പുലിമടയിലേക്ക് പൊരുതിക്കയറ്റം! റഷ്യൻ മേഖല കുർസ്കിലേക്ക് കയറി യുദ്ധം ചെയ്ത് യുക്രെയ്ൻ
Mail This Article
രണ്ടുവർഷത്തിലേറെയായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ശ്രദ്ധേയവും അപ്രതീക്ഷിതവുമായ ചില സംഭവങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി റഷ്യയുടെ മേഖലയായ കുർസ്കിലേക്ക് കടന്നുകയറി യുദ്ധം തുടങ്ങിയിരിക്കുകയാണ് യുക്രെയ്ൻ. തികച്ചും സർപ്രൈസ് രീതിയിൽ നടത്തിയ ഈ യുക്രെയ്ൻ മുന്നേറ്റത്തിൽ അമ്പരന്നുപോയ റഷ്യ ഇതിനെ ചെറുത്തുതോൽപിക്കാൻ ശ്രമിച്ചെങ്കിലും വിചാരിച്ചതുപോലെ നടന്നില്ല. ഇതു കാരണം ആയിരക്കണക്കിന് റഷ്യൻ പൗരൻമാരാണ് കുർസ്കിൽ നിന്ന് താമസമൊഴിഞ്ഞ് ഓടിപ്പോയത്.
ആയിരം കിലോമീറ്ററോളം നീണ്ടുകിടക്കുന്ന യുദ്ധമുഖത്ത് ഇടതടവില്ലാതെ യുദ്ധം നേരിട്ടുകൊണ്ടിരിക്കുന്ന യുക്രെയ്ന് വലിയ ആത്മവിശ്വാസമേകുന്നതായി ഈ മുന്നേറ്റം. 245 കിലോമീറ്ററോളം യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന റഷ്യൻ മേഖലയാണ് കുർസ്ക്. കഴിഞ്ഞ ചൊവ്വാഴ്ച പലമേഖലകളിൽ നിന്നും യുക്രെയ്ൻ സൈനികർ ഇങ്ങോട്ടേക്ക് ഇരച്ചുകയറുകയായിരുന്നു.
പലയൂണിറ്റുകളിൽ നിന്നായി യുദ്ധപരിചയമുള്ള ധാരാളം യുക്രെയ്ൻ സൈനികർ ഈ മുന്നേറ്റത്തിൽ പങ്കെടുത്തു. റഷ്യ ഇവിടെ നിയോഗിച്ചിട്ടുള്ള അതിർത്തി രക്ഷാസേനയെയും ഇൻഫൻട്രി പടയെയും തോൽപിക്കാൻ ഇവർക്കായി.
റഷ്യയുടെ നാനൂറ് ചതുരശ്ര കിലോമീറ്റർ ഭൂമിയിലാണ് യുക്രെയ്ൻ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. റഷ്യൻ സേനയിലെ ആൾക്ഷാമം കാരണം വ്യോമസേനയെ ആശ്രയിക്കേണ്ടി വന്നു യുക്രെയ്നെ ചെറുക്കാൻ. റഷ്യയിലെ തന്റെ ഭരണത്തിന്റെ ഇരുപത്തഞ്ചാം നൂറ്റാണ്ടിലേക്ക് കടന്ന വ്ലാഡിമിർ പുട്ടിന് കനത്ത അടിയാണ് കുർസ്കിലെ കടന്നുകയറ്റം നൽകിയിരിക്കുന്നത്. തീർത്തും പ്രകോപനമുണ്ടാക്കുന്ന നടപടിയാണ് യുക്രെയ്ന്റേതെന്നും തിരിച്ചടിയുണ്ടാകുമെന്നും പുട്ടിൻ പറഞ്ഞു.