ഡ്രോണുകള്‍ക്കും മറ്റും താല്‍ക്കാലിക നിരോധനം; ഡല്‍ഹിയിലെ ജി20 നടക്കാനിരിക്കെ ഉത്തരവിങ്ങനെ

Mail This Article
ഡല്‍ഹിയുടെ ആകാശത്ത് ഡ്രോണുകള്‍ക്കും ബലൂണുകള്‍ക്കും പാരഗ്ലൈഡറുകള്‍ക്കും താല്‍ക്കാലിക നിരോധനം. ജി20 ഉച്ചകോടി നടക്കാനിരിക്കെയാണ് നിരോധനം നിലവില്‍ വന്നിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സെപ്റ്റംബർ 12 വരെയാണ് നിരോധനം ഏര്‍പെടുത്തിയിരിക്കുന്നത്. ഡല്‍ഹി പൊലീസ് കമ്മീഷണറാണ് നിരോധനം നടപ്പിലാക്കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
'സാമൂഹ്യ വിരുദ്ധരും ഭീകരരും സാമൂഹ്യ സുരക്ഷക്ക് വെല്ലുവിളിയാവുന്ന ആക്രമണങ്ങള്‍ നടത്തിയേക്കാമെന്ന വിവരമുണ്ട്. പാരഗ്ലൈഡറുകള്‍, പാര മോട്ടോറുകള്‍, ഹാങ് ഗ്ലൈഡറുകള്‍, അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സ്, റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ്, ഹോട്ട് എയര്‍ ബലൂണ്‍, ചെറു വിമാനങ്ങള്‍, വിമാനത്തില്‍ നിന്നുള്ള പാര ജംപിങ് എന്നിങ്ങനെയുള്ളവക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു' എന്നാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
നിരോധനം ലംഘിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പുപ്രകാരം ശിക്ഷ അനുഭവിക്കേണ്ടി വരും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച മുതലാണ് നിരോധനം നിലവില്‍ വന്നിരിക്കുന്നത്. ഇതിനിടെ ഉത്തരവുവഴി പിന്‍വലിക്കപ്പെട്ടില്ലെങ്കില്‍ സെപ്തംബര്‍ 12 വരെയുള്ള 15 ദിവസക്കാലത്തേക്കാണ് നിരോധനം. സെപ്തംബര്‍ 9, 10 ദിവസങ്ങളിലാണ് ഡല്‍ഹിയില്‍ ജി 20 സമ്മേളനം നടക്കാനിരിക്കുന്നത്.
English Summary: Delhi Police Bans Drones, Hot Air Balloons, Paragliders, Other Flying Objects Till Sept 12