ആയുധങ്ങളുടെ വൈവിധ്യം കൊണ്ടും ഞെട്ടിച്ചു ഹമാസ്!; ഇസ്രയേലിന്റെ കരുത്ത് എന്തൊക്കെയാണ്?
Mail This Article
തികച്ചും അപ്രതീക്ഷിതമായി ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണം യുദ്ധ തന്ത്രങ്ങള്‍ കൊണ്ടു മാത്രമല്ല ആയുധങ്ങളുടെ വൈവിധ്യം കൊണ്ടും ഞെട്ടിച്ചിരുന്നു. കടല്‍ വഴിയും തുരങ്കങ്ങള്‍ വഴിയും കര അതിര്‍ത്തികള്‍ വഴിയും ഹമാസിന് ആയുധങ്ങള്‍ ലഭിച്ചിരുന്നുവെന്നു വേണം കരുതാന്‍. ഏതൊക്കെ ആയുധങ്ങളാണ് ഹമാസിന്റെ ശേഖരത്തിലുള്ളത്? ലോകത്തെ തന്നെ പ്രധാന പ്രതിരോധ ശക്തികളിലൊന്നായ ഇസ്രയേലിന്റെ കരുത്ത് എന്തൊക്കെയാണ്?
ഗാസയില്‍ നിന്നു ഇസ്രയേല്‍ 2005ല്‍ പിന്മാറാന്‍ തീരുമാനിച്ചത് ഹമാസിന് പല തരത്തിലും ഗുണം ചെയ്തു. പ്രത്യേകിച്ച് ഇറാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നു ആയുധങ്ങള്‍ നേരിട്ട് എത്തിക്കാന്‍ ഇതുവഴി ഹമാസിന് സാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമാണ്. 2007ല്‍ സുഡാനില്‍ നിന്നു ഫാജിര്‍ 5 റോക്കറ്റുകള്‍ വാങ്ങാനുള്ള ഹമാസിന്റെ ശ്രമം ഇതിനിടെ ഇസ്രയേല്‍ ഇടപെട്ടു തടഞ്ഞിരുന്നു. എങ്കിലും പല വഴികളിലൂടെ ഹമാസ് റോക്കറ്റുകള്‍ ശേഖരിച്ചിരുന്നുവെന്ന് കോ ഓപറേഷന്‍ ഓഫ് വേള്‍ഡ്‌വൈഡ് ബ്രോഡ്കാസ്റ്റ് പറയുന്നു.
കരമാര്‍ഗം മാത്രമല്ല ഗാസയിലെ തീരങ്ങളും ആയുധകൈമാറ്റത്തിനുള്ള വേദികളായിട്ടുണ്ട്. ഇസ്രയേല്‍ നാവിക സേനയുടെ കണ്ണുവെട്ടിച്ച് കപ്പലുകളില്‍ നിന്നു ഹമാസ് നിയന്ത്രണമുള്ള കരകളിലേക്ക് ആയുധങ്ങളെത്തിയിരുന്നു. മാത്രമല്ല കരയിലെ രഹസ്യ തുരങ്കങ്ങളിലൂടെ സിറിയ വഴിയും ആയുധങ്ങള്‍ ലഭിച്ചു. ഈജിപ്ത് ഗാസ അതിര്‍ത്തിയിലും രഹസ്യ തുരങ്കങ്ങളുണ്ടെന്നാണ് സൂചന.
ഹമാസിന്റെ ആയുധങ്ങള്‍
തങ്ങളുടെ കൈവശമുള്ള ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഹമാസ് പുറത്തുവിടാറില്ല. അതേസമയം ഹമാസ് യുദ്ധമേഖലയില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ അവരുടെ കൈവശമുള്ള ആയുധങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നുമുണ്ട്. സംഘര്‍ഷമേഖലയിലേക്ക് ആയുധങ്ങളുമായി ഗ്ലൈഡറുകളില്‍ പറന്നിറങ്ങുന്ന ഹമാസ് നുഴഞ്ഞുകയറ്റക്കാരുടെ വിഡിയോകള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്.
പാരാഗ്ലൈഡറുകള്‍ക്കു പുറമേ ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങളും ഇത്തവണ ഹമാസ് ഇസ്രയേലിനെതിരെ നടത്തി. അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിരീക്ഷണ ടവറുകള്‍ക്കു നേരെയും ഇസ്രയേലി മെര്‍കാവ 4 ടാങ്കുകള്‍ക്കു നേരെയും ഹമാസിന്റെ ഡ്രോണ്‍ ആക്രമണമുണ്ടായിട്ടുണ്ട്.
റോക്കറ്റുകള്‍ ആദ്യമായല്ല ഹമാസ് ഇസ്രയേലിനു നേരെ പ്രയോഗിക്കുന്നത്. 2014ലെ ഗാസ യുദ്ധത്തില്‍ 4,500ലേറെ റോക്കറ്റുകള്‍ ഹമാസ് ഇസ്രയേലിലേക്ക് തൊടുത്തിരുന്നു. ഫാജിര്‍ 3, ഫാജിര്‍ 5, എം302 റോക്കറ്റുകള്‍ ഹമാസിന്റെ കൈവശമുണ്ട്. താരതമ്യേന ആധുനിക ദിശാ നിയന്ത്രണ സംവിധാനം അടക്കമുള്ള അതിര്‍ത്തിയില്‍ നിന്നു 70 കിലോമീറ്റര്‍ അകലെയുള്ള ടെല്‍ അവീവ് വരെ എത്താനാവുന്ന റോക്കറ്റുകള്‍ ഇക്കൂട്ടത്തിലുണ്ട്. തോളില്‍ വച്ചു തൊടുക്കാവുന്ന റോക്കറ്റുകലും ടാങ്ക് വേധ മിസൈലുകളും ഹമാസിന്റെ കൈവശമുണ്ട്.
ഇസ്രയേലിന്റെ കരുത്ത്
രാഷ്ട്രീയ സ്വാധീനം, സൈനിക ശേഷി, ഇന്റലിജന്‍സ് മികവ് എന്നിങ്ങനെ പല മേഖലകളില്‍ മുന്നിലുള്ള രാജ്യമാണ് ഇസ്രയേല്‍. 2022ലെ യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ നാലാമത്തെ സൈനിക ശക്തിയാണ് ഇസ്രയേല്‍. അതായത് അമേരിക്കയ്ക്കും റഷ്യക്കും ചൈനയ്ക്കും മാത്രം പിന്നില്‍.
ലോകത്തെ ഏറ്റവും ആധുനികമായ സേനകളിലൊന്നാണ് അവരുടെ വായുസേന. ആധുനിക എഫ് 35 പോര്‍വിമാനങ്ങള്‍ അടക്കം ഇസ്രയേല്‍ വ്യോമസേനക്ക് സ്വന്തമാണ്. പരമാവധി കൃത്യതയോടെ ലക്ഷ്യത്തിലെത്തി നിയന്ത്രിത സ്‌ഫോടനം നടത്തുന്ന സ്മാര്‍ട്ട് ബോംബുകള്‍ ഇസ്രയേലിനുണ്ട്.
500 മെര്‍കാവ ടാങ്കുകളാണ് ഇസ്രയേലിന്റെ കരയുദ്ധത്തിലെ കരുത്ത്. മിസൈലുകളേയും ഡ്രോണുകളേയും ലക്ഷ്യത്തിലെത്തും മുൻപേ തകര്‍ക്കുന്ന അയേണ്‍ ഡോം അടക്കമുള്ള മിസൈല്‍ വേധ സംവിധാനങ്ങളും ഇസ്രയേലിന് കരുത്താണ്. സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രയേലിന്റെ കൈവശം 80 ആണവ ബോംബുകളുണ്ട്. ഇതില്‍ 30 എണ്ണം വിമാനങ്ങളില്‍ നിന്നും തൊടുക്കുന്ന ഗ്രാവിറ്റി ബോംബുകളാണ്. ബാക്കി 50 എണ്ണം മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തൊടുക്കാവുന്നവയാണ്.
ആണവശക്തിയാണെങ്കിലും ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ഈ കരുത്ത് പ്രകടിപ്പിക്കാനാവില്ല. എങ്കിലും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീളുന്ന യുദ്ധ സാഹചര്യങ്ങളില്‍ ഇസ്രയേലിന്റെ ആണവായുധ ശേഷി അടക്കമുള്ള കരുത്തുകള്‍ നിര്‍ണായക സ്വാധീനമാകുകയും ചെയ്യും.