പഹൽഗാം ആക്രമണത്തിന് കാരണമായ വിദ്വേഷ പ്രസംഗങ്ങൾ, ഇന്ത്യക്കെതിരെ വൻ പരാജയം; അസിം മുനീറെങ്ങനെ ഫീൽഡ് മാർഷലായി?

Mail This Article
പഹൽഗാം ആക്രമണത്തിന് കാരണമായ വിദ്വേഷ പ്രസംഗങ്ങൾക്കിടയിലും പാക്കിസ്ഥാൻ ആർമി ജനറൽ അസിം മുനീറിന് ഫീൽഡ് മാർഷൽ എന്ന ഉയർന്ന റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ, മുനീറിനെ സ്ഥാനക്കയറ്റം നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്താണ് ഈ തിരിച്ചടികൾക്കിടയിലും ഈ തീരുമാനമെടുക്കാൻ മന്ത്രിസഭയെ പ്രേരിപ്പിക്കുന്നതെന്ന് നോക്കാം.
ഭരണത്തിലും സൈന്യത്തിന്റെ സ്വാധീനം
പാക്കിസ്ഥാനെക്കാൾ കാതങ്ങൾ മുന്നിലുള്ള പ്രതിരോധനിരയും സേനാവിഭാഗങ്ങളും ഉള്ള രാജ്യമാണ് ഇന്ത്യ. എങ്കിൽ പോലും ഭരണത്തിൽ ഇന്ത്യൻ സേനാവിഭാഗങ്ങൾ ഇടപെടാറേയില്ല. തങ്ങളുടെ ദൗത്യവും ലക്ഷ്യവും രാജ്യത്തിന്‌റെ സുരക്ഷയും പ്രതിരോധവുമാണെന്നു തികഞ്ഞ ബോധ്യമുള്ളവരാണ് ഇന്ത്യൻ സേനാംഗങ്ങളും ഉന്നത സൈനിക നേതൃത്വവും. അതിനാൽ തന്നെ ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഭരണസംവിധാനത്തിൽ സൈന്യം ഇടപെടേണ്ട കാര്യമില്ലെന്നു സേന ശക്തമായി വിശ്വസിക്കുന്നു, അത് ആചരിക്കുന്നു.
പാക്കിസ്ഥാനിൽ സ്ഥിതി വ്യത്യസ്തമാണ്. അവിടത്തെ സേന പ്രതിരോധവും സുരക്ഷയും മാത്രം അജൻഡയാക്കിയവരല്ല. പാക്കിസ്ഥാന്‌റെ ഭരണത്തിലും അവരുടെ സ്വാധീനം വ്യക്തമായി കാണാം. ജുഡീഷ്യറിയെയും പാർലമെന്‌റിനെയും പോലും വെല്ലുവിളിക്കാനും വേണമെങ്കിൽ ഭരണം പിടിച്ചടക്കാനും യാതൊരു മടിയുമില്ലാത്തവരാണ് പാക്ക് സൈന്യം.
സാമ്പത്തികമായി സർക്കാരിനെ ആശ്രയിക്കേണ്ട
പാക്കിസ്ഥാന്‌റെ ജനനം മുതൽ സൈന്യത്തിന് പ്രത്യേകമായ ഒരു മുൻതൂക്കവും അപ്രമാദിത്വവും അവിടത്തെ സർക്കാരുകൾ നൽകിയിരുന്നു. അത് വഴിവിട്ട സ്വാധീനത്തിലേക്കു വളർന്നെന്നു ചരിത്രകാരൻമാർ പറയുന്നു. ഇന്ത്യയെ അപേക്ഷിച്ച് ദുർബലമായ സർക്കാരുകളും പരാധീനതയിലായ ഭരണസംവിധാനങ്ങളും പാക്കിസ്ഥാനിൽ ഏറെയുണ്ടായിട്ടുണ്ട്. അതു സൈന്യം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലേക്കു നയിച്ചു. വിദേശനയങ്ങളിൽ സൈന്യത്തിന്‌റെ തീരുമാനങ്ങൾ വളരെ നിർണായകമാണ്. സ്വന്തമായി സംരംഭങ്ങളൊക്കെ പാക്ക് സൈന്യത്തിന് ഏറെയുണ്ട്. അതിനാൽ സാമ്പത്തികമായി സർക്കാരിനെ ആശ്രയിക്കേണ്ടെന്ന നിലയും അവർക്ക് അവിടത്തെ ഭരണത്തിൽ അപ്രമാദിത്വം നൽകി.

സർക്കാരുകളെ നോക്കുകുത്തിയാക്കി മാറ്റുന്ന പ്രവർത്തനം
പട്ടാള അട്ടിമറികൾ പാക്കിസ്ഥാനിൽ തുടരെയുണ്ടായിട്ടുണ്ട്. മൂന്നു പതിറ്റാണ്ടുകളോളം പട്ടാളം അവിടെ ഭരണം പലകാലങ്ങളിലായി കയ്യാളി. ഇതെല്ലാം അവരെ ഒരു ഭരണശക്തിയായി ഉയർത്തി. വിദേശശക്തികളോടുള്ള ചർച്ചകളും നയരൂപീകരണങ്ങളുമൊക്കെ സൈന്യം നേരിട്ടു കൈകാര്യം ചെയ്യുന്ന നിലയിലേക്കു കാര്യങ്ങളെത്തി. പലപ്പോഴും തിരഞ്ഞെടുത്ത സർക്കാരുകളെ നോക്കുകുത്തിയാക്കി മാറ്റിയായിരുന്നു ഈ പ്രവർത്തനങ്ങളൊക്കെയും. ജുഡീഷ്യറിയിലും ബ്യൂറോക്രസിയിലും സൈന്യത്തിനു തികഞ്ഞ സ്വാധീനമുണ്ട്.സാംസ്‌കാരികപരമായും സൈന്യം വലിയ സ്വാധീനം പാക്ക് ജനതയ്ക്കു മേൽ പുലർത്തുന്നുണ്ട്.
പ്രൊപ്പഗാൻഡകളിലൂടെയും മറ്റും പാക്കിസ്ഥാന്‌റെയും പാക്ക് സംസ്‌കാരത്തിന്‌റെയും യഥാർഥ സംരക്ഷകർ തങ്ങളാണെന്നും തങ്ങളെ മാത്രം ആശ്രയിച്ചേ നിലനിൽപ്പുള്ളുവെന്നും ഒരു ബോധം പൗരൻമാരിൽ കുത്തിവയ്ക്കാൻ സൈന്യത്തിനു കഴിഞ്ഞു. ഇതെല്ലാം പാക്ക് സൈന്യത്തെ പാക്കിസ്ഥാനിലെ എതിരാളികളില്ലാത്ത ശക്തിയായി മാറ്റിയ സംഭവമാണ്. പാക്ക് സൈന്യാധിപൻ പാക്കിസ്ഥാനിലെ ഏറ്റവും കരുത്തുറ്റ വ്യക്തിയായി പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുണ്ട്.