അമേരിക്കയുടെ മുകളില്‍ നിഗൂഢ ഡ്രോണുകള്‍, പരിഭ്രാന്തി പരത്തുന്ന കഥകൾ; പെന്റഗൺ പറയുന്നത് ഇങ്ങനെ
Mail This Article
അമേരിക്കയിലെ ന്യൂ ജഴ്‌സിക്കു മുകളില്‍ നിഗൂഢമായി ചില ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതോടെ, അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന് നഗരാധികൃതര്‍ ആവശ്യപ്പെട്ടതായി വാർത്തകൾ കണ്ടിരുന്നു. ഡ്രോണുകള്‍ കിഴക്കന്‍ തീരത്തു കിടക്കുന്ന ഇറാനിയന്‍ മദര്‍ഷിപ്പില്‍ നിന്ന് ഉയര്‍ന്നവയാണെന്നും അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ വന്നു. ഇറാന്‍ ഈ യാനം ഒരു മാസം മുമ്പായിരിക്കും അയച്ചത് എന്നാണ് റിപ്പബ്ലിക്കന്‍ പ്രതിനിധി ജെഫ് ബാന്‍ ഡ്രൂ പറഞ്ഞത്.
ചൈനയുമായി ധാരണയിലെത്തിയ ശേഷമായിരിക്കും അവര്‍ ഈ നീക്കം നടത്തിയിരിക്കുക എന്നും അദ്ദേഹം ആരോപിച്ചു. ഡ്രോണുകളും, മദര്‍ഷിപ്പും മറ്റ് സാങ്കേതികവിദ്യയുമൊക്കെ ചൈനയില്‍ നിന്നായിരിക്കും ഇറാന് കിട്ടിയത് എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഈ ഡ്രോണുകളെ വെടിവച്ചിടണം എന്നാണ് ജെഫ്, ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്. സൈന്യം പൂര്‍ണ്ണ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെന്റഗൺ പറയുന്നത് മറ്റൊരു കഥ
പരിഭ്രാന്തി പരത്തുന്ന ഡ്രോണ്‍ കഥ പുറത്തുവന്നതോടെ അമേരിക്കന്‍ സേനയെ പ്രതിനിധീകരിക്കുന്ന പെന്റഗൺ ആ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തെത്തി. ഡ്രോണുകള്‍ ഏതെങ്കിലും എതിരാളിയുടേതോ ആണ് എന്നതിന് ഇതുവരെ ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാനിയന്‍ മദര്‍ഷിപ്തീരത്ത് പതിയിരിക്കുന്നു എന്ന കഥയും പെന്റഗണ്‍ തള്ളിക്കളഞ്ഞു.
ഇതുവരെ ഇക്കാര്യങ്ങള്‍ ശത്രുപക്ഷത്തിന്റെ നീക്കമാണ് എന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പെന്റഗൺ പ്രസ് സെക്രട്ടറി സബ്രീന സിങ് (Sing) പറഞ്ഞു. തിരിച്ചറിയാന്‍ സാധിക്കാത്ത പറക്കും വസ്തുക്കളെക്കുറിച്ചുള്ള (യുഎഫ്ഓ) ആശങ്ക നവംബര്‍ മധ്യേ മുതല്‍ നിലനില്‍ക്കുന്നതാണ്. കാറിന്റെ വലിപ്പമുള്ള ഡ്രോണുകള്‍ അമേരിക്കന്‍ സൈന്യത്തിന്റെ റോക്‌വേയിലുള്ള പിക്കറ്റീനി ആഴ്‌സണലിനു മുകളിലും, നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബെഡ്മിനിസ്റ്ററിലുള്ള ഗോള്‍ഫ് കോഴ്‌സിനു മുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രഷണല്‍ ഹിയറിങില്‍, സെനറ്റര്‍ ജോണ്‍ ബ്രാമ്‌നിക് ആവശ്യപ്പെട്ടത്, പലയിടത്തായി ഡ്രോണുകളെക്കണ്ട കാര്യത്തെക്കുറിച്ച് പൊതു ജനത്തിന് തൃപ്തികരമായ ഒരു വിശദീകരണം നല്‍കാന്‍ സാധിക്കുന്നതുവരെ, ന്യൂ ജഴ്‌സിയില്‍ ഭാഗിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, എല്ലാ ഡ്രോണുകളും പറപ്പിക്കുന്നത് നിരോധിക്കണമെന്നുമാണ്.
ഒന്നും അറിയില്ലെന്ന് എഫ്ബിഐ
അതേസമയം, കണ്ടു എന്നു പറയപ്പെടുന്ന ഡ്രോണുകള്‍ പറപ്പിച്ചത് ആരാണെന്ന കാര്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് എഫ്ബിഐ അറിയിച്ചു. തങ്ങളുമായി ബന്ധപ്പെട്ട ഡ്രോണുകളല്ല പറന്നത് എന്ന് അമേരിക്കന്‍ സൈന്യവും പറഞ്ഞു. തങ്ങള്‍ പുതിയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്നാണ് വൈറ്റ്ഹൗസ് പ്രതികരിച്ചത്.
പിന്നില്‍ പുട്ടിനോ, ഷി ജിന്‍പിങോ?
കോണ്‍ഗ്രഷണല്‍ മീറ്റിങില്‍ സംസാരിച്ച റിപ്പബ്ലിക്കന്‍ പ്രതിനിധി ക്രിസ് സ്മിത്, ഏകദേശം 50 ഡ്രോണുകള്‍ കടലില്‍ നിന്നു പറന്നുവന്നു എന്നും, അവ കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളെ പിന്തുടര്‍ന്നു എന്ന റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ്. അവയ്ക്കു പിന്നില്‍ പുട്ടിനോ, ചൈനയിലിരിക്കുന്ന ഷി ജിന്‍പിങോ ആകാമെന്നാണ്. അത്തരം കാര്യങ്ങള്‍ നിഷേധിക്കാന്‍ നമുക്കു സാധ്യമല്ലെന്നും ക്രിസ് പറഞ്ഞു.
ഡ്രോണ്‍ പറ്റങ്ങളെയാണ് ന്യൂ ജഴ്‌സിയുടെ ആകാശത്ത് കഴിഞ്ഞ ആഴ്ചകളില്‍ കണ്ടെത്തിയത്. ഡ്രോണ്‍ വിഷയത്തില്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് 21 ടൗണുകളിലെ മേയര്‍മാര്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫിക്ക് ഒരുമിച്ച് കത്ത് നല്‍കിക്കഴിഞ്ഞു. ഡ്രോണുകളൊന്നും അമേരിക്കയുടേതല്ലെന്ന് പെന്റഗണു വേണ്ടി സംസാരിച്ച സിങ് പറഞ്ഞു. എന്നാല്‍, ന്യൂ ജഴ്‌സി പ്രതിനിധികള്‍ പറയുന്ന തരത്തില്‍ അമേരിക്കയിലേക്ക് ഡ്രോണ്‍ വിട്ടുകൊണ്ടിരിക്കുന്ന ഇറേനിയന്‍ മദര്‍ഷിപ്പും മറ്റും ഇല്ലെന്ന് ഉറപ്പാണെന്ന് അവര്‍ പറഞ്ഞു.
ന്യൂജഴ്‌സിക്കാര്‍ ആഴ്ചകളായി ഉന്നയിച്ചു വന്ന ഡ്രോണ്‍ പ്രശ്‌നത്തെക്കുറിച്ച് വൈറ്റ് ഹൗസ് ചൊവ്വാഴ്ചയാണ് ആദ്യമായി പ്രതികരിച്ചത്. ഇക്കാര്യത്തെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡന് അറിയാം. എന്നാല്‍, ആരാണ് അദ്ദേഹത്തെ ഇക്കാര്യം ധരിപ്പിച്ചതെന്ന് തനിക്കറിയില്ലെന്നും പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറെ (Karine Jean-Pierre) പറഞ്ഞു. ഡ്രോണുകള്‍ നിരീക്ഷണോദ്ദേശത്തോടെ വിദേശ ശക്തികള്‍ അയച്ചതാണോ എന്ന ചോദ്യത്തെക്കുറിച്ച് പ്രവചനം ഒന്നും നടത്താന്‍ താത്പര്യമില്ലെന്നും കരീന്‍ പറഞ്ഞു.
ചെറുകാറിന്റെ വലുപ്പമുള്ള ഡ്രോണുകൾ
സൈനിക കേന്ദ്രത്തിനു മുകളിലുടെ ചിറകുകളില്‍ പച്ചയും ചുവപ്പും ലൈറ്റും മിന്നിച്ച് ചില ഡ്രോണുകള്‍ പറന്ന കാര്യം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനെ, സംഭവം നടന്ന് ആറു ദിവസം കഴിഞ്ഞ്, നവംബര്‍ 18നാണ് അറിയിച്ചത്. ഇവയുടെ വിഡിയോ ചിലര്‍ പകര്‍ത്തിയിരുന്നു. പലരും കാണുകയുംചെയ്തിരുന്നു.
അവരില്‍ ചിലര്‍ പറയുന്നത് ഡ്രോണുകള്‍ക്ക് ഒരു ചെറിയ കാറിന്റെ വലിപ്പമെങ്കിലും ഉണ്ടാകുമെന്നാണ്. അതേസമയം, 12 രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളുണ്ടെന്നും ദി ഡെയിലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ന്യൂ ജഴ്‌സിയില്‍ഏകദേശം 3000ത്തോളം ആളുകളാണ് ഡ്രോണ്‍ കണ്ടു എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി ഒന്നും തനിക്ക് ഇപ്പോള്‍ പറയാനാവില്ലെന്നാണ് അസിസ്റ്റന്റ് എഫ്ബിഐ ഡയറക്ടര്‍ റോബട്ട് വീലര്‍ പ്രതികരിച്ചത്. എഫ്ബിഐക്ക് ഒന്നും അറിയില്ലെന്നുള്ളതാണ് ഏറ്റവും ഉത്കണ്ഠാകുലമായ കാര്യമെന്നും, റോബട്ട് പറഞ്ഞു. ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണോ പുതിയ സംഭവ വികാസങ്ങള്‍ എന്നും തിട്ടപ്പെടുത്താനാകാതെ കുഴങ്ങുകയാണ് എഫ്ബിഐ. എന്തായാലും ന്യൂ ജഴ്‌സിക്കാര്‍ ആകാശത്ത് കണ്ണും നട്ടിരിക്കുകയാണ്. പുതിയ കാഴ്ചകള്‍ പങ്കുവയ്ക്കാന്‍ മാത്രമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പും അവര്‍ ആരംഭിച്ചിട്ടുണ്ട്.
എല്ലാ രാത്രിയിലും കാണുന്നുണ്ടെന്ന് ചിലർ
ഡ്രോണുകള്‍ കടലില്‍ നിന്നു തന്നെയാണ് പറന്നെത്തുന്നതെന്ന് ഒരു പ്രദേശവാസിയായ ജോണ്‍ മാസ്‌ട്രോഗിയൊവാനി (Mastrogiovanni) പറഞ്ഞു. താന്‍ ഒരു തീരദേശവാസിയാണെന്നും, എല്ലാ രാത്രിയിലും താന്‍ ഇവയെ കാണുന്നുണ്ടെന്നും ജോണ്‍ പറഞ്ഞു. ഹോബിക്കായി ഒരോരുത്തര്‍ പറപ്പിച്ചു കളിക്കുന്ന ഡ്രോണുകളെക്കാള്‍ 'വലിയ പറക്കും വസ്തുക്കളാണ്' കടലില്‍ നിന്ന് വരുന്നതെന്നാണ് ജോണ്‍ വിലയിരുത്തുന്നത്. 10-15 എണ്ണം ഒരുമിച്ചാണ് വരുന്നത്. തീരത്തേക്കു കടന്നു കഴിഞ്ഞാല്‍ അവ ലൈറ്റണച്ച് വേറെവേറെ ദിശയില്‍ പോകും. ചിലത് താഴ്ന്നു പറക്കും, ചിലത് ഉയര്‍ന്നും. താന്‍ കണ്ട ഡ്രോണുകളെല്ലാം ഉച്ചത്തില്‍ ഒച്ചയുണ്ടാക്കിയാണ് പറന്നതെന്നും ജോണ്‍ പറയുന്നു.