പടക്കളത്തിലെ പെൺപുലി! ദ്വന്ദയുദ്ധത്തിൽ സീറിയ റാണിയെ തോൽപിച്ച സൈനാനി

Mail This Article
പ്രാചീനകാലത്തെ യോദ്ധാക്കളിൽ ഏറ്റവും പ്രശസ്തരുടെ കൂട്ടത്തിൽ വരും അലക്സാണ്ടർ ചക്രവർത്തി. ഗ്രീക്ക് മേഖലകൾ കടന്ന് യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ തന്റെ പ്രതാപം കാട്ടിയ യുദ്ധവീരനുമായിരുന്നു അലക്സാണ്ടർ. പ്രാചീന ലോകചരിത്രവുമായി അത്രയേറെ ഇഴുകിച്ചേർന്നിരിക്കുന്നു മാസിഡോണിയയിലെ ഫിലിപ് രാജാവിന്റെ ഈ പുത്രൻ.

എന്നാൽ ചരിത്രത്തിൽ അത്രയൊന്നും അറിയപ്പെടാത്ത യുദ്ധവീരയായ ഒരു സഹോദരി അലക്സാണ്ടറിനുണ്ട്. സൈനാനി എന്നാണ് ഈ ധീരയുടെ പേര്. അന്നത്തെ കാലത്തെ മാമൂലുകളെല്ലാം ലംഘിച്ച് രാജാക്കൻമാരോട് പോരാടുകയും തന്റെ സൈന്യത്തെ വിജയത്തിലേക്കു നയിക്കുകയും ചെയ്തു സൈനാനി.
ആയുധങ്ങളില്ലാതെയുള്ള പോരാട്ടം
ഫിലിപ് രാജാവിന് ഇല്ലീറിയൻ രാജകുമാരിയായ ഔഡാറ്റയിലുണ്ടായ മകളാണു സൈനാനി. ഇല്ലീറിയൻ രീതികൾ അനുസരിച്ചാണ് സൈനാനി വളർത്തപ്പെട്ടത്. അതിനാൽ തന്നെ യുദ്ധമുറകളിലും വേട്ട അടവുകളിലുമെല്ലാം ഇവർ അഗ്രഗണ്യയായിരുന്നു. ചെറുപ്പകാലത്തേ വളരെ ധീരയായിരുന്നു സൈനാനി. മാസിഡോണിയൻ പടയെ യുദ്ധത്തിൽ നേരിട്ടു നയിക്കുകയും ചെയ്തു അവർ.

സീറിയ എന്ന മറ്റൊരു ഇല്ലീറിയൻ റാണിയും യുദ്ധവീരയുമായ വനിതയുമായി സൈനാനി നടത്തിയ ദ്വന്ദയുദ്ധം പ്രശസ്തമാണ്. ആയുധങ്ങളില്ലാതെയുള്ള പോരാട്ടത്തിൽ സീറിയയെ തൊണ്ടയ്ക്ക് ക്ഷതമേൽപിച്ച് സൈനാനി കൊലപ്പെടുത്തി. പിന്നീട് അവരുടെ പടയും മാസിഡോണിയൻ സേനയ്ക്കു മുൻപിൽ നിലംപരിശായി.
പിൽക്കാലത്ത് അമിന്താസ് എന്ന മാസിഡോണിയൻ പ്രഭുവിനെ വിവാഹം കഴിച്ച സൈനാനിക്ക് അഡിയ എന്ന പെൺകുട്ടിയും പിറന്നു. അമിന്താസ് പിന്നീട് മരിച്ചു. അലക്സാണ്ടർ മരിച്ചശേഷം മാസിഡോണിയയുടെ നിയന്ത്രണം തനിക്കും മകൾക്കും വേണമെന്ന് ആഗ്രഹിച്ച സൈനാനി ഇതിനായി ശ്രമങ്ങൾ തുടങ്ങി. എന്നാൽ ഇത് അലക്സാണ്ടറുടെ കീഴിലുള്ള മറ്റ് ജനറലുമാർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ഒരു യുദ്ധത്തിൽ സൈനാനിയെ കൊന്നു.