റഷ്യൻ യുദ്ധവിമാനം തകർത്തത് 460.70 കോടിയുടെ ഡ്രോൺ! എന്താണ് അമേരിക്കയുടെ എംക്യു–9?

Russian Su-27 Collided With U.S. MQ-9
Photo: twitter/Ramy_Sawma
SHARE

മാർച്ച് 14ന്, കരിങ്കടലിന് മുകളിലൂടെ പറന്ന റഷ്യൻ സുഖോയ് - 27 യുദ്ധവിമാനം അമേരിക്കയുടെ എംക്യു -9 ഡ്രോണുമായി കൂട്ടിയിടിച്ചത് രാജ്യാന്തര മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. എം‌ക്യു-9 ഡ്രോൺ രാജ്യാന്തര വ്യോമാതിർത്തിയിൽ പതിവ് ഓപ്പറേഷൻ നടത്തുന്നതിനിടെ റഷ്യൻ വിമാനം തടഞ്ഞുനിർത്തി ഇടിക്കുകയായിരുന്നു എന്നാണ് അമേരിക്കയുടെ വാദം. എന്നാൽ റഷ്യ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

∙ പിന്തുടർന്നത് രണ്ട് സുഖോയ്-27 

റഷ്യയുടെ രണ്ട് സുഖോയ്-27 ജെറ്റുകളാണ് ഡ്രോണിനു പിന്നാലെ വന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. പ്രാദേശിക സമയം രാവിലെ 7.03 ഓടെയാണ് സംഭവം. നാറ്റോ ഫ്ലാങ്കർ എന്ന് വിളിക്കുന്ന രണ്ട് റഷ്യൻ സുഖോയ്-27 വിമാനങ്ങൾ എംക്യു-9 ന്റെ പ്രൊപ്പല്ലറുമായി കൂട്ടിയിടിക്കുന്നതിന് മുൻപ് പലതവണ ഡ്രോണി‌ലേക്ക് ഇന്ധനം ഒഴിച്ചുവെന്നാണ് യുഎസ് സൈന്യം ആരോപിക്കുന്നത്.

mq-9-reaper

∙ ഡ്രോൺ നിരീക്ഷണം പതിവ് സംഭവം

റഷ്യയുടെ അധീനതയിലുള്ള ക്രിമിയയ്ക്ക് സമീപമുള്ള കരിങ്കടൽ നിരീക്ഷിക്കാൻ യുഎസ് പതിവായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ റഷ്യയുടെ ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്തെന്ന് അറിയില്ല, ശക്തമായ കൂട്ടിയിടിയിൽ ഡ്രോൺ കടലിൽ വീണതായും യുഎസ് എയർഫോഴ്‌സ് ജനറൽ ജെയിംസ് ഹെക്കർ പറഞ്ഞു. അതേസമയം, അമേരിക്കയുടേയും സഖ്യകക്ഷികളുടെയും വിമാനങ്ങൾ രാജ്യാന്തര വ്യോമാതിർത്തിയിൽ നിരീക്ഷണം നടത്തുന്നത് തുടരുമെന്നും പ്രൊഫഷണലായും സുരക്ഷിതമായും പ്രവർത്തിക്കാൻ റഷ്യക്കാരോട് ആവശ്യപ്പെടുന്നുവെന്നും ഹെക്കർ കൂട്ടിച്ചേർത്തു.

∙ യുക്രെയ്ൻ വിഷയത്തിൽ റഷ്യയും അമേരിക്കയും നേരിട്ട് ഏറ്റുമുട്ടുമോ?

യുക്രെയ്ന്‍ സംഘർഷ പശ്ചാത്തലത്തില്‍ റഷ്യയും അമേരിക്കയും നേരിട്ട് ഏറ്റുമുട്ടുന്നതിലേക്ക് വഴിവെക്കുന്നതാണ് ഈ സംഭവമെന്നും സൂചനയുണ്ട്. രാജ്യാന്തര വ്യോമാതിര്‍ത്തിയില്‍ പതിവ് നിരീക്ഷണ പറക്കലിലായിരുന്നു എംക്യു–9 ഡ്രോണെന്ന് അമേരിക്ക പറഞ്ഞു. രണ്ട് റഷ്യന്‍ പോര്‍വിമാനങ്ങളാണ് ഡ്രോണിനെ പിന്തുർന്നത്. എന്നാൽ ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫ് ചെയ്താണ് എംക്യു-9 റീപ്പര്‍ പറന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഡ്രോണിനെ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന ആശയവിനിമയ ഉപകരണമാണ് ട്രാന്‍സ്‌പോണ്ടറുകള്‍.

∙ ഡ്രോണിനെ നേരിട്ടത് 25,000 അടി ഉയരത്തിൽ വച്ച്

എന്നാൽ, ഡ്രോൺ തകർത്ത റഷ്യൻ പൈലറ്റിന്റെ ലക്ഷ്യങ്ങൾ അറിയില്ലെന്നാണ് യുഎസ് അധികൃതർ പറഞ്ഞത്. യു‌എസ്‌എ‌എഫിന് റൊമാനിയയിൽ കരിങ്കടലിലും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും താവളങ്ങുണ്ട്. റൊമാനിയയിൽ നിന്ന് പറന്നുയർന്ന് 25,000 അടി ഉയരത്തിൽ എത്തിയതിനു ശേഷമാണ് രണ്ട് റഷ്യൻ യുദ്ധവിമാനങ്ങൾ പിന്നാലെ വന്നത്. ക്രിമിയയുടെ തെക്ക് പടിഞ്ഞാറ് രാജ്യാന്തര വ്യോമാതിർത്തിയിൽ പറക്കുന്നതിനിടെയാണ് എംക്യു-9 ഡ്രോണിനെ പിന്തുടർന്നതെന്ന് യുഎസ് വ്യോമസേന ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവസമയത്ത് ഡ്രോണിന്റെ ട്രാൻസ്‌പോണ്ടർ പ്രവർത്തിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

∙ ഡ്രോണിന് മുകളിൽ ഇന്ധനമൊഴിച്ചു?

രണ്ട് റഷ്യൻ പോര്‍വിമാനങ്ങൾ 30 മിനിറ്റിൽ കുറയാത്ത സമയപരിധിക്കുള്ളിൽ ഡ്രോണിന് സമീപത്തു കൂടി 19 ക്ലോസ് പാസുകൾ നടത്തി. അവസാന മൂന്നോ നാലോ നീക്കങ്ങളിൽ വിമാനത്തില്‍ നിന്ന് ഇന്ധനം ഡ്രോണിലേക്ക് ഒഴിച്ചുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അതേസമയം, റഷ്യൻ യുദ്ധവിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അവരുടെ വ്യോമതാവളത്തിൽ വിജയകരമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞുവെന്നും പെന്റഗൺ വക്താവ് പറഞ്ഞു. റഷ്യൻ വ്യോമസേനയുടെ 38-ാമത്തെ യുദ്ധവിമാന യൂണിറ്റ് നിലയുറപ്പിച്ചിരിക്കുന്ന ബെൽബെക്കിൽ നിന്നായിരിക്കാം രണ്ട് സുഖോയ് വിമാനങ്ങൾ വന്നതെന്നും റിപ്പോർട്ടുകളുണ്ട്.

∙ ഡ്രോണിന്റെ പേലേഡിൽ ആയുധങ്ങൾ ഉണ്ടായിരുന്നോ?

അതേസമയം, എംക്യു-9 ന്റെ പേലോഡിൽ ആയുധങ്ങളുണ്ടായിരുന്നോ എന്നതിനെക്കുറിച്ച് വെളിപ്പെടുത്താൻ യുഎസ് അധികൃതർ വിസമ്മതിച്ചു. എന്നാൽ, റഷ്യയുടെ റഡാറിൽ സംഭവിച്ച അബദ്ധം കാരണമാകാം യുഎസ് ഡ്രോണിനെ പിന്തുടർന്ന് വീഴ്ത്തിയതെന്നും സൂചനയുണ്ട്. സംഭവസമയത്ത് ഏതെങ്കിലും റഷ്യൻ സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ടോ തുടങ്ങി കാര്യങ്ങൾ വെളിപ്പെടുത്താനും യുഎസ് തയാറായില്ല.

രാജ്യാന്തര വ്യോമാതിർത്തിയിൽ, പ്രത്യേകിച്ച് കരിങ്കടലിന് മുകളിലൂടെ യുഎസ്, സഖ്യകക്ഷികളുടെ വിമാനങ്ങളുമായി ഇടപഴകുമ്പോൾ റഷ്യൻ പൈലറ്റുമാരുടെ അപകടകരമായ നീക്കത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് പുടിന്റെ എതിരാളികൾ ഈ സംഭവത്തെ കാണുന്നത്. എന്നാൽ സുഖോയ് വിമാനങ്ങള്‍ പറക്കുന്നതിനിടെ ഇന്ധം താഴോട്ടൊഴുക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും ഇത് ആദ്യ സംഭവമാണെന്നും യുഎസ് ആരോപിക്കുന്നു.

∙ സംഭവത്തിൽ റഷ്യയുടെ നിലപാട്

രണ്ട് വിമാനങ്ങളും തമ്മിൽ യാതൊരു കൂട്ടിയിടിയും ഉണ്ടായിട്ടില്ലെന്നും അനിയന്ത്രിതമായ പറക്കലിനിടെയാണ് ഡ്രോൺ തകർന്നു കടലിൽ വീണതെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ട്രാൻസ്‌പോണ്ടറുകളില്ലാതെയാണ് റീപ്പർ പറന്നിരുന്നതെന്നും റഷ്യ ആരോപിച്ചു.  യുക്രെയ്‌നിൽ തങ്ങളുടെ സമ്പൂർണ അധിനിവേശം ആരംഭിച്ചതിനെത്തുടർന്ന് റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലയിൽ യുഎസ് ഡ്രോണുകൾ പതിവായി പ്രവേശിക്കുന്നുണ്ടെന്നും മന്ത്രാലയം ആരോപിച്ചു. റഷ്യൻ വിമാനങ്ങൾ ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ല, ഡ്രോണുമായി ഇടിച്ചിട്ടില്ല, പോര്‍വിമാനങ്ങൾ സുരക്ഷിതമായാണ് മടങ്ങിയതെന്നും മന്ത്രാലയം വിശദീകരിച്ചു.

mq-9-reaper-guided-weapons

∙ ലക്ഷ്യം യുക്രെയ്നിനെ സഹായിക്കാനോ?

റഷ്യൻ സൈനികർക്കും പ്രദേശത്തിനും നേരെ ഭാവിയിൽ ആക്രമണം നടത്താൻ യുക്രെയ്ൻ സേനയ്ക്ക് ആവശ്യമായ രഹസ്യാന്വേഷണ വിവരങ്ങൾ യുഎസ് ഡ്രോണുകൾ ശേഖരിക്കുകയാണെന്ന് യുഎസിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റോനോവ് പറഞ്ഞു.

‘നമ്മുടെ അതിർത്തിയോട് ചേർന്നുള്ള യുഎസ് സൈന്യത്തിന്റെ അനധികൃത നടപടികൾ ആശങ്കാജനകമാണ്. ഇത്തരം നിരീക്ഷണങ്ങളും സ്ട്രൈക്ക് ഡ്രോണുകളും ഉപയോഗിക്കുന്ന ദൗത്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാമെന്നും അംബാസഡർ പറഞ്ഞു.

∙ എംക്യു–9, കൃത്യതയുടെ ഡ്രോൺ

നിരീക്ഷണത്തിനും പ്രഹരത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന എംക്യു–9 എന്ന ആളില്ലാ വിമാനം യുഎസിലെ ജനറൽ അറ്റോമിക്സ് എയ്റോനോട്ടിക്കൽ സിസ്റ്റംസാണ് വികസിപ്പിച്ചെടുത്തത്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ എന്നീ യുദ്ധഭൂമികളിൽ യുഎസ് പ്രഹരശ്രേണിയിലെ ഈ സജീവ സാന്നിധ്യം പാക്കിസ്ഥാനിലും നിരീക്ഷണ–പ്രഹരങ്ങൾക്കായി യുഎസ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

∙ പിന്തുടർന്ന് ആക്രമിക്കും

ടാർഗെറ്റുചെയ്‌ത കൊലപാതക ദൗത്യങ്ങൾക്ക് റീപ്പർ പേരുകേട്ട ഡ്രോണാണ്. 2015 നവംബറിൽ സിറിയയിലെ റാക്കയിൽ ഒരു വാഹനത്തിൽ യാത്രചെയ്യുമ്പോൾ ഇസ്‌ലാമിക് സ്റ്റേറ്റ് അംഗം മുഹമ്മദ് ഇംവാസി എന്ന ‘ജിഹാദി ജോൺ’ കൊല്ലപ്പെട്ടത് എംക്യു–9 റീപ്പർ ആക്രമണത്തിലായിരുന്നു. ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐആർജിസി) കമാൻഡർ ഖാസിം സുലൈമാനിയെ കൊല്ലപ്പെടുത്താന്‍ യുഎസിനെ സഹായിച്ചതും എംക്യു–9 റീപ്പർ ആയിരുന്നു.

