ഇത് തീക്കളി! യുക്രെയ്‌നിലെ ആണവനിലയത്തിൽ ഡ്രോണാക്രമണം, പഴിചാരി റഷ്യയും യുക്രെയ്നും
Mail This Article
കാലങ്ങൾക്കിപ്പുറവും തുടരുകയാണ് റഷ്യ –യുക്രെയ്ൻ യുദ്ധം. യുദ്ധഭൂമിയിൽ നിന്നു മറ്റൊരു നെഞ്ചിടിപ്പേറ്റുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. യുക്രെയ്നിൽ സ്ഥിതി ചെയ്യുന്നതും ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ളതുമായ സാപൊറീഷ്യ ആണവനിലയത്തിൽ ഡ്രോൺ ആക്രമണം നടന്നു തീപിടിച്ചു.
സാപൊറീഷ്യയുടെ കൂളിങ് ടവർ തകർന്നു. റിയാക്ടറിൽ നിന്ന് പുക ഉയരുകയും ചെയ്തു. നിലവിൽ റഷ്യയാണ് ഇവിടെ നിയന്ത്രണം. തീപിടിത്തം 3 മണിക്കൂർ നീണ്ടുനിന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ റഷ്യയും യുക്രെയ്നും പരസ്പരം പഴിചാരി.യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപൊറീഷ്യ ഡ്നിപ്രോ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഷെല്ലിങ് നേരത്തെയും നിലയത്തിനടുത്ത് നടന്നിട്ടുണ്ട്. യുക്രെയ്നും റഷ്യയും ഇക്കാര്യത്തിൽ പരസ്പരം ആരോപണം ഉന്നയിക്കാറുമുണ്ട്.
ആറു റിയാക്ടറുകളുള്ള വമ്പൻ ആണവനിലയമാണ് സാപൊറീഷ്യ. ഷെല്ലിങ് മൂലം സാപൊറീഷ്യയിലെ രണ്ട് കെട്ടിടങ്ങൾക്ക് കേടുപാടുകളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ജല ട്രീറ്റ്മെന്റ് പ്ലാന്റുകൾ, റിപ്പയർ ഷോപ്പുകൾ,പൈപ്പ് ലൈനുകൾ തുടങ്ങിയവ അടങ്ങിയതാണു നിലയം. ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയമായ സാപൊറീഷ്യയിൽ ആക്രമണം നടത്തുന്നത് ആശങ്കാകരമാണെന്നാണ് രാജ്യാന്തര ആണവോർജ ഏജൻസിയുടെ അഭിപ്രായം.
യുക്രെയ്നിൽ നടന്ന കുപ്രസിദ്ധമായ ആണവ ദുരന്തമാണ് ചേർണോബിൽ. 36 വർഷം മുൻപാണ് ഇതു സംഭവിച്ചത്. എന്നാൽ ചേർണോബിൽ നിലയം പോലെ ഒരു പഴഞ്ചൻ രൂപകൽപനയല്ല സാപൊറീഷ്യയിലേത്. ഇന്നത്തെ കാലത്തിനനുസരിച്ചുള്ള പുതിയകാല സുരക്ഷാസൗകര്യങ്ങളെല്ലാം ഈ നിലയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലയത്തിനുള്ളിലുണ്ടാകുന്ന സ്ഫോടനങ്ങളും മറ്റും ചെറുക്കാൻ സാപൊറീഷ്യയ്ക്ക് ശേഷിയുണ്ടെങ്കിലും യുദ്ധത്തിന്റെ ആക്രമണത്തെ നേരിടാൻ അതിനു കഴിയുമോയെന്ന ചോദ്യം ശക്തമാണ്. പാരിസ്ഥിതികമായി വലിയ ആശങ്ക ഉയർത്തുന്ന മറ്റൊരു കാര്യമാണ് ആണവ ഇന്ധന മാലിന്യങ്ങൾ വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന ടാങ്കുകൾ. ഷെല്ലിങ്ങിന്റെയോ വ്യോമാക്രമണത്തിന്റെയോ ഭാഗമായി ഇതിൽ ആക്രമണം നടന്നാൽ മാലിന്യങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുന്നതിനും വ്യാപര പരിസ്ഥിതി മലിനീകരണത്തിനും അതുവഴി വയ്ക്കും.
നിലയത്തിലേക്കുള്ള ശിതീകരണ സംവിധാനങ്ങൾക്ക് എന്തെങ്കിലും തകരാർ സംഭവിക്കുന്നതും സ്ഫോടനത്തിനോ വികിരണചോർച്ചയ്ക്കോ വഴി വച്ചേക്കാം. 30000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മേഖലയിൽ കുഴപ്പങ്ങൾ സംഭവിച്ചേക്കാം. ചേർണോബിലിൽ സംഭവിച്ചതിന്റെ 10 മടങ്ങ് തോതുള്ള നശീകരണമാകും ഇതിന്റെ ഫലം. 20 ലക്ഷം ചതുരശ്ര കിലോമീറ്ററോളം സ്ഥലം ആണവമാലിന്യം മൂലം ഉപയോഗശൂന്യമായി മാറാനും സാധ്യതയുണ്ട്.
ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്ത സ്മരണകൾ നിലനിൽക്കുന്നതാണ് യുക്രെയ്‌നിലെ ചേർണോബിൽ ആണവ നിലയം. ഈ നിലയവും റഷ്യൻ സേനയുടെ മുന്നിൽ കീഴ്പ്പെട്ടിരുന്നു. 4 പതിറ്റാണ്ട് മുൻപ് സംഭവിച്ച, ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേർണോബിൽ സംഭവത്തിന്‌റെ അപകടകരമായ വിഷവസ്തുക്കൾ ഇന്നും വഹിക്കുന്ന സ്ഥലമാണ് ചേർണോബിൽ.
യുക്രെയ്ൻ സോവിയറ്റ് യൂണിയന്‌റെ ഭാഗമായ റിപ്പബ്ലിക്കായി നിന്ന 1986ലാണു ചേർണോബിൽ വിസ്‌ഫോടനം നടന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിന്നുയർന്ന ആണവ അവശിഷ്ടങ്ങളും വികിരണങ്ങളും തലമുറകളുടെ ആരോഗ്യത്തെ ബാധിച്ചു. ചേർണോബിൽ മേഖലയിലെ ഭൂമി പോലും ആണവവസ്തുക്കളാൽ മലീമസമായി. ഇന്നും നൂറു ടണ്ണോളം ഭാരമുള്ള ആണവ അവശിഷ്ടങ്ങൾ റിയാക്ടർ നിലനിന്നിരുന്ന മേഖലയിലുണ്ടെന്നാണു റിപ്പോർട്ട്.