ADVERTISEMENT

യുക്രെയ്നുമായി റഷ്യ യുദ്ധം തുടങ്ങിയ ശേഷം കര, വ്യോമ സേനകൾക്കൊപ്പം യുക്രെയ്നെ തെക്കു നിന്ന് ആക്രമിക്കാനായി റഷ്യയുടെ ബ്ലാക്ക് സീ ഫ്ലീറ്റും രംഗത്തെത്തിയിരുന്നു. നോർത്തേൺ, പസിഫിക്, കാസ്പിയൻ, ബാൾട്ടിക് എന്നിങ്ങനെ നാലു ഫ്ലീറ്റുകൾ കൂടി ബ്ലാക്ക് സീ ഫ്ലീറ്റിനു പുറമെ റഷ്യൻ നേവിക്കുണ്ട് . എന്നാൽ റഷ്യൻ നേവിക്ക് ധാരാളം തിരിച്ചടികൾ യുദ്ധത്തിൽ കിട്ടിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കരിങ്കടലിലും മറ്റും യുക്രെയ്ന്റെ ആക്രമണം റഷ്യൻ നേവിയെ നന്നായി ഉലച്ചിരുന്നു. 

ഇതിനൊപ്പം കൂനിൻമേൽ കുരുവെന്ന പോലെ റഷ്യയുടെ ഒരേയൊരു വിമാനവാഹിനി പൂർണമായി പ്രവർത്തന തടസ്സം നേരിടുന്നെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.ശേഷി കൊണ്ട് ലോകത്തെ രണ്ടാമത്തെ നാവികസേനയെന്ന ഖ്യാതിയുള്ള റഷ്യയ്ക്ക് തങ്ങളുടെ എല്ലാ ഫ്ലീറ്റിലുമായി ഒരൊറ്റ വിമാനവാഹിനിക്കപ്പലാണ് ഉള്ളത്. അഡ്മിറൽ കുസ്നെറ്റ്സോവ് എന്ന പടക്കപ്പലാണ് റഷ്യയുടെ ഏക വിമാനവാഹിനിക്കപ്പൽ. 

ശീതയുദ്ധകാലത്തിന്റെ അവശേഷിപ്പ്

കുസ്നെറ്റ്സോവ് ക്ലാസിലുള്ള ഏക കപ്പലും റഷ്യയുടെ ഏക ഫ്ലാഗ്ഷിപ്പുമായ കുസ്നെറ്റ്സോവ് ഒരു രോഗിയെന്നാണ് അറിയപ്പെടുന്നത്. ശീതയുദ്ധകാലത്തിന്റെ അവശേഷിപ്പായ കുസ്നെറ്റ്സോവ്, റഷ്യയുടെ വടക്കൻ ഫ്ലീറ്റിന്റെ ഭാഗമാണ്.വടക്കൻ ഫ്ലീറ്റിന്റെ ആസ്ഥാനമായ സെവെറോമോർസ്കിലാണ് കപ്പലിന്റെ ആസ്ഥാനവും. എന്നാൽ തുറമുഖം വിട്ട് കുസ്നെറ്റ്സോവ് പുറത്തുപോകുമ്പോൾ കെട്ടിവലിക്കാനുള്ള ടഗ്ബോട്ടുകളും, മെക്കാനിക്കുകളും യന്ത്രോപകരണങ്ങളം ഒപ്പം പോകും. എപ്പോഴാണു കുഴപ്പങ്ങളോ ബ്രേക്ക്ഡൗണുകളോ ഉണ്ടാകുന്നതെന്നറിയാനൊക്കില്ല.

2009സ്‍ തുർക്കിക്കു സമീപം ഈ കപ്പലിനു സംഭവിച്ച തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ഒരു മാസത്തിനു ശേഷം അയർലൻഡിനു സമീപം ഈ കപ്പലിൽ നിന്നു വലിയ അളവിൽ എണ്ണച്ചോർച്ചയുണ്ടായി. 300 മെട്രിക് ടൺ എണ്ണ ഇതു മൂലം കടലിലൊഴുകി.2016ൽ ഈ കപ്പലിനെ ആദ്യത്തെ യുദ്ധദൗത്യത്തിനായി 2016ൽ സിറിയയിലേക്കു നിയോഗിച്ചു. എന്നാൽ വലിയ പരാജയമായിരുന്നു ഫലം. ഒരു സുഖോയ് 33, ഒരു മിഗ് 29 എന്നീ വിമാനങ്ങൾ കപ്പലിന്റെ അപാകതമൂലം കടലിലായി നശിച്ചു.

ആദ്യപേര് റിഗ

ലാറ്റ്വിയയിലെ റിഗ എന്ന പട്ടണത്തിലാണ് കുസ്നെറ്റ്സോവ് വികസിപ്പിച്ചെടുത്തത്. അതിനാൽ തന്നെ ആദ്യപേര് റിഗ എന്നു തന്നെയായിരുന്നു. 1985ൽ നീറ്റിലിറക്കിയപ്പോൾ ലിയോനിഡ് ബ്രഷ്നേവ് എന്നു പേരു നൽകി. പിന്നീട് ടിബിലിസി (അക്കാലത്ത് സോവിയറ്റ് റിപ്പബ്ലിക്കുകളിൽ ഒന്നായ ജോർജിയയുടെ തലസ്ഥാനം) എന്ന പേരു ലഭിച്ചു. സോവിയറ്റ് യൂണിയന്റെ യഥാർഥ വിമാനവാഹിനി എന്ന നിലയിൽ വലിയ പ്രശസ്തിയും ആരാധകരും അക്കാലത്ത് കുസ്നെറ്റ്സോവിനുണ്ടായിരുന്നു.

ചരിത്രപരമായി മേഖല കേന്ദ്രീകരിച്ചുളള കരയുദ്ധങ്ങളാണു ദൗത്യമെന്ന വിശ്വസിച്ചിരുന്നവരായിരുന്നു റഷ്യ ഭരിച്ചിരുന്നത്. എന്നാൽ സോവിയറ്റ് യൂണിയൻ കരുത്താർജിച്ചതോടെ ലോകത്തെ നയിച്ച രണ്ടു ശക്തികളിൽ ഒന്നായി ഇതു മാറി.ജോസഫ് സ്റ്റാലിന് വിമാനവാഹിനിക്കപ്പലുകളിൽ അത്ര പ്രതിപത്തിയില്ലായിരുന്നു. 

എന്നാൽ, ലോകസമുദ്രങ്ങളിൽ കരുത്ത് പകരുന്ന വിമാനവാഹിനിക്കപ്പലുകൾ ആവശ്യമാണെന്നു കണ്ടറിഞ്ഞ പിൽക്കാല സോവിയറ്റ് യൂണിയൻ ക്രൂഷ്ചേവിന്റെ നേതൃത്വത്തിൽ ഇതിനായുള്ള വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.മോസ്ക്വ, ലെനിൻഗ്രാഡ് എന്നിവയിൽ തുടങ്ങിയ ആദ്യശ്രമങ്ങൾ കീവ്,മിൻസ്ക്, നോവോറോസിസ്ക്, ഗോർഷ്കോവ്, കുസ്നെറ്റ്സോവ്, വര്യാഗ്, ഉല്യാനോവ്സ്ക് തുടങ്ങിയ വിമാനവാഹിനിക്കപ്പലുകളുടെ രൂപീകരണത്തിലേക്കു നയിച്ചു.

aircraft-carrier1 - 1
Image Credit:PH2 PAUL A. VISE /Wikimedia Commons

 എന്നാൽ എൺപതുകളുടെ അവസാനത്തിൽ തുടങ്ങിയ സോവിയറ്റ് യൂണിയന്റെ തകർച്ചയിൽ റഷ്യൻ നേവിയുടെ വിമാനവാഹിനിക്കപ്പലുകൾ വിപുലപ്പെടുത്താനുള്ള പദ്ധതികളും കൂടിയാണ് പോയ്മറഞ്ഞത്. ഉല്യാനോവ്സ്ക് എന്ന മെഗാകരിയർ പദ്ധതിയും അതോടെ സ്വപ്നമായി അവസാനിച്ചു. യുഎസിന്റെ പ്രബലമായ നിമിറ്റ്സ് വിമാനവാഹിനിക്ക് ഒരു ബദലായിട്ടാണ് ഉല്യാനോവ്സ്ക് ആലോചിക്കപ്പെട്ടത്. ഇപ്പോൾ ഒരൊറ്റ വിമാനവാഹിനിക്കപ്പൽ കൊണ്ട് തൃപ്തയാകേണ്ട സ്ഥിതിയും റഷ്യയ്ക്കു വന്നു.ലോകത്തിൽ ഇന്ന് എല്ലാ രാജ്യങ്ങളിലുമായി 22 വിമാനവാഹിനികളാണു സർവീസിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com