ADVERTISEMENT

ലോകത്ത് തീവ്രത കൊണ്ട് അടയാളപ്പെടുത്തപ്പെട്ട പല രണ്ടാം ലോകമഹായുദ്ധ പോരാട്ടങ്ങളുണ്ട്. ഒമാഹ ബീച്ച് , ഡൺകിർക്ക്, ഐവോ ജിമ, ബ്രോഡി അങ്ങനെ കുറേയേറെ പ്രശസ്തമായ യുദ്ധങ്ങൾ. ഇക്കൂട്ടത്തിൽ അറിയപ്പെടാതെ വിസ്മൃതിയിലേക്കാണ്ട് പോയ പോരാട്ടമാണ് 1944ൽ നാഗാലാൻഡിൽ നടന്ന കൊഹിമ യുദ്ധം.

army-men-2-canva - 1
Image Credit: Canva

രണ്ടാം ലോകയുദ്ധത്തിന്റെ ഗതി തന്നെ നിർണയിക്കുന്നതായിരുന്നു ബ്രിട്ടനും ജപ്പാനും തമ്മിലുള്ള ഈ ഘോരയുദ്ധം. ബ്രിട്ടന്റെ ‘ലെനിൻഗ്രാഡ്’ എന്നും ഈ യുദ്ധം അറിയപ്പെടുന്നു.ഈ യുദ്ധത്തിൽ പങ്കെടുക്കുകയും നിർണായക സംഭാവനകൾ നൽകുകയും ചെയ്ത സുബേദാർ തൻസിയ എന്ന മുൻ സൈനികൻ അന്തരിച്ചു. 102വയസ്സായിരുന്നു മിസോറാംകാരനായ ഇദ്ദേഹത്തിന്. അന്നത്തെ അസം റെജിമെന്റിന്റെ ഭാഗമായിരുന്നു തൻസിയ.

∙കൊഹിമയിലെ പോരാട്ടം,1944 മേയ്....

രണ്ടാം ലോകയുദ്ധം കൊടുമ്പിരിയിൽ നിൽക്കുന്ന സമയം. പരാജയങ്ങളറിയാതെ ജപ്പാൻ മുന്നോട്ട്. ബർമയിൽ ബ്രിട്ടനെ നിഷ്പ്രഭരാക്കി ജപ്പാൻ ആധിപത്യം നേടി. എന്നാൽ കൊതുകും മലേറിയയും നിറഞ്ഞ ദുർഘടമായ കാടുകളും പുഴകളും താണ്ടി അവർ ഇന്ത്യയിലേക്ക് മുന്നേറുമെന്ന് ബ്രിട്ടൻ കരുതിയിരുന്നില്ല. എന്നാൽ ജപ്പാൻ സൈനികർക്ക് അതു സാധിച്ചു. തിരമാലകൾ വരുന്നതു പോലെ സംഘങ്ങൾക്കു പിന്നാലെ സംഘങ്ങളായി അവർ അങ്ങോട്ടേക്ക് എത്തിക്കൊണ്ടിരുന്നു. കൊഹിമ, ഇംഫാൽ പട്ടണങ്ങളെ ചുറ്റി 15,000 ജാപ്പനീസ് സൈനികർ നിലയുറപ്പിച്ചു.

Image Credit    Canva AI
Image Credit Canva AI

നാഗാലാൻഡിൽ സ്ഥിതി ചെയ്തിരുന്ന നയതന്ത്രപ്രാധാന്യമുള്ള ദിമാപ്പുർ നഗരം പിടിച്ചടക്കുകയായിരുന്നു ജപ്പാന്റെ ലക്ഷ്യം. ദിമാപ്പുർ പിടിച്ചാൽ അസമിലേക്കും അതുവഴി ഇന്ത്യയുടെ ഹൃദയഭൂമിയിലേക്കും കടക്കാമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ ബ്രിട്ടിഷ് ഇന്ത്യൻ ആർമിയുടെ സൈനികർ ചെറുത്തു നിന്നു.

കൊഹിമയിൽ അവരും ജപ്പാനും തമ്മിൽ തീവ്രയുദ്ധം ഉടലെടുത്തു.  ഇടയ്ക്ക് ഇരുപടകളും തമ്മിലുള്ള അകലം ഒരു ടെന്നിസ് കോർട്ടായി മാറി. കൊഹിമയിലെ ഒരു ടെന്നിസ് കോർട്ടിന് അപ്പുറവും ഇപ്പുറവും നിന്ന് ഇരു കൂട്ടരും വെടിയുതിർക്കുകയും ഗ്രനേഡുകൾ അങ്ങോട്ടുമിങ്ങോട്ടുമെറിയുകയും ചെയ്തു. രണ്ടാം ലോകയുദ്ധത്തിന്റെ ചരിത്രത്തിൽ ഇത്രയും തീവ്രതയുള്ള ഒരു യുദ്ധം ഉടലെടുത്തിട്ടില്ലെന്ന് ചരിത്രകാരൻമാർ പറയുന്നു.

army-men-3-canva - 1
Image Credit: Canva

മൂന്നു മാസത്തോളം തുടർന്ന ആക്രമണ– പ്രതിരോധങ്ങൾക്കിടെ യുദ്ധഗതി ബ്രിട്ടന് അനുകൂലമായി. ബ്രിട്ടിഷ് ഇന്ത്യൻ ആർമിയുടെ സൈനികർ ദിമാപ്പുരിൽ നിന്ന് കൂടുതലായി എത്തിത്തുടങ്ങി. ഇത് ബ്രിട്ടന്റെ മുന്നണി ശക്തമാക്കി. എന്നാൽ ജപ്പാന്റെ ഭാഗത്ത് സാഹചര്യങ്ങൾ രൂക്ഷമായിരുന്നു. ഏഴായിരത്തോളം സൈനികർ പോരാട്ടത്തിലും കോളറ, ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ രോഗങ്ങളിലും പെട്ട് മരണമടഞ്ഞിരുന്നു. ബർമയിൽ നിന്ന് ഭക്ഷണമുൾപ്പെടെ അവശ്യസാധനങ്ങൾ വരാതിരിക്കുന്നതും അവരുടെ നില പരുങ്ങലിലാക്കി.

ഒടുവിൽ ബർമയിൽ നിന്നുള്ള ജാപ്പനീസ് സൈനിക കമാൻഡിന്റെ തുടരാനുള്ള നിർദേശം അവഗണിച്ച് ജാപ്പനീസ് സൈനികർ ബർമയിലേക്കു തന്നെ പിൻവലിഞ്ഞു.ലോകയുദ്ധ ചരിത്രത്തിലെ തന്നെ ഏറ്റവും സാഹസികമായ ആക്രമണവും ചെറുത്തുനിൽപ്പുമാണ് അന്ന് കൊഹിമയിൽ നടന്നത്. രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടിഷ് ജനത ജർമനിയെയാണു പ്രധാന ശത്രുവായി കണ്ടത്. ജർമനിയുമായുള്ള ബ്രിട്ടന്റെ യുദ്ധങ്ങളാണ് അതിനാൽ ചർച്ച ചെയ്യപ്പെട്ടതും. അക്കാരണത്താലാകണം, കൊഹിമ യുദ്ധം വിസ്മൃതിയിലേക്കു പോയത്. ഏതായാലും 2013ൽ, ബ്രിട്ടിഷ് സൈന്യം, തങ്ങളുടെ ഏറ്റവും മികച്ച യുദ്ധമായി കൊഹിമ യുദ്ധത്തെ തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com