ഒഡീഷ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും അതിസാഹസികനായ പൈലറ്റുമായിരുന്ന ബിജു പട്നായിക് പറത്തിയിരുന്ന ഡിസി–3 ഡക്കോട്ട വിമാനം ഒഡീഷ സർക്കാർ ഭുവനേശ്വർ വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ സ്മാരകമാക്കി സ്ഥാപിച്ചത് കഴിഞ്ഞ ദിവസമാണ്. ബിജു പട്നായിക്കിന്റെ മകനും ഇപ്പോഴത്തെ ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് മുൻകയ്യെടുത്താണ് കൊൽക്കത്ത വിമാനത്താവളത്തിൽ ആരും ശ്രദ്ധിക്കാത്തൊരു മൂലയിൽ തുരുമ്പെടുത്ത് കിടന്ന ഈ വിമാനം റോഡ് മാർഗം ഒഡീഷയിൽ എത്തിച്ച് പുതുക്കി പണിതു സ്മാരകമാക്കിയത്. തുരുമ്പെടുത്തൊരു പഴയ വിമാനം പുതുക്കിപ്പണിതു എന്നതല്ല ഇതിന്റെ പ്രസക്തി, ഇന്ത്യയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച, ലോകം തന്നെ ഉറ്റുനോക്കിയ പല മിഷനുകളും ഈ വിമാനത്തിലും സ്വന്തം സ്ഥാപനമായ കലിംഗ എയർലൈൻസിന്റെ മറ്റ് ഡക്കോട്ട വിമാനങ്ങൾ ഉപയോഗിച്ചുമാണ് ബിജു പട്നായിക് പൂർത്തിയാക്കിയത്. അതിൽ പ്രധാനപ്പെട്ടതാണ് നെഹ്റുവിന്റെ അഭ്യർഥനപ്രകാരം ഡച്ച് സൈന്യത്തിന്റെ എതിർപ്പ് മറികടന്ന് 1947ൽ ഇന്തൊനീഷ്യൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹത്ത, പ്രധാനമന്ത്രി സുതൻ ജാഹിർ എന്നിവരെ ഇന്തൊനീഷ്യയിൽ എത്തി വിമാനത്തിൽ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്നത്. സ്വാന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരെ വെട്ടിച്ച് സമര നേതാക്കൻമാരെ വിമാനത്തിൽ കടത്തിയതും പാക്കിസ്ഥാൻ കയ്യേറാൻ ശ്രമിച്ച കശ്മീരിൽ സൈനികരുമായി ആദ്യം വിമാനത്തിൽ ഇറങ്ങിയതും ചൈനീസ് അധിനിവേശത്തെ എതിർത്ത ടിബറ്റൻ പോരാളികൾക്ക് വിമാനത്തിലെത്തി ആയുധം വിതരണം ചെയ്തതും അടക്കം ചരിത്രത്തിൽ ഇടം നേടിയ പല സാഹസിക ദൗത്യങ്ങളും ധൈര്യപൂർവം ഏറ്റെടുത്തയാളാണ് ബ്രിട്ടിഷ് ഇന്ത്യയിലെ റോയൽ ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റായി ജീവിതം ആരംഭിച്ച ബിജു പട്നായിക് എന്ന ബിജയാന്ദ പട്നായിക്. ആദ്യം കോൺഗ്രസിന്റെയും പിന്നീട് ജനതാ പാർട്ടിയുടെയും നേതാവായ അദ്ദേഹത്തിന് വിമാനങ്ങളോടും പറക്കലിനോടുമുണ്ടായിരുന്ന തീവ്രമായ അഭിനിവേശം അത്യന്തം ആവേശകരമായ കഥയാണ്.
HIGHLIGHTS
- ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്നായിക് പറത്തിയിരുന്ന വിമാനം ഭുവനേശ്വർ വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ സ്മാരകമായി നിലകൊള്ളുന്നു. പാക്കിസ്ഥാൻ കയ്യേറാൻ ശ്രമിച്ചപ്പോൾ സൈനികരുമായി ആദ്യം വിമാനത്തിൽ ഇറങ്ങി കശ്മീരിന്റെ രക്ഷകനായത് അടക്കം പല സുപ്രധാന ദൗത്യങ്ങളും വിജയത്തിലെത്തിച്ച ബിജു പട്നായിക്കിന്റെ പൈലറ്റ് ലൈഫിലൂടെ!