ഭയമെന്ന ആയുധം! കൈയ്യിൽ ആറടി നീളത്തിൽ കുന്തം, എതിരാളികളെ വിറപ്പിച്ച പതിനായിരം പട

Mail This Article
അക്കാമെനിഡ് സാമ്രാജ്യത്തിന്റെ സൈനിക ഘടകമായിരുന്നു ഇമ്മോർട്ടൽസ്. 550 ബിസി മുതൽ 330 ബിസി വരെയുള്ള രണ്ടു നൂറ്റാണ്ടുകാലം ഈ സാമ്രാജ്യം നിലനിന്നു, ഇമ്മോർട്ടൽസും. ചക്രവർത്തിയുടെ സംരക്ഷകരും സൈനികരുമൊക്കെയായി ഇവർ നിലകൊണ്ടു.സൈറസ് ദ ഗ്രേറ്റ് എന്ന ചക്രവർത്തി കണ്ടെത്തിയ അക്കാമനീഡ് സാമ്രാജ്യം പടിഞ്ഞാറൻ ഏഷ്യയിലെ ഒരു വലിയ മേഖലയിൽ പരന്നുകിടന്നു. പാന്റിയ അർട്ടേഷ്ബോഡ് എന്ന വനിതാ സൈന്യാധിപയാണ് ഇമ്മോർട്ടൽസ് സേന രൂപീകരിച്ചതെന്നു കരുതപ്പെടുന്നു. എന്നാൽ പാന്റിയ അല്ല, മറിച്ച് സൈറസ് തന്നെയായിരുന്നു ഇതെന്നും വാദമുണ്ട്. സൈറസ് ബിസി 535 കാലയളവിൽ ബാബിലോൺ പിടിച്ചശേഷമായിരുന്നു ഇത്.
പേർഷ്യക്കാരായിരുന്നു ആ സൈന്യത്തിൽ കൂടുതൽ. കീഴ്പ്പെടുത്തിയ ശത്രുരാജ്യങ്ങളിലെ മികച്ച സൈനികരെയും ഇതിൽ ചേർത്തു. അക്കാമെനിഡ് സാമ്രാജ്യത്തിൽ സൈന്യത്തിലേക്ക് ആളെ ചേർത്തിരുന്നത് പ്രത്യേക രീതിയിലാണ്. അഞ്ചു വയസ്സുമുതൽ കുട്ടികൾക്കു പരിശീലനം നൽകും. കടുത്ത പരിശീലനത്തിനു ശേഷം 20ാം വയസ്സിൽ ഇവർ സൈനികരാകും. 50 വയസ്സ് തികയുമ്പോൾ ഇവർ വിരമിക്കുകയും ചെയ്യും.
ഈ സൈനികർക്ക് മരണമില്ല
സൈന്യത്തിൽ ഏറ്റവും ഉയർന്ന 10 ശതമാനം പേർ മാത്രമായിരിക്കും ഇമ്മോർട്ടൽസിൽ ചേരുക. എപ്പോഴും 10000 പേരായിരിക്കും ഈ സേനയിലുള്ളത്. ഏതെങ്കിലുമൊരു ഇമ്മോർട്ടൽ കൊല്ലപ്പെടുകയോ വിരമിക്കുകയോ ചെയ്താൽ ഉടനെ മറ്റൊരാൾ ഇതിലേക്കെത്തും. പെട്ടെന്നു തന്നെ മരണപ്പെട്ടവരെ അവർ പടമുഖത്തുനിന്നു മാറ്റുകയും ചെയ്യും. അതിനാൽ ഈ സൈനികർക്ക് മരണമില്ലെന്നൊക്കെയുള്ള അടിസ്ഥാനരഹിത വിശ്വാസങ്ങൾ എതിർപടയിലുള്ളവർക്കു തോന്നിയിരുന്നു.അങ്ങനെയാണ് അനശ്വരർ എന്നർഥമുള്ള ഇമ്മോർട്ടൽസ് എന്ന പേര് ഈ പടയ്ക്കു ലഭിച്ചത്.
അനശ്വരർ എന്നർഥമുള്ള ഇമ്മോർട്ടൽസ്
ആറടി നീളമുള്ള വലിയ മൂർച്ചയുള്ള ഒരു കുന്തമായിരുന്നു ഇവരുടെ പ്രധാന ആയുധം. കുന്തത്തിന്റെ പിന്നിൽ ആപ്പിൾ ആകൃതിയിൽ ഭാരമുള്ള ഒരു ഭാഗവുമുണ്ടായിരുന്നു. ഇത് ശത്രുസൈനികരെ അടിക്കാൻ ഉപയോഗിച്ചിരുന്നു. സഗാരിസ് എന്നറിയപ്പെട്ടിരുന്ന ഒരു യുദ്ധക്കോടാലിയും ഇമ്മോർട്ടൽസ് ഉപയോഗിച്ചിരുന്നു. പ്രത്യേക പടച്ചട്ടകളും മറ്റുമണിഞ്ഞുവന്ന ഇമ്മോർട്ടൽസ് എതിർ സേനകളെ ഭീകരമായി പേടിപ്പിച്ചിരുന്നു.
സൈക്കോളജിക്കൽ വാർഫെയറിന്റെ ഒരു ആദ്യകാല ഉദാഹരണം
എന്നാൽ ഇതിനപ്പുറം മറ്റു സേനകളിൽ നിന്നു വ്യത്യസ്തമായി ഇവർ വലിയ സംഭവങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് പ്രാചീനകാലത്തെ യുദ്ധത്തെ വിലയിരുത്തുന്നവർ പറയുന്നു. മാരത്തൺ, തെർമോപ്പിലി തുടങ്ങിയ യുദ്ധങ്ങളിൽ ഇവർ പരാജയപ്പെടുകയും ചെയ്തു. എങ്കിൽ പോലും പേർഷ്യയുടെ ഈ സേന അവശേഷിപ്പിച്ച ഭയം നിറച്ച ഇമേജ് വളരെ വലുതാണ്.