ADVERTISEMENT

ഇന്ത്യൻ മേഖലയിലേക്ക് അതിക്രമിച്ചു കടന്ന പാക്കിസ്ഥാനെ കീഴ്പ്പെടുത്തി 1999 ജൂലൈ 26ന് ഇന്ത്യൻ സേന കാർഗിലിൽ വെന്നിക്കൊടി പാറിച്ചു. രണ്ട് ആണവശക്തികൾ തമ്മിൽ നടന്ന യുദ്ധമെന്ന നിലയിൽ ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടിയ യുദ്ധമായിരുന്നു കാർഗിൽ. ഭൗമനിരപ്പിൽ നിന്ന് അനേകായിരം അടി വരെ പൊക്കമുള്ള ചെങ്കുത്തായ മലമ്പ്രദേശത്തു നടന്ന യുദ്ധം ലോകയുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും ദുർഘടമായ പോരാട്ടങ്ങളിലൊന്നുമായിരുന്നു. ഇന്ത്യൻ സേനയുടെ യശസ്സ് വാനോളമുയർത്തിയ നിർണായകമായ ഈ യുദ്ധത്തിൽ ഒട്ടേറെ ഇന്ത്യൻ യുദ്ധവീരൻമാരുടെ ജീവൻ പൊലിഞ്ഞു.

ഈ ധീരരക്തസാക്ഷിത്വത്തിലെ ശ്രദ്ധേയമായ ഒരു നാമമാണ് മേജർ മാരിയപ്പൻ ശരവണൻ. അദ്ദേഹത്തിന്‌റെ വീരമരണത്തിന്‌റെ 25ാം വാർഷികമാണ് ഇപ്പോൾ കടന്നുപോകുന്നത്.ട്രിച്ചിയിലെ സെന്‌റ് ജോസഫ് കോളജിലെ പൂർവ വിദ്യാർഥിയായിരുന്ന ശരവണൻ 1995ൽ ബിഹാർ റെജിമെന്‌റിന്‌റെ ഭാഗമായി. ബറ്റാലിക്കിലെ ജുബാർ റി്ഡ്ജിലുള്ള പോയിന്‌റ് 4268 പിടിക്കാൻ കാർഗിൽ യുദ്ധത്തിനിടയിൽ ശരവണന്‌റെ സംഘം നിയോഗിക്കപ്പെട്ടു.

അസാമാന്യമായ ധീരത പ്രകടിപ്പിച്ചാണ് ശരവണൻ ഈ ദൗത്യമേറ്റെടുത്തത്. പാക്കിസ്ഥാന്‌റെ രണ്ട് ബങ്കറുകൾ അദ്ദേഹം തകർത്തു. പാക്ക് ഷെല്ലിങ്ങിൽ ഗുരുതരമായി പരുക്കേറ്റിട്ടും രണ്ട് ശത്രു സൈനികരെ അദ്ദേഹം വധിക്കുകയും ചെയ്തു. പടക്കളത്തിൽ പ്രകടിപ്പിച്ച അപാരമായ ധീരതയ്ക്കും നേതൃശേഷിക്കും അദ്ദേഹത്തിനു മരണശേഷം വീരചക്രം രാജ്യം നൽകി. ബറ്റാലിക്കിന്‌റെ ഹീറോ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

ട്രിച്ചി സ്വദേശിയായ ശരവണന്‌റെ പിതാവ് ലഫ്റ്റനന്‌റ് കേണൽ മാരിയപ്പൻ ഇന്ത്യൻ കരസേനയിൽ ഡോക്ടറായിരുന്നു. ചെറുപ്പകാലം മുതൽ സൈന്യത്തിൽ ചേരുകയെന്നത് ശരവണന്‌റെ ആഗ്രഹമായിരുന്നു. സൈന്യത്തിന്‌റ അഭിമാനമായ ശരവണൻ പിൽക്കാലത്ത് സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച നിരവധി യുവാക്കൾക്ക് മാർഗദീപവും പ്രചോദനവുമായി. മേയ് ആദ്യ ആഴ്ചകളിൽ കാർഗിലിൽ പട്രോളിങ് നടത്തിയ സംഘമാണ് കാർഗിലിൽ പാക്കിസ്ഥാൻ കടന്നുകയറ്റം ആദ്യമായി സേനാനേതൃത്വങ്ങൾക്ക് റിപ്പോർട്ട് ചെയ്തത്. ക്യാപ്റ്റൻ സൗരഭ് കാലിയയ്ക്കായിരുന്നു പട്രോളിങ് സംഘത്തിന്‌റെ ചുമതല.

1999 മേയ് 15ന് കാലിയയും അർജുൻ റാം, ഭൻവാർ ലാൽ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ് എന്നീ സൈനികരും നിയന്ത്രണരേഖയ്ക്ക് സമീപം പാക്ക് സൈനികരുമായി ഏറ്റുമുട്ടി. എന്നാൽ തിരകളും ആയുധങ്ങളും തീർന്നതിനാൽ ഇവർ പാക്ക് ഭടൻമാരുടെ പിടിയിലായി.മേയ് 15 മുതൽ ജൂൺ 7 വരെയുള്ള 22 ദിവസക്കാലം കാലിയയും സംഘവും പാക്ക് സൈനികരുടെ തടവിലായിരുന്നു. അതിക്രൂരമായാണ് പാക്ക് സൈന്യം ഇവരോട് പെരുമാറിയത്. യുദ്ധത്തടവുകാർക്ക് ജനീവ പ്രോട്ടോക്കോൾ പ്രകാരം നൽകേണ്ട പരിഗണനകളൊന്നും ഇവർക്ക് ലഭിച്ചില്ലെന്നു മാത്രമല്ല അതീവ മനുഷ്യത്വവിരുദ്ധമായ ക്രൂരമുറകൾക്ക് പാക്കിസ്ഥാൻ പട്ടാളം ഇവരെ വിധേയമാക്കുകയും ചെയ്തു.

മുഷറഫ് ജീവിതത്തിൽ കാണിച്ച ഏറ്റവും വലിയ അബദ്ധം എന്നാണ് കാർഗിൽ യുദ്ധത്തെക്കുറിച്ച് പാക്ക് പ്രതിരോധ ചിന്തകരും സൈനികോദ്യോഗസ്ഥരും പിൽക്കാലത്ത് വിലയിരുത്തിയത്. നാലായിരത്തിലധികം പാക്ക് പട്ടാളക്കാരാണ് യുദ്ധത്തിൽ മരിച്ചത് (ആദ്യകാലങ്ങളിൽ ഈ സംഖ്യ പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു, എന്നാൽ പിന്നീട് മുഷറഫ് ഇത് അംഗീകരിച്ചു).പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരമെന്നാണ് കാർഗിൽ യുദ്ധത്തെ, ബേനസീർ ഭൂട്ടോ വിശേഷിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com