സിറിയയിലെ അധികാര അട്ടിമറി; ഒരു രാജ്യത്തിന്‌റെ ആഭ്യന്തര പ്രശ്‌നം മാത്രമല്ല, കാരണം അറിയാം...

Mail This Article
സിറിയയിൽ വിമതർ ഡമാസ്‌കസ് പിടിച്ചെടുത്തതും സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് റഷ്യയിൽ അഭയം തേടിയതും അടുത്തിടെയുണ്ടായ ശ്രദ്ധേയമായ സംഭവവികാസമാണ്. കേവലം ഒരു രാജ്യത്തിന്‌റെ ആഭ്യന്തര പ്രശ്‌നം എന്ന രീതിയിൽ കാണാവുന്ന ഒന്നല്ല സിറിയയിലെ കാര്യം. കാരണം സിറിയ ഒരു രാജ്യാന്തര പടക്കളമായിരുന്നു. ലോകശക്തികൾ ചേരികൾ പിടിച്ചു പോരാടിയ ഒരു യുദ്ധഭൂമി. അതിനാൽ തന്നെ സിറിയയിലെ സംഭവങ്ങൾക്ക് രാജ്യാന്തര മാനങ്ങളുണ്ട്.
തുർക്കി, യുഎസ്, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളായിരുന്നു സിറിയയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഇടപെടൽ നടത്തിയ വിദേശരാജ്യങ്ങൾ. ഇസ്രയേലും ഇടയ്ക്കിടെ സിറിയൻ മേഖലകളിൽ വ്യോമാക്രമണം നടത്തിയിരുന്നു.സിറിയയുടെ അയൽരാജ്യവും സിറിയയോട് ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യവുമായ തുർക്കി പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ലോകശ്രദ്ധ നേടുന്നുണ്ട്.
തങ്ങൾക്കു പങ്കൊന്നുമില്ലെന്ന് തുർക്കി, പക്ഷേ

തുർക്കിയുടെ പ്രതിരോധക്കളികളുടെ വിജയം എന്ന രീതിയിൽ പോലും സിറിയയിൽ അസദിന്‌റെ അധികാരനഷ്ടം വിലയിരുത്തപ്പെടുന്നുണ്ട്. വിമതർ അധികാരം പിടിച്ചടക്കിയതിൽ തങ്ങൾക്കു പങ്കൊന്നുമില്ലെന്ന് തുർക്കി പറയുന്നുണ്ടെങ്കിലും തുർക്കിയുടെ സമ്മതവും പിന്തുണയുമില്ലാതെ ഇതു സംഭവിക്കില്ലെന്നാണ് രാജ്യാന്തര വിദഗ്ധരുടെ അഭിപ്രായം. ഡമാസ്കസിലെത്തിയ വിമതഗ്രൂപ്പുകളിൽ പ്രമുഖരായ എച്ച്ടിഎസിനു തുർക്കിയുമായി അടുത്തബന്ധമുണ്ട്.തുർക്കിയെ സംബന്ധിച്ച് സിറിയയിൽ ഏറ്റവും വലിയ തലവേദന കുർദിഷ് സായുധ സംഘടനകളാണ്.
2011ലാണ് സിറിയയിൽ അസദിനെതിരെ വിമതപ്രക്ഷോഭങ്ങളുണ്ടാകുന്നത്. തുടർന്ന് വിവിധ സായുധ ഗ്രൂപ്പുകളും തലപൊക്കി. തുർക്കിയുടെ ഇടപെടലിനുള്ള പ്രധാനകാരണം സിറിയ–തുർക്കി അതിർത്തിയിലുള്ള കുർദ് സായുധ സംഘടനകളുടെ സാന്നിധ്യമായിരുന്നു. തുർക്കിയിലുള്ള സിറിയൻ അഭയാർഥികളെ തിരിച്ചുവിടുകയെന്ന ലക്ഷ്യവും രാജ്യത്തിനുണ്ട്.
2016 മുതൽ തുർക്കി സിറിയയിൽ സൈനികദൗത്യങ്ങൾ നടത്തുന്നുണ്ട്. സിറിയൻ ഡമോക്രാറ്റിക് ഫോഴ്സ്(എസ്ഡിഎഫ്),വൈപിജി തുടങ്ങിയ കുർദ് സംഘടനകളെയാണ് തുർക്കി പ്രധാനമായും ലക്ഷ്യം വച്ചത്. ഇതിൽ എസ്ഡിഎഫിന് യുഎസ് സൈന്യത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. ഇടക്കാലത്ത് റഷ്യയുമായും ഇറാനുമായും തുർക്കി കരാറുണ്ടാക്കി. വടക്കുകിഴക്കൻ ഇദ്ലിബിൽ തുടർന്ന് 12 ഇടങ്ങളിൽ തുർക്കി സേനാവിന്യാസമുണ്ടാക്കി.

2018ലും 19ലും എസ്ഡിഎഫ് ശക്തികേന്ദ്രങ്ങളായ അഫ്രിനിലും റാസ് അൽ എയ്നിലും തുർക്കി ആക്രമണങ്ങൾ നടത്തി. അസദ് തുർക്കിയെ ഒരു അധിനിവേശ ശക്തിയായാണ് കണക്കാക്കിയിരുന്നത്. സിറിയൻ ഭരണകൂടവും തുർക്കിയും തമ്മിൽ അസ്വാരസ്യങ്ങൾ തുടരുന്നുണ്ടായിരുന്നു.എന്നാൽ ഇനിയുള്ള സിറിയ തുർക്കിക്ക് എങ്ങനെയാകും എന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. സിറിയയിൽ അസ്ഥിരത തുടർന്നാൽ അതു തുർക്കിയെ നന്നായി ബാധിക്കുമെന്ന വാദവും ചില വിദഗ്ധർ ഉയർത്തുന്നുണ്ട്.
റഷ്യയ്ക്കും ഇറാനും കനത്ത പ്രഹരം
സിറിയയിൽ ഇന്നും 900 യുഎസ് സൈന്യം നിലനിൽക്കുന്നുണ്ട്. ഐഎസിനെതിരായ പോരാട്ടമാണ് ഇവരുടെ പ്രധാനലക്ഷ്യം. ഇവരെ തിരികെവിളിക്കുമോ എന്ന കാര്യം അവ്യക്തമാണ്. റഷ്യയ്ക്കും ഇറാനും കനത്ത പ്രഹരമേൽപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ഇറാനെ സംബന്ധിച്ച് ലബനൻ വരെ നീണ്ടുകിടന്ന സ്വാധീനശൃംഖലയിലെ നിർണായക കണ്ണിയായിരുന്നു സിറിയ. ആ കണ്ണി തൽക്കാലത്തേക്ക് മുറിഞ്ഞിരിക്കുകയാണ്.