ADVERTISEMENT

21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. ഇറാനിലെ ഛാബഹാര്‍ തുറമുഖത്തിന്റെ നിയന്ത്രണം അടുത്ത 10 വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് കൈമാറാനുള്ള കരാറില്‍ മേയ് 13നാണ് ഇന്ത്യയും ഇറാനും ഒപ്പുവെച്ചത്.

ടെഹ്‌റാനിലെത്തിയ കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡും (ഐപിജിഎല്‍) ഇറാന്റെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമാണ് കരാറില്‍ ഒപ്പുവെച്ചത്. 

സർബാനന്ദ സോനോവാൾ
സർബാനന്ദ സോനോവാൾ

രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ടെഹ്‌റാന്‍ യാത്രയ്ക്ക് പ്രത്യേകമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ സോനോവാളിന് അനുമതി നല്‍കുകയായിരുന്നു. എന്താണ് ഛാബഹാറിലെ ഇന്ത്യ-ഇറാന്‍ ധാരണ? വിദേശ തുറമുഖങ്ങളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ ആദ്യ നറുക്ക് എന്തുകൊണ്ടാണ് ഛാബഹാറിനു വീണത്? എത്രത്തോളം നിര്‍ണായകമാണ് ഇന്ത്യയ്ക്കും ഇറാനും ഛാബഹാര്‍ തുറമുഖം?

ഛാബഹാര്‍ തുറമുഖം

ഇറാന്റെ ദക്ഷിണതീരത്തെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഒമാന്‍ കടലിടുക്കിലാണ് ഛാബഹാര്‍ തുറമുഖം. ഷാഹിദ് കലന്തേരി, ഷാഹിദ് ബെഹേഷ്തി എന്നിങ്ങനെ രണ്ട് പ്രത്യേക തുറമുഖങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഛാബഹാര്‍. ഇതില്‍ ഷാഹിദ് ബെഹേഷ്തി തുറമുഖത്തിന്റെ നിയന്ത്രണമാണ് ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തുനിന്ന് 550 നോട്ടിക്കല്‍ മൈലും മുംബൈയില്‍നിന്ന് 786 നോട്ടിക്കല്‍ മൈലും മാത്രം അകലെയുള്ള ഛാബഹാര്‍ ഇന്ത്യയെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ളതാണ്. പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തുനിന്ന് വെറും 140 കിലോമീറ്റര്‍ മാത്രം അകലെയാണ് ഛാബഹാറെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. 

കരാർ പ്രകാരം തുറമുഖത്തെ കണ്ടെയ്‌നര്‍, മള്‍ട്ടി പര്‍പ്പസ് ടെര്‍മിനലുകളുടെ നിയന്ത്രണം ഇന്ത്യയ്ക്കായിരിക്കും. കരാര്‍ പ്രകാരം 12 കോടി ഡോളര്‍ (1,002.17 കോടിയോളം രൂപ) തുറമുഖ വികസനത്തിനായും 25 കോടി ഡോളര്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ക്രെഡിറ്റ് വിന്‍ഡോ സംവിധാനമായും ഐപിജിഎല്‍ നിക്ഷേപിക്കുമെന്നാണ് കരാറിലെ ധാരണ. ഹാർബർ ക്രെയിനുകളുൾപ്പെടെ എല്ലാ സംവിധാനങ്ങളും ഇന്ത്യ ഇവിടെ ഒരുക്കും. ഇതുവരെ 2.5 കോടി ഡോളർ വിലയുള്ള ആറ് മൊബൈൽ ഹാർബർ ക്രെയിനുകൾ ഇന്ത്യ ഛാബഹാറിന് കൈമാറിയിട്ടുണ്ട്. 2018 മുതൽ ഇതുവരെ 84 ലക്ഷം മെട്രിക് ടൺ ചരക്ക് ഛാബഹാർ വഴി കടന്നുപോയി. കോവിഡ് കാലത്ത് 25 ലക്ഷം ടൺ ഗോതമ്പും 2000 ടൺ ധാന്യങ്ങളും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് സഹായമായി അയച്ചതും ഛാബഹാർ വഴിയാണ്. 

TO GO WITH 'PAKISTAN-ECONOMY-POVERTY' by Ashraf KHAN

In this photograph taken on November 13, 2016, Pakistani Naval personnel stand guard near a ship carrying containers at the Gwadar port, some 700 kms west of Karachi, during the opening ceremony of a pilot trade programme between Pakistan and China.. Shah Nawaz walks Karachi's dusty streets, one of thousands in the financial hub who are being fed by charities as Pakistan's economy picks up pace -- but, some say, not fast enough for its poverty-stricken millions. Confidence in Pakistan is growing, with the International Monetary Fund claiming in October 2016 that the country has emerged from crisis and stabilised its economy after completing a bailout programme. (Photo by AAMIR QURESHI / AFP) / TO GO WITH 'PAKISTAN-ECONOMY-POVERTY' BY ASHRAF KHAN - TO GO WITH 'PAKISTAN-ECONOMY-POVERTY' BY ASHRAF KHAN
ഗ്വാദർ തുറമുഖത്ത് കണ്ടെയ്‌നറുകൾ കൊണ്ടുപോകുന്ന കപ്പലിന് സമീപം പാകിസ്ഥാൻ നാവിക സേനാംഗങ്ങൾ കാവൽ നിൽക്കുന്നു. (Photo by AAMIR QURESHI / AFP) / TO GO WITH 'PAKISTAN-ECONOMY-POVERTY' BY ASHRAF KHAN)

പാക്കിസ്ഥാന്റെ വിലക്കും ചൈനയുടെ വരവും

വലിയ ഇന്ധനനിക്ഷേപമുള്ള ഛാബഹാറിൽ 1973ല്‍ ഷായുടെ ഭരണകാലത്താണ് തുറമുഖ നിര്‍മാണം തുടങ്ങുന്നത്. എന്നാല്‍  1979ല്‍ ഇറാനിയന്‍ വിപ്ലവത്തെത്തുടര്‍ന്ന് ഷാ ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ സ്ഥാപിതമായതോടെ തുറമുഖ വികസനം താത്കാലികമായി നിലച്ചു. എണ്‍പതുകളിലെ ഇറാന്‍-ഇറാഖ് യുദ്ധസമയത്താണ് ഛാബഹാര്‍ തുറമുഖത്തിന്റെ സാധ്യത ഇറാന്‍ തിരിച്ചറിയുന്നത്. അതുവരെ പേര്‍ഷ്യന്‍ തുറമുഖങ്ങളെയാണ് ഇറാന്റെ ചരക്കുകപ്പലുകള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ തുറമുഖങ്ങളിൽ ഇറാഖ് വ്യോമസേനയ്ക്ക് എളുപ്പത്തില്‍ ആക്രമണം നടത്താനാകുമെന്നത് മുന്നില്‍ക്കണ്ട് ഇറാന്‍ ചരക്കുനീക്കം ഛാബഹാര്‍ തുറമുഖം വഴിയാക്കി. തുടര്‍ന്നാണ് ഛാബഹാര്‍ വികസനത്തെക്കുറിച്ച് ഇറാന്‍ കാര്യമായി ചിന്തിച്ചു തുടങ്ങുന്നത്.

Prime Minister's Office, Government of India, GODL-India
2016 മെയ് മാസത്തിൽ മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ട്രൈലാറ്ററൽ ട്രാൻസിറ്റ് കരാറിൽ ഒപ്പുവച്ചു. Prime Minister's Office, Government of India, GODL-India

ഛാബഹാറില്‍ ഇന്ത്യയെക്കൂടി പങ്കാളിയാക്കാനുള്ള ആലോചന തുടങ്ങുന്നത് 2002ലാണ്. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. തൊണ്ണൂറുകളില്‍ പുത്തന്‍ സാമ്പത്തികനയത്തിന്റെ വരവോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ലോകത്തിനു മു്ന്നില്‍ തുറന്ന ഇന്ത്യ പുതിയ വ്യാപാരപാതകള്‍ തേടുന്ന സമയമായിരുന്നു അത്. അഫ്ഗാനിസ്ഥാനുമായി നേരിട്ടു വ്യാപാരം നടത്തുന്നതില്‍ പാക്കിസ്ഥാന്‍ വലിയ വിലങ്ങുതടിയായി മാറിയ സമയവും. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും റഷ്യയിലേക്കുമെല്ലാം ചരക്കെത്തിക്കാന്‍ ഇന്ത്യയ്ക്ക് ഏറ്റവും എളുപ്പമാര്‍ഗം പാക്കിസ്ഥാനിലൂടെയുള്ള വ്യാപാരപാതയായിരുന്നു. എന്നാല്‍ ഇന്ത്യയുമായുള്ള ശത്രുതയെത്തുടര്‍ന്ന് ഇന്ത്യന്‍ ട്രക്കുകള്‍ തങ്ങളുടെ റോഡുകളും ഇന്ത്യന്‍ ക്പ്പലുകള്‍ തങ്ങളുടെ തുറമുഖങ്ങളും ഉപയോഗിക്കുന്നത് പാക്കിസ്ഥാന്‍ വിലക്കി. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി. 

മറുവശത്ത്ആണവപരീക്ഷണത്തെച്ചൊല്ലിയുള്ള യുഎസിന്റെ ഉപരോധവും സുന്നി ഭീകരര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പാക്കിസ്ഥാന്റെ സമീപനവും ഇറാനെയും വലച്ചിരുന്നു. ഈ സാഹചര്യത്തില്‍ 2002ല്‍ അന്നത്തെ ഇറാന്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഖതാമിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹസ്സന്‍ റൂഹാനിയുടെ ന്യൂഡല്‍ഹി സന്ദര്‍ശനത്തിനിടെ അദ്ദേഹം ഛാബഹാറിന്റെ വികസനത്തെക്കുറിച്ച് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്രയുമായി ചര്‍ച്ച നടത്തി. പാക്കിസ്ഥാനെ ഒഴിവാക്കി ഇറാന്‍ തുറമുഖം വഴി അഫ്ഗാനിലേക്കും മധേഷ്യയിലേക്കും ചരക്കുനീക്കം നടത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യ ഛാബഹാര്‍ വികസനം പ്രാധാന്യത്തോടെ കണക്കിലെടുത്തു. തൊട്ടടുത്ത വര്‍ഷം ഖതാമിയുടെ ഇന്ത്യ സന്ദര്‍ശനവേളയില്‍ അദ്ദേഹവും അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയും ഛാബഹാറടക്കമുള്ള വിഷയങ്ങളില്‍ സഹകരിക്കാമെന്ന ധാരണയിലെത്തി.

ഛാബഹാറില്‍ ഇന്ത്യയും ഇറാനും വളരെപ്പെട്ടെന്ന് തീരുമാനമെടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. പാക്കിസ്ഥാനിലേക്കുള്ള ചൈനയുടെ കടന്നുവരവ്.ഛാബഹാറില്‍നിന്നും 140 കിലോമീറ്റര്‍ മാത്രം അകലെയാണ് പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം. തങ്ങളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്വാദറില്‍ വികസനം നടത്താന്‍ 2002ല്‍ ചൈന കരാറൊപ്പിട്ടിരുന്നു. 24.8 കോടി ഡോളര്‍ മുടക്കുമുതലില്‍ ഗ്വാദറിനെ ആഴക്കടല്‍ തുറമുഖമായി വികസിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കരുതിയ വേഗത്തില്‍ ഛാബഹാര്‍ തുറമുഖ വികസനമോ ഗ്വാദര്‍ വികസനമോ മുന്നോട്ടു നീങ്ങിയില്ല.

പ്രതിസന്ധികളെ തരണം ചെയ്ത്

ഗ്വാദര്‍ തുറമുഖം 2005ല്‍ പൂര്‍ത്തിയാക്കാന്‍ ചൈനയും പാക്കിസ്ഥാനും തീരുമാനിച്ചതോടെ ഛാബഹാറിന്റെ വികസനത്തിലും വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഡെലാറാമില്‍നിന്ന് ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തിയായ സാരഞ്ചിലേക്ക് 10 കോടി ഡോളര്‍ മുടക്കി ഇന്ത്യ 218 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു. എന്നാല്‍ ആണവപരീക്ഷണങ്ങളെച്ചൊല്ലി ഇറാനുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ഛാബഹാര്‍ തുറമുഖ വികസനത്തെ അനിശ്ചിതമായി വൈകിപ്പിച്ചു. 2015ല്‍ P5+1 രാജ്യങ്ങളും (യുഎസ്, യുകെ, ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ) യൂറോപ്യന്‍ യൂണിയനുമായി ഇറാന്‍ ആണവക്കരാറില്‍ ഒപ്പുവെച്ചതോടെ ഛാബഹാര്‍ വികസനത്തിന് വീണ്ടും അനക്കം വെച്ചു തുടങ്ങി. അക്കൊല്ലം ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ഛാബഹാര്‍ പദ്ധതി വേഗത്തിലാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. ഇതിന്റെ ഫലമായി  ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ട്രാന്‍സിറ്റ് കോറിഡോര്‍ ഛാബഹാറില്‍ നിര്‍മിക്കാനുള്ള ത്രികക്ഷി കരാറില്‍ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും 2016ല്‍ ഒപ്പുവെച്ചു. എന്നാല്‍ യുഎസില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. 

അഷ്റഫ് ഗാനി. ചിത്രം: Jim WATSON / AFP
അഷ്റഫ് ഗാനി. ചിത്രം: Jim WATSON / AFP

2018ല്‍ ഇറാന്‍ ആണവക്കരാറില്‍നിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറി വീണ്ടും ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തി. ഇത് തുടക്കത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കിയെങ്കിലും അഫ്ഗാനിസ്ഥാനുമായുള്ള കണക്ടിവിറ്റി ഉറപ്പാക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി ഛാബഹാര്‍ തുറമുഖത്തെ ഉപരോധത്തില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് യുഎസില്‍നിന്ന് ഇന്ത്യ ഇളവുനേടി. ഇതിനിടെ ഇന്ത്യയെ ഒഴിവാക്കിക്കൊണ്ട് ഛാബഹാറില്‍ ചൈനയുമായി സഹകരിക്കാന്‍ ഇറാന്‍ തീരുമാനിച്ചുവെന്ന തരത്തില്‍ സൂചനകള്‍ വന്നെങ്കിലും പിന്നീട് അതെല്ലാം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. പ്രതിസന്ധികള്‍ മറികടന്ന് 2018 ഡിസംബര്‍ 24ന് ഛാബഹാറിലെ ഷാഹിദ് ബെഹേഷ്തിയുടെ നിയന്ത്രണം ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡ് ഏറ്റെടുത്തു. ഒരു വര്‍ഷത്തേക്ക് തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് കൈമാറുന്നതായിരുന്നു അന്നത്തെ കരാര്‍. ഓരോ കൊല്ലംതോറും ഈ കരാര്‍ പുതുക്കേണ്ടി വന്നിരുന്നു. പുതിയ കരാറില്‍ ഒപ്പുവെച്ചതോടെ ഇനി 10 വര്‍ഷത്തിനുശേഷം മാത്രം കരാര്‍ പുതുക്കിയാല്‍ മതിയാകും.

ഛാബഹാർ തുറക്കുന്ന വാതിലുകൾ

∙പാക്കിസ്ഥാനിലെ കറാച്ചി, ഗ്വാദർ തുറമുഖങ്ങളെയും പാക്ക് റോഡുകളെയും പൂർണമായും ഒഴിവാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനിലേക്ക് നേരിട്ടുള്ള വ്യാപാരബന്ധം ഛാബഹാറിലൂടെ സാധ്യമാകും. അഫ്ഗാനിസ്ഥാനുമായി മികച്ച കണക്ടിവിറ്റിയുണ്ടാകുന്നത് ആ രാജ്യത്തിന് പാക്കിസ്ഥാനുമായുള്ള ആശ്രിതത്വം കുറയ്ക്കുന്നത് തന്ത്രപരമായി ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കും. 2023ൽ അഫ്ഗാനിസ്ഥാനുമായി 77.9 കോടി ഡോളറിന്റെ (ഏകദേശം 6,5000 കോടി രൂപ) ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യ നടത്തിയിട്ടുള്ളത്.

∙ കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്കും റഷ്യ വരെയുള്ള യൂറേഷ്യൻ രാജ്യങ്ങളിലേക്കും പാക്കിസ്ഥാനെ ഒഴിവാക്കിയുള്ള ചരക്കുനീക്കം ഛാബഹാറിലൂടെ.

∙ ഛാബഹാർ തുറമുഖത്തിലൂടെ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുന്നത് ഇന്റർനാഷണൽ നോർത്ത്–സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിലേക്ക് (ഐഎൻഎസ്ടിസി) ഇന്ത്യയ്ക്ക് വാതിൽ തുറക്കും. ഇന്ത്യ, ഇറാൻ, റഷ്യ, യൂറോപ്പ്, അഫ്ഗാനിസ്ഥാൻ, അർമീനിയ, അസർബൈജാൻ, മധ്യേഷ്യ എന്നിവയ്ക്കിടയിൽ കടൽ, റെയിൽ, റോഡ് മാർഗം ബന്ധപ്പെട്ടുകിടക്കുന്ന 7,200 കിലോമീറ്റർ വിവിധതല (മൾട്ടി ട്രാൻസ്പോർട്ട്) ഇടനാഴിയാണ് ഐഎൻഎസ്ടിസി. ഇത് റഷ്യയിലെ സെയ്ന്റ്പീറ്റേഴ്സ്ബർഗിനെ മുംബൈയുമായി ബന്ധിപ്പിക്കുന്നു.

∙ ഐഎൻഎസ്ടിസിയുമായി എളുപ്പത്തിൽ കണക്ടിവിറ്റി സാധ്യമാകുന്നതോടെ പരമ്പരാഗത പാതയായ സൂയസ് കനാൽ വഴിയുള്ളതിനേക്കാൾ യാത്രാസമയത്തിൽ 40 ശതമാനവും ചരക്കുനീക്കച്ചെലവിൽ 30 ശതമാനവും ഇന്ത്യയ്ക്ക് കുറവ് വരുത്താനാകും. 

∙ ഛാബഹാർ പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യയിലേക്കുള്ള ഇരുമ്പയിര്, പഞ്ചസാര, അരി എന്നിവയുടെ ഇറക്കുമതി എളുപ്പത്തിലാകും‌ം. എണ്ണ ഇറക്കുമതിച്ചെലവിലും കാര്യമായ കുറവുണ്ടാകും.

∙ ഇറാനുമായി സൈനികബന്ധം കൂടി സ്ഥാപിക്കാനുള്ള വാതിൽ ഛാബഹാർ തുറന്നിടുന്നുണ്ട്. കൂടാതെ അറബിക്കടലിലെ ചൈനയുടെ സാന്നിധ്യത്തെയും ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയെയും പ്രതിരോധിക്കാൻ ഛാബഹാർ ബദലാകും.

English Summary:

The Chabahar Port, which is an India-Iran flagship project, serves as an important transit port for trade with landlocked Central Asian countries such as Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com