മേഘം മറച്ചാലും ശത്രുക്കളുടെ ചലനം ഒപ്പിയെടുക്കും ഇന്ത്യയുടെ 'ആകാശക്കണ്ണ്';ഇഒഎസ്-09 ഉപഗ്രഹം, അതിവേഗം വിക്ഷേപണം

Mail This Article
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ലക്ഷ്യത്തിൽ ഇന്ത്യ നടത്തിയ സിന്ദൂർ ഓപറേഷൻ പാക്കിസ്ഥാനെ ഞെട്ടിച്ചിരുന്നു. കൃത്യ ലക്ഷ്യത്തിലുള്ള മാരക ആക്രമണത്തിന് രഹസ്യാന്വേഷണ സംവിധാനങ്ങൾക്കൊപ്പം ശത്രുക്കളുടെ ചലനങ്ങളെല്ലാം ഒപ്പിയെടുക്കുന്ന ടെക്നോളജിയും ഉപയോഗിച്ചിരിക്കാം. നിർണായകമായ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങൾക്ക് ഒരു മുതൽക്കൂട്ടായി എത്തുകയാണ് ഇഒഎസ്-09 (EOS-09) അഥവാ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്.
പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം വേഗത്തിലാക്കിയിരിക്കുന്നത്.

മുൻപ് റിസാറ്റ്-1ബി (RISAT-1B) എന്നറിയപ്പെട്ടിരുന്ന ഇഒഎസ്-09 ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്രോ (ISRO) വികസിപ്പിച്ചെടുത്ത ഒരു റഡാർ ഇമേജിങ് ഉപഗ്രഹമാണ്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണത്തിനും ഐഎസ്ആർഒയുടെ മൊത്തത്തിലുള്ള 101-ാമത്തെ ദൗത്യത്തിനുമുള്ള അവസാന ഘട്ട തയ്യാറെടുപ്പിന്റെ ഒരുക്കങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് മെയ് 17ന് രാവിലെ 7:59 ന് കൗണ്ട്ഡൗൺ ആരംഭിച്ചു.
റിസാറ്റ് പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണിത്
2022ൽ വിക്ഷേപിച്ച ഇഒഎസ്-04 ന്റെ തനിപ്പകർപ്പാണിത്. റിസാറ്റ്-1 ഉപഗ്രഹത്തിന്റെ തുടർച്ചയായി സമാനമായ കോൺഫിഗറേഷനുകളോടെയാണ് ഇത് വരുന്നത്. ഈ ഉപഗ്രഹത്തിന് അഞ്ച് വർഷത്തെ പ്രവർത്തന കാലയളവാണുള്ളത്. സി-ബാൻഡ് സിന്തറ്റിക് അപ്പേർച്ചർ റഡാർ (SAR) ആണ് ഇതിലെ പ്രധാന ഉപകരണം. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ (EOS) ഗണത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
സി-ബാൻഡ് സിന്തറ്റിക് അപ്പേർച്ചർ റഡാർ ഉപയോഗിക്കുന്നതിനാൽ, ഈ ഉപഗ്രഹത്തിന് പകലും രാത്രിയിലും ഏത് കാലാവസ്ഥയിലും (മേഘങ്ങൾ, മഴ, മൂടൽമഞ്ഞ്, പൊടിപടലങ്ങൾ എന്നിവയെ ഭേദിച്ച്) ഭൂമിയുടെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ പകർത്താൻ സാധിക്കും.
കൃഷി, വനംവൽക്കരണം, തോട്ടങ്ങൾ, മണ്ണിന്റെ ഈർപ്പം, ജലശാസ്ത്രം, വെള്ളപ്പൊക്ക ഭൂപട നിർമ്മാണം, ദുരന്തനിവാരണം, നഗരാസൂത്രണം, ദേശീയ സുരക്ഷ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകാൻ ഇതിന് കഴിയും.റിസോഴ്സ്‌സാറ്റ്, കാർട്ടോസാറ്റ്, റിസാറ്റ്-2ബി സീരീസ് ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങളെ ഇത് പിന്തുണയ്ക്കുകയും പൂർത്തീകരിക്കുകയും ചെയ്യും.വെള്ളപ്പൊക്ക ഭൂപടം തയ്യാറാക്കൽ, ചുഴലിക്കാറ്റ് നിരീക്ഷണം, മണ്ണിടിച്ചിൽ കണ്ടെത്തൽ, തീരദേശ സുരക്ഷ തുടങ്ങിയ തത്സമയ ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ഉപഗ്രഹം.
ഹൈ-റെസല്യൂഷൻ സ്പോട്ട്‌ലൈറ്റ് (1 മീറ്റർ വരെ റസല്യൂഷൻ), മീഡിയം റെസല്യൂഷൻ സ്കാൻസാർ എന്നിവയുൾപ്പെടെ അഞ്ച് ഇമേജിങ് മോഡുകൾ ഇതിലുണ്ട്. ഇത് വാഹനങ്ങളുടെ നീക്കം, ഭൂമിയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ തുടങ്ങിയ സൈനികപരമായ നീക്കങ്ങളോ ഭീകരവാദ പ്രവർത്തനങ്ങളോ സൂചിപ്പിക്കുന്ന സൂക്ഷ്മമായ മാറ്റങ്ങൾ പോലും കണ്ടെത്താൻ സഹായിക്കും.

10 മുതൽ 225 കിലോമീറ്റർ വരെ വീതിയുള്ള പ്രദേശങ്ങൾ ഒറ്റ സ്കാനിൽ നിരീക്ഷിക്കാൻ സാധിക്കും.
കോ-ക്രോസ് പോളറൈസേഷൻ, ഹൈബ്രിഡ് പോളാരിമെട്രി എന്നിവയെ പിന്തുണയ്ക്കാൻ സാധ്യതയുള്ളതിനാൽ, ഭൂപ്രദേശം, സസ്യജാലങ്ങൾ, കൂടാരങ്ങൾ അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ക്യാംപുകൾ പോലുള്ള മനുഷ്യനിർമ്മിത ഘടനകൾ എന്നിവയെ തരംതിരിക്കാൻ ഇതിന് കഴിയും.
ഇന്ത്യയുടെ 7,500 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്ത് നിയമവിരുദ്ധമായ സമുദ്ര പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, എണ്ണച്ചോർച്ച കണ്ടെത്തുക, കപ്പലുകളെ ട്രാക്ക് ചെയ്യുക എന്നിവയ്ക്കും ഇത് ഉപയോഗപ്രദമാകും.
വിക്ഷേപണ രീതി
ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി-സി61 (PSLV-C61) ദൗത്യത്തിലാണ് ഇഒഎസ്-09 ഉപഗ്രഹം വിക്ഷേപിക്കുക.ൃഭൂമിയിൽ നിന്ന് ഏകദേശം 529 കിലോമീറ്റർ ഉയരത്തിലുള്ള സൂര്യസ്ഥിര ധ്രുവീയ
വിക്ഷേപണത്തിന് ശേഷം ഏകദേശം 17 മിനിറ്റ് യാത്ര ചെയ്താണ് പി.എസ്.എൽ.വി-സി61, ഇഒഎസ്-09 നെ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കുക.ഉപഗ്രഹം വേർപെട്ട ശേഷം, വാഹനത്തിന്റെ (പിഎസ്4 ഘട്ടം) ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ (OCT) ഉപയോഗിച്ച് ഭ്രമണപഥത്തിന്റെ ഉയരം കുറയ്ക്കുകയും പിന്നീട് പാസിവേഷൻ നടത്തുകയും ചെയ്യും.
ഉപഗ്രഹത്തിന്റെ അഞ്ച് വർഷത്തെ ദൗത്യ കാലാവധിക്ക് ശേഷം, രണ്ട് വർഷത്തിനുള്ളിൽ സുരക്ഷിതമായി ഭ്രമണപഥത്തിൽ നിന്ന് താഴെയിറക്കി ബഹിരാകാശ മാലിന്യങ്ങൾ ഒഴിവാക്കുന്നതിനായി ആവശ്യമായ ഇന്ധനം ഇതിൽ കരുതിയിട്ടുണ്ട്.

വിക്ഷേപണ സമയവും സ്ഥലവും
തീയതിയും സമയവും: 2025 മെയ് 18, ഇന്ത്യൻ സമയം രാവിലെ 05:59 ന്.
വിക്ഷേപണ സ്ഥലം: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ (SDSC-SHAR) ഒന്നാം വിക്ഷേപണത്തറയിൽ (FLP) നിന്ന്.
ഇത് ഇസ്രോയുടെ 101-ാമത്തെ വിക്ഷേപണ ദൗത്യമാണ്.
പി.എസ്.എൽ.വി-സി61, പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ 63-ാമത്തെ പറക്കലും പി.എസ്.എൽ.വി-എക്സ്എൽ (PSLV-XL) കോൺഫിഗറേഷൻ ഉപയോഗിക്കുന്ന 27-ാമത്തെ ദൗത്യവുമാണ്.
വിക്ഷേപണത്തിനായുള്ള 22 മണിക്കൂർ കൗണ്ട്‌ഡൗൺ 2025 മെയ് 17 ശനിയാഴ്ച രാവിലെ 7:59 ന് ആരംഭിച്ചു.
പി.എസ്.എൽ.വി-സി61യുടെ പ്രധാന സവിശേഷതകൾ:
ഉയരം: 44.5 മീറ്റർ
വിക്ഷേപണ ഭാരം: 321 ടൺ
ഘടന: നാല് ഘട്ടങ്ങളും ആറ് സോളിഡ് സ്ട്രാപ്പ്-ഓൺ ബൂസ്റ്ററുകളും