ചെവിയോർത്ത് യുദ്ധവിമാനം കണ്ടെത്തുന്ന എയർക്രാഫ്റ്റ് ലിസണർ, റഡാറിന്റെ 'മുൻ തലമുറ'

Mail This Article
വ്യോമപ്രതിരോധമേഖലയിലെ അത്യന്താപേക്ഷിതമായ ഉപകരണങ്ങളാണു റഡാർ. ഒരു മേഖലയിലേക്ക് പറന്നെത്തുന്ന ശത്രുവിമാനങ്ങളെ റഡാറുകൾ കണ്ടെത്തും. 1904ൽ ക്രിസ്ത്യൻ ഹൾസ്മേയർ എന്ന ശാസ്ത്രജ്ഞനാണു റഡാറുകളുടെ പ്രാകൃതരൂപമായ ടെലിമൊബൈലോസ്കോപ് കണ്ടെത്തിയത്. 1935ൽ ബ്രിട്ടനിൽ റോബർട് വാട്സൻ വാട്ട് ഉപയോഗപ്രദമായ ആദ്യ റഡാർ സംവിധാനം വികസിപ്പിച്ചു. 1934ൽ റുഡോൾഫ് കുഹ്നോൾഡ് എന്നയാൾ അതിനും മുൻപേ ഒരു നാവിക റഡാർ കണ്ടെത്തിയിരുന്നു. രണ്ടാംലോകയുദ്ധത്തിൽ ഏറെ ഉപയോഗിക്കപ്പെട്ട നിരീക്ഷണ സംവിധാനങ്ങളായി റഡാറുകൾ മാറി.
എയർക്രാഫ്റ്റ് ലിസണർ
റഡാറുകൾ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുൻപ് എയർക്രാഫ്റ്റ് ലിസണർ എന്നൊരു കൂട്ടം തൊഴിലാളികളെ സൈന്യങ്ങൾ നിയമിച്ചിരുന്നു. ഭൂമിയിൽ സ്ഥാപിച്ച വമ്പൻ കുഴലുകളായിരുന്നു ഇവർ നിയന്ത്രിച്ചത്. ഒരു ഭാഗത്ത് വലിയ വ്യാസമുള്ള ദ്വാരമുള്ള ഈ കുഴലുകളുടെ മറ്റേയറ്റം ചെവിയിൽ വയ്ക്കാവുന്നത്ര വ്യാസം കുറഞ്ഞതായിരുന്നു. സൈനിക മേഖലയിലേക്ക് എത്തുന്ന ശത്രുവിമാനങ്ങൾ കണ്ടെത്താൻ എയർക്രാഫ്റ്റ് ലിസണർമാർ ഉപകരിച്ചു. എന്നാൽ റഡാറുകൾ വന്നതോടെ ഇവർക്കു ജോലിയില്ലാതെയായി.
ടൗൺ ക്രയർ
സാങ്കേതികവിദ്യയുടെ വളർച്ചയിൽ സൈനികരംഗത്തു മാത്രമല്ല, മറ്റു പല മേഖലകളിലും ഇതുപോലെ ചില തൊഴിലുകൾ അപ്രത്യക്ഷമായിട്ടുണ്ട്.മധ്യകാല ഇംഗ്ലണ്ടിലെ മറ്റൊരു തസ്തികയായിരുന്നു ടൗൺ ക്രയർ. പൊതുവായ നോട്ടീസുകളും പ്രഖ്യാപനങ്ങളും വാർത്തകളും ഉറക്കെവിളിച്ചുകൊണ്ട് ഓടുക എന്നതായിരുന്നു ഈ ജോലിക്കാരൻ ചെയ്യേണ്ടിയിരുന്നത്. ജനങ്ങൾ വിവരങ്ങൾ അറിഞ്ഞിരുന്നത് ഇങ്ങനെയാണ്. പിൽക്കാലത്ത് മാധ്യമങ്ങൾ ശക്തിപ്രാപിച്ചതോടെ ഈ തസ്തികയ്ക്ക് പ്രസക്തിയില്ലാതെയായി
കംപ്യൂട്ടേഴ്സ്
കംപ്യൂട്ടർ എന്നാൽ അറിയാത്തവരായി ഇന്നാരുമില്ല. കംപ്യൂട്ടറുകൾ മാനവരാശിയെത്തന്നെ മാറ്റിമറിച്ചു. എന്നാൽ കംപ്യൂട്ടർ എന്നത് പഴയകാലത്തുണ്ടായിരുന്ന ഒരു തൊഴിൽ തസ്തികയാണ്. ഇലക്ട്രോണിക് കംപ്യൂട്ടറുകൾ പ്രചാരത്തിലാകുന്നതിനും മുൻപായിരുന്നു ഇത്. ഗണിതപരമായ കണക്കുകൂട്ടലും മറ്റു പ്രക്രിയകളും ചെയ്യാനായി നിയമിക്കപ്പെട്ട ജീവനക്കാരായിരുന്നു കംപ്യൂട്ടേഴ്സ്. നാസയുൾപ്പെടെ സമുന്നത സ്ഥാപനങ്ങളിൽ ഇവരുെട സേവനമുണ്ടായിരുന്നു.