റഷ്യയിൽ വീണ്ടും ‘സ്റ്റാലിൻഗ്രാഡ്’; പുട്ടിന്റെ നീക്കം അഭിമാനമുറപ്പിക്കാൻ
.jpg?w=1120&h=583)
Mail This Article
റഷ്യയുടെ തെക്കൻഭാഗത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണു വോൾഗോഗ്രാഡ്. ഇന്ന് റഷ്യയിലെ പതിനാറാമത്തെ വലിയ നഗരമാണ് ഇത്. സോവിയറ്റ് കാലഘട്ടത്തിൽ ഈ നഗരം അറിയപ്പെട്ടിരുന്നത് സ്റ്റാലിൻഗ്രാഡ് എന്ന പേരിലാണ്. സാക്ഷാൽ ജോസഫ് സ്റ്റാലിന്റെ പേരിലുള്ള നഗരം. പിന്നീട് സോവിയറ്റ് യൂണിയൻ ശിഥിലമായ ശേഷം പഴയ പേരായ വോൾഗോഗ്രാഡിലേക്കു തിരികെ പോയി. ഈ നഗരത്തിലെ വിമാനത്താവളത്തിന് കഴിഞ്ഞ ദിവസം റഷ്യൻപ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നൽകിയ പേര് സ്റ്റാലിൻഗ്രാഡെന്നാണ്. അങ്ങനെയാണു സ്റ്റാലിൻഗ്രാഡ് വീണ്ടുമെത്തുന്നത് എന്താണ് ഇതിനു കാരണം.
ഓപ്പറേഷൻ ബാർബറോസ
ഒരിക്കൽ ലോകചരിത്രത്തിലെ ഒരു വമ്പൻ പോരാട്ടത്തിനു വേദിയായ നഗരമാണു സ്റ്റാലിൻഗ്രാഡ് അഥവാ വോൾഗോഗ്രാഡ്. സോവിയറ്റ് യൂണിയന്റെ എണ്ണ സമ്പന്നമായ കോക്കസസ് മേഖലയിലേക്കുള്ള പ്രവേശന കവാടമായിരുന്നു ഈ നഗരം.ഓപ്പറേഷൻ ബാർബറോസ എന്ന പേരിൽ നാത്സികൾ റഷ്യയിൽ ആക്രമണം നേരത്തെ തന്നെ തുടങ്ങിയിരുന്നു.സ്റ്റാലിന്റെ പേരിൽ തന്നെയുള്ള നഗരം വീണാൽ അതു സോവിയറ്റ് യൂണിയന്റെ ആത്മവിശ്വാസം കുറയ്ക്കുമെന്നു നാത്സികൾ കണക്കാക്കി.

1942ൽ ആണ് യുദ്ധം തുടങ്ങിയത്. പതിനായിരക്കണക്കിനു ജർമൻകാരും സഖ്യകക്ഷികളായ ഇറ്റാലിയൻ, ഹംഗേറിയൻ, റുമേനിയൻ പടയാളികളും നഗരത്തെ ആക്രമിക്കാൻ തുടങ്ങി. സോവിയറ്റ് പ്രതിരോധം ശക്തമായിരുന്നു.പത്തു ദിനത്തിൽ നഗരം പിടിച്ചടക്കണമെന്ന് ജർമനി വിചാരിച്