ADVERTISEMENT

പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി, കര, നാവിക. വ്യോമ സേനകൾ സംയുക്തമായി പാക്കിസ്ഥാനെ വിറപ്പിച്ച് ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ആക്രമണം നടത്തിയിരിക്കുന്നു.ഒൻപതോളം ഭീകര ക്യാംപുകൾ വിജയകരമായി ലക്ഷ്യമിട്ട സർജിക്കൽ സ്ട്രൈക്കിൽ ഉപയോഗിച്ചത് കൃത്യം ലക്ഷ്യം ഭേദിക്കുന്ന യുദ്ധോപകരണങ്ങളെന്ന് സൂചന.ആക്രമണങ്ങളുടെ ലക്ഷ്യസ്ഥാനം തിരിച്ചറിയാൻ വിവരങ്ങൾ നൽകിയത് ഇന്റലിജന്റ്സ് ഏജൻസികളാണ്. 

പ്രിസിഷൻ സ്ട്രൈക്ക് ആയുധ സംവിധാനങ്ങൾ, ലോയിറ്ററിങ് മ്യൂണിഷൻസ് സിസ്റ്റംസ് (എൽഎംഎസ്),സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകൾ  തുടങ്ങിയവ ഉപയോഗിച്ചതായി സൈനിക വൃത്തങ്ങളിൽനിന്നും റിപ്പോർട്ടുകൾ വരുന്നു. ഇന്ത്യ അടുത്തിടെ ഡിആർഡിഒയുടെ ചണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയുമായി (ടിബിആർഎൽ) സഹകരിച്ച് കാമികസെ ഡ്രോണുകളുൾപ്പെടെ വിജയകരമായി പരീക്ഷിച്ചിരുന്നു.

സ്കാൽപ് മിസൈലുകൾ

സ്റ്റോം ഷാഡോ എന്നും അറിയപ്പെടുന്ന സ്കാൽപ്,  സ്റ്റെൽത്ത് സവിശേഷതകൾക്ക് പേരുകേട്ട ഒരു വായുവിൽ നിന്ന് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലാണ്. ലോകമെമ്പാടുമുള്ള പ്രതിരോധ സേനകൾക്ക് ഇതിനെ പ്രിയങ്കരമാക്കുന്നത് രാത്രിയിലും, അതേസമയം ഏത് കാലാവസ്ഥയിലും  പ്രവർത്തിപ്പിക്കാൻ കഴിയും എന്നതിനാലാണ്.

300 കിലോമീറ്റർ ദൂരപരിധിയുള്ള സ്കാൾപ്പ് മിസൈലിന്റെ കൃത്യതയുടെ ഭൂരിഭാഗവും അതിന്റെ നൂതന നാവിഗേഷൻ സംവിധാനത്തിലൂടെയാണ്, ഇത് ഐഎൻഎസ്, ജിപിഎസ്, ടെറൈൻ റഫറൻസിങ് എന്നിവ ഉപയോഗിക്കുന്നു. യൂറോപ്യൻ കൺസോർഷ്യമായ എംബിഡിഎയാണ് മിസൈൽ നിർമിക്കുന്നത്.

ഹാമർ

ഹാമർ (ഹൈലി എജൈൽ മോഡുലാർ മ്യൂണിഷൻ എക്സ്റ്റെൻഡഡ് റേഞ്ച്), എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഒരു എയർ-ടു-ഗ്രൗണ്ട് പ്രിസിഷൻ-ഗൈഡഡ് യുദ്ധോപകരണമാണ്. ഗ്ലൈഡ് ബോംബ് എന്നും അറിയപ്പെടുന്ന ഇതിന് 70 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്, ഫ്രഞ്ച് കമ്പനിയായ സഫ്രാൻ നിർമ്മിച്ച ഈ ബോംബ് ജാമിങിനെ ചെറുക്കുന്നവയാണ്.

എന്താണ് ലോയിറ്ററിങ് മ്യൂണിഷൻസ് സിസ്റ്റംസ് അല്ലെങ്കിൽ എൽഎംഎസ്?

Image Credit: Canva
Image Credit: Canva

ചാവേർ ഡ്രോണുകൾ (kamikaze drones) അല്ലെങ്കിൽ സൂയിസൈഡ് ഡ്രോണുകൾ (suicide drones) എന്നും വിളിക്കാറുണ്ട്. ഇതൊരുതരം ആയുധ സംവിധാനമാണ്. ഈ സംവിധാനത്തിൽ ഒരു പോർമുന ഘടിപ്പിച്ച ഒരു ആളില്ലാ വിമാനമുണ്ടാകും. ലക്ഷ്യം കണ്ടെത്തുന്നതുവരെ ഇത് ലക്ഷ്യസ്ഥാനത്തിന് മുകളിൽ കറങ്ങിനടക്കും, എന്നിട്ട് ലക്ഷ്യം കണ്ടുകഴിഞ്ഞാൽ അതിലേക്ക് ഇടിച്ചിറങ്ങും. ലക്ഷ്യത്തിന്റെയും അതിന്റെ ചുറ്റുപാടുകളുടെയും തത്സമയ ചിത്രം കാണുന്ന ഒരു ഓപ്പറേറ്ററാണ് LMS നിയന്ത്രിക്കുന്നത്, ഇത് ഒരു സ്റ്റാറ്റിക് അല്ലെങ്കിൽ ചലിക്കുന്ന ലക്ഷ്യത്തിനെതിരായ ആക്രമണത്തിന്റെ കൃത്യമായ സമയം, ദിശ, ആംഗിൾ എന്നിവ നിയന്ത്രിക്കാനുള്ള ശേഷിയെ അനുവദിക്കുന്നു.

ലോയിറ്ററിങ് മ്യൂണിഷൻ സിസ്റ്റംസിന്റെ പ്രധാന പ്രത്യേകതകൾ താഴെ പറയുന്നവയാണ്:

ദീർഘനേരം സഞ്ചരിക്കാനുള്ള ശേഷി: ലക്ഷ്യം പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, ദീർഘനേരം ആകാശത്ത് കറങ്ങിനടന്ന് കാത്തിരിക്കാൻ ഇവയ്ക്ക് കഴിയും.

കൃത്യതയോടെയുള്ള ആക്രമണം: അത്യാധുനിക സെൻസറുകളും ഗൈഡൻസ് സിസ്റ്റങ്ങളും ഉപയോഗിക്കുന്നതിനാൽ, ലക്ഷ്യസ്ഥാനത്ത് വളരെ കൃത്യതയോടെ ആക്രമണം നടത്താൻ സാധിക്കുന്നു.

മാറ്റാവുന്ന ലക്ഷ്യങ്ങൾ: ആക്രമണത്തിനിടയിൽ പോലും ലക്ഷ്യം മാറ്റാനോ, ദൗത്യം ഉപേക്ഷിക്കാനോ സാധിക്കും.

യുവിഷൻ ഹീറോ (UVision HERO) സീരീസ്, എയറോവിറോൺമെന്റ് സ്വിച്ച്ബ്ലേഡ് (AeroVironment Switchblade) സീരീസ് തുടങ്ങിയവ ലോയിറ്ററിങ് മ്യൂണിഷൻസ് സിസ്റ്റംസിന് ഉദാഹരണങ്ങളാണ്.

ലോയിറ്ററിങ് മ്യൂണീഷൻ

എയർഫ്രെയിം: ഡ്രോണിന്റെ ഘടനാപരമായ ചട്ടക്കൂട്, പലപ്പോഴും കാർബൺ ഫൈബർ അല്ലെങ്കിൽ സംയുക്ത പ്ലാസ്റ്റിക്കുകൾ പോലെയുള്ള ഭാരം കുറഞ്ഞ വസ്തുക്കളാൽ നിർമ്മിച്ചതാണ്.

പേലോഡ്: ഡ്രോൺ വഹിക്കുന്ന വാർഹെഡ്. ചെറുതും ഉയർന്ന സ്‌ഫോടനാത്മകവുമായത് മുതൽ ആന്റിടാങ്ക് യുദ്ധോപകരണങ്ങൾ പോലുള്ളവ പോലും ഉപയോഗിക്കാറുണ്ട്.

ഗൈഡൻസ് സിസ്റ്റം: ഡ്രോണിനെ നാവിഗേറ്റ് ചെയ്യാനും അതിന്റെ ലക്ഷ്യം കണ്ടെത്താനും പ്രാപ്തമാക്കുന്ന സംവിധാനം. ഇതിൽ GPS, ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റങ്ങൾ, ഇൻഫ്രാറെഡ് അല്ലെങ്കിൽ ഇലക്‌ട്രോ ഒപ്റ്റിക്കൽ ക്യാമറകൾ പോലെയുള്ള നൂതന സെൻസറുകൾ എന്നിവ ഉൾപ്പെടാം.

പ്രൊപ്പൽഷൻ സിസ്റ്റം: ഡ്രോണിനെ പ്രവർത്തിപ്പിക്കുന്ന എൻജിൻ. ഇത് ഒന്നുകിൽ ഗ്യാസോലിൻ അല്ലെങ്കിൽ ഡീസൽ എൻജിൻ ആകാം, അല്ലെങ്കിൽ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് മോട്ടറാണ് വ്യാപകമായി കാണാറുള്ളത്..

ആശയവിനിമയ സംവിധാനം: ഡ്രോണിനെ അതിന്റെ ഓപ്പറേറ്ററുമായി ആശയവിനിമയം നടത്താൻ അനുവദിക്കുന്ന സംവിധാനം. ഇതിൽ സാധാരണയായി റേഡിയോ അല്ലെങ്കിൽ സാറ്റലൈറ്റ് ആശയവിനിമയങ്ങൾ ഉൾപ്പെടുന്നു.

എഫ്പിവി ഡ്രോണുകൾ: നിയന്ത്രിക്കുന്നയാൾക്ക് അതിന്റെ സഞ്ചാരവഴിയും മുന്നിലുള്ള കാഴ്ചകളും കാണാനാവുന്നവയാണ് ഫസ്റ്റ് പഴ്സൻ വ്യൂ ഡ്രോണുകൾ. ഡ്രോണിൽ ഘടിപ്പിച്ച ക്യാമറയിൽനിന്ന് വിഡിയോ ഫീഡ് സ്വീകരിക്കുന്ന ഹെഡ്-മൗണ്ടഡ് ഡിസ്‌പ്ലേ (എച്ച്എംഡി) വഴിയാണ് ഇത് സാധ്യമാകുക. റേസിങ്, ഫ്രീസ്റ്റൈൽ ഫ്ലയിങ്, ഏരിയൽ ഫൊട്ടോഗ്രഫി, വിഡിയോഗ്രാഫി എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി എഫ്പിവി ഡ്രോണുകൾ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com