mq-9-drone

∙ 50000 അടി ഉയരത്തിൽ വരെ പറക്കും പ്രെഡേറ്റർ 

66 അടി വീതിയും 36 അടി നീളവും 12.5 അടി ഉയരവുമുള്ളവയാണ് ‘പ്രെഡേറ്റർ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇത്തരം ഡ്രോണുകൾ. 27 മണിക്കൂറോളം തുടർച്ചയായി പറക്കാനാകും. 50,000 അടി ഉയരത്തിൽ വരെ പറക്കുന്ന ഇവയ്ക്ക് ചെറുമിസൈലുകൾ ഉൾപ്പെടെ 1746 കിലോ യുദ്ധസാമഗ്രികൾ വഹിക്കാനാകും. ടേക്ഓഫിൽ വിമാനത്തിന്റെ മൊത്തം ഭാരം 4760 വരെയാകാം. നിയന്ത്രണകേന്ദത്തിൽ നിന്ന് 1850 കിലോമീറ്റർ ദൂരം വരെ എത്തിക്കാനാകും. മണിക്കൂറിൽ 370 കിലോമീറ്റർ സഞ്ചരിക്കും.

∙ എംക്യൂ-9 റീപ്പറിന്റെ ഒരു യൂണിറ്റിന് 460.70 കോടി രൂപ

2021 മാർച്ച് വരെ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം എംക്യൂ-9 റീപ്പറിന്റെ ഒരു യൂണിറ്റിന് 5.65 കോടി ഡോളർ ( 460.70 കോടി രൂപ) ആണ് വില. സെൻസറുകൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ, പ്രിഡേറ്റർ പ്രൈമറി സാറ്റലൈറ്റ് ലിങ്ക് എന്നിവയുള്ള എംക്യു-9 റീപ്പറിന്റെ യൂണിറ്റ് ചെലവാണിത് യുഎസ് എയർഫോഴ്സ് രേഖകൾ പറയുന്നു. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ കഴിയുന്ന പുതിയ ഡ്രോൺ അവതിരിപ്പിച്ച് 2030 കളുടെ തുടക്കത്തിൽ എംക്യു-9 മാറ്റിസ്ഥാപിക്കാൻ യുഎസ് ശ്രമിക്കുന്നതായി നേരത്തേ റിപ്പോർട്ട് വന്നിരുന്നു.

∙ ഡ്രോണിൽ ക്യാമറകളും മിസൈലുകളും

ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും നിരീക്ഷണ പ്രത്യാക്രമണങ്ങൾക്ക് ഇത്തരം ഡ്രോൺ ഉപയോഗിക്കുന്നു. എംക്യു 9 എന്നതിലെ ‘എം’ വിവിധോദ്ദേശം (മൾട്ടി റോൾ) എന്നതും ‘ക്യു’ എന്നത് വിദൂരനിയന്ത്രിതമെന്നതും 9 എന്നത് വിദൂരനിയന്ത്രിത വിമാനങ്ങളിലെ ഒൻപതാം പതിപ്പെന്നതുമാണ്. ക്യാമറകളും മിസൈലുകളും ഉൾപ്പെടുന്ന സംവിധാനമാണ് ഇത്തരം ഡ്രോണുകളിലേത്. 2015 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം യുഎസ് വ്യോമസേനയ്ക്കു കീഴിൽ 93 എംക്യു–9 റീപ്പർ ഡ്രോണുകളാണുള്ളത്.

US-73697280
Photo by JOHN MOORE / GETTY IMAGES NORTH AMERICA / Getty Images via AFP

ആകാശത്തു നിന്ന് കരയിലേക്ക് തൊടുക്കാവുന്ന നാലു ലേസർ നിയന്ത്രിത എജിഎം–114 ഹെൽഫയർ മിസൈലുകളാണ് ഇവയിൽ ഘടിപ്പിക്കുക. കൃത്യതയാർന്ന ആക്രമണങ്ങൾക്ക് ഇത് പര്യാപ്തമാണ്. ഒരു പൈലറ്റും സെൻസർ ഓപറേറ്ററും അടങ്ങുന്ന രണ്ടംഗ സംഘമാണ് ഡ്രോൺ നിയന്ത്രിക്കാനുണ്ടാകുക. നാലു ഡ്രോണുകളും സെൻസറുകളും ഉൾപ്പെടുന്ന ഒരു എംക്യു–9 യൂണിറ്റിന്റെ വില 64.2 ദശലക്ഷം ഡോളറാണ് (ഏകദേശം 460.70 കോടി രൂപ).

