ചുരുളഴിയാത്ത ഗാൻഡർ സംഭവം; കാനഡയിൽ പ്രത്യക്ഷപ്പെട്ട ഓറഞ്ച് നിറമുളള യുഎഫ്ഒ

Mail This Article
1951ൽ കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിനു മുകളിൽ ഗാൻഡർ എന്ന സ്ഥലത്ത് ഒരു അമേരിക്കൻ വിമാനം ഓറഞ്ച് നിറത്തിലുള്ള ഒരു യുഎഫ്ഒ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.ഈ സംഭവം വളരെ പ്രശസ്തമാകുകയും ചെയ്തു. അക്കാലത്ത് ഗാൻഡർ വടക്കൻ അറ്റ്ലാന്റിക് മേഖലയിലെ തിരക്കുള്ള ഒരു എയർപോർട്ടാണ്. അനേകം വിമാനങ്ങൾ ഇവിടെ ഇന്ധനം നിറയ്ക്കാനായി നിർത്താറുണ്ടായിരുന്നു.
റഡാറിലും പതിഞ്ഞ സംഭവം
1951 ഫെബ്രുവരി പത്തിനാണ് ആ സംഭവം. ഐസ്‌ലൻഡിൽനിന്ന് ഗാൻഡറിലേക്കു പോകുകയായിരുന്നു ഒരു യുഎസ് നേവി വിമാനം. ഗാൻഡറിനു 150 കിലോമീറ്റർ അകലെവച്ച് ഓറഞ്ച് നിറമുള്ള യുഎഫ്ഒ ഈ വിമാനവുമായി തൊട്ടുതൊട്ടില്ല എന്ന മട്ടിൽ എത്തി. എന്നാൽ താമസിയാതെ തന്നെ യുഎഫ്ഒയുടെ വശം തിരിയുകയും അതു ചക്രവാളത്തിലേക്കു പോയി മറയുകയും ചെയ്തു.ഇതേതോ പ്രകാശപ്രതിഭാസം കാരണം തോന്നിയതാകാമെന്നായിരുന്നു ഒരു വാദം. എന്നാൽ അങ്ങനെയായിരുന്നില്ല സംഭവം. റഡാറിലും പതിഞ്ഞിരുന്നു. ഇന്നും ചുരുളഴിയാത്ത സംഭവമാണ് ഗാൻഡറിലെ യുഎഫ്ഒ.

അമേരിക്കയിലെ പോലെ തന്നെ കാനഡയിലും നിരവധിപ്പേർ യുഎഫ്ഒ കണ്ടതായും മറ്റും റിപ്പോർട്ട് ചെയ്യാറുണ്ട്. 1947 വരെ ഇത്തരം റിപ്പോർട്ടുകളൊന്നും കനേഡിയൻ സർക്കാർ കാര്യമായി എടുത്തിരുന്നില്ല.കാനഡയിലെ യുഎഫ്ഒ സർവേ പ്രകാരം ടൊറന്റോ നഗരത്തിലാണ് ഏറ്റവും കൂടുതൽ യുഎഫ്ഒ ദർശനങ്ങൾ ഉണ്ടായത്. വാൻകൂവർ, ബ്രിട്ടിഷ് കൊളംബിയ തുടങ്ങിയിടങ്ങളിലും യുഎഫ്ഒ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ത്രികോണാകൃതിയിലുള്ള ഒരു യുഎഫ്ഒ
2022ൽ കാനഡയുടെ തലസ്ഥാനം ഒന്റാരിയോയുടെ മുകളിലെ ആകാശത്തുകൂടി പറന്നുപോയ ത്രികോണാകൃതിയിലുള്ള വിചിത്രപേടകം ആശങ്ക പരത്തിയിരുന്നു. സായാഹ്ന സവാരിക്കിറങ്ങിയ കനേഡിയൻ ദമ്പതികളാണ് അന്യഗ്രഹ പേടകം കണ്ടതും ചിത്രമെടുത്തതും. ത്രികോണാകൃതിയിലുള്ള ഒരു യുഎഫ്ഒ ആണിതെന്ന് ദമ്പതിമാർ പറഞ്ഞു. കറുത്ത നിറമായിരുന്നു ഇതിനുള്ളത്.
വെള്ളയും ചുവപ്പും നിറത്തിലുള്ള പ്രകാശങ്ങളും യുഎഫ്ഒയുടെ മധ്യത്തിലായി ഉണ്ടായിരുന്നെന്നും നിശ്ശബ്ദമായിട്ടാണു പേടകം മുന്നോട്ടുനീങ്ങിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. വിമാനമാണെന്നു വിചാരിച്ചാണ് ആദ്യം നോക്കിയത്. എന്നാൽ സൂക്ഷിച്ചു നോക്കുമ്പോൾ ഇതു വിമാനമല്ലെന്നു ദമ്പതിമാർ പറയുന്നതും വിഡിയോയിൽ കാണാം.
സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദുരൂഹതാവാദ സിദ്ധാന്തക്കാർ ഏറ്റെടുക്കുകയും അന്യഗ്രഹത്തിൽ നിന്നുള്ള സന്ദർശകർ വന്ന പേടകമാണെന്ന നിലയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയും ചെയ്തു.