‘ദ് ഷീൽഡ് ആൻഡ് സ്വോഡ്’ സിനിമ കണ്ടു കൊതിച്ചു കെജിബിയിൽ! കാൽനൂറ്റാണ്ടിലേക്ക് റഷ്യയിൽ പുട്ടിൻയുഗം
Mail This Article
1952 ഒക്ടോബർ ഏഴിനാണു പുടിൻ സോവിയറ്റ് നഗരമായ ലെനിൻഗ്രാഡിൽ (ഇന്നത്തെ സെന്റ് പീറ്റേഴ്‌സ്ബർഗ്) ജനിക്കുന്നത്. ഫാക്ടറി തൊഴിലാളിയായിരുന്നു പുട്ടിന്റെ പിതാവ്. കൗമാരപ്രായക്കാരനായിരിക്കെ, 1968ൽ റഷ്യയിൽ പുറത്തിറങ്ങിയ ‘ദ് ഷീൽഡ് ആൻഡ് സ്വോഡ്’ എന്ന സിനിമ പല റഷ്യൻകുട്ടികളെയുമെന്നതുപോലെ പുട്ടിനെയും സ്വാധീനിച്ചു.
നാത്സികൾക്കെതിരെ പോരാടുന്ന ഒരു സോവിയറ്റ് ചാരന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്. ഭാവിയിൽ തനിക്കും ഒരു ചാരനാകണമെന്ന് പുട്ടിന്റെ ഉള്ളിൽ ആഗ്രഹം വളർത്താൻ സിനിമ വഴിയൊരുക്കി. വ്ലാഡിമർ പുട്ടിൻ ആഗ്രഹിച്ചതുപോലെ സംഭവിച്ചു.
1975ൽ ലെനിൻഗ്രാഡ് സർവകലാശാലയിൽ നിന്നു ബിരുദം പാസായ പുട്ടിനെ തങ്ങളുടെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് കെജിബി നിയമിച്ചു. പിന്നീട് റഷ്യയുടെ അധികാര ഇടനാഴികളിലേക്ക്. 1999 ഓഗസ്റ്റ് 9ന് പ്രധാനമന്ത്രിയായി നിയമിതനായതോടെ റഷ്യയിൽ തുടങ്ങിയ പുട്ടിൻ യുഗം 25 വർഷങ്ങളിലേക്ക് കടക്കുകയാണ്.1991ൽ കെജിബിയിൽ നിന്നു കേണൽ റാങ്കിൽ വിരമിച്ച പുടിൻ സോബ്ചാക് എന്ന റഷ്യൻ രാഷ്ട്രീയക്കാരന്റെ വലംകൈയായി. അനറ്റോളി വൈകാതെ ലെനിൻഗ്രാഡ് നഗരത്തിന്റെ മേയറായി. ഇഷ്ടക്കാരനായ പുടിനെ അദ്ദേഹം 1994ൽ നഗരത്തിന്റെ ഡപ്യൂട്ടി മേയറായി നിയമിച്ചു.
1996ൽ ക്രെംലിൻ ലക്ഷ്യം വച്ചുള്ള തന്റെ യാത്രയ്ക്ക് പുടിൻ തുടക്കമിട്ടു. അന്നു റഷ്യ ഭരിച്ചിരുന്നത് ബോറിസ് യെൽസിനായിരുന്നു. യെൽസിന്റെ പ്രസിഡൻഷ്യൽ സംഘത്തിൽ മാനേജ്‌മെന്റ് വിഭാഗത്തിൽ ഉപമേധാവിയായി മോസ്‌കോയിൽ പുടിൻ തന്റെ താവളം ഉറപ്പിച്ചു.തുടർന്ന് കുറച്ചുകാലം കെജിബിയുടെ പുതിയ രൂപമായ എഫ്എസ്ബിയുടെ സാരഥ്യം വഹിക്കാനുള്ള നിയോഗവും പുടിനെ തേടിയെത്തി. യെൽസിന്റെ ഗുഡ്ബുക്കുണ്ടെങ്കിൽ അതിന്റെ ഒന്നാം പേജിൽ തന്നെ സ്ഥാനം പിടിക്കാൻ അക്കാലത്ത് പുടിനു കഴിഞ്ഞു.
1999 ആയപ്പോഴേക്കും ബോറിസ് യെൽസിൻ ജനങ്ങൾക്ക് അപ്രിയനായി മാറിയിരുന്നു. 1999ൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തന്‌റെ പിൻഗാമിയായി അദ്ദേഹം നിർദേശിച്ചത് പുട്ടിനെയാണ്. രണ്ടായിരാമാണ്ടിൽ പുട്ടിൻ പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. 2000 മാർച്ച് 26നു അദ്ദേഹം റഷ്യയുടെ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. 2004ലെ തിരഞ്ഞെടുപ്പും ജയിച്ചതോടെ പുട്ടിന്റെ ഭരണകാലം 2008 വരെ നീണ്ടു.ഈ കാലഘട്ടത്തിൽ പുടിൻ കൊണ്ടുവന്ന ഉദാരീകരണ നയങ്ങൾ റഷ്യയുടെ സമ്പദ് വ്യവസ്ഥയെയും ജിഡിപിയെയും ഊർജിതപ്പെടുത്തി. ഇതോടെ അനിഷേധ്യനായ നേതാവായി അദ്ദേഹം വളർന്നു.
റഷ്യൻ ഭരണഘടന അനുസരിച്ച് ഒരു പ്രസിഡന്‌റിന് രണ്ടു ടേമുകളിൽ കൂടുതൽ ഭരണം കൈയാളാൻ അനുവാദമില്ലായിരുന്നു.ഇതു മൂലം 2012ൽ പദവിയൊഴിഞ്ഞ പുട്ടിൻ തന്‌റെ വിശ്വസ്തനായ ദിമിത്രി മെദ്വദേവിനെ പ്രസിഡന്‌റാക്കി.അണിയറനീക്കങ്ങൾ അപ്പോഴും പുട്ടിന്‌റെ കൈയിലായിരുന്നു. 2016ൽ തിരിച്ച് അധികാരത്തിലെത്തിയ പുട്ടിൻ 2036 വരെ ഭരിക്കാവുന്ന രീതിയിൽ ഭരണഘടന ഭേദഗതി ചെയ്തു.ഇതിനിടെ വ്ളാഡിമർ പുട്ടിൻ എന്ന മുൻകാല ചാരപ്രമുഖന്റെ പരിവേഷം കുതിച്ചുയരുകയായിരുന്നു. രണ്ടാം ചെച്‌നിയൻ യുദ്ധത്തിൽ നേടിയ മേൽക്കൈയും ജോർജിയയിലും ക്രിമിയൻ പ്രതിസന്ധിയിലും നേടിയ റഷ്യൻ വിജയങ്ങളും പുട്ടിനെ റഷ്യക്കാർക്കിടയിൽ വീരനായകനാക്കി.
ലോകപ്രശസ്ത മാധ്യമങ്ങളായ ടൈമും ഫോർബ്‌സും പുട്ടിനെ ലോകത്തെ ഏറ്റവും ശക്തനായ നേതാവെന്നു വിളിച്ചു. റഷ്യയിൽ നിർണായക സ്വാധീനം പുലർത്തിയിരുന്ന സമ്പന്ന വിഭാഗങ്ങളെയും എണ്ണക്കമ്പനി മുതലാളിമാരെയുമൊക്കെ ചൊൽപ്പടിയിൽ നിർത്താൻ പുട്ടിനു കഴിഞ്ഞു.ജനാധിപത്യ രീതിയിൽ നിന്ന് ഏകാധിപത്യത്തിലേക്കു ചാഞ്ഞ പുട്ടിൻ ഭരണം എതിർസ്വരങ്ങളെ അമർച്ച ചെയ്യുന്നതിൽ യാതൊരു ദാക്ഷിണ്യവും വിചാരിച്ചില്ല.
കുതിരപ്പുറത്തു മേൽവസ്ത്രമില്ലാതെ തന്റെ കരുത്തുറ്റ ശരീരം പ്രദർശിപ്പിച്ചു യാത്ര ചെയ്യുന്ന പുട്ടിൻ, ജൂഡോ മൽസരത്തിൽ എതിരാളിയെ മലർത്തിയടിക്കുന്ന പുട്ടിൻ, പാരാഗ്ലൈഡിങ് നടത്തുന്ന പുട്ടിൻ, കടുവകളുമായി ചങ്ങാത്തം കൂടുന്ന പുട്ടിൻ, മരംകോച്ചുന്ന മഞ്ഞുള്ള തടാകങ്ങളിൽ കൂളായി കുളിക്കുന്ന പുട്ടിൻ..പലവേഷങ്ങളിൽ പലഭാവങ്ങളിൽ വീരനായകനായി പുട്ടിൻ വിലസി. ഇതിനിടെയാണ് യുക്രെയ്നിൽ റഷ്യ യുദ്ധം നടത്തിയത്. കുറച്ചുകാലമായി തുടരുന്ന യുദ്ധം പുട്ടിന്റെ രാജ്യാന്തര പ്രതിച്ഛായയ്ക്ക് വൻതോതിൽ മങ്ങലേൽപിച്ചു. എങ്കിലും റഷ്യയിൽ ഇപ്പോഴും പുട്ടിന് ജനപ്രിയത കാര്യമായി കുറഞ്ഞിട്ടില്ല.