ലാൻഡ് ചെയ്യും മുൻപ് നാളങ്ങൾ വിഴുങ്ങിയ ആകാശക്കപ്പൽ! ലോകത്തെ ഞെട്ടിച്ച ഹിൻഡൻബർഗ്

Mail This Article
ലോകത്തെ നിരവധി കോർപറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുമായി ലോകത്ത് ശ്രദ്ധ നേടിയ കമ്പനിയായിരുന്നു ഹിൻഡൻബർഗ് റിസർച്. ഈ കമ്പനി കഴിഞ്ഞദിവസം പൂട്ടിയത് സാമ്പത്തികരംഗത്തെ വലിയ വാർത്തകളിൽ ഒന്നാണ്. എങ്ങനെയാണ് ഈ സ്ഥാപനത്തിന് ഹിൻഡൻബർഗ് എന്നു പേരു കിട്ടിയത്? ആ പേര് വന്നത് ലോകം ഞെട്ടിയ ഒരു ദുരന്തത്തിൽനിന്നാണ്. ഹിൻഡൻബർഗ് ദുരന്തം. ടൈറ്റാനിക് കപ്പൽദുരന്തം പോലെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ഈ ദുരന്തവും.

1937ൽ ആയിരുന്നു ഈ ദുരന്തം. വാതകങ്ങൾ നിറച്ച എയർഷിപ്പുകൾ അക്കാലത്ത് യൂറോപ്പിനും അമേരിക്കൻ വൻകരകൾക്കുമിടയിലെ ഒരു പ്രിയപ്പെട്ട യാത്രോപാധിയാണ്. 30 വർഷത്തിലേറെ ഇത്തരം യാത്രകൾ നിലനിന്നു. സെപ്പലിനുകൾ എന്നായിരുന്നു ജർമനിയിൽ ഇവയ്ക്കുള്ള പേര്. കപ്പലുകളുടെ പകുതി സമയം കൊണ്ട് യാത്ര ചെയ്യാമെന്നതായിരുന്നു എയർഷിപ്പുകളെ ആകർഷകമാക്കിയത്.
എയർഷിപ്പുകളിലെ ഒരു ആഢംബരക്കപ്പലായിരുന്നു ഹിൻഡൻബർഗ്. എയർഷിപ്പുകളിൽ ഏറ്റവും വലുത്. നാത്സി ജർമനിയുടെ സ്വന്തമായ ഈ എയർഷിപ്പിൽ ആഢംബര മുറികളും ഡൈനിങ് റൂമും സംഗീത ഹാളുമുൾപ്പെടെ വിവിധ സൗകര്യങ്ങളുണ്ടായിരുന്നു. 1936 മാർച്ച് നാലിനാണ് ഇതു പ്രവർത്തനം തുടങ്ങിയത്. ആ വർഷം 10 യാത്രകളിലായി 1002 ആളുകളെ ഈ എയർഷിപ് വഹിച്ചു.

1937 മേയ് മൂന്നിന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നു യാത്ര തിരിച്ച ഹിൻഡൻബർഗ് എയർഷിപ്പിനാണു ദുർവിധിയുണ്ടായത്. 804 അടി നീളമുണ്ടായിരുന്ന ഈ എയർഷിപ് അറ്റ്ലാന്റിക് സമുദ്രം കടന്ന് മേയ് 6ന് യുഎസിലെ ന്യൂജഴ്സിയിലുള്ള ലേക്കസ്റ്റിലെത്തി. അവിടെ ലാൻഡ് ചെയ്യുന്നതിനിടെ ഹൈഡ്രജൻ വാതകച്ചോർച്ചയുണ്ടായി എയർഷിപ് കത്തിയെരിഞ്ഞു. ഹിൻഡൻബർഗിലുണ്ടായിരുന്ന 97 പേരിൽ 35 പേരും കൊല്ലപ്പെട്ടു. താഴെയുണ്ടായിരുന്ന ഗ്രൗണ്ട് ക്രൂവിൽ ഒരാളും പൊള്ളലേറ്റു മരിച്ചു.
നാത്സി ജർമനിക്കു മേൽ അന്ന് യുഎസ് വ്യാപാര വിലക്കുകൾ പ്രഖ്യാപിച്ചിരുന്നു. ഇതുമൂലം ഹീലിയം ലഭ്യത കുറഞ്ഞു. ഇതുകാരണം കൂടുതൽ അപകടകാരിയായ ഹൈഡ്രജൻ ഉപയോഗിച്ചതാണ് ഹിൻഡൻബർഗ് ദുരന്തത്തിനു കാരണമായത്. യാത്രയ്ക്കുപയോഗിക്കുന്ന എയർഷിപ്പുകളുടെ യുഗവും ഈ അപകടത്തോടെ അവസാനിച്ചു.