ADVERTISEMENT

ചൈനയുടെ പ്രതിരോധ ബജറ്റില്‍ 7.2 ശതമാനം വര്‍ധനവുണ്ടാകും. 1.5537 ട്രില്യണ്‍ യുനാനിന്റെ ( ഏകദേശം 18.31 ലക്ഷം കോടി രൂപ) കരട് പ്രതിരോധ ബജറ്റിന് ചൈന അനുമതി നല്‍കിയതോടെയാണ് പ്രതിരോധ ബജറ്റ് ഇക്കുറിയും കുത്തനെ ഉയരുമെന്ന വിവരം ലഭിക്കുന്നത്. അതേസമയം, സുപ്രധാന പ്രതിരോധ ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൈനയുടെ യഥാര്‍ഥ പ്രതിരോധ ബജറ്റ് 25 ശതമാനം മുതല്‍ 50 ശതമാനം വരെ ഉയര്‍ന്നതാകാമെന്നും സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 

പ്രതിരോധ ഗവേഷണം, സ്ട്രാറ്റജിക് ഫോഴ്‌സിന്റെ ചെലവുകള്‍, വിദേശത്തു നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ കണക്ക്, പീപ്പിള്‍സ് ആംഡ് പൊലീസ് ഉള്‍പ്പടെയുള്ള പാരാമിലിറ്ററി യൂണിറ്റുകളുടെ കണക്കുകള്‍ ഇവയൊന്നും ചൈനീസ് പ്രതിരോധ ബജറ്റിന്റെ കരടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റൊരു സുപ്രധാന മേഖലയായ ബഹിരാകാശ മേഖലയിലെ ചെലവുകളുടെ കണക്കുകളും ചൈന പ്രതിരോധ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

 

കൃത്രിമോപഗ്രഹങ്ങളുടേയും ബഹിരാകാശ ദൗത്യങ്ങളുടേയും ബഹിരാകാശത്തെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്റേയും കാര്യത്തില്‍ ചൈന അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. ഛിന്നഗ്രഹങ്ങളില്‍ നിന്നും മറ്റും പ്രകൃതി വിഭവങ്ങളും അമൂല്യ മൂലകങ്ങളും ഖനനം ചെയ്യാനുള്ള പദ്ധതിയും ചൈനക്കുണ്ട്. ഇതിനെല്ലാം വേണ്ടി വരുന്ന ചെലവുകളുടെ വിശദാംശങ്ങള്‍ വിശദമാക്കി വെക്കാന്‍ തന്നെയാണ് ചൈനീസ് തീരുമാനം. 

 

നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലാണ് പ്രതിരോധ ബജറ്റിന്റെ കരടു രൂപം അവതരിപ്പിച്ചത്. ചൈനീസ് പ്രതിരോധ ബജറ്റിന്റെ 2020ലെ വളര്‍ച്ച 6.6 ശതമാനമായിരുന്നെങ്കില്‍ 2021ല്‍ അത് 6.8 ശതമാനമായും 2022ല്‍ അത് 7.1 ശതമാനമായും ഉയര്‍ന്നു. 2022ല്‍ മൂന്നു ശതമാനമായിരുന്നു ചൈനയുടെ ആഭ്യന്തര വളര്‍ച്ച. 2023ല്‍ അഞ്ച് ശതമാനം വളര്‍ച്ചയാണ് ചൈന പ്രതീക്ഷിക്കുന്നത്. 

 

കൂടുതല്‍ ജെ 20 ചാരവിമാനങ്ങളും ജെ 16 പോര്‍വിമാനങ്ങളും ചൈന 2023ല്‍ നിര്‍മിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജെ 7 പോര്‍വിമാനങ്ങളുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണിത്. ചൈനീസ് സൈന്യത്തിന്റെ ആധുനികവല്‍ക്കരണം നിലവിലെ ആഗോള സാഹചര്യത്തില്‍ അനിവാര്യമാണെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷവും തയ്‌വാനെ ചൊല്ലിയുള്ള അമേരിക്ക- ചൈന പോര്‍വിളികളുമെല്ലാം ഈ വാദത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. 

 

ഇപ്പോഴും ഏറ്റവും കൂടുതല്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ചെലവിടുന്ന രാജ്യം അമേരിക്കയാണ്. ചൈനയുടെ മൂന്നിരട്ടിയാണ് അമേരിക്കന്‍ പ്രതിരോധ ബജറ്റ് (81700 കോടി ഡോളര്‍). മുന്‍ വര്‍ഷത്തേക്കാള്‍ 26.3 ശതമാനം കൂടുതല്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ച് ജപ്പാനും ഞെട്ടിക്കുന്നുണ്ട്. 5100 കോടി ഡോളറാണ് ജപ്പാന്റെ പ്രതിരോധ ചെലവ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജപ്പാന്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ കാര്യങ്ങള്‍ക്കായി ചെലവിടുന്നത് ഈ വര്‍ഷമാണ്. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ചൈനയുടെ പ്രതിരോധ ബജറ്റിലുണ്ടായ വര്‍ധന സൂഷ്മമായി പരിശോധിക്കുന്നുണ്ട്.

 

English Summary: China’s defence budget for 2023 to grow by 7.2%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT