ചൈനീസ് ഡ്രോണുകളിറക്കി പാക്കിസ്ഥാന്റെ തന്ത്രം; 'ഭാര്‍ഗവാസ്ത്രം' വിന്യസിച്ച് ഇന്ത്യ

Mail This Article
പഹൽഗാം ഭീകരാക്രമണത്തിൽ ഏതു നിമിഷവും തിരിച്ചടി പ്രതീക്ഷിക്കുകയാണ് പാക്കിസ്ഥാൻ. ആളില്ലാ വിമാനങ്ങളോ ഡ്രോണുകളോ ഒരുപക്ഷേ നിരീക്ഷണത്തിനായും ആക്രമണത്തിനായും ഉപയോഗിച്ചേക്കാമെന്ന സൂചനയിൽ അതീവ ജാഗ്രതയിലാണ് ഇന്ത്യൻ സൈന്യം. പഞ്ചാബ് അതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ പരിശോധനയിൽ ഭാരക്കുറവുള്ള ഡിജിഐ മാവ്റിക് ഡ്രോണുകൾ തകർന്ന നിലയിൽ കണ്ടെടുത്തിരുന്നു. ഇത് പാകിസ്ഥാനിൽ നിന്നെത്തിയ ചൈനീസ് ഡ്രോണുകളെന്നാണ് വിലയിരുത്തല്‍.
വില കുറഞ്ഞതും പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതുമായ ചെറിയ ഡ്രോണുകളാണ് പാകിസ്ഥാൻ വ്യാപകമായി ഉപയോഗിക്കുന്നത്. അതിർത്തിയില്‍ നിന്നുള്ള ലഹരിവസ്തുക്കളും ആയുധങ്ങളും കടത്തുന്ന ചാര ഡ്രോണുകളെ പ്രതിരോധിക്കാൻ അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യൻ സൈന്യം വിന്യസിച്ചതിനെത്തുടർന്ന് സിഗ്നൽ നഷ്ടപ്പെട്ട് തകർന്ന് വീണതാണ് പാക് ഡ്രോൺ എന്നാണ് നിഗമനം.
പാകിസ്ഥാനുമായി 553 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പഞ്ചാബിന്റെ സുരക്ഷാ ചുമതലയുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിരന്തരം ജാഗ്രത പുലർത്തുന്നു. 2025 ഏപ്രിൽ മാസം വരെ ഇതുവരെ ഏകദേശം 35 ഡ്രോണുകളെ ബിഎസ്എഫ് തകർക്കുകയും 40 കിലോഗ്രാമിലധികം ലഹരിവസ്തുക്കളും വിവിധ തരത്തിലുള്ള 25 പിസ്റ്റളുകളും പിടിച്ചെടുക്കുകയും ചെയ്തു.
ഇന്ത്യയുടെ മൈക്രോ-മിസൈൽ സംവിധാനം 'ഭാർഗവാസ്ത്ര'
പാക് ഭീഷണിയെ നേരിടാൻ തദ്ദേശീയ ഡ്രോൺ പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിൽ ഇന്ത്യ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇതിന് ഒരു പ്രധാന ഉദാഹരണമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ-മിസൈൽ സംവിധാനമായ 'ഭാർഗവാസ്ത്ര'. 64 മൈക്രോ-മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ഈ മൊബൈൽ പ്രതിരോധ പ്ലാറ്റ്ഫോം, ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ്. ശത്രുക്കളുടെ ഡ്രോണുകളെ വിജയകരമായി ട്രാക്ക് ചെയ്യാനും നശിപ്പിക്കാനും 'ഭാർഗവാസ്ത്ര' കഴിയുമെന്ന് പരീക്ഷണത്തിൽ തെളിഞ്ഞു.
'ഭാർഗവാസ്ത്ര' സംവിധാനത്തിൽ ഒരു "സോഫ്റ്റ് കിൽ" സംവിധാനം കൂടി ഉൾപ്പെടുത്തിയേക്കും. ഡ്രോണുകളെ നശിപ്പിക്കാതെ അവയുടെ ആശയവിനിമയ സിഗ്നലുകൾ തടസപ്പെടുത്തി നിർവീര്യമാക്കാൻ ഇത് സഹായിക്കും. വിവിധ ഭൂപ്രദേശങ്ങളിലും 5,000 മീറ്റർ വരെ ഉയരത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ള ഈ സംവിധാനം, എല്ലാ ദിശകളിൽ നിന്നുമുള്ള ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ ശക്തമായ ഒരു കവചം തീർക്കുന്നു.
'ഭാർഗവാസ്ത്രയിലെ നിരവധി നൂതന സാങ്കേതിക വിദ്യകളുണ്ട്. കമാൻഡ്-ആൻഡ്-കൺട്രോൾ സെന്റർ, അത്യാധുനിക സി4ഐ സംവിധാനങ്ങളും (കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ്, കംപ്യൂട്ടേഴ്സ്, ആൻഡ് ഇന്റലിജൻസ്) 10 കിലോമീറ്റർ വരെ ദൂരെയുള്ള ഇടത്തരം മുതൽ വലിയ UAV-കളെയും 6 കിലോമീറ്റർ വരെ ദൂരെയുള്ള ചെറിയ ഡ്രോണുകളെയും കണ്ടെത്താൻ ശേഷിയുള്ള റഡാറുകളും ഉപയോഗിക്കുന്നു.
കുറഞ്ഞ റഡാർ സിഗ്നലുകളുള്ള ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താൻ ഭാർഗവാസ്ത്രയിലെ ഇലക്ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ് (EO/IR) സംവിധാനം സഹായിക്കുന്നു. ഡ്രോണുകളെ കൂട്ടമായി നിർവീര്യമാക്കാൻ ഭാർഗവാസ്ത്രയ്ക്ക് പ്രത്യേക വൈദഗ്ധ്യം ഉണ്ട്. ചില വികസിത രാജ്യങ്ങൾ സമാനമായ മൈക്രോ-മിസൈൽ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഡ്രോൺ കൂട്ടങ്ങളെ നേരിടാൻ ശേഷിയുള്ള 'ഭാർഗവാസ്ത്ര' പോലുള്ള ഒരു മള്‍ട്ടി ലേയര്‍ സംവിധാനം വിന്യസിച്ചിട്ടില്ല.
