികസേനയുടെ തിരച്ചിൽ സംഘങ്ങൾ കണ്ടെത്തി. അന്തർവാഹിനിയുടെ പഴയ പേരായ യുഎസ്‌എസ് ഡയബ്ലോ എന്നടയാളപ്പെടുത്തിയ ഒരു വിൻഡ്ഷീൽഡും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്ഫോടനത്തിൽ മരിച്ച പാക്ക് സൈനികരെ സൈനിക ബഹുമതികളോടെ കടലിൽ തന്നെ അടക്കി. ഡിസംബർ ഒൻപതിനു ഇന്ത്യൻ പ്രതിരോധമന്ത്രി, ഗാസി തകർന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇന്ത്യൻ നാവികചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള ഏടുകളിലൊന്നായി ഗാസി സംഭവം മാറി. ആദ്യമായാണ് ഇന്ത്യൻ നാവികസേന ഒരു അന്തർവാഹിനി മുക്കിയത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഒരു അന്തർവാഹിനി മുങ്ങുന്നതും ഇതാദ്യമായിരുന്നു. ബംഗാൾ ഉൾക്കടലിലെ അനിഷേധ്യ ശക്തിയാക്കി ഇന്ത്യൻ നേവിയെ വളർത്തുന്നതിന് ഇതു സഹായിച്ചു. ഐഎൻഎസ് രാജ്പുത് 5 വർഷം കൂടി ഇന്ത്യൻ നാവികസേനയിൽ തുടർന്നു 1976ൽ ഇതു ഡീക്കമ്മിഷൻ ചെയ്തു.

English Summary: Real story of submarine PNS Ghazi and the mystery behind its sinking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS