ഡ്രോണുകൾക്കും, ഹോട് എയർ ബലൂണുകൾക്കുമെല്ലാം ഒരു മാസം നിരോധനം; മുംബൈയിൽ വൻ പ്രതിരോധ നടപടികൾ

Mail This Article
ഡ്രോണുകളുള്‍പ്പെടെയുള്ള ഗഗനചാരികളായ ഉപകരണങ്ങളെല്ലാം ഒരു മാസത്തേക്ക് നിരോധിച്ച് മുംബൈ അധികൃതർ, അട്ടിമറി ശ്രമങ്ങൾ തടയുന്നതിനായാണ് മുംബൈ പൊലീസ് ഒരു മാസത്തേക്ക് നഗരത്തിൽ ഡ്രോണുകൾ, റിമോട്ട് കൺട്രോൾ മൈക്രോലൈറ്റ് വിമാനങ്ങൾ, പാരാഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവ പറത്തുന്നത് നിരോധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 163 പ്രകാരം പുറപ്പെടുവിച്ച നിരോധനം ഏപ്രിൽ 4 മുതൽ മെയ് 5 വരെ പ്രാബല്യത്തിൽ വരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.തീവ്രവാദികളും സാമൂഹിക വിരുദ്ധരും ഇത്തരം ഉപകരണങ്ങൾ ദുരുപയോഗം ചെയ്ത് ആക്രമണങ്ങൾ നടത്താനും, വിവിഐപികളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നടത്താനും, പൊതു സുരക്ഷയ്ക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് അടുത്ത ഒരു മാസം ഈ നിയന്ത്രണം വരുത്താൻ കാരണം.
എല്ലാം ഒരേ പോലെയുള്ള ഡ്രോണുകളല്ല
ഇന്ത്യയിൽ ഇത്തരം ആളില്ലാ വിമാന സംവിധാനങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു. എയർ പ്ലെയ്ൻ, റോട്ടർ ക്രാഫ്റ്റ്, ഓട്ടണോമസ് അൺമാൻഡ് എയർക്രാഫ്റ്റ് എന്നിവയാണ് അത്. റിമോട് പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റം, മോഡൽ റിമോ
പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റം, സ്വയംഭരണ ആളില്ലാ വിമാനങ്ങൾ എന്നിങ്ങനെ ഇവയിലും ഉപവിഭാഗങ്ങളുണ്ട്.250 ഗ്രാമിൽ താഴെയുള്ള നാനോ ഡ്രോണുകൾ നിയന്ത്രിത വ്യോമാതിർത്തിയിൽ ഒഴികെ പറത്താൻ പെർമിറ്റോ ലൈസൻസോ ആവശ്യമില്ല. 50 അടി ഉയരം വരെ മാത്രമേ ഇത് പറത്താനാകൂ
പൈലറ്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ വാണിജ്യേതര ഡ്രോൺ ഉപയോഗത്തിനായി 2 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകൾ പറത്താം. മറ്റെല്ലാ ഡ്രോൺ ഉപയോഗങ്ങൾക്കും റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് (RPC) ആവശ്യമാണ്. ഡ്രോൺ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ "ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം" ഉപയോഗിക്കുന്നു. റജിസ്ട്രേഷനുകൾ, അനുമതികൾ, ഫ്ലൈറ്റ് മാനേജ്മെൻ്റ് എന്നിവയ്ക്ക് ഈ പ്ലാറ്റ്ഫോം നിർണായകമാണ്.
ഇന്ത്യയുടെ ആകാശമേഖലയെ വിവിധ മേഖലകളായി തിരിച്ചിരിക്കുന്നു:
∙റെഡ് സോണുകൾ: കർശനമായ നിയന്ത്രണങ്ങളുള്ള എയർപോർട്ടുകൾ, ഭരണസിരാകേന്ദ്രങ്ങൾ തുടങ്ങിയ നോ-ഡ്രോൺ സോണുകൾ.
∙യെല്ലോ സോണുകൾ: അനുമതി ആവശ്യമുള്ള നിയന്ത്രിത ആകാശമേഖല.
∙ഗ്രീൻ സോണുകൾ: നിയന്ത്രണങ്ങൾക്ക് വിധേയമായി ഡ്രോൺ പ്രവർത്തനങ്ങൾ അനുവദനീയമായ പ്രദേശങ്ങൾ.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വെബ്സൈറ്റ് സന്ദർശിക്കുക.