ഇറാനിലെ മിസൈല്‍ കേന്ദ്രം തകർത്തത് മൊസാദ്, ലക്ഷ്യം ആയുധ കയറ്റുമതി തടയാനല്ലെന്ന് ഇസ്രയേൽ

Iran Claims It Has Come Under Drone Attack Following Explosions
Photo: Twitter/ @obretix
SHARE

ഇസ്രയേലിന്റെ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് രഹസ്യാന്വേഷണ ഏജൻസി മൊസാദ് ഇറാനിലെ ചില തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർത്തതെന്ന് റിപ്പോർട്ട്. ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ പ്രതിരോധ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം നടത്തിയത് ഇസ്രയേൽ സ്വന്തം സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്, അല്ലാതെ റഷ്യയിലേക്കുള്ള ആയുധ കയറ്റുമതി തടയാനല്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

രഹസ്യാന്വേഷണ ഏജൻസി മൊസാദ് ആണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് യുഎസിലെ മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്‌ഫഹാനിലെ മിസൈൽ നിർമാണ കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേലിനെ ആക്രമിക്കാൻ ശേഷിയുള്ള ഇടത്തരം മിസൈല്‍ ഷഹാബ് ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാൽ, നിരവധി റിപ്പോർട്ടുകൾ വന്നെങ്കിലും ഇറാൻ ഇതുവരെ റഷ്യക്ക് മിസൈലുകൾ വിതരണം ചെയ്തിട്ടില്ലെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ, ടെഹ്‌റാൻ ഷാഹെദ്-136 ഡ്രോണുകൾ വിതരണം ചെയ്തുവെന്നും പറയുന്നു. യുക്രെയ്നിലെ പ്രധാന കേന്ദ്രങ്ങളില്‍ ആക്രമിക്കാൻ ഇറാൻ നിർമിത ഡ്രോണുകളും റഷ്യൻ സേന ഉപയോഗിക്കാന്നുണ്ട്. ഇറാന്റെ ഡ്രോൺ നിർമാണ കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണമെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.

ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഇസ്രയേൽ മൂന്ന് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇവയിൽ രണ്ടെണ്ണം ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി വെടിവച്ചിട്ടു. എന്നാൽ മൂന്നാമത്തേത് കെട്ടിടത്തിൽ വീണു പൊട്ടിത്തെറിച്ചു. വീടിന്റെ മേൽക്കൂരയിൽ വീണെങ്കിലും ആർക്കും പരുക്കില്ലെന്നാണ് ഇറാൻ അധികൃതര്‍ അറിയിച്ചത്. എന്നാൽ ഇതിനു വിപരീതമായ റിപ്പോര്‍ട്ടാണ് ഇസ്രയേലിൽ നിന്ന് വരുന്നത്.

അതേസമയം, പ്രദേശത്ത് മൂന്നോ നാലോ സ്ഫോടനങ്ങൾ കണ്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ലണ്ടൻ ആസ്ഥാനമായുള്ള ഇറാനിയൻ വാർത്താ ഏജൻസിയായ ഇറാൻ ഇന്റർനാഷണൽ റിപ്പോര്‍ട്ട് ചെയ്തു. 2021 ജൂണിൽ കരാജിലെ ഒരു സെൻട്രിഫ്യൂജ് നിർമാണ കേന്ദ്രത്തിനെതിരായ ആക്രമണം, 2022 ഫെബ്രുവരിയിൽ കെർമാൻഷായിലെ സൈനിക ഡ്രോൺ നിർമാണ കേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണം എന്നിങ്ങനെ ഇറാനിൽ നടന്ന മുൻകാല ആക്രമണങ്ങളിൽ ഇസ്രയേലിന്റെ മൊസാദ് ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ട്.

ഈ ആക്രമണത്തിന് പിന്നിൽ വാഷിങ്ടണിന് ബന്ധമില്ലെന്ന് യുഎസ് ഉദ്യോഗസ്ഥരും പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ഇറാനിൽ നടന്ന ആദ്യത്തെ ഇസ്രയേലി ആക്രമണമാണിത്. അതേസമയം, റഷ്യയിലേക്ക് ഡ്രോൺ വിതരണം ചെയ്യുന്ന ഇറാനെതിരെ കൂടുതൽ ആക്രമണാത്മക സമീപനം സ്വീകരിക്കുമെന്ന് യുഎസും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

English Summary: Mossad carried out Iran defense facility strike for Israel’s own interests

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS