ADVERTISEMENT

മനസിൽ തിരതല്ലിയ ആഹ്‌ളാദവും സന്തോഷവും പുറത്തു കാണിക്കാതെ ബെർഗും ഹെഫ്തനും അതിവേഗം അവിടെ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചു. വഴി മദ്ധ്യേ രണ്ടു സുരക്ഷാ കവാടങ്ങളും ഇവർക്ക് മുന്നിൽ തടസമായി നിന്നെങ്കിലും ബർഗിന്റെ കാർക്കശ്യ നിലപാടിൽ ഗാർഡുകൾ ഗേറ്റുകൾ തുറക്കാൻ നിർബന്ധിരായി. സമീപത്തെ റാസ്റ്റൻബെർഗ് എയർ ബെയ്‌സിലേക്ക് പോകും വഴി ഉപയോഗിക്കാൻ സാധിക്കാതിരുന്ന ആ രണ്ടാമത്തെ ബോംബ് ഹെഫ്‌തെൻ വനത്തിനുള്ളിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇരുവരും വിമാനത്തിൽ കയറി ബെർലിൻ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.

എന്നാൽ ബെർഗ് കോൺഫറൻസ് മുറിയിൽ നിന്ന് വെളിയിൽ ഇറങ്ങിയ സമയത്ത് മറ്റൊരു കാര്യം അതിനകത്ത് സംഭവിച്ചിരുന്നു. ഹിറ്റ്ലറിന് സമീപം നിന്നിരുന്ന ഹെയിൻസ് ബ്രാൻഡിറ്റ് എന്ന ഉദ്യോഗസ്ഥൻ മറ്റൊരു വശത്തേക്ക് നീങ്ങിയപ്പോൾ അയാളുടെ കാൽ മേശക്കടിയിൽ വച്ചിരുന്ന ആ ബാഗിൽ തട്ടി, ബാഗ് മറിഞ്ഞു. അത് അയാൾ എടുത്ത് അൽപ്പം ഉളിലേക്ക് മാറ്റിവച്ചു. അതോടെ ബോംബിന്റെ സ്ഥാനം ഹിറ്റ്ലർ നിന്നിരുന്ന ഭാഗത്ത് നിന്ന് മറുവശത്തേക്ക് മാറി.

ശരിക്കും ആ ഒരു പ്രവർത്തിയാണ് ഹിറ്റ്ലറിന്റെ ജീവൻ രക്ഷിച്ചത്. വിശാലമായ മേശയുടെ കനമുള്ള ഉപരിഭാഗവും അതിന്റെ കരുത്തുറ്റ വലിയ പാദഭാഗവും സ്ഫോടനത്തിന്റെ ആഘാതം ഒരു പരിധി വരെ തടുഞ്ഞു നിർത്തി. നിസാര പരുക്കുകളോടെ ഹിറ്റ്ലർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നാൽ ബ്രാൻഡിറ്റ് അടക്കം 4 ജൂനിയർ ഓഫീസർമാർ സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയും ഉയർന്ന ഉദ്യോഗസ്ഥരടക്കം ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. 

An undated portrait of German Nazi Chancellor Adolf Hitler (1889-1945). After Hitler was made Chancellor in January 1933 he suspended the constitution, silenced opposition, exploited successfully the burning of the Reichstag (Parliament) building, and brought the Nazi Party to power. AFP PHOTO (Photo by HEINRICH HOFFMANN / FRANCE PRESSE VOIR / AFP)
An undated portrait of German Nazi Chancellor Adolf Hitler (1889-1945). After Hitler was made Chancellor in January 1933 he suspended the constitution, silenced opposition, exploited successfully the burning of the Reichstag (Parliament) building, and brought the Nazi Party to power. AFP PHOTO (Photo by HEINRICH HOFFMANN / FRANCE PRESSE VOIR / AFP)

സ്ഫോടനം നടന്ന ഉടനെ അവിടുത്തെ കമ്യൂണിക്കേഷൻസ് വിഭാഗം തലവനും വിമത സംഘാഗവുമായ എറിക് ഫെൽജിബൽ ടെലിഫോൺ - വിനിമയ സംവിധാനങ്ങൾ മുഴുവൻ വിച്ഛേദിക്കാൻ നിർദ്ദേശിച്ചു, സ്ഫോടന വിവരം പുറത്തേക്ക് പോകാതിരിക്കാനും കൂടുതൽ സഹായങ്ങൾ അവിടേക്ക് എത്താതിരിക്കാനും വേണ്ടിയാണ് അയാൾ അങ്ങനെ ചെയ്‌തത്‌, ഇതിനിടയിൽ ബെർലിനിലെ അട്ടിമറി സംഘത്തിന് അയാൾ ഒരു രഹസ്യം സന്ദേശം അയച്ചു. “ഭയാനകമായ ചിലത് സംഭവിച്ചിരിക്കുന്നു. ഫ്യുറർ (ഹിറ്റ്ലർ) ജീവിച്ചിരിക്കുന്നു.” തങ്ങൾ പരാജപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ ബെർലിനിലെ പ്രതിരോധ-അട്ടിമറി സംഘം ഇതോടെ വലിയ ആശയക്കുഴപ്പത്തിലായി. മികച്ച തയാറെടുപ്പകളോടെ നടത്തിയ ഈ ദൗത്യം വിജയിക്കുമെന്ന് പൂർണമായി വിശ്വസിച്ചിരുന്ന അവർക്ക് ‘പ്ലാൻ ബി’ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

സ്‌ഫോടനത്തിൽ ഹിറ്റ്ലർ കൊല്ലപ്പെട്ടു എന്ന വിശ്വാസത്തോടെ ബെർലിനിൽ മടങ്ങിയെത്തിയ ബെർഗ് വിമാനത്താവളത്തിൽ നിന്ന് തന്റെ സഹപ്രവർത്തകരെ വിളിച്ചു കാര്യങ്ങൾ ആരാഞ്ഞു. ഹിറ്റ്ലർ കൊല്ലപ്പെട്ടിട്ടല്ലെന്നും ചില ആശയക്കുഴപ്പങ്ങൾ ഉണ്ടെന്നുമായിരുന്നു അവരുടെ മറുപടി. ക്ഷുഭിതനായ ബെർഗ് സഹപ്രവർത്തകർ ക്യാമ്പ് ചെയ്‌തിരുന്ന ബെൻഡ്‌ലെർ ബ്ലോക്ക് എന്ന സൈനിക കേന്ദ്രത്തിൽ എത്തിചേർന്ന ശേഷം മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരമുള്ള നടപടികൾ ആരംഭിക്കുവാൻ ജനറൽ ഫ്രോമിനോട് ആവശ്യപ്പെട്ടു. എന്നാൽ ഹിറ്റ്ലർ ജീവനോടെയുണ്ട് എന്ന് തിരിച്ചറിഞ്ഞ അയാൾ അവരെ അനുസരിക്കാൻ തയാറാകാതിരുന്നതോടെ ബെർഗും മറ്റ് സംഘാംഗങ്ങളും ചേർന്ന് ഫ്രോമിനെ അറസ്റ്റ് ചെയ്തത് തടവിലാക്കി. അതിനു ശേഷം ഓപ്പറേഷൻ ‘വാൽകിറി’ ’നടപ്പിലാക്കിയതായി പ്രഖ്യാപിച്ച ബെർഗ് റിസർവ് സൈന്യത്തോട് ബെർലിനിലെ എസ് എസ് ആസ്ഥാനം റെയ്‌ഡ്‌ ചെയ്തത് ഹിറ്റ്ലർ അനുകൂലികളെയെല്ലാം തടവിലാക്കാൻ നിർദ്ദേശിച്ചു.

അഡോൾഫ് ഹിറ്റ്‌ലർ (Photo from Archive)
അഡോൾഫ് ഹിറ്റ്‌ലർ (Photo from Archive)

മേജർ റെമർ എന്ന ഉദ്യോഗസ്ഥൻ നാത്സി നേതാക്കളെ അറസ്റ്റ് ചെയ്യുവാനായി നിയോഗിക്കപ്പെട്ടു. എന്നാൽ ഹിറ്റ്ലർ ഭരണകൂടത്തിലെ പ്രധാനിയായ ജോസഫ് ഗീബൽസിനെ അറസ്‌റ്റ് ചെയ്യാനായി എത്തിയ റെമെറിനെ കാത്തിരുന്നത് ഹിറ്റ്ലറുടെ നേരിട്ടുള്ള ഒരു ഫോൺ കോൾ ആയിരുന്നു. രാത്രി 7 മണിയോടെ സ്ഫോടനത്തിന്റെ ആഘാതത്തിൽ നിന്ന് പൂർണമായി മുക്തനായ ഹിറ്റ്ലർ ബെർലിനിലെ അട്ടിമറി ശ്രമം നീരിക്ഷിച്ചു വരികയായിരുന്നു. ഈ സങ്കീർണ ഘട്ടത്തിൽ തനിക്കൊപ്പം നിൽക്കുവാനും പ്രശ്‌നക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യുവാനും ഹിറ്റ്ലർ റെമെറിനോട് ആവശ്യപ്പെട്ടു. ‘ഫ്യുറർ’ (ഹിറ്റ്ലർ) ജീവനോടെയുണ്ട് എന്ന് ബോധ്യമായതോടെ റെമെർ പൊടുന്നനെ മറുചേരിയിലേക്കു ചാഞ്ഞു.

എതിരാളികളെ അറസ്റ്റ് ചെയ്യാൻ പോയ അതേ സൈനിക സംഘവുമായി റെമർ തിരികെ ബെൻഡ്‌ലെർ ബ്ളോക്കിൽ കടന്നു കയറുകയും ഏറ്റുമുട്ടലിനു ശ്രമിച്ച പ്രതിരോധ സംഘത്തിലെ പ്രധാനികളെ കീഴ്‌പ്പെടുത്തിയ ശേഷം ജനറൽ ഫ്രോമിനേയും കൂട്ടരെയും മോചിപ്പിക്കുകയും ചെയ്‌തു. ചെറുത്ത് നിൽപ്പിനു തുനിഞ്ഞ ബെർഗിന് കൈയിൽ വെടിയേൽക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്‌തു. അന്നു രാത്രി 11 മണിയോട് കൂടി ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടു നിന്ന അട്ടിമറി ശ്രമത്തിന്‌ അങ്ങനെ തിരശീല വീണു. ജനറൽ ഫ്രോമിന്റെ പൂർണ നിയന്ത്രണത്തിലേക്ക് കാര്യങ്ങൾ എത്തിചേർന്നു. 

Heinrich Hoffmann, Public domain, via Wikimedia Commons/ 	
Metro Goldwyn Mayer Movie Scene
Heinrich Hoffmann, Public domain, via Wikimedia Commons/ Metro Goldwyn Mayer Movie Scene

കൊലപാതക പരമ്പരകളുടെ ആരംഭം

സംഭവ സമയത്ത് ബെൻഡ്‌ലെർ ബ്ലോക്ക് സമുച്ചയത്തിൽ ഉണ്ടായിരുന്ന ല്യൂഡിഗ് ബെക്ക്, വോൺ ക്വിർഹെം, ഫ്രഡറിച്ച് ഓൾബ്രിചറ്റ്‌, സ്റ്റാഫെൻ ബെർഗ്, വോൺ ഹെഫ്‌തെൻ എന്നിവരെ ഉടനെ തന്നെ വെടിവച്ചു കൊല്ലാനായിരുന്നു ഫ്രോമിന്റെ നിർദേശം. അറസ്റ്റ് ചെയ്യാൻ മാത്രമാണ് ഹിറ്റ്ലറിന്റെ നിർദ്ദേശമെന്ന് റെമെർ ഓർമിപ്പിച്ചുവെങ്കിലും അയാൾ അത് ചെവികൊണ്ടില്ല. പിടിക്കപ്പെട്ടവർ ജീവനോടെ ഗെസ്റ്റപ്പോയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടാൽ അട്ടിമറിയിൽ തനിക്കുള്ള പങ്കും വെളിയിൽ വരുമെന്നതായിരുന്നു ഫ്രോമിനെ ആശങ്കപ്പെടുത്തിയത്.

തന്റെ മുൻ സീനിയർ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ബെക്കിന് അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം ആത്മഹത്യ ചെയ്യാനായി അയാളുടെ തന്നെ റിവോൾവർ മടക്കി നൽകി. മറ്റ് നാലു പേരെയും താഴെ കെട്ടിടത്തിന് മുന്നിലുള്ള ഉദ്യാനത്തിലേക്ക് ഫ്രോമിന്റെ നേതൃത്വത്തിൽ കൊണ്ടു പോയി. മുറി വിട്ടു ഇറങ്ങുന്നതിനു മുൻപ് ബെക്ക് മരിച്ചു എന്ന് ഉറപ്പു വരുത്താനായി ഒരു ഗാർഡിനെ ചുമതലപ്പെടുത്തിയിരുന്നു. ആത്മഹത്യ ശ്രമത്തിന്‌ തയ്യാറായി കൊണ്ടിരുന്ന ബെക്കിനെ ആ ഗാർഡ് പിന്നിൽ നിന്ന് വെടിവെച്ചു കൊലപ്പെടുത്തി. ജൂലൈ 21 പുലർച്ചെ 12.30 ന് ജനറൽ ഫ്രോമിന്റെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരെയും ഉദ്യാനത്തിന്റെ മതിലിന് സമീപം നിരത്തി നിർത്തിയ ശേഷം ഫയറിങ് സ്‌ക്വാഡ് വെടിവയ്ക്കാനായി അണിനിരന്നു.

ഓൾബ്രിചറ്റ്‌ ആണ് ആദ്യം വെടിയേറ്റ് വീണത്. തൊട്ട് പിന്നാലെ ക്വിർഹെമും ബുള്ളറ്റുകളേറ്റ് വീണു. മൂന്നാമതായിട്ടാണ് ബെർഗിന് നേർക്ക് തോക്കുകൾ ഗർജ്ജിച്ചത്. അവസാന നിമിഷത്തിലും തന്റെ കൂറും വിശ്വസ്തതയും പ്രഖ്യാപിക്കുന്ന രീതിയിൽ വെടിയുതിർക്കുന്നതിനു തൊട്ട് മുൻപ് ഹഫ്‌തെൻ ബെർഗിന് മുന്നിൽ വട്ടം കയറി നിന്നു. ജർമനിക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് ബെർഗ് മരണം വരിച്ചത്. പവിത്രമായ ജർമനി നീണാൾ വാഴട്ടെ അതായിരുന്നു അവസാന വാചകം. ഏതാണ്ട് ഇതേ സമയത്ത് പോളണ്ടിൽ യുദ്ധ മുന്നണിയിൽ വച്ച് ഹെന്നിങ് വോൻ ട്രെസ്‌കോവ് ഗ്രനേഡ് പൊട്ടിച്ചുകൊണ്ട് ആത്മഹത്യ ചെയ്‌തു.

എന്നാൽ ഹിറ്റ്ലർ തന്റെ വേട്ട ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജനറൽ ഫ്രോമുൾപ്പെടെ ഗൂഢസംഘത്തോടൊപ്പം പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്തത് ഒട്ടുമിക്ക എല്ലാവരും തന്നെ പിടിയിലായി. ഒട്ടേറെപ്പേർ പിടികൊടുക്കാതെ ആത്മഹത്യ ചെയ്‌തു. രണ്ടു മാസങ്ങൾക്കുള്ളിൽ ഏതാണ്ട് ഏഴായിരത്തിൽ അധികംപേർ അറസ്റ്റ് ചെയ്യപ്പെട്ടു. അയ്യായിരത്തോളം പേർ പിന്നീട്ട് പല ഘട്ടങ്ങളിലായി വധിക്കപ്പെട്ടു. (ഔദ്യോഗിക കണക്ക് പ്രകാരം - 4,950) ഇതിൽ ഉയർന്ന റാങ്കിലുള്ള ഇരുന്നൂറോളം ഉദ്യാഗസ്ഥരുമുണ്ട്. പലരും നീണ്ട വിചാരണകൾക്കും കൊടിയ പീഡനങ്ങൾക്കും വിധേയരായി. ഇതിൽ ബഹു ഭൂരിപക്ഷവും സൈനിക അനുബന്ധ മേഖലകളിൽ പ്രവർത്തിച്ചിരുന്നവർ തന്നെയായിരുന്നു.

പ്രതിരോധ സംഘത്തിലെ പ്രധാനികളുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഹിറ്റ്ലറുടെ പ്രതികാര ദാഹത്തിന് ഇരയായി. സ്റ്റാഫെൻ ബെർഗിന്റെ ഭാര്യ നീന യുദ്ധം അവസാനിക്കും വരെ തടവിലായിരുന്നു. എന്നാൽ ഈ അട്ടിമറി ശ്രമത്തിൽ പങ്കെടുക്കുകയും ഗെസ്റ്റെപ്പോയ്‌ക്കോ മറ്റ് അന്വേഷണ സംഘങ്ങൾക്കോ പിടികൊടുക്കാതെ സമർത്ഥമായി ഒഴിഞ്ഞുമാറിയ പലരുമുണ്ട്. കൊല്ലപ്പെട്ടവരിലും അറസ്റ്റ് ചെയ്യപ്പെട്ടവരിലും ഒരുപാട് നിരപരാധികൾ ഉണ്ടായിരുന്നു എന്ന് ചുരുക്കം.

നാത്സി ഭരണകാലത്ത് ചെറുതും വലുതുമായ ഏതാണ്ട് നാൽപതിലധികം വധശ്രമങ്ങളാണ് ഹിറ്റ്ലർക്ക് നേരെ ഉണ്ടായത്. സ്ഥിരതയില്ലാത്ത ചില സ്വഭാവരീതികൾ ഹിറ്റ്ലറുടെ സവിശേഷത ആയിരുന്നു. വിളിച്ചു ചേർത്ത യോഗങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുക, യാത്ര പരിപാടികൾ മാറ്റിവയ്ക്കുക, പ്രസംഗങ്ങൾ വെട്ടി ചുരുക്കുക, എന്നിങ്ങനെ തീർത്തു പ്രവചനാതീതമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റ രീതികൾ. എല്ലാ വധശ്രങ്ങളിൽ നിന്നും അയാളെ രക്ഷപ്പെടുത്തിയതും ഈ സ്വഭാവ സവിശേഷത തന്നെയായിരുന്നു. എന്നിരുന്നാലും ഈ ദൗത്യം പരാജയപ്പെട്ട് ഒൻപത് മാസങ്ങൾക്ക് ശേഷം ശത്രുക്കൾ ബെർലിൻ നഗരം വളഞ്ഞപ്പോൾ സ്വയം മരണം വരിക്കാൻ ഹിറ്റ്ലർ നിർബന്ധിതനായി തീർന്നു.

സ്‌മാരകങ്ങളും ഓർമദിനവും 

ബെർലിനിലെ സൈനിക കേന്ദ്രത്തിനു സമീപത്തെ ബെൻഡ്‌ലെർ ബ്ലോക്ക് എന്ന കെട്ടിട സമുച്ചയത്തിലാണ് ഈ ‘‘ജൂലൈ 20’ സംഘത്തിലെ പലരും പ്രവർത്തിച്ചിരുന്നതും കൂടിക്കാഴ്ചകൾ നടത്തിയിരുന്നതും. അതിനാൽ തന്നെ ഈ പ്രതിരോധ സംഘം പിൽകാലത്ത് 'ബെൻഡ്‌ലെർ ബ്ലോക്ക് സംഘം' എന്ന പേരിൽ അറിയപ്പെട്ടു. ഈ ചരിത്ര സംഭവങ്ങൾക്ക് എല്ലാം മൂകസാക്ഷിയായി നിന്ന ആ കെട്ടിട സമുച്ചയം ഇന്നും ബെർലിനിലുണ്ട്.

ആ രക്തസാക്ഷികളുടെ പേരുകൾ ആലേഖനം ചെയ്ത ഒരു ഫലകവും മറ്റൊരു സ്മാരക പ്രതിമയും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ചരിത്ര രേഖകളിൽ ഈ സംഭവത്തെ 'ജൂലൈ 20 വധശ്രമ ദൗത്യം' എന്നും 'ഓപ്പറേഷൻ വാൽകിറി' എന്നും വ്യത്യസ്ത പേരുകളിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഹിറ്റ്ലർ വധശ്രമത്തിന് ഇരയായ പോളണ്ടിലെ കെട്രിസൻ പട്ടണത്തിനു സമീപത്തെ ‘വുൾഫ്സ് ലെയർ’ എന്ന കെട്ടിട സമുച്ചയം ഇന്ന് പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

ബെക്കും ബെർഗും ഉൾപ്പടെയുള്ള ആ അഞ്ചു ധീരയോദ്ധാക്കളേയും ആദ്യം അടക്കം ചെയ്ത ഇടത്തിൽനിന്നും മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ച ശേഷം അതിന്റെ ചാരവും മറ്റ് അവിശിഷ്ടങ്ങളും പല സ്ഥലങ്ങളിലായി വിതറി കളയുകയാണ് ഉണ്ടായത്. പക്ഷേ അവരുടെ പേരുകൾ ആലേഖനം ചെയ്‌ത ഫലകം ഇപ്പോഴും ആ സെമിത്തേരിയിലുണ്ട്. ക്ലോസ് വോൺ സ്റ്റാഫെൻ ബെർഗ് പിൽകാലത്ത് ജർമനിയുടെ വീര നായകനായി വാഴ്ത്തപ്പെട്ടു. ജർമനിയിലെ ചില ചെറു പട്ടണങ്ങളും പ്രധാന റോഡുകളുമെല്ലാം അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെടുകയുണ്ടായി. ബെർലിനിലെ ബെൻഡ്‌ലെർ സ്ട്രീറ്റും ഇന്ന് ബെർഗിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഈ സംഭവത്തെ ഇതിവൃത്തമാക്കി ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂയിസ് മുഖ്യ വേഷത്തിലെത്തിയ ‘വാൽകിറി’ (2008) എന്ന സിനിമ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. കരിയറിൽ താൻ ഏറെ അഭിമാനത്തോടെ ചെയ്‌ത വേഷം എന്നാണ് ചിത്രത്തിൽ സ്റ്റാഫെൻ ബെർഗിനെ സ്‌ക്രീനിൽ പകർത്തിയ ടോം ക്രൂയിസ് പിന്നീട് പ്രതികരിച്ചത്.

ഈ സംഭവത്തിന്റെ എൺപതാം വാർഷിക ദിനമായിരുന്ന ഇക്കഴിഞ്ഞ ജൂലൈ 20 ന് നടന്ന അനുസ്മരണ ചടങ്ങിൽ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമിയർ, രക്തസാക്ഷികളുടെ പിൻലമുറക്കാർ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പഴയ ബെൻഡ്‌ലെർ ബ്ലോക്ക് സ്മാരകത്തിൽ ഒത്തു ചേർന്ന് ആദരം അർപ്പിച്ചിരുന്നു.

hitler-missile - 1

ഹിറ്റ്ലറുടെ തീവ്ര നാത്സി ആശയങ്ങളും ജൂത വിരുദ്ധ പ്രവർത്തികളും മുഴുവൻ ജർമൻകാരുടേയും നിലപാട് അല്ല എന്ന സന്ദേശം പുറം ലോകത്തിന് എത്തിക്കാനാണ് ഈ ‘ജൂലൈ 20’ സംഘം ശ്രമിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്‌തു. ദൗത്യം പാളിയാൽ ഭവിഷ്യത്തുകൾ ഗുരുതരമായിരിക്കും എന്ന ഉറച്ച ബോധ്യത്തോടെ അതിസാഹസിക ഉദ്യമത്തിന് ഇറങ്ങിത്തിരിച്ച ഈ ധീരമാർക്ക് കാലത്തെ അതിജീവിക്കുന്ന പ്രശസ്തിയും ആദരവും ലഭിച്ചത് ആ സ്വേച്ഛാധിപതി കാട്ടിക്കൂട്ടിയ ക്രൂരതകളുടെ വ്യപ്തിയും ഭീകരതയും പിൽകാലത്ത് ലോകം അറിഞ്ഞപ്പോൾ മാത്രമാണ്. പരാജയപ്പെട്ട് ചാവേറുകളായി മാറിയ അവരെല്ലാം ഇന്നും ജനമനസുകളിൽ വീരപരിവേഷത്തിൽ ജ്വലിച്ചു നിൽക്കുന്നു എന്നതാണ് യാഥാർഥ്യം. 

ആദ്യ ഭാഗം വായിക്കാം: ക്രൂരനായ ഏകാധിപതിയെ വധിക്കാനായി ഇറങ്ങി തിരിച്ച ഒരു സംഘം; പാളിപ്പോയ സാഹസിക ശ്രമങ്ങൾ!

English Summary:

Operation Valkyrie was a German World War II contingency plan intended to take control of the government during a national emergency. The plan was infamously repurposed by German military officers in the July 20, 1944, plot to assassinate Adolf Hitler and topple the Nazi regime.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com