ബെലാറസിൽ ആണവമിസൈലുകൾ നിറയ്ക്കാൻ റഷ്യ! ആവർത്തിക്കുന്നത് മറ്റൊരു ക്യൂബ?

Russia is Moving Nuclear Weapons to Belarus
Photo: Russian Defence Ministry | TASS
SHARE

യൂറോപ്പിൽ ഒരു മിസൈൽ നീക്കം ഉടലെടുക്കുകയാണ്. തങ്ങളുടെ സഖ്യരാഷ്ട്രമായ ബെലാറസിലേക്ക്, ആണവവാഹക ശേഷിയുള്ള ഇസ്കന്ധർ എന്ന മിസൈലുകളും ഇവ വഹിക്കാനുള്ള സംവിധാനവും കൊണ്ടുപോകുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ ഒന്നോടെ ബെലാറസിൽ ഒരു മിസൈൽ കേന്ദ്രവും തങ്ങൾ പൂർത്തിയാക്കുമെന്നാണ് റഷ്യയുടെ അവകാശവാദം. ഈ നീക്കത്തെ യുഎസും അവരുടെ യൂറോപ്യൻ സഖ്യകക്ഷികളും വിമർശിച്ചിട്ടുണ്ട്. നാറ്റോ സഖ്യ കക്ഷികളായ ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങളോട് അതിർത്തി പങ്കിടുന്നതിനാൽ വളരെ നിർണായകമായ രാജ്യമാണ് ബെലാറസ്. പുട്ടിന്റെ അടുത്ത അനുയായിയായ അലക്സാണ്ടർ ലൂക്കാഷെൻകോയാണ് രാജ്യം ഭരിക്കുന്നത്.

ടാക്റ്റിക്കൽ ശ്രേണിയിലുള്ള ആണവായുധങ്ങൾ ബെലാറസിൽ വിന്യസിക്കുമെന്നാണ് റഷ്യയുടെ വെളിപ്പെടുത്തൽ. വൻനഗരങ്ങളെയോ മറ്റോ ലക്ഷ്യം വയ്ക്കാതെ യുദ്ധരംഗത്ത് താൽക്കാലികവും നിർണായകവുമായ ലക്ഷ്യങ്ങൾ നേടാനാണ് ഇവ ഉപയോഗിക്കുന്നത്. യുഎസിന്റെ പത്തിരട്ടി ആണവ ആയുധങ്ങൾ റഷ്യയ്ക്കുണ്ടെന്നു കരുതപ്പെടുന്നു. യുഎസും സോവിയറ്റ് യൂണിയനുമായി നിലനിന്ന ശീതയുദ്ധകാലത്തെ ഏറ്റവും ശ്രദ്ധേയമായ ഏടായിരുന്നു ക്യൂബൻ മിസൈൽ പ്രതിസന്ധി. 1962 ഒക്ടോബറിലാണ് ഇതു തുടങ്ങിയത്. ഫിഡൽ കാസ്ട്രോയുടെ കമ്യൂണിസ്റ്റ് ഭരണത്തിൻകീഴിലായിരുന്ന ക്യൂബ അമേരിക്കയ്ക്ക് അന്ന് അലോസരമുണ്ടാക്കിക്കൊണ്ടിരുന്ന രാജ്യമാണ്.

1962 ഒക്ടോബർ 14ന് അമേരിക്കൻ ചാരവിമാനങ്ങൾ ക്യൂബയിൽ സോവിയറ്റ് യൂണിയൻ മിസൈൽ സങ്കേതങ്ങൾ ഉണ്ടാക്കിയിരിക്കുന്നതായി കണ്ടെത്തി. ഇതു വലിയ ആശങ്ക അമേരിക്കൻ ഭരണതലത്തിൽ ഉളവാക്കി. അന്നത്തെ യുഎസ് പ്രസിഡന്റായ ജോൺ എഫ്. കെന്നഡി ഉന്നതതല യോഗം വിളിക്കുകയും സോവിയറ്റ് യൂണിയന്റെ ഈ ഭീഷണിയോട് എങ്ങനെ പ്രതികരിക്കുമെന്ന് ആരായുകയും ചെയ്തു.

തുടർന്ന് യുഎസ് ക്യൂബയ്ക്കെതിരെ നാവിക ഉപരോധം ഏർപെടുത്തി. സോവിയറ്റ് യൂണിയൻ എത്രയും പെട്ടെന്ന് മിസൈലുകൾ മാറ്റിസ്ഥാപിക്കണമെന്നും കെന്ന‍‍ഡി ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദേശങ്ങളൊന്നും അനുസരിക്കാൻ സോവിയറ്റ് യൂണിയൻ തയാറായില്ല. വൻശക്തികൾ തമ്മിൽ ഒരു ഏറ്റുമുട്ടൽ ഉണ്ടാകുമെന്നും ചിലപ്പോൾ അത് ആണവയുദ്ധത്തിലേക്കു പോലും നീങ്ങുമെന്നും അഭ്യൂഹങ്ങൾ പരന്നു.

എന്നാൽ ഒക്ടോബർ 28 ആയതോടെ മിസൈലുകൾ മാറ്റാമെന്ന് സോവിയറ്റ് യൂണിയൻ സമ്മതിച്ചു. ക്യൂബയെ ആക്രമിക്കരുതെന്നും തുർക്കിയിൽ സ്ഥാപിച്ചിട്ടുള്ള മിൈസലുകൾ മാറ്റണമെന്നും ഉറപ്പുവാങ്ങിയശേഷമായിരുന്നു ഇത്. ശീതയുദ്ധത്തിലെ അത്യന്തം കലുഷിതമായ ഒരു അധ്യായം അങ്ങനെ അവസാനിച്ചു.

ബെലാറസിലെ റഷ്യൻ നീക്കത്തോടെ മറ്റൊരു മിസൈൽ പ്രതിസന്ധിക്ക് അരങ്ങൊരുങ്ങുകയാണോയെന്നാണു വിദഗ്ധരുടെ സംശയം. തൊണ്ണൂറുകൾക്ക് ശേഷം ഇതാദ്യമായാണ് റഷ്യ മറ്റൊരു രാജ്യത്തേക്ക് മിസൈലുകൾ മാറ്റുന്നതെന്നതും നീക്കത്തിന്റെ പ്രസക്തി കൂട്ടുന്ന സംഭവമാണ്.

English Summary: Why Russia is Moving Nuclear Weapons to Belarus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS