ഒന്നാം ലോകയുദ്ധത്തിൽ കൊല്ലപ്പെട്ട അവസാന സൈനികൻ; മരണം യുദ്ധം തീരുന്നതിന് മിനിറ്റുകൾ മുൻപ്

Mail This Article
കൊടുംദുരിതം ലോകത്തിനു സമ്മാനിച്ച ഒന്നാം ലോകയുദ്ധം സമാപിച്ചത് 1918 നവംബർ 11ന് 11 മണിക്കാണ്. ഈ യുദ്ധം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരു യുഎസ് സൈനികൻ വെടിയേറ്റു മരിച്ചിരുന്നു. അദ്ദേഹമാണ് ഹെൻറി ഗുന്ഥർ. ഒന്നാം ലോകയുദ്ധത്തിൽ കൊല്ലപ്പെട്ട അവസാനത്തെയാൾ. 1918 ജൂലൈയിലാണ് ഗുന്ഥർ യുഎസ് സേനയുടെ ഭാഗമായി ഫ്രാൻസിലെത്തിയത്. ജർമൻ വംശജനായതിനാൽ അദ്ദേഹം യുഎസ് സേനാംഗങ്ങളിൽ നിന്ന് അൽപം അവഗണന നേരിട്ടിരുന്നു. തന്റെ കൂറ് ജർമനിയോടല്ലെന്ന് പല തവണ ഗുന്ഥറിന് കൂട്ടാളികളോട് പറയേണ്ടി വന്നു.
ഒന്നാം ലോകയുദ്ധം അവസാനിച്ച ദിവസം വെർഡുൻ നഗരത്തിനു വടക്കായുള്ള ഒരു ഗ്രാമത്തിൽ മുന്നേറ്റം നടത്തുകയായിരുന്നു ഗുന്ഥർ ഉൾപ്പെട്ട യുഎസ് പട. ഇതിനിടയിൽ ജർമൻ പടയുമായി വെടിവയ്പുണ്ടായി. ഒടുവിൽ യുഎസ് സംഘം ഗ്രാമത്തിനടുത്തെത്തി. ഗ്രാമത്തിൽ മെഷീൻ ഗണ്ണുകളുമായി കാവൽ നിൽക്കുന്ന ജർമൻ പടയാളികളെ അവർക്കു കാണാമായിരുന്നു.
ഇതിനിടെ ആ വാർത്തയെത്തി. ഒന്നാം ലോകയുദ്ധം 11 മണിക്ക് അവസാനിക്കും. യുദ്ധാവസാനത്തിന് കുറച്ചു മിനിറ്റുകൾ കൂടിമാത്രം. യുഎസ് പട പ്രകോപനമുണ്ടാക്കാതെ അവിടെ നിലകൊണ്ടു. ജർമൻ പട്ടാളക്കാരും അങ്ങനെ തന്നെ നിന്നു.എന്നാൽ പെട്ടെന്നു ഗുന്ഥർ ചാടിയെഴുന്നേറ്റു ജർമൻ സൈനികർക്കെതിരെ വെടിവയ്ക്കാൻ തുടങ്ങി. വെടിവയ്ക്കരുതെന്ന് കൂട്ടാളികളും ജർമൻ പടയാളികളും പറഞ്ഞിട്ടും വെടിതുടർന്നു. ഒടുവിൽ ജർമൻ സേന തിരിച്ചടിച്ചു. ഒരു ബുള്ളറ്റ് ഗുന്ഥറിന്റെ ജീവനെടുത്തു.

∙ഒന്നാം ലോകയുദ്ധം
1914ൽ ഓസ്‌ട്രോ ഹംഗറി സാമ്രാജ്യത്തിന്റെ കിരീട അവകാശിയായ ആർച്ച് ഡ്യൂക് ഫ്രാൻസിസ് ഫെർഡിനൻഡും ഭാര്യ സോഫിയും ബോസ്‌നിയയിൽ വെടിയേറ്റ് മരിച്ചതാണ് ഒന്നാം ലോകയുദ്ധതിനുള്ള പ്രത്യക്ഷ കാരണമായി മാറിയത്. എന്നാൽ ബാൽക്കൻ മേഖലയിലെ സംഘർഷവും റഷ്യ, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ വൻ ശക്തികളുടെ ഇടപെടലും താല്പര്യങ്ങളും കൂടി ആയതോടെ യുദ്ധം കൊടുമ്പിരി കൊണ്ടു. മുൻപുള്ള യുദ്ധങ്ങളിൽ ഇല്ലാത്ത വിധമുള്ള സാങ്കേതിക സംവിധാനങ്ങളും അതീവ നശീകരണ ശേഷിയുള്ള ആയുധങ്ങളും ട്രഞ്ച് യുദ്ധരീതികളും കൂടി ആയതോടെ വൻ ജീവനാശവും മറ്റു നാശ നഷ്ടങ്ങളും ഉടലെടുത്തു.2 കോടി പേര് മരിച്ചെന്നും 2.1 കോടി പേർക്ക് ഗുരുതരമായി പരുക്കുകൾ ഏറ്റെന്നുമാണ് കണക്ക്.
ഓസ്‌ട്രോ ഹംഗറി സാമ്രാജ്യം സെർബിയയെ ആക്രമിച്ചതോടെയാണു ഒന്നാം ലോകയുദ്ധത്തിനു തുടക്കമിട്ടത്. റഷ്യ,ഫ്രാൻസ് എന്നിവർ സെർബിയൻ പക്ഷത്ത് ചേർന്നു.റഷ്യയ്ക്കും ഫ്രാൻസിനുമെതിരെ ജർമനിയുടെ യുദ്ധപ്രഖ്യാപനം ഉടനെയെത്തി.ഓഗസ്റ്റ് മൂന്നിനു ജർമൻ സൈന്യം ബൽജിയത്തിലേക്ക് കയറി. തുടർന്ന് ബ്രിട്ടൻ ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.ജർമനി നേതൃത്വം നൽകുന്ന കേന്ദ്രശക്തികളും ബ്രിട്ടൻ,റഷ്യ, ഫ്രാൻസ് എന്നിവർ നയിക്കുന്ന സഖ്യശക്തികളും ഇരുചേരികളായി തിരിഞ്ഞു.

ഇതിനിടെ റഷ്യയും ജർമനിയും പ്രഷ്യൻ നഗരമായ ടാനിൻബർഗിൽ പോരാട്ടം തുടങ്ങി. ഇതിൽ റഷ്യ പരാജയപ്പെട്ടു.ബെൽജിയത്തിലെ മോൺസിൽ ബ്രിട്ടനും ജർമനിയോട് പരാജയപ്പെട്ടു. പിന്നീട് യുദ്ധം പടർന്നുകയറി. ഇരുപക്ഷങ്ങളും കനത്ത ആക്രമണങ്ങൾ നടത്തി. 1915 മേയ് 7ന് 1200 യാത്രക്കാരെയും വഹിച്ചുപോയ ലൂസിറ്റേനിയ എന്ന കപ്പൽ ജർമൻ യൂ ബോട്ടുകളിൽ നിന്നുള്ള ടോർപിഡോ ആക്രമണത്തിൽ മുങ്ങി. ഇവരിൽ 128 പേർ തങ്ങളുടെ പൗരൻമാരായതാണു യുഎസ്സിനെ ചൊടിപ്പിച്ചത്.1917 ഏപ്രിൽ 6ന്
യുഎസ്സിനെ ആക്രമിക്കാൻ ആവശ്യപ്പെട്ടു മെക്സിക്കോയ്ക്ക് ജർമനി ടെലിഗ്രാം അയച്ചതോടെ യുഎസ് ജർമനിക്കെതിരായി രംഗത്തെത്തി.1918 മാർച്ചോടെ ജർമനി ഫ്രാന്സിനുമേൽ ആക്രമണം കടുപ്പിച്ചു. എന്നാൽ പതിയെ ജർമൻ സേന ക്ഷീണിച്ചു. യുഎസ് പട്ടാളത്തിന്റെ ആഗമനവും അവർക്ക് അടിയായി.പുതിയ ഉണർവോടെ ഫ്രാൻസ് തിരിച്ചടിച്ചു.‘ഹൺഡ്രഡ് ഡേയ്സ്’ ഒഫൻസീവ് എന്നറിയപ്പെട്ട പോരാട്ടത്തിൽ ജർമനി പരാജയത്തിന്റെ വക്കിലെത്തി. ഒടുവിൽ 1918 നവംബർ 11ന് യുദ്ധം തീർന്നു.വടക്കൻ ഫ്രാൻസിലെ കംപിയനിലെ ട്രെയിൻ കമ്പാർട്മെന്റിൽ, ജർമനി അടിയറവ് സമ്മതിച്ച് ഫ്രാൻസുമായി ഉടമ്പടി ഒപ്പിട്ടു.1919ൽ വേഴ്സായി ഉടമ്പടിയിൽ ജർമനിക്കുമേൽ കർശനമായ വ്യവസ്ഥകളും പിഴയും ചുമത്തി.