∙ എംക്യു–9 ഡ്രോണുകൾ വാങ്ങാൻ ഇന്ത്യയും

യുഎസിൽ നിന്ന് എംക്യു–9 ഡ്രോണുകൾ വാങ്ങാനുള്ള ശ്രമത്തിലാണ് ഇന്ത്യയും. 2017 ജൂണിൽ ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും നടത്തിയ ചർച്ചകളിൽ ധാരണയായിരുന്നു. നാവിക–കരസേനകൾക്കായി 10 വീതം ഡ്രോണുകൾ വാങ്ങാനാണ് ഇന്ത്യയുടെ ശ്രമം. കാറ്റഗറി വൺ യുഎവി സാങ്കേതികവിദ്യയുള്ള സീ ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യ നേരത്തേ യുഎസിൽ നിന്ന് വാങ്ങിയിരുന്നു. നാറ്റോ രാജ്യങ്ങൾക്ക് പുറത്തുള്ളവർക്ക് ഇത് ആദ്യമായാണ് എംക്യു–9 റീപ്പർ ഡ്രോൺ അമേരിക്ക നൽകാൻ തയാറാകുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്താണ് എംക്യു–9 റീപ്പർ ഇന്ത്യയ്ക്ക് നൽകുന്നത് സംബന്ധിച്ചുള്ള ആദ്യ ചർച്ചകൾ നടന്നത്. ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ഏറെ മുതൽക്കൂട്ടാകുന്നതാണ് എംക്യു–9 റീപ്പർ ‍ഡ്രോൺ. നിലവിൽ ഇസ്രായേൽ ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ജനറൽ അറ്റോമിക്സാണ് എംക്യു–9 റീപ്പർ ഡ്രോണുകൾ നിർമിക്കുന്നത്.

mq-9-reaper

∙ എംക്യു– 9 ൽ ആയുധമായി നിൻജ ബോംബും

ഫ്‌ളെയിങ് ജിന്‍സു എന്നറിയിപ്പെടുന്ന നിന്‍ജ ബോംബും എംക്യൂ–9 ഡ്രോണിൽ നിന്ന് പ്രയോഗിക്കാറുണ്ട്. കൊടുംഭീകരരെ കണ്ടെത്തി പിന്തുടർന്ന് വധിക്കാനാണ് അമേരിക്ക ഈ ആയുധം പ്രയോഗിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എംക്യു–9 റീപ്പര്‍ ഡ്രോണ്‍ വഴി 13 ആക്രമണങ്ങളാണ് അമേരിക്ക നടത്തിയത്. ലേസര്‍ കൃത്യതയില്‍ ആക്രമണം നടത്തുന്ന ഈ കില്ലർ ഡ്രോണിനേയും ആയുധങ്ങളേയും കുറിച്ചുള്ള കാര്യമായ വിവരങ്ങളൊന്നും അമേരിക്ക ഇപ്പോഴും പരസ്യമാക്കിയിട്ടില്ല. 

MQ-9-Reaper-US-Airforce

∙ എംക്യു–9 റീപ്പറിന്റെ പ്രധാന ആക്രമണ കേന്ദ്രം സിറിയ

എംക്യു–9 റീപ്പര്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഭൂരിഭാഗവും സിറിയയിലാണ് അമേരിക്ക നടത്തിയത്. അഫ്ഗാനിസ്ഥാന് പുറമേ യെമന്‍, സൊമാലിയ, ലിബിയ എന്നിവിടങ്ങളിലും അമേരിക്ക ഈ ഡ്രോണ്‍ ഉപയോഗിച്ച് ഓപറേഷനുകള്‍ നടത്തിയിട്ടുണ്ട്. അല്‍ ഖായിദയുടെ ഡെപ്യൂട്ടി ലീഡറായ അബു അല്‍ ഖൈര്‍ അല്‍ മസ്രിയെ വധിച്ച ആക്രമണമാണ് ഇതില്‍ ഏറ്റവും പ്രസിദ്ധം. 2017 ഫെബ്രുവരിയില്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ വച്ചായിരുന്നു ആക്രമണം നടന്നത്. ഇതിനു ശേഷമാണ് അമേരിക്കയുടെ കൈവശമുള്ള നിന്‍ജ ബോംബിനെക്കുറിച്ചുള്ള കുറച്ചെങ്കിലും വിവരങ്ങള്‍ പുറത്തറിഞ്ഞത്. 

2019 ജൂൺ ആറിന് യെമനിലെ ഹൂതി പോരാളികൾ അമേരിക്കയുടെ എംക്യു–9 റീപ്പർ ഡ്രോൺ തകർത്തത് വാർത്തയായിരുന്നു. കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന എസ്എ–6 ഇറാനിയൻ മിസൈലാണ് അന്ന് ഡ്രോണിനെ തകർത്തതെന്ന് പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇറാനും ഇതേ ഡ്രോൺ തകർത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു.

English Sumamry: Russian Su-27 Collided With U.S. MQ-9 Over Black Sea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS