'ജോണിന്റെ മീശക്ക് നല്ല നീളം ഉണ്ട്', റേഡിയോയിൽ ഈ വാചകം ആവർത്തിച്ചു'; നോർമാൻഡി സൈനിക ദൗത്യത്തിന്റെ ചരിത്രം

Mail This Article
'ജോണിന്റെ മീശക്ക് നല്ല നീളം ഉണ്ട്'- 1944 ജൂൺ മാസം ആറാം തിയതി പുലർച്ചെ ആറര മണിക്ക് ഫ്രാൻസിന്റെ വടക്കു പടിഞ്ഞാറൻ മേഖലകളിലെ പ്രാദേശിക റേഡിയോയിൽ ഇങ്ങനെയൊരു വാചകം ഏറെ നേരം ആവർത്തിച്ചു വന്നുകൊണ്ടിരുന്നു. ആദ്യ കേൾവിയിൽ ഏതോ ഒരു നാടകത്തിലെ ഡയലോഗ് പോലെ തോന്നിപ്പിക്കുന്ന ഒന്ന്. എന്നാൽ ആ പ്രദേശത്ത് പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ഫ്രഞ്ച് പ്രതിരോധ പോരാളികൾ ഇത് കേട്ട് ഏറെ സന്തോഷത്തോടെ പരസ്പരം ആശ്ലേഷിക്കുകയും ആഹ്ളാദ നൃത്തം ചവിട്ടുകയും ചെയ്‌തു മാസങ്ങളായിട്ട് തങ്ങൾ ക്ഷമയോടെ കാത്തിരുന്ന ആ സുദിനം വന്നു ചേർന്നു എന്നു തിരിച്ചറിഞ്ഞ അവർ ആവേശത്തോടെ തങ്ങൾ ഏറ്റെടുത്തിരിക്കുന്ന ജോലികൾ പൂർത്തീകരിക്കാനായി ഇറങ്ങി തിരിച്ചു. അപ്പോഴേക്കും അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ ഒരു വൻ സൈനീക വ്യൂഹം ഇംഗ്ലീഷ് ചാനൽ മുറിച്ചു കടന്നുകൊണ്ടു വടക്കൻ ഫ്രാൻസിലെ നോർമാൻഡി തീരത്ത് എത്തിചേർന്ന് തുടങ്ങിയിരുന്നു.
നാലു വർഷത്തിലേറെയായി തുടർന്നു കൊണ്ടിരിക്കുന്ന രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കുക എന്ന ദൃഢ നിശ്ചയത്തോടെയാണ് ഏതാണ്ട് ഒന്നര ലക്ഷത്തോളം സൈനീകരുമായി സഖ്യകക്ഷി സേന ഫ്രഞ്ച് തീരത്ത് വന്നെത്തിയിരിക്കുന്നത്. ജർമൻ അധിനിവേശത്തെ ശക്തമായി എതിരിട്ടു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യദാഹികളായ ഫ്രഞ്ച് പ്രതിരോധ പോരാളികളെ ഇതിനായി ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾ മാസങ്ങൾക്ക് മുൻപ് തന്നെ അമേരിക്കൻ- ബ്രിട്ടീഷ് ചാരന്മാർ പൂർത്തീകരിച്ചിരുന്നു.

സഖ്യകക്ഷി സേന ഫ്രഞ്ച് തീരത്ത് വന്നെത്തുമ്പോൾ ജർമൻ പ്രതിരോധം ദുർബലമാക്കുവാനായി വടക്കു പടിഞ്ഞാറൻ മേഖലയിലെ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ടെലിഫോൺ പോസ്റ്റുകളും തകർക്കുക റെയിൽവേ ട്രാക്കുകളും വാഗണുകളും നശിപ്പിക്കുക എന്നിങ്ങനെയുള്ള വിവിധ ജോലികളാണ് അവരെ ഏൽപ്പിച്ചിരുന്നത്. അത് ആരംഭിക്കുവാനുള്ള കോഡ് സന്ദേശമാണ് റേഡിയോ വഴി അവർക്ക് ലഭിച്ചതും ദൗത്യത്തിനായി ഇറങ്ങി തിരിച്ചതും. ലോക സൈനീക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അദ്ധ്യയത്തിൻ്റെ ഭാഗമാവുകയാണ് തങ്ങൾ എന്ന് ആ സമയത് ആ ധീരപോരാളികൾ തിരിച്ചറിഞ്ഞു കാണുകയില്ല
ചരിത്രം മാറ്റിയെഴുതിയ ‘ഡി-ഡേ ലാൻഡിങ്‌സ്’
രണ്ടാം ലോക മഹായുദ്ധത്തിന് അവസാനം കുറിക്കാൻ നിമിത്തമായ സുപ്രധാന സൈനീക നീക്കം എന്നതാണ് ‘ഡി-ഡേ ഓപ്പറേഷൻ , ‘ഡി-ഡേ ലാൻഡിങ്‌സ്’, ‘നോർമാൻഡി ലാൻഡിങ്‌സ്’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ വലിയ സൈനീക നടപടിയുടെ ചരിത്ര പ്രാധാന്യം . നാത്സി ജർമൻ അധീനതയിലുള്ള ഫ്രാൻസിലേക്ക് കര, ജല, വ്യോമ മാർഗങ്ങളിലൂടെ കടന്നു കയറി ജർമനിയെ പല കോണുകളിൽ നിന്ന് ആക്രമിച്ചു ബെർലിൻ കീഴ്‌പ്പെടുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണ് സഖ്യകക്ഷി സേന ഇങ്ങനെയൊരു പദ്ധതിക്ക് രൂപം നൽകിയത്. അവരുടെ ഔദ്യഗിക രേഖകളിൽ ‘ഓപ്പറേഷൻ ‘ഓവർലോർഡ്’ എന്നു നാമകരണം ചെയ്‌ത ഈ സൈനീക നീക്കത്തിന് ചുക്കാൻ പിടിച്ചത് അമേരിക്കയും ബ്രിട്ടനും സംയുക്‌തമായിട്ടായിരുന്നു.
ബ്രിട്ടന്റെ തെക്കൻ തീരത്തു നിന്ന് ആയിരത്തോളം കപ്പലുകളിലും ബോട്ടുകളിലുമായി ഇംഗ്ലീഷ് ചാനൽ കുറുകെ കടന്ന് വടക്കൻ ഫ്രാൻസിലെ നോർമാൻഡി തീരത്തുള്ള ഗോൾഡ്, ഒമാഹ, സോർഡ്, ജുനോ, യുട്ടാ എന്നിങ്ങനെ അഞ്ച് തീരങ്ങളിൽ വന്നിറങ്ങിയുള്ള ഒരു വൻ ആക്രമണ പദ്ധതിയായിരുന്നു അത്. ഹിറ്റ്ലറിനും കൂട്ടർക്കും യാതൊരു സൂചനയും നൽകാതെ വളരെ രഹസ്യമായിട്ടായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. 1944 ജൂൺ മാസം ആറാം തിയതി മാത്രം ഏതാണ്ട് ഒന്നര ലക്ഷത്തോളം സൈനികരെയാണ് അവർ ഫ്രഞ്ച് തീരത്ത് എത്തിച്ചത്. ചിലയിടങ്ങളിൽ അവർക്ക് ജർമൻ പക്ഷത്ത് നിന്ന് ശക്തമായ ആക്രമണമാണ് നേരിടേണ്ടി വന്നത്. അന്ന് മാത്രം ഇരു പക്ഷത്തുമായി ഏതാണ്ട് പതിനായിരത്തിൽ അധികം സൈനീകർക്കാണ് ജീവഹാനി സംഭിവിച്ചത്..

ജർമൻ പടയുടെ ശക്തമായ പ്രതിരോധത്തെ അതിജീവിച്ചു ഒരാഴ്ചക്ക് ശേഷം നോർമാൻഡിയിൽ സഖ്യകക്ഷി സേന സമ്പൂർണ ആധിപത്യം നേടിയെടുത്തു. അപ്പോഴേക്കും ഏതാണ്ട് രണ്ടര ലക്ഷത്തിലധികം സൈനീകർ നോർമാൻഡിയിൽ കാല് കുത്തി കഴിഞ്ഞിരുന്നു ജൂൺ അവസാന വാരത്തോടെ വന്നിറങ്ങിയ സൈനീകരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു പിന്നെ പടി പടിയയായി വന്നെത്തുന്ന സൈനികരുടെ എണ്ണം അതിശയിപ്പിക്കുന്ന തരത്തിൽ ഉയർന്ന് കൊണ്ടിരുന്നു. ആയിരത്തോളം കപ്പലുകളിലും ബോട്ടുകളിലും ഒക്കെ ആയിട്ടായിരുന്നു ഇത്രയും സൈനികരെ ആദ്യ ദിനത്തിൽ നോർമാൻഡിയിൽ എത്തിച്ചത്.
ഇതിനൊക്കെ പുറമെ ഒരു ലക്ഷത്തോളം പീരങ്കികളും ടാങ്കുകളും, അത്രയും തന്നെ കവചിത ട്രക്കുകൾ, ലക്ഷകണക്കിന് ചെറു മിലിറ്ററി വാഹനങ്ങൾ, മോട്ടോർ ബൈക്കുകൾ, ടൺ കണക്കിന് യുദ്ധ സാമഗ്രികളുമായി ആകാശ മാർഗത്തിലൂടെ കൂറ്റൻ ബാർജ് ബലൂണുകൾ, ലക്ഷകണക്കിന് മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും, പതിനായിരത്തിലേറെ മെഡിക്കൽ യൂണിറ്റുകൾ എന്നിങ്ങനെ എതിരാളികളെ അമ്പരപ്പിക്കുന്ന തരത്തിലുളള ഒരു വൻ സേന വ്യൂഹമായിട്ടാണ് സഖ്യ സേന നോർമാൻഡിയുടെ തീരത്ത് ആദിനങ്ങളിൽ വന്നണഞ്ഞത്.
ഇവർക്ക് പിന്തുണയുമായി ആയിരത്തിൽ ഏറെ ബോംബർ വിമാനങ്ങൾ ഫ്രഞ്ച് ഭൂപ്രദേശത്തെ ജർമൻ പ്രതിരോധ സംവിധാനങ്ങൾക്ക് മുകളിൽ നിരന്തരം ബോംബ് വർഷം നടത്തികൊണ്ടിരുന്നു വ്യക്തമായ ആക്രമണ പദ്ധതികളുമായി പതിനായിരത്തോളം സൈനികർ വിമാനങ്ങളിൽ നിന്ന് പാരച്യൂട്ട്കളിലൂടെ ഫ്രാൻസിന്റെ പല ഭാഗങ്ങളിലായി വന്നിറങ്ങി കൊണ്ടിരുന്നു. ചരിത്രത്തിൽ അതിനോ മുൻപ് ഇത്രയും വിപുലമായ ഒരു സൈനീക കടന്നു കയറ്റം ലോകത്തിൻ്റെ ഒരു ഭാഗത്തും നടന്നിട്ടില്ല.
‘അത് കൊണ്ട് തന്നെ എൺപതു വർഷങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവം ലോക ചരിത്രത്തിലെ ഒരു അവിസ്മരണീയ ഏടായി ഇന്നും നിലനിൽക്കുന്നു. ജൂൺ ആറിന് തുടങ്ങി ആഗസ്റ്റ് 30 വരെ നീണ്ടു നിന്ന ഈ ഓപ്പറേഷനിൽ സഖ്യകക്ഷി രാജ്യങ്ങളിലെ ആയിരക്കണക്കിന് സൈനികർക്കാണ് ജീവഹാനി സംഭവിച്ചത് നോർമാൻഡിയിൽ നിന്ന് ആരംഭിച്ച ഈ വീരോചിത പോരാട്ടം പതിനൊന്ന് മാസങ്ങൾക്ക് ശേഷം 1945 മെയ് ഏഴാം തിയതിയോടെ പൂർണ പരിസമാപ്തിയിലെത്തി ചേർന്നു;ജർമനിയുടെ നീരുപാധിക കീഴടങ്ങലിലൂടെ.
ഓപ്പറേഷൻ ‘ഓവർ ലോർഡ്’ - മുന്നൊരുക്കങ്ങൾ
1939-ൽ ജർമനിയുടെ പോളണ്ട് അധിനിവേശത്തോടെ ആരംഭിച്ച രണ്ടാം ലോക മഹായുദ്ധം അഞ്ചാം വർഷത്തിലേക്ക് കടന്ന വേളയിലായിരുന്നു സഖ്യകക്ഷി സേനകളുടെ ഈ സംയുക്ത മുന്നേറ്റമുണ്ടായത്. എന്നാൽ ഇതിനായുള്ള ഒരുക്കങ്ങൾ അതിനും വർഷങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു. 1941ന്റെ അവസാന കാലത്ത് സോവിയറ്റ് യൂണിയൻ തലവനായ ജോസഫ് സ്റ്റാലിൻ സഖ്യകക്ഷി കൂട്ടായ്മായിലെ പ്രമുഖരായ അമേരിക്കക്കും ബ്രിട്ടനും മുന്നിൽ തന്ത്രപ്രധാനമായ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചു ജർമനിയെ പ്രതിരോധത്തിലാക്കാനായി യൂറോപ്പിൻ്റെ വടക്കു പടിഞ്ഞാറൻ ഭാഗത്ത് എവിടെയെങ്കിലും മറ്റൊരു അപ്രതീക്ഷിത യുദ്ധമുന്നണി തുറക്കുക.
എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ തങ്ങളുടെ പക്ഷത്ത് മാത്രം വലിയ ആൾ നാശം സംഭവിക്കാൻ സാധ്യതയുള്ള ഈ പദ്ധതിയോട് അമേരിക്കയിലേയും ബ്രിട്ടനിലേയും രാഷ്ട്രീയ നേതൃത്വങ്ങൾ വലിയ താല്പര്യം കാണിച്ചില്ല. എന്നാൽ ഒരു വർഷത്തിനു ശേഷം ഈ ആശയം സഖ്യകക്ഷി യോഗങ്ങളിൽ വീണ്ടും ചർച്ചയായി . അതോടെ അമേരിക്കൻ പ്രസിഡ്ൻ്റെ ആയിരുന്ന ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലും ഏറെ കരുതലോടെ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുവാനുള്ള അനുമതി നൽകി. 1943 മേയ് മാസത്തിൽ വാഷിങ്‌ടണിൽ വെച്ച് നടന്ന ട്രിഡന്റെ സമ്മേളനത്തിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ഫ്രാൻസിനെജർമൻ ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായുള്ള ഒരു പദ്ധതിക്ക് രൂപം കൊടുത്തു.

അമേരിക്കൻ ജനറലായിരുന്ന ഫ്രഡറിക് മോർഗൻ ആയിരുന്നു പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. പത്ത് ലക്ഷത്തോളം വരുന്ന ഒരു റിസർവ് സൈന്യത്തെ സജ്ജമാക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളും ഇതോടെ ആരംഭിച്ചു. എന്നാൽ ബ്രിട്ടനും ഫ്രാൻസിനും ഇടയിലുള്ള ഇംഗ്ലീഷ് ചാനൽ കടന്ന് ഫ്രഞ്ച് തീരങ്ങളിൽ ഹിറ്റ്ലർ പടുത്തുയർത്തിയ ‘അറ്റ്ലാന്റിക്ക് മതിൽ’ എന്ന് വിളിപ്പേരുള്ള സുശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടക്കുക എന്നത് അപ്പോഴും ഒരു വലിയ വെല്ലുവിളിയായി തന്നെ അവർക്ക് മുന്നിൽ നിലനിന്നിരുന്നു. .
ഫ്രഞ്ച് തീരത്ത് ഇംഗ്ലീഷ് ചാനലിൻ്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ ഡോവർ സ്ട്രൈറ്റ് മേഖലയിലായിരിക്കും സഖ്യകക്ഷി സേന ഒരുപക്ഷെ വന്നു ചേരുക എന്നൊരു സംശയം ജർമൻ അധികൃതർക്ക് ഉണ്ടായിരുന്നു. അതിനാൽ ആ മേഖല മനപ്പൂർവം ഒഴിവാക്കി കൊണ്ട് ഫ്രാൻസിൻ്റെ വടക്കു പടിഞ്ഞാറൻ തീരപ്രദേശമായ നോർമാൻഡി സഖ്യകക്ഷി സേന തിരഞ്ഞെടുത്തതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടായിരുന്നു അതിൽ പ്രധാനം ഇംഗ്ലീഷ് ചാനലിലെ അൽപ്പം വീതി കൂടിയ ഭാഗം കടന്നു വേണം നോർമാൻഡിയിൽ എത്തിച്ചേരാൻ..ജർമൻ സേന അത് പ്രതീക്ഷിക്കുന്നില്ല. അവരുടെ നിരീക്ഷണ സംവിധാനങ്ങൾ അവിടെ അത്ര ശക്തമല്ല.അവിടെ നിന്ന് ചെർബെർഗ്, ഡിപ്പി എന്നീ പ്രമുഖ തുറമുഖ പട്ടണങ്ങളിലേക്ക് അതിവേഗം നീങ്ങാൻ കഴിയും. നോർമാൻഡി തീരത്തെ ചെറു കുന്നുകളും കൂറ്റൻ പാറക്കൂട്ടങ്ങളും നിറഞ്ഞ ഭൂപ്രകൃതി അൽപ്പം വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും മുന്നോട്ട് പോകാൻ തന്നെയായിരുന്നു തീരുമാനം.
1944 നവംബറിൽ നടന്ന ടെഹ്‌റാൻ സമ്മേനത്തിലാണ് ആക്രമണ പദ്ധതിയുടെ വിശദ രൂപം അവതരിപ്പിക്കപ്പെട്ടത്. പിന്നീട് കാര്യങ്ങൾ അതിവേഗം നീങ്ങി. അമേരിക്കൻ ജനറലായ ഡൈറ്റ്. ഡി. ഐസനോവർ എന്ന പരിചയ സമ്പന്നനായ അമേരിക്കൻ ജനറൽ ദൗത്യത്തിൻ്റെ സുപ്രീം കമാൻഡർ ആയി നിയമിതനായി ബ്രിട്ടീഷ് സേനയിൽ നിന്ന് ആർതർ ടെഡെർ അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടിയായും, ബെർണാർഡ് മോണ്ട്ഗോമറി കരസേനാ യൂണിറ്റുകളുടെ തലവനായും, ട്രാൻഫോർഡ് മലോറി വ്യോമ സേന വിഭാഗത്തിൻ്റെ മേലധികാരിയായും , ബെർട്രം റാംസെ നാവിക വിഭാഗത്തിന്റെ ചീഫ് കമാൻഡറായും ഇതോടൊപ്പം നിയമിതരായി. ഡിസംബർ അവസാന വാരം ബ്രിട്ടനിലെ സൈനീക ക്യാമ്പിൽ ഒത്തുകൂടിയ ഇവർ ദൗത്യത്തിന്റെ അവസാന മിനുക്ക് പണികൾക്ക് വേഗം കൂട്ടി.
ഓപ്പറേഷൻ ആരംഭിച്ചാൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ കുറഞ്ഞത് 2,40,000 സൈനികരെ എങ്കിലും ഫ്രഞ്ച് തീരങ്ങളിൽ സുരക്ഷിതമായി ഇറക്കണം. അതിനുള്ള സാഹചര്യങ്ങൾ സൃഷ്‌ടിക്കാനായി ചാര സംഘടനകളുടെ പിന്തുണയോടെ മറ്റ് പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കാൻ തുടങ്ങി. അമേരിക്കയുടെ 22, ബ്രിട്ടന്റെ 12, കാനഡയുടെ 3, പോളിഷ്, ഫ്രഞ്ച് പക്ഷത്ത് നിന്ന് ഒരോ വീതവും സൈനീക യൂണിറ്റുകളാണ് ഈ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടത്. ഇവർക്ക് പുറമെ സഖ്യകക്ഷി പക്ഷത്തെ മറ്റ് പത്തോളം രാജ്യങ്ങളും ഈ ദൗത്യത്തിൽ പങ്ക് ചേർന്നു നോർമാൻഡിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഓപ്പറേഷൻ്റെ റിഹേഴ്‌സലുകൾക്ക് വേദിയായത് ഇംഗ്ലണ്ടിലെ തീരദേശ പട്ടണമായ ഡെവൺ ആയിരുന്നു.
സഖ്യകക്ഷി സേന നോർമാൻഡിയിലേക്ക്
1944 മെയ് ഒന്നാം തിയതി ആക്രമണം ആരംഭിക്കാനായിരുന്നു പദ്ധതി. അതിനുള്ള അനുമതി റൂസ്‌വെൽറ്റിൽ നിന്നും ചർച്ചിലിൽ നിന്നും സുപ്രീം കമ്മാൻഡർ ആയ ഐസനോവേർ വാങ്ങിയെടുത്തിരുന്നു. എന്നാൽ തടസങ്ങൾ തുടർന്ന് കൊണ്ടിരുന്നു. ഫ്രഞ്ച് മണ്ണിൽ സജീവമായി പ്രവർത്തിക്കുന്ന ചാരസംഘങ്ങൾ നൽകുന്ന വിവരങ്ങൾ,ജർമൻ പ്രതിരോധ നിരയുടെ വിന്യാസങ്ങൾ , മോശം കാലാവസ്ഥ, തങ്ങളുടെ കപ്പലുകളുടെ സാങ്കേതിക തകരാറുകൾ എന്നിങ്ങനെ വ്യത്യസ്ത ഘടകങ്ങളാണ് പലപ്പോഴും അവസാന നിമിഷം ദൗത്യം നീട്ടി വെക്കാൻ സഖ്യസേന നേതൃത്വത്തെ നിർബന്ധിതമാക്കിയിരുന്നത്. ഒടുവിൽ ജൂൺ ആദ്യ വാരം ദൗത്യം ആരംഭിക്കുക എന്ന ഉറച്ച തീരുമാനത്തിൽ അവർ എത്തിച്ചേർന്നു. എന്നാൽ ശക്തമായ കാറ്റും മഴയും കടൽ ക്ഷോഭവും വീണ്ടും തടസങ്ങൾ സൃഷ്ട്ടിച്ചു.
നാലാം തിയതി പുറപ്പെടാനുള്ള തീരുമാനവും അവസാനം നിമിഷം മാറ്റിവെക്കേണ്ടി വന്നു ജൂൺ 5 ന് പുലർച്ചെ 4 മണിക്ക് ചേർന്ന യോഗത്തിലും കാലാവസ്ഥ ഇപ്പോൾ പ്രതികൂലം എന്നാൽ പിറ്റേന്ന് നല്ല തെളിച്ചമുള്ള പ്രഭാതമായിരിക്കും എന്ന റിപ്പോർട്ട് ആണ് ലഭിച്ചത്. ലോകത്തിൻ്റെ ഗതി നിർണയിക്കുന്ന ഒരു തീരുമാനമാണ് താൻ എടുക്കാൻ പോകുന്നതെന്ന് അറിയാമായിരുന്ന ഐസനോവർ ചിന്തിക്കാൻ കുറച്ചു സമയം കൂടുതൽ എടുത്ത ശേഷം. അന്ന് ഇരുട്ട് വീണ് തുടങ്ങുമ്പോൾ തന്നെ സേനാനീക്കം ആരംഭിക്കാൻ ഉത്തരവ് നൽകി. വൈകിട്ട് അഞ്ചര മണിയോടെ അൽപ്പം പ്രതികൂല കാലാവസ്ഥയെ വകഞ്ഞു മാറ്റിക്കൊണ്ട് സഖ്യകക്ഷി സേനയുടെ ആദ്യ സംഘം ഫ്രഞ്ച് തീരത്തേക്ക് നീങ്ങി തുടങ്ങി.
ലോകത്തിൻ്റെ കണ്ണുകൾ ഇപ്പോൾ നിങ്ങളിലാണ് സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നവരുടെ പ്രതീക്ഷകളും പ്രാർത്ഥനകളും നിങ്ങൾക്ക് ഒപ്പമാണ് ധീരമായി മുന്നേറുക ദൗത്യം ആരംഭിച്ച ശേഷമുള്ള ഓർഡർ ഓഫ് ദി ഡേ സന്ദേശത്തിലെ ഐസനോവറിന്റെ ഈ വാക്കുകൾ പിൽകാലത്ത് ഏറെ ശ്രദ്ധേയമായി. സംഖ്യാ കണക്ക് പ്രകാരം, അമേരിക്കയുടെ 73,000, ബ്രിട്ടന്റെ 61,715, കാനഡയുടെ 21,400 എന്നിങ്ങനെ വീതം സൈനീകരാണ് ആദ്യ ദിനം നോർമാൻഡയിലേക്ക് നിയോഗിക്കപ്പെട്ടത്. ഇതിൽ അമേരിക്കൻ സൈനീകർ ഒമാഹാ, യുട്ടാ തീരങ്ങളിലേക്കും ബ്രിട്ടീഷ് സൈന്യം ഗോൾഡ്, സോർഡ് ബീച്ചുകളിലേക്കും, കനേഡിയൻ പട ജുനോ തീരത്തേക്കുമാണ് നീങ്ങിയത്.
ജൂൺ ആറിന് പുലർച്ചെ മഴയും മൂടൽ മഞ്ഞും മൂലം ജർമൻ സൈനികർക്ക് ഫ്രഞ്ച് തീരത്ത് നിന്നുള്ള കാഴ്ച അവ്യക്തമായിരുന്നു. അവരുടെ നിരീക്ഷണ വിമാനങ്ങളൂം മോശം കാലാവസ്ഥയായതിനാൽ അന്ന് പറന്നില്ല ഇത് സഖ്യകക്ഷി സൈന്യത്തിന് ഏറെ സഹായകരമായി മാറി ശത്രുക്കൾ വളരെ അടുത്ത് എത്തിചേർന്നപ്പോൾ മാത്രമാണ് ജർമൻ പ്രതിരോധ നിര അപകടം മണത്തത്. തീരത്തേക്ക് വന്നു കൊണ്ടിരിക്കുന്ന എതിരാളികളുടെ സേനാ ബാഹുല്യം കണ്ട് ആദ്യം ഒന്ന് അമ്പരന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ അവർ പ്രതിരോധത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വിരലിലെണ്ണാവുന്ന ചുരുക്കം ചിലജർമൻ യുദ്ധ വിമാനങ്ങൾ മാത്രമേ അപ്പോൾ നോർമാൻഡി പരിസരത്ത് ഉണ്ടായിരുന്നുള്ളു. എങ്കിലും അവയെല്ലാം തന്നെ ആക്രമണത്തിനായി പറന്നുയർന്നു. ഫ്രഞ്ച് ബീച്ചുകളിൽ സഖ്യകക്ഷി സേന ഇറങ്ങാനുള്ള ശ്രമത്തെ അവർ ധീരമായി ചെറുത്തു. ഒമാഹ ബീച്ചിൽ ആയിരുന്നു ഏറ്റവും രക്ത രൂക്ഷിത പോരാട്ടം നടന്നത്. അവിടെ വന്നിറങ്ങിയ അമേരിക്കൻ സൈനീകരിൽ വലിയൊരു പങ്കും കൊല്ലപ്പെട്ടു. ശക്തമായ ജർമൻ പ്രതിരോധ നിരയായിരുന്നു അവിടുത്തെ കുന്നിൻ മുകളുകളിൽ നിലയുറപ്പിച്ചിരുന്നത്. സഖ്യസേന ഏറ്റവും സമയമെടുത്ത് കീഴ്‌പ്പെടുത്തിയ കടൽ തീരവും ഇതായിരുന്നു ഇവിടുത്തെ ഏറ്റുമുട്ടലിൽ പങ്കാളിയായ ഒരു സൈനികൻ തന്റെ അനുഭവ കുറിപ്പിൽ ‘മരണത്തിൻ്റെ വായ്’ എന്നാണ് ഒമാഹാ ബീച്ചിനെ പിനീട് വിശേഷിപ്പിച്ചത്.
ആദ്യ ദിനം മാത്രം സഖ്യകക്ഷികളുടെ 1,56,115 സൈനികർ നോർമാൻഡിയിൽ എത്തിച്ചേർന്നു. വിമാനങ്ങളിൽ നിന്ന് പാരച്യൂട്ടുകളിലൂടെ വേറെ 23,400 സൈനികരും അതേ ദിവസം ഫ്രഞ്ച് മണ്ണിൽ വന്നിറങ്ങി ജൂൺ പതിമൂന്നോടെ നോർമാൻഡിയുടെ തീരപ്രദേശങ്ങളിൽ സമ്പൂർണ ആധിപത്യം നേടിയ സഖ്യകക്ഷി സേന സാവധാനം ഫ്രാൻസിൻ്റെ ഉൾനാടുകളിലേക്ക് മുന്നേറി. അപ്പോഴും ശവശരീരങ്ങളും പരുക്കേറ്റവരേയും കൊണ്ട് നിറഞ്ഞ നോർമാൻഡിയുടെ തീരങ്ങളിലേക്ക് കയറി വന്നു കൊണ്ടിരുന്ന തിരമാലകളുടെ കടും ചുവപ്പ് നിറത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പിന്നെയും ദിവസങ്ങൾ എടുത്തു മരിച്ചവരെ തിരിച്ചറിയാനും സംസ്‌കരിക്കുവാനും. 175 ഏക്കർ വിസ്‌തൃതിയിലുള്ള അവിടുത്തെ അമേരിക്കൻ സിമിത്തേരിയിൽ മാത്രം 9,388 യു.എസ് സൈനികരാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
ഫ്രഞ്ച് മണ്ണിൽ അടിപതറി ജർമൻ സൈന്യം
വലിയ സന്നാഹ കരുത്തിൽ കൂടുതൽ കരുതലോടെ, മുന്നേറിയ സഖ്യകക്ഷി സേന ജൂൺ 26 ന് തന്ത്രപ്രധാനമായ ചെർബെർഗ് തുറമുഖ നഗരം പിടിച്ചെടുത്തു. ഇതോടെ അവിടേക്ക് വലിയ യുദ്ധ കപ്പലുകൾ അടുപ്പിക്കാവുന്ന സാഹചര്യം അവർക്ക് ഒത്തുവന്നു. താമസിയാതെ ഓഗസ്റ്റ് 15ന് ജർമൻ സൈന്യത്തെ തുരത്തി പാരീസ് നഗരം കീഴടക്കികൊണ്ട് സഖ്യസേന ഫ്രഞ്ച് മണ്ണിലെ നാത്സി പതനം ആസന്നമാക്കി. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം എന്നാണ് ഈ വാർത്ത അറിഞ്ഞ ഹിറ്റ്ലർ അന്ന് പ്രതികരിച്ചത്.
ഒരു ലക്ഷത്തിൽ അധികം വരുന്ന ഫ്രഞ്ച് സ്വാതന്ത്ര്യ പോരാളികളുടെ സഹകരണമാണ് സഖ്യകക്ഷി സേനക്ക് വലിയ കരുത്തായി മാറിയത്, ഫ്രാൻസിൽ പ്രതിരോധത്തിനായി ഹിറ്റ്ലർ നിയോഗിച്ച 'യുദ്ധ വീരൻ' ജനറൽ ഇർവിൻ റോമൽ 1944 ജൂലൈ 17ന് ബ്രിട്ടീഷ് ഫൈറ്റർ വിമാനങ്ങളുടെ ബോംബാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് വിദഗ്ദ്ധ ചികിത്സക്കായി ബെർലിനിലേക്ക് മാറ്റപ്പെട്ടു യുദ്ധതന്ത്രങ്ങളിലൂടെയും വീരചിത പോരാട്ടങ്ങളിലൂടെയും പേരെടുത്ത റോമലിന്റെ അഭാവം സഖ്യകക്ഷി സേനക്ക് ഗുണകരമായി ഭവിച്ചു
1944 ഓഗസ്റ്റ് 30ന് ഓപ്പറേഷൻ ഓവർലോർഡ് എന്ന സൈനീക നടപടി ഔദ്യോഗികമായി പരിസമാപ്തിയിലെത്തി. ഓപ്പറേഷൻ ഡ്രാഗൂൺ എന്ന് നാമകരണം ചെയ്‌ത ഇതിന്റെ രണ്ടാം ഘട്ടം 1944 ഓഗസ്റ്റ് 15 ന് തന്നെ ആരംഭിച്ചിരുന്നു. മെഡിറ്റനേറിയൻ തീരത്ത് നിന്ന് തെക്കൻ ഫ്രാൻസിലേക്ക് കടന്നുകയറി അവിടെ നിന്ന് കരമാർഗ്ഗമുള്ള ഒരു ആക്രമണ പദ്ധതിയായിരുന്നു അത്.
അപ്പോഴേക്കും ജർമൻ പക്ഷത്ത് ഒരു ലക്ഷത്തിലധികം സൈനികർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ലക്ഷത്തോളം പേർ കീഴടങ്ങുകയും ചെയ്‌തു. സഖ്യകക്ഷി ഭാഗത്ത് 35,000 ൽ അധികം സൈനികർക്ക് ജീവഹാനി സംഭവിച്ചു കഴിഞ്ഞിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം ഫ്രാൻസിനെ പൂർണ നിയന്ത്രണത്തിലാക്കിയ സഖ്യകക്ഷി സേന തുടർന്ന് ജർമൻ നഗരങ്ങളിലേക്ക് മാർച്ച് ചെയ്യുകയും 1945 ഏപ്രിൽ - മേയ് മാസങ്ങളിൽ ജർമനിയെ അടിയറവ് പറയിക്കുകയും ചെയ്‌തു. അങ്ങനെ ‘ഓപ്പറേഷൻ ഓവർലോർഡ്’ എന്ന അതി വിപുലമായ സൈനീക ദൗത്യത്തിൻ്റെ ആത്യന്തിക ലക്‌ഷ്യം സാക്ഷാത്കരിക്കപ്പെട്ടു. .
സഖ്യകക്ഷി സേന നോർമാൻഡിയിൽ തന്നെ വന്നിറങ്ങും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലാതിരുന്ന ഒരു ജനറൽ ജർമൻ പ്രതിരോധ സേനയിൽ ഉണ്ടായിരുന്നു. ജനറൽ എറിച്ച് മാർക്‌സ്. ഹിറ്റ്ലർ ഭരണകൂടത്തിലെ പ്രധാനികളെല്ലാം അദ്ദേഹത്തിന്റെ വാദങ്ങൾ തള്ളി കളഞ്ഞെങ്കിലും നോർമാൻഡിയിൽ നിരീക്ഷണം തുടരാൻ മാർക്‌സ് മുൻകൈ എടുത്തിരുന്നു. ആ മുന്നൊരുക്കമാണ് സഖ്യകക്ഷി സേനക്ക് ഫ്രഞ്ച് തീരത്ത് ചില തടസങ്ങൾ സൃഷ്ട്ടിച്ചത് ശത്രുക്കളുടെ മുന്നേറ്റം തടയാൻ നോർമാൻഡിയിലെ യുദ്ധ ഭൂമിയിലേക്ക് നേരിട്ട് ഇറങ്ങിയ അദ്ദേഹം 1944 ജൂൺ 12 ന് എതിർപക്ഷത്തിൻ്റെ വ്യോമാക്രമണത്തിൽ കൊലപ്പെടുകയാണ് ഉണ്ടായത്
ഇന്നും ജ്വലിക്കുന്ന ഓർമ്മകളിൽ നോർമാൻഡി തീരം
നോർമാൻഡിയിലെ ഡി-ഡേ സംഭവത്തെ ആസ്പദമാക്കി നിരവധി സിനിമകൾ പിൽകാലത്ത് വരികയുണ്ടായി. ഇതിൽ 1962ൽ പുറത്തിറങ്ങിയ ‘ദി ലോങ്ങസ്റ്റ് ഡേ’ എന്ന ചിത്രവും സ്റ്റീവൻ സ്പിൽബെർഗ് ഒരുക്കിയ ‘സേവിങ് പ്രൈവറ്റ് റയാൻ’ (1998) എന്ന ചിത്രവും എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു.
1964ൽ ‘ഡി-ഡേ’ യുടെ ഇരുപതാം വാർഷിക വേളയിൽ ഐസനോവർ നോർമാൻഡി സന്ദർശിച്ചിരുന്നു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾക്ക് വളരെ വൈകാരികമായ ജ്വലിക്കുന്ന ഓർമ്മയാണ് നോർമാൻഡി ലാൻഡിങ്‌സ് എന്ന ഈ ചരിത്ര സംഭവം. അതുകൊണ്ട് തന്നെ എല്ലാ വർഷവും ഇവിടെ അന്തിയുറങ്ങുന്ന സൈനികരെ സ്‌മരിക്കാനായി ഈ രാജ്യങ്ങളിലെ ഭരണ പ്രമുഖരും സൈനീക മേധാവികളും നോർമാൻഡിയിൽ എത്തുന്നതും ജീവിച്ചിരിക്കുന്ന ധീര യോദ്ധാക്കളെ പ്രത്യേകമായി ആദരിക്കുന്നതും പതിവാണ്. .
ഇത്തവണ എൺപതാം വാർഷിക വേളയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡെൻ, ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ്, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ, കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് എന്നിവർ പങ്കെടുത്ത ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. അതിൽ ഒരു കാഴ്ച ഏറെ ശ്രദ്ധേയമായി. ‘ഡി-ഡേ’ ദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഇംഗ്ലീഷ് ചാനൽ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിൽ നിന്നും യൂണിഫോം ധരിച്ചു വെള്ളത്തിലൂടെ നടന്നു വരുന്ന പഴയ സഖ്യകക്ഷി രാജ്യങ്ങളിലെ ഇപ്പോഴത്തെ യുവ സൈനികർ. 80 വർഷങ്ങൾക്ക് മുൻപ് അരങ്ങേറിയ അതേ രംഗം അതേ സ്ഥലത്ത്. ഒരു വ്യത്യസം മാത്രം തോക്കുകൾക്ക് പകരം അവർ കൈകളിൽ ഏന്തിയിരുന്നത് പൂച്ചെണ്ടുകൾ ആയിരുന്നു എന്നു മാത്രം.