റഷ്യയുടെ ആർഎസ്–28 സാർമാറ്റ്: അണ്വായുധ മിസൈലുകളിലെ ഒന്നാമൻ, ഈ വർഷം തന്നെ വിന്യസിക്കുമെന്ന് പുടിൻ

Russia to deploy Sarmat nuclear missiles
Photo: Twitter/David
SHARE

ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ... റഷ്യയുടെ ആർഎസ്–28 സാർമാറ്റ് എന്ന മിസൈലിനു സാക്ഷാൽ വ്‌ളാഡിമിർ പുടിൻ തന്നെ നൽകിയിരിക്കുന്ന വിശേഷണം ഇതാണ്. യുക്രെയ്ൻ– റഷ്യ യുദ്ധം തുടങ്ങി ഒരു വർഷം പിന്നിടുന്ന സമയത്ത് സാർമാറ്റ് അണ്വായുധ മിസൈൽ വീണ്ടും ചർച്ചകളിൽ സജീവമാകുകയാണ്. ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം കാലതാമസം നേരിട്ട സാർമാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഈ വർഷം വിന്യസിക്കുമെന്നാണ് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞത്. ദ്രാവക ഇന്ധന മിസൈലായ ആർഎസ്-28 സാര്‍മാറ്റ് 2018 ലാണ് പുടിൻ ആദ്യമായി അവതരിപ്പിച്ചത്.

കഴിഞ്ഞ ആഴ്ചയും സാർമാറ്റിന്റെ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ പരീക്ഷണം പരാജയപ്പെട്ടെന്നാണ് റിപ്പോർട്ട്. ഈ മിസൈൽ റഷ്യ കഴിഞ്ഞ രണ്ടു വർഷമായി ത്വരിതഗതിയിൽ വികസിപ്പിക്കുന്നുണ്ടെന്ന വസ്തുത പാശ്ചാത്യ ചേരിക്ക് നന്നായി അറിയാവുന്ന കാര്യമാണ്. സാത്താൻ– 2 എന്ന വിളിപ്പേരിലാണ് അവർ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. ഈ മിസൈലിനു മുൻപുണ്ടായിരുന്നു ആർ–36 വോടോവ ക്ലാസിലുള്ള മിസൈലുകളെയാണ് സാത്താൻ എന്നു പാശ്ചാത്യലോകം വിളിച്ചിരുന്നത്.

റഷ്യൻ മിസൈലുകളിൽ ഏറ്റവും കരുത്തുറ്റതും ലോകത്തിലെ ഏറ്റവും നശീകരണശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലെന്നു കരുതപ്പെടുന്നതുമായ ആയുധമാണ് സാർമാറ്റ്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയായ പ്ലെസെറ്റ്സ്കിൽ നിന്നാണു മിസൈൽ പരീക്ഷിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യ തങ്ങളുടെ ദീർഘദൂരമിസൈലുകളിൽ പലതും പരീക്ഷിക്കുന്നത് പ്ലെസെറ്റ്സ്കിലെ സിലോയിൽ നിന്നാണ്. മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെയാണു പ്ലെസെറ്റ്സ്ക് സ്ഥിതി ചെയ്യുന്നത്. ആദ്യമായി നടത്തിയ പരീക്ഷണത്തിൽ റഷ്യയിലെ കംചറ്റ്ക മേഖലയിലെ ലക്ഷ്യസ്ഥാനത്തിൽ വിജയകരമായി സ്ട്രൈക്ക് നടത്താ‍ൻ സാർമാറ്റിനു സാധിച്ചിരുന്നു. വിക്ഷേപണസ്ഥലത്തു നിന്ന് ആറായിരം കിലോമീറ്റർ അകലെയാണു കംചറ്റ്ക.

ദീർഘനാളുകളായി വികസനഘട്ടത്തിലുണ്ടായിരുന്ന സാർമാറ്റ് മിസൈൽ ഈ വർഷത്തോടെ റഷ്യൻ സായുധ സേനകളുടെ ഭാഗമായി മാറുമെന്നാണു കണക്കുകൂട്ടൽ. ഇതിനുള്ള ചർച്ചകളും വികസനങ്ങളും സജീവമായി പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ ശത്രുക്കളെ ചിന്താകുലരാക്കുന്ന ആയുധമാണിതെന്നാണ് പുടിൻ ഒരിക്കൽ പറഞ്ഞത്. റഷ്യയുടെ എതിർ ചേരിയിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ്, നാറ്റോ ശാക്തിക ചേരികളെ ഉന്നമിട്ടാണ് പുട്ടിന്റെ ഈ മിസൈൽ നിർമാണമെന്നും വ്യക്തമാണ്.

18,000 കിലോമീറ്റർ ആക്രമണ റേഞ്ചുള്ള സാർമാറ്റ് മിസൈലിന് 10 ആണവ പോർമുനകൾ വഹിക്കാൻ സാധിക്കും. 10 ടണ്ണോളമാണ് ഇതിന്റെ മൊത്തം വാഹകശേഷി. ആണവായുധങ്ങൾ കൂടാതെ റഷ്യയുടെ കൈയിലെ അതിവിനാശ ആയുധങ്ങളായ തെർമോബാറിക് ബോംബുകൾ, രാസായുധങ്ങൾ തുടങ്ങിയവയും വഹിക്കാൻ സാർമാറ്റിനു കഴിയും.

യുഎസിന്റെ വിഖ്യാത ഐസിബിഎം ആയ എൽജിഎം 30 മിനിറ്റ്മാനെ എല്ലാ രീതിയിലും നിഷ്പ്രഭമാക്കുന്ന മിസൈലാണ് സാർമാറ്റെന്നും ചില യുദ്ധവിദഗ്ധർ അഭിപ്രായപ്പെടുന്നു. ‌ഇരുന്നൂറ് ടണ്ണാണ് സാർമാറ്റ് മിസൈലിന്റെ മൊത്തം ഭാരം. 35.3 മീറ്റർ നീളവും 3 മീറ്റർ വ്യാസവുമുള്ള മിസൈൽ മൂന്ന് സ്റ്റേജിലുള്ള ഇന്ധനപ്രവർത്തനത്തിലാണു മുന്നോട്ടുപോകുന്നത്. ദ്രവീകൃത ഇന്ധനമാണ് മിസൈലിൽ ഉപയോഗിക്കുന്നത്. യുഎസിന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പൊതുവെ ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്.

∙ പേരിനു പിന്നിൽ

റഷ്യയിൽ ഒരു കാലത്ത് പ്രബലരായി മാറിയ സാർമേഷ്യൻ ഗോത്രത്തിൽ നിന്നാണു സാർമാറ്റ് എന്ന പേര് മിസൈലിനു ലഭിച്ചത്. തെക്കൻ റഷ്യ, യുക്രെയ്ൻ, കസഖിസ്ഥാൻ എന്നിവിടങ്ങളിലെ പരന്ന പുൽമേടുകളിൽ നാടോടികളായി ജീവിച്ചിരുന്ന സായുധ ഗോത്രമായിരുന്നു സാർമേഷ്യൻമാർ. കുതിരകളെ ഉപയോഗിക്കുന്നതിലും മിന്നൽ വേഗത്തിൽ ആഞ്ഞടിച്ച് ശത്രുക്കളെ തകർക്കുന്നതിലും ഇവർ പ്രബലരായിരുന്നു. ഉറാൽ മലനിരകൾക്കും ഡോൺ നദിക്കും ഇടയിലുള്ള പ്രദേശമാണ് ഇവർ നിയന്ത്രിച്ചിരുന്നത്. പിൽക്കാലത്ത് സ്കൈത്യരെ തോൽപിച്ച് തെക്കൻ റഷ്യയുടെ സമ്പൂർണ ആധിപത്യം ഇവർ നേടി.

∙ വരുന്നത് മിസൈൽ പ്രതിസന്ധി?

ആർഎസ് 28 സാർമാറ്റ് റഷ്യ പരീക്ഷിച്ചത് ലോകരംഗത്ത് ആശങ്കയുയർത്തുന്നുണ്ട്. ഇതെല്ലാം വെറും പ്രഹസനമാണെന്നും യുക്രെയ്നിൽ തങ്ങൾക്കു സംഭവിച്ച വീഴ്ചകൾ മറയ്ക്കാനുള്ള റഷ്യയുടെ ശ്രമങ്ങളാണെന്നും പറഞ്ഞ് യുഎസും നാറ്റോയും രംഗത്തുണ്ടെങ്കിലും ഭാവി പ്രതിരോധമേഖലയിലെ നിർണായക വഴിത്തിരിവായാണു സർമാറ്റിന്റെ കുതിച്ചുയരൽ കണക്കാക്കപ്പെടുന്നത്. അതീവ വിനാശകാരികളായ ഹൈപ്പർസോണിക് ഗ്ലൈഡ് പേടകങ്ങളെ വഹിക്കാനുള്ള മിസൈലിന്റെ ശേഷിയും ചർച്ചയാകുന്നുണ്ട്. നിലവിലെ യാതൊരു പ്രതിരോധ സംവിധാനങ്ങളും ഈ മിസൈലിനെ തടുക്കാൻ ഉപകരിക്കില്ലെന്നും വാദമുണ്ട്.

വിവിധ ലോകരാജ്യങ്ങളും ശാക്തിക ചേരികളും ഐസിബിഎം പരീക്ഷണങ്ങളും വികസനവും വർധിത തോതിൽ നടത്തുന്ന, മിസൈൽ കിടമത്സരത്തിലേക്കും പ്രതിസന്ധിയിലേക്കും പോകാൻ സാർമാറ്റ് വഴിയൊരുക്കുമോ എന്നാണ് യുദ്ധനിരീക്ഷകർ മുന്നോട്ടു വയ്ക്കുന്ന ചോദ്യം. ഇതുവരെ ഐസിബിഎമ്മുകൾ യുദ്ധത്തിൽ ഉപയോഗിച്ചിട്ടില്ല.

Sarmat-missile
Photo: Russian Defence Ministry

അണ്വായുധം വഹിക്കാനായാണ് ഐസിബിഎമ്മുകൾ ഉദ്ദേശിക്കപ്പെടുന്നതെന്നാണ് ആശങ്ക കൂട്ടുന്ന കാര്യം. നിലവിൽ റഷ്യ, യുഎസ്, ചൈന, ഫ്രാൻസ്, ഇന്ത്യ, ബ്രിട്ടൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾക്കാണ് ഐസിബിഎം ഉള്ളത്. ഇറാൻ ഉൾപ്പെടെ പല രാജ്യങ്ങളും ഐസിബിഎം ഗവേഷണത്തിലേക്കു കടക്കാനുള്ള സാധ്യത പ്രവചിക്കപ്പെടുന്ന സാഹചര്യത്തിലാണ് റഷ്യയുടെ മിസൈൽ പരീക്ഷണം.

English Summary: Putin says Russia to deploy Sarmat nuclear missiles this year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS