ADVERTISEMENT

1914 ജൂൺ 28, യൂറോപ്യൻ നഗരമായ സാരയേവോയിൽ (ഇന്നത്തെ ബോസ്നിയയുടെയ തലസ്ഥാനം) വച്ച് ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ കിരീടാവകാശിയായ ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനൻഡിനെയും ഭാര്യ സോഫിയെയും സെർബ് വംശജനായ ഗാവ്റിലോ പ്രിൻസെപ് വെടിവച്ചു കൊന്നു. തുടർന്ന് സെർബിയയും ഓസ്ട്രിയയും യുദ്ധം തുടങ്ങി. കൂടുതൽ രാജ്യങ്ങൾ ചേരിപിടിക്കുകയും യുദ്ധം മുറുകുകയും ചെയ്തു. ഒരു ചേരിയുടെ നേതൃത്വം റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ ശക്തികളും, മറുചേരിയുടേത് ഇറ്റലിയും ജർമനിയും ഓസ്ട്രിയയും ഏറ്റെടുത്തു .ശേഷം ചോരപ്പുഴകളും മൃതശരീരങ്ങളും യുദ്ധഭൂമികളിൽ നിറ‍ഞ്ഞു. ഫ്രാൻസ് ഫെർഡിനൻഡ് വെടിയേറ്റു മരിച്ചത് ശാപം മൂലമാണ് പറയുന്നവരുണ്ട്. ഒരു കറുത്ത റോസാപ്പൂവിന്റെ ശാപം.

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് അക്കാലത്ത് ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. പ്രാഗിനു സമീപം അതിപ്രശസ്തമായ ഒരു കൊട്ടാരമുണ്ട്....കോനോ പിസ്റ്റേ(Konopiste Castle). പതിമൂന്നാം നൂറ്റാണ്ടിൽ ഗോഥിക് രീതിയിൽ പണികഴിപ്പിച്ച ഈ കൊട്ടാരം പിന്നീട് ഫ്രാൻസ് ഫെർഡിനാൻഡിന്റെ താമസസ്ഥലമായി മാറി. ഇതിനു ചുറ്റും വലിയ ഒരു റോസ് ഗാർഡൻ അദ്ദേഹം പണികഴിപ്പിച്ചു.

അപൂർവമായി ഒട്ടേറെ തരം റോസാച്ചെടികളും പുഷ്പങ്ങളും ഇവിടെ നിറഞ്ഞു. 1907ൽ അദ്ദേഹം ഒരു ഇംഗ്ലിഷ് സസ്യശാസ്ത്ര വിദഗ്ധനെ ജോലിക്കെടുത്തു. ഒരേയൊരു ജോലിയാണ് ഈ വിദഗ്ധന് ഉണ്ടായിരുന്നത്. ഫെർഡിനാൻഡിന്റെ ഉദ്യാനത്തിൽ ഒരു പ്രത്യേക റോസാപുഷ്പം വേണം...കറുത്ത നിറമുള്ള പുഷ്പം .അത് ഏതു വിധേനയും സൃഷ്ടിച്ചെടുക്കണം. സസ്യശാസ്ത്ര വിദഗ്ധൻ ആത്മാർഥമായി ഗവേഷണം നടത്തി. ഏഴു വർഷങ്ങളുടെ ഗവേഷണം ഒടുവില്‍ ഫലപ്രാപ്തിയിലെത്തി.

rose-bloomn - 1

കോനോപിസ്റ്റേയിൽ കറുത്ത റോസാപ്പൂവ് വിടർന്നു. എന്നാൽ പുഷ്പം കണ്ട പ്രഭുക്കളും മറ്റ് അഭ്യുദയകാംക്ഷികളുമെല്ലാം അതിനെ എത്രയും പെട്ടെന്ന് ഉപേക്ഷിക്കാൻ ഫെർഡിനൻഡിനെ നിർബന്ധിച്ചു. കാരണം, അന്നത്തെ വിശ്വാസപ്രകാരം കറുത്ത റോസാപുഷ്പങ്ങൾ മരണത്തിന്റെയും യുദ്ധത്തിന്റെയും പ്രതീകങ്ങളായിരുന്നു. ഇവയുടെ ശാപം അതിഭയങ്കരമാണത്രേ. പക്ഷേ ഇതൊന്നും വിശ്വസിക്കാതെ ഫ്രാൻസ് ഫെർഡിനൻഡ് റോസാച്ചെടി തന്റെ പൂന്തോട്ടത്തിൽ നട്ടു. ഒടുവിൽ ശാപഗ്രസ്തനായ അദ്ദേഹത്തിനു വെടിയേൽക്കുകയും ചെയ്തത്രേ...കഥയിങ്ങനെയാണ്. ഇതു സത്യമാണോ? ഏതായാലും കറുത്ത റോസാപുഷ്പങ്ങളുണ്ടോയെന്ന അന്വേഷണം പലരും നടത്തിയിട്ടുള്ളതാണ്. 

തുർക്കിയിലെ ഹാൽഫെറ്റി എന്ന പ്രദേശത്ത് കറുത്ത റോസാപ്പൂക്കൾ ഉണ്ടത്രേ. ഭൂമിയിൽ ഇവിടെ മാത്രമാണ് ഈ നിറത്തിലുള്ള പുഷ്പങ്ങളുള്ളതെന്നും പ്രചരിച്ചു. ഹാൽഫെറ്റിയിലെ പ്രത്യേക തരം മണ്ണും മറ്റ് കാലാവസ്ഥാ സവിശേഷതകളുമാണ് ഈ കറുപ്പ് നിറത്തിനു കാരണം. ഇവ കാണുവാനായി ഒട്ടേറെ സഞ്ചാരികൾ ഹാൽഫെറ്റിയിലേക്കു പോകുകയും ചെയ്തു. എന്നാൽ പോയവരിൽ പലരും നിരാശരായി. ഇത് ഇന്റർനെറ്റിൽ ഓടിയ ഒരു വ്യാജപ്രചാരണമാണെന്ന് പലരും പറയുന്നു. ചിത്രങ്ങൾ പലതും ഫോട്ടോഷോപ്പ് ചെയ്തവയായിരുന്നു. ബ്ലാക്ക് ജേഡ്, ബ്ലാക്ക് മാജിക്, ബ്ലാക്ക് ബക്കാര, മിഡ്നൈറ്റ് ബ്ലൂ റോസ് തുടങ്ങിയ റോസ വകഭേദങ്ങൾ ആളുകൾ കറുത്ത റോസാപ്പൂക്കളായി തെറ്റിദ്ധരിക്കാറുണ്ടെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇവ കറുത്ത പുഷ്പങ്ങളല്ല, മറിച്ച് ചുവന്ന നിറത്തിന്റെ അളവു കൂടിപ്പോയതിനാ‍ൽ ഇരുണ്ട പ്രതീതി സൃഷ്ടിക്കുന്നവയാണ്. കറുപ്പ് നിറത്തിലുള്ള റോസാപുഷ്പങ്ങൾ സാധ്യമല്ല, കാരണം, റോസാച്ചെടികളുടെ ജനിതകം ഇതിന് അനുവദിക്കുന്നില്ല. 

അനേകം വിനാശകാരികളായ ആയുധങ്ങൾ പ്രയോഗിക്കപ്പെട്ട യുദ്ധമായിരുന്നു ഒന്നാം ലോകയുദ്ധം.  യൂ–ബോട്ട് എന്ന ജർമനിയുടെ അന്തർവാഹിനികൾ പ്രശസ്തമായിരുന്നു.16 ടോർപിഡോകൾ, 39 സൈനികർ എന്നിവരെ വഹിക്കാവുന്ന ഇവ ശത്രുക്കളുടെ കപ്പലുകൾ മുക്കുന്നതിൽ ജർമൻ നാവികസേനയ്ക്ക് മുൻകൈ നേടിക്കൊടുത്തു.വായു നിറച്ച ഭീമൻ എയർഷിപ്പുകൾ ബോംബ് വർഷിക്കാനായി ഉപയോഗിച്ചുപോന്നു.ജർമനി വികസിപ്പിച്ച സെപ്പലിൻ എന്ന എയർഷിപ്പാണ് ഇക്കൂട്ടത്തിൽ പ്രശസ്തം.കരയുദ്ധങ്ങളിൽ ടാങ്കുകൾ വ്യക്തമായ മേധാവിത്വം നിലനിർത്തി. മാർക് 4, 5 എന്നീ വിഭാഗങ്ങളിലുള്ള ടാങ്കുകളായിരുന്നു ബ്രിട്ടിഷ് സേനയുടെ കൈവശം.എ7വി എന്ന ഭീമൻ ടാങ്ക് ജർമനിയും അവതരിപ്പിച്ചു.സൈലിൽ ബ്രോമൈഡ്, ഇഥൈൽ ബ്രോമോ അസറ്റേറ്റ്,ക്ലോറിൻ, ടിയർ ഗാസ് , ഫോസ്ജീൻ തുടങ്ങിയ വാതകരൂപത്തിലുള്ള ആയുധങ്ങൾ ലക്ഷക്കണക്കിനു പേരുടെ മരണത്തിന് ഇടയാക്കി.ന്യൂപോർട്ട് 12,ഗോഥ ജിവി,ഹാൻഡ്ലി,ബ്രിസ്റ്റൾ,സോപ്വിത്ത് ഡോൾഫിൻ,മാർട്ടിൻ സൈഡ് തുടങ്ങിയ വിമാനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിൽ അണിനിരന്നു.ജർമനിയുെട ഫോക്കർ സ്കർജ് എന്ന വിമാനമായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം.

foccer - 1
Image Credit: Public domain, via Wikimedia Commons

യുദ്ധത്തിനുശേഷം ജർമനി, ഒട്ടോമൻ തുർക്കി, ഓസ്ട്രിയ– ഹംഗറി,റഷ്യ സാമ്രാജ്യങ്ങൾ തകർന്നു.കൊളോണിയൽ വാഴ്ചയ്ക്കെതിരെ ദേശീയപ്രസ്ഥാനങ്ങൾ ഉണർവ് ആർജിച്ചു.യൂറോപ്യന് രാജ്യങ്ങൾ കടക്കെണിയിൽ, യുഎസ് പുതിയതാരമായി. 2.5 കോടി ജനങ്ങളെ കൊന്നൊടുക്കിയ പനിബാധ യുദ്ധം കൊണ്ടുണ്ടായി. സാങ്കേതികവിദ്യ പുരോഗമിച്ചു. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലും വ്യവസായത്തിലും പ്രാതിനിധ്യം ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com