ADVERTISEMENT

നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ ആയുധങ്ങള്‍ക്കായുള്ള ഗവേഷണം അമേരിക്ക ശക്തിപ്പെടുത്തുമെന്ന് ജനുവരി 25നാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായിട്ടായിരുന്നു നിര്‍മിത ബുദ്ധി ആയുധങ്ങളിലേക്ക് അമേരിക്ക കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊലയാളി റോബോട്ടുകളുടെ സാങ്കേതികവിദ്യ സഖ്യരാജ്യങ്ങള്‍ക്കിടയില്‍ കൈമാറുന്നതില്‍ പ്രതിജ്ഞാബന്ധരാണെന്ന് നാറ്റോ നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഭാവിയിലെ യുദ്ധമേഖലകളില്‍ കൊലയാളി റോബോട്ടുകള്‍ എത്രത്തോളം പ്രധാനമാണെന്ന് യുക്രെയ്ന്‍ പ്രതിരോധത്തില്‍ നിന്നും തിരിച്ചറിഞ്ഞാണ് പാശ്ചാത്യ രാജ്യങ്ങളുടെ ഈ നീക്കമെന്ന് കരുതപ്പെടുന്നു.

തീരുമാനമെടുക്കാന്‍ മനുഷ്യ സഹായം കൂടി പരിഗണിച്ചാണ് കൊലയാളി റോബോട്ടുകളും ഡ്രോണുകളും നിലവില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ യുക്രെയ്‌നില്‍ അടക്കം സമ്മര്‍ദങ്ങളും യുദ്ധ കെടുതികളും വര്‍ധിച്ചാല്‍ ശത്രുവാരെന്ന് തീരുമാനിക്കാനും വെടിയുതിര്‍ക്കാനുമുള്ള വിവേചനാധികാരം വരെ യന്ത്രങ്ങള്‍ക്ക് നല്‍കിയേക്കുമെന്ന സൂചനകളുണ്ട്. യുക്രെയ്ന്‍ ഇപ്പോള്‍ തന്നെ പൂര്‍ണമായും സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്ന ഡ്രോണുകളെ യുദ്ധ മേഖലയില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അവയുടെ പ്രവര്‍ത്തനം മനുഷ്യന്റെ കൂടി ഇടപെടലിലാണ് നടക്കുന്നതെന്ന് മാത്രം. 

യുദ്ധത്തില്‍ ഒഴിവാക്കാനാവാത്ത അടുത്ത പടിയാണ് കൊലയാളി ഡ്രോണുകളെന്ന് യുക്രെയ്ന്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രി മിഖായ്‌ലോ ഫെഡോറോവ് തന്നെയാണ് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത ആറ് മാസത്തിനുള്ളില്‍ അതു സംഭവിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സാങ്കേതികവിദ്യയുടെ സഹായത്തില്‍ ശത്രുക്കളെ ആക്രമിക്കാനും സ്വന്തം സൈനികരെ സുരക്ഷിതമാക്കാനും സാധിക്കുമെന്നതാണ് പ്രധാന നേട്ടമായി കണക്കാക്കപ്പെടുന്നത്. മാത്രമല്ല യുദ്ധഭൂമിയില്‍ അതിവേഗത്തിലുള്ള തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നത് ഗുണം ചെയ്യുമെന്നും കൊലയാളി റോബോട്ടുകള്‍ക്കും ഡ്രോണുകള്‍ക്കും വേണ്ടി വാദിക്കുന്നവര്‍ അവകാശപ്പെടുന്നു. 

ക്യാംപയിന്‍ ടു സ്റ്റോപ് കില്ലര്‍ റോബോട്ട്‌സ് പോലുള്ള കൊലയാളി ഡ്രോണുകള്‍ക്കെതിരായ പ്രചാരണങ്ങളും മറുവശത്ത് ശക്തമാണ്. വാഹനങ്ങളേയോ കെട്ടിടങ്ങളേയോ ആയുധങ്ങളേയോ ലക്ഷ്യമിടാതെ മനുഷ്യരെ മാത്രം ലക്ഷ്യം വെക്കുന്ന നിലയിലേക്ക് ഇത്തരം കൊലയാളി ആയുധങ്ങള്‍ മാറിയേക്കാമെന്ന ആശങ്കയുമുണ്ട്. യുദ്ധമേഖലയില്‍ മനുഷ്യന്റെ ജീവനും മരണത്തിനുമിടയിലെ തീരുമാനം മനുഷ്യന്‍ തന്നെയാണ് എടുക്കേണ്ടതെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു. 

അമേരിക്ക, റഷ്യ, ചൈന, ദക്ഷിണ കൊറിയ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് വലിയ തോതില്‍ സ്വയം തീരുമാനമെടുക്കാവുന്ന ആയുധങ്ങളില്‍ പണം മുടക്കുന്നത്. ഇത് മറ്റു രാജ്യങ്ങളേയും ഈ ആയുധ മത്സരത്തില്‍ പങ്കാളികളാവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരം ആയുധങ്ങള്‍ ഭീകരവാദികളുടേയും മറ്റും കൈവശമെത്തിയാല്‍ സംഭവിക്കാനിടയുള്ള അപകടത്തെക്കുറിച്ചും ലോകരാജ്യങ്ങള്‍ ബോധവാന്മാരാവേണ്ടതുണ്ട്.

നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ നിര്‍മിക്കുന്നതില്‍ എല്ലാക്കാലത്തും അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ തങ്ങളുടെ താത്പര്യം മറച്ചുവെച്ചിട്ടില്ല. അതേസമയം, രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തങ്ങളുടെ പദ്ധതികളെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ റെഡ് ക്രോസ് പോലുള്ള രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ മനുഷ്യന്റെ ജീവനെടുക്കുന്ന തീരുമാനം യന്ത്രങ്ങള്‍ക്കോ അല്‍ഗരിതങ്ങള്‍ക്കോ ആയുധങ്ങള്‍ക്കോ വിട്ടുകൊടുക്കരുതെന്ന് വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ കൊലയാളി റോബോട്ടുകള്‍ക്കും മനുഷ്യാവകാശത്തിനും ഇടയില്‍ ഒരു ഒത്തു തീര്‍പ്പ് സാധ്യമല്ലെന്നാണ് മാക്ലെസ്റ്റര്‍ കോളജ് അധ്യാപകന്‍ ജെയിംസ് ഡോസിനെ പോലുള്ളവര്‍ ഓര്‍മിപ്പിക്കുന്നത്.

English Summary: Lessons From Ukraine Are Escalating Research Into Developing Killer Robots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com