'യേ ദില്‍ മാംഗേ മോര്‍' എന്ന പരസ്യ വാചകം കേള്‍ക്കാത്തവരുണ്ടാവില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ ചങ്കൂറ്റം കൊണ്ട് നിര്‍ണായക വിജയങ്ങള്‍ നേടിയെടുത്ത ക്യാപ്റ്റന്‍ വിക്രം ബത്ര തന്റെ വിജയ സന്ദേശമായി തിരഞ്ഞെടുത്തതും ഇതേ വാക്കുകളെയായിരുന്നു. തന്റെ 24–ാം വയസില്‍ രാജ്യത്തിനു വേണ്ടി പൊരുതി മരിച്ച ക്യാപ്റ്റന്‍ വിക്രം ബത്ര കാര്‍ഗിലില്‍ വെച്ചുള്ള തന്റെ അവസാന യുദ്ധത്തിനിടെ ഇങ്ങനെ പറഞ്ഞു. 'ഒന്നുകില്‍ ഞാന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ട് തിരിച്ചുവരും, അല്ലെങ്കില്‍ അതു പുതച്ച് തിരികെ വരും'. സ്വന്തം ജീവിതം ബലി നല്‍കിയ ഈ ജവാനെ പിന്നീട് രാജ്യം പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്ര മരണാനന്തര ബഹുമതിയായി നല്‍കി ആദരിച്ചു.
രാജ്യം എക്കാലവും കടപ്പെട്ടിരിക്കുന്ന ക്യാപ്റ്റന്‍ വിക്രം ബത്രയെ പോലുള്ള നിരവധി ധീര ജവാന്മാരുടെ സ്മരണ പുതുക്കുന്നതിനാണ് ജനുവരി 15 ഇന്ത്യന്‍ സൈനിക ദിനമായി ആചരിക്കുന്നത്. രാജ്യത്തിന്റെ അഭിമാനവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സൈന്യത്തിനുള്ള പ്രാധാന്യം വിളിച്ചുപറയുന്ന നിരവധി പരിപാടികള്‍ സൈനിക ദിനത്തോട് അനുബന്ധിച്ച് നടത്താറുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണം ഇന്ത്യക്കാരന്റെ കയ്യിലേക്ക് പൂര്‍ണമായും ലഭിച്ചതിന്റെ ഓര്‍മ ദിവസം കൂടിയാണ് ജനുവരി 15.
∙ ജനുവരി 15ന്റെ ചരിത്രം
1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും നമുക്ക് സ്വന്തമായി സൈന്യത്തെ ലഭിക്കുന്നതിന് പിന്നെയും കാത്തിരിപ്പു വേണ്ടി വന്നു. ഇന്ത്യ - പാക് വിഭജനത്തില്‍ എല്ലാം ഭാഗിക്കപ്പെട്ടു. അതുവരെയുണ്ടായിരുന്ന ഇന്ത്യന്‍ സൈന്യത്തേയും ഇന്ത്യക്കും പാകിസ്താനുമായി വീതം വെച്ചു. ബ്രിട്ടിഷ് ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്ന ബ്രിട്ടിഷുകാര്‍ തിരിച്ചു പോയി. ഇതിന്റെ ഭാഗമായി 1948ല്‍ പത്തു ഗൂര്‍ഖ റെജിമെന്റുകളില്‍ നാലെണ്ണം ബ്രിട്ടിഷ് സൈന്യത്തിന്റെ ഭാഗമായി. ബാക്കി ആറ് റെജിമെന്റുകളെയാണ് ഇന്ത്യയും പാകിസ്ഥാനും ഭാഗിച്ചെടുത്തത്.
1895 ഏപ്രില്‍ ഒന്നിന് ഇന്ത്യന്‍ സേന ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടെങ്കിലും 1949ല്‍ മാത്രമാണ് ഒരു ഇന്ത്യക്കാരന്‍ സേനയുടെ തലപ്പത്തെത്തുന്നത്. 1949 ജനുവരി 15ന് ലെഫ്റ്റനന്റ് ജനറല്‍ കെ.എം. കരിയപ്പ ഇന്ത്യയുടെ സൈനിക മേധാവിയായി ചുമതലയേറ്റു. ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണം ഇന്ത്യക്കാരുടെ കൈകളിലെത്തിയ ആ അഭിമാന ദിവസം പിന്നീട് ഇന്ത്യന്‍ സൈനിക ദിനമായി ആചരിക്കുകയായിരുന്നു. അതുവരെ ഇന്ത്യന്‍ സൈന്യത്തെ നയിച്ച ജനറല്‍ സര്‍ ഫ്രാന്‍സിസ് ബുച്ചര്‍ അങ്ങനെ ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടിഷ് കമാന്‍ഡര്‍ ഇന്‍ ചീഫായി മാറുകയും ചെയ്തു.

∙ ഡല്‍ഹിക്ക് പുറത്ത് ആദ്യം
സാധാരണ സൈനിക ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളും സൈനിക പരേഡുമെല്ലാം തലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് നടക്കാറ്. എന്നാല്‍ ഇക്കുറി ചരിത്രത്തിലാദ്യമായി ഡല്‍ഹിക്ക് പുറത്ത് സൈനിക ദിനം ആഘോഷിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത് കര്‍ണാടകയ്ക്കാണ്. 75–ാമത് ഇന്ത്യന്‍ സൈനിക ദിനം ബെംഗളൂരുവില്‍ വച്ചാണ് ആഘോഷിക്കുന്നത്. മദ്രാസ് എൻജിനീയറിങ് യുദ്ധ സ്മാരകത്തിനു മുന്നില്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡേ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ സൈനിക ദിനാഘോഷങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കും.
തുടര്‍ന്ന് വിപുലമായ സൈനിക പരേഡുകളും ഉണ്ടായിരിക്കും. അഞ്ച് റെജിമെന്റല്‍ ബാന്‍ഡുകളും പരേഡിന്റെ ഭാഗമാവും. ധ്രുവ്, രുദ്ര ഹെലിക്കോപ്റ്ററുകളും പരേഡിന്റെ ഭാഗമാകും. ഇന്ത്യയുടെ ശക്തിയും അഭിമാനവുമായ ആയുധങ്ങളുടെ പ്രദര്‍ശനവും സൈനിക ദിനത്തിന്റെ ഭാഗമായി അരങ്ങേറും. കെ 9 വജ്ര സെല്‍ഫ് പ്രൊപ്പെല്‍ഡ് തോക്കുകള്‍, പിനാക്ക റോക്കറ്റ്, ടി 90 ടാങ്കുകള്‍, ബിഎംപി 2 ഇന്‍ഫന്ററി സൈനിക വാഹനങ്ങള്‍, തുന്‍ഗുസ്‌ക വ്യോമ പ്രതിരോധ സംവിധാനം, 155 ബോഫോഴ്‌സ് തോക്കുകള്‍, സൈനിക വാഹനങ്ങള്‍, സ്വാതി റഡാര്‍ തുടങ്ങി നിരവധി ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും സൈനിക ശക്തിപ്രകടനത്തിന്റെ ഭാഗമായി അണി നിരക്കും.
സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാന പരേഡ് കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍, എന്‍സിസി കേഡറ്റുകള്‍, അനാഥാലയങ്ങളിലെ കുട്ടികള്‍ തുടങ്ങി എണ്ണായിരം പേര്‍ക്ക് ഇന്ത്യന്‍ സൈനിക ദിനാഘോഷത്തിന്റെ ഭാഗമായുള്ള പരേഡ് കാണാന്‍ സൗകര്യമുണ്ട്.

∙ ഒരേയൊരു കരിയപ്പ
ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രം പറയുമ്പോള്‍ ആദ്യം പറയേണ്ട പേരാണ് കെ.എം. കരിയപ്പയുടേത്. സൈന്യത്തിന്റെ ആദ്യത്തെ ഇന്ത്യന്‍ കമാന്‍ഡര്‍ ഇന്‍ ചീഫായ കരിയപ്പയുടെ പേര് പലയിടത്തും ആദ്യം തന്നെയുണ്ട്. ഇന്ത്യന്‍ കര സേനയുടെ പരമോന്നത പദവിയായ ഫീല്‍ഡ് മാര്‍ഷല്‍ ലഭിച്ച രണ്ടേ രണ്ടുപേരേയുള്ളു. അതിലൊരാള്‍ കൊടനേന്ദ്ര മടപ്പ കരിയപ്പയാണ്. മൂന്നു ദശാബ്ദം നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ സൈനിക സേവനം.
ഇന്ത്യന്‍ സൈന്യത്തിന് ഊടും പാവും നല്‍കിയ ദീര്‍ഘദര്‍ശിയായ വ്യക്തിത്വമായിരുന്നു കരിയപ്പ. സൈനിക മേധാവി സ്ഥാനം ഏറ്റെടുക്കും മുൻപേ 1947ല്‍ പടിഞ്ഞാറന്‍ യുദ്ധമുഖത്ത് പാക്കിസ്ഥാനെതിരെ ഇന്ത്യയെ നയിച്ചത് കരിയപ്പയായിരുന്നു. കാര്‍ഗില്‍ അടക്കം തന്ത്രപ്രധാനമായ പല പ്രദേശങ്ങളും ഇന്ത്യയുടെ അധീനതയിലായതിന് പിന്നില്‍ കരിയപ്പയുടെ ദീര്‍ഘവീക്ഷണമുണ്ട്. അച്ചടക്കവും ഒത്തിണക്കുവുള്ള സേനയായി ഇന്ത്യന്‍ സൈന്യത്തെ മാറ്റിയതില്‍ കരിയപ്പക്ക് വലിയ പങ്കുണ്ട്. 1919 ഡിസംബര്‍ ഒന്നിന് സെക്കൻഡ് ലെഫ്റ്റനന്റായി ബ്രിട്ടിഷ് ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന കരിയപ്പ സൈന്യത്തിന്റെ പരമോന്നത സ്ഥാനത്തിരുന്നുകൊണ്ട് 1950ലാണ് വിരമിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ പരിഗണിച്ച് കരിയപ്പക്ക് 1986 ജനുവരി 15നാണ് ഫീല്‍ഡ് മാര്‍ഷല്‍ നൽകി ആദരിച്ചത്.
∙ ആവേശമാകുന്ന പ്രമുഖരുടെ വാക്കുകള്‍
– 'ശത്രുക്കള്‍ 50 വാര അകലെയാണ്. ഞങ്ങള്‍ വളരെ കുറച്ച് പേരേയുള്ളൂ. വലിയ തോതില്‍ വെടിവെപ്പ് നേരിടുകയാണ്. എങ്കിലും അവസാനത്തെ സൈനികന്‍ അവസാന റൗണ്ട് വെടിവെച്ചു തീരും വരെ ഒരിഞ്ചു പോലും പിന്നോട്ടില്ല' – മേജര്‍ സോംനാഥ് ശര്‍മ
– 'എഴുതിയ ഓര്‍ഡര്‍ ലഭിക്കാതെ പിന്നോട്ടില്ല. അങ്ങനെയൊരു ഓര്‍ഡര്‍ ഒരിക്കലും ഉണ്ടാവില്ലെന്ന് കരുതുന്നു' – ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ
– 'എനിക്ക് മരണ ഭയമില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍, ഒന്നുകില്‍ അയാള്‍ നുണ പറയുകയാണ്. അല്ലെങ്കില്‍ അയാള്‍ ഗൂര്‍ഖയാണ്' – ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷാ
– 'നമ്മള്‍ നോക്കൗട്ട് വിജയത്തിനായാണ് പോരാടുന്നത് കാരണം യുദ്ധത്തില്‍ രണ്ടാം സ്ഥാനക്കാരില്ല' – ജനറല്‍ ജെ. ജെ. സിങ്
– 'എന്റെ യുദ്ധവീര്യം തെളിയിക്കും മുൻപ് മരണം വന്നാല്‍ ഞാന്‍ മരണത്തേയും കൊല്ലും' – ക്യാപ്റ്റന്‍ മനോജ് കുമാര്‍ പാണ്ഡേ
– 'ചില ലക്ഷ്യങ്ങള്‍ പരാജയപ്പെട്ടാല്‍ പോലും വിശുദ്ധമാണ്' – ക്യാപ്റ്റന്‍ മനോജ് കുമാര്‍ പാണ്ഡേ.
– 'ഏറ്റവും അടുത്ത സുഹൃത്തുക്കളും ഏറ്റവും മോശം ശത്രുക്കളും മാത്രമേ ഞങ്ങളെ സന്ദര്‍ശിക്കാറുള്ളൂ' – ഇന്ത്യന്‍ സേന
∙ അഭിമാനത്തോടെ മുന്നോട്ട്
നിരവധി ആശങ്കകള്‍ക്കും അനിശ്ചിതാവസ്ഥകള്‍ക്കും ഇടയില്‍ 1949ല്‍ പിറവിയെടുക്കുമ്പോഴത്തെ സൈന്യമല്ല ഇപ്പോള്‍ ഇന്ത്യയുടേത്. ലോകത്ത് അവഗണിക്കാനാവാത്ത സൈനിക ശക്തിയായി നമ്മള്‍ പടിപടിയായി മുന്നേറി. ഇന്ന് ആഗോളതലത്തിലുള്ള സൈനിക ശേഷിയില്‍ നമ്മുടെ കരസേന നാലാം സ്ഥാനത്തും വ്യോമസേന മൂന്നാമതും നാവികസേന ഏഴാമതുമാണ്. നാടിനായി ജീവന്‍ നല്‍കി കടന്നുപോയ ജവാന്മാരുടെ പോരാട്ടവീര്യത്തെ നന്ദിയോടെ സ്മരിക്കുന്നതിനൊപ്പം അഭിമാനത്തോടെ മുന്നോട്ടു പോകാനുള്ള ഊര്‍ജമാണ് ഓരോരുത്തര്‍ക്കും ഇന്ത്യന്‍ സൈനിക ദിനം പകരുന്നത്.
English Summary: Indian Army Day January 15: Significance of the day and everything to know about it