ADVERTISEMENT

വേഗതക്കും കൃത്യതയ്ക്കും പേരുകേട്ട ബ്രഹ്‌മോസ് മിസൈലുകള്‍ക്ക് രാജ്യാന്തര ആയുധ വിപണിയില്‍ ആവശ്യക്കാരേറുന്നു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒഎമ്മും സംയുക്തമായി വികസിപ്പിച്ച സൂപ്പര്‍സോണിക് ക്രൂസ് മിസൈലാണ് ബ്രഹ്‌മോസ്. കുറഞ്ഞത് മൂന്നു രാജ്യങ്ങള്‍ ബ്രഹ്‌മോസ് വാങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. 

ബ്രഹ്‌മോസ് ക്രൂസ് മിസൈല്‍ നല്‍കുന്നതിന് വിയറ്റ്‌നാം, ഇന്തോനേഷ്യ, യുഎഇ എന്നീ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ബ്രഹ്‌മോസ് എയറോസ്‌പേസ് എംഡി അലക്‌സാണ്ടര്‍ ബി മക്‌സിചേവ് വെളിപ്പെടുത്തിയത്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ TASSനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ മൂന്നു രാജ്യങ്ങളുമായും ബ്രഹ്‌മോസ് മിസൈല്‍ കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്നു വ്യക്തമാക്കിയ അലക്‌സാണ്ടര്‍ ബി മസ്‌കിചേവ് ഈ രാജ്യങ്ങളുമായുള്ള ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായില്ല. 

ബ്രഹ്‌മോസ് മിസൈല്‍ ആദ്യമായി വാങ്ങിയ രാജ്യ ഫിലിപ്പീന്‍സ് ആയിരുന്നു. 37.49 കോടി ഡോളറിനാണ്(ഏകദേശം 2800 കോടി രൂപ) ഫിലിപ്പീന്‍സ് ബ്രഹ്‌മോസ് വാങ്ങിയത്. ഇന്ത്യയിലെ ബ്രഹ്‌മപുത്ര നദിയുടേയും റഷ്യയിലെ മോസ്‌ക്വ നദിയുടേയും പേരുകള്‍ ചേര്‍ത്താണ് ലോകത്തിലെ ഏറ്റവും വേഗതയുള്ള ക്രൂസ് മിസൈലായ ബ്രഹ്‌മോസ് നിര്‍മിച്ചിരിക്കുന്നത്. മാക് 2.8 മുതല്‍ 3.0 വരെയാണ്(ശബ്ദവേഗതയുടെ 2.8 ഇരട്ടി മുതല്‍ 3.0 ഇരട്ടി വരെ) ബ്രഹ്‌മോസിന്റെ വേഗത. 

 കര-നാവിക-വ്യോമ സേനകളുടെ ഭാഗം

കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തു നിന്നും വിക്ഷേപിക്കാനാവുമെന്നതാണ് ഈ ക്രൂസ് മിസൈലിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളുടെ ഭാഗമാണ് ബ്രഹ്‌മോസ്. വകഭേദങ്ങള്‍ക്കനുസരിച്ച് 300 മുതല്‍ -500 കീലോമീറ്റര്‍ വരെ റേഞ്ചുള്ള ബ്രഹ്‌മോസ് മിസൈലിന് റഡാറുകളേയും മിസൈല്‍ വേധ തോക്കുകളേയും മിസൈലുകളേയും മറികടന്ന് ലക്ഷ്യത്തിലെത്താനും സാധിക്കും

ബാലിസ്റ്റിക് മിസൈലുകള്‍ ഭൂഗുരുത്വം ഉപയോഗിച്ചാണ് പകുതി ദൂരത്തിനു ശേഷം സഞ്ചരിക്കാറ്. എന്നാല്‍ ബ്രഹ്‌മോസ് പോലുള്ള ക്രൂസ് മിസൈലുകള്‍ വിക്ഷേപിക്കുമ്പോള്‍ മുതല്‍ ലക്ഷ്യത്തിലെത്തുന്നതു വരെ ഇന്ധനം ഉപയോഗിച്ചാണ് സഞ്ചരിക്കുക. അതുകൊണ്ടു തന്നെ ആവശ്യമുള്ളപ്പോള്‍ സഞ്ചാര പാതയില്‍ മാറ്റം വരുത്താനും ഇവക്ക് സാധിക്കും. 

brahmos-new1 - 1
Indian Navy, GODL-India

ബ്രഹ്‌മോസിന്റെ ഹൈപര്‍സോണിക് വകഭേദമായ ബ്രഹ്‌മോസ് IIവിനായി ഇന്ത്യയും റഷ്യയും പരിശ്രമിക്കുന്നുണ്ട്. ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന മിസൈലായിരിക്കും ബ്രഹ്‌മോസ് II. ഇന്ത്യയുടെ മിസൈല്‍, ആണവ പദ്ധതികള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന മുന്‍ രാഷ്ട്രപതി കൂടിയായ ശാസ്ത്രജ്ഞന്‍ എപിജെ അബ്ദുള്‍ കലാമിനുള്ള ആദരമായി ബ്രഹ്‌മോസ് II(K) എന്നാണ് ഈ മിസൈലിന് പേരിട്ടിരിക്കുന്നത്. 

2005ലാണ് ബ്രഹ്‌മോസിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചത്. ഐഎന്‍എസ് രജപുതില്‍ നിന്നായിരുന്നു അത്. 2007ല്‍ കരയില്‍ നിന്നുള്ള പരീക്ഷണവും 2015ല്‍ കടലില്‍ നിന്നുള്ള പരീക്ഷണവും നടന്നു. 2017ല്‍ സുഖോയ് 30യില്‍ നിന്നും ബ്രഹ്‌മോസ് പരീക്ഷിച്ചു. മിഗ്, തേജസ് വിമാനങ്ങളിലും ഉപയോഗിക്കാനാവുന്ന ഭാരം കുറഞ്ഞ മിസൈലായിരിക്കും ബ്രഹ്‌മോസ് 2. ഈ മിസൈലില്‍ ദൂരപരിധി 350കീലോമീറ്ററില്‍ നിന്നും 400ലേക്ക് ഉയരുകയും ചെയ്യും.

English Summary:

Learn about the BrahMos missile, a supersonic cruise missile jointly developed by India and Russia, its increasing demand in the international arms market, and potential buyers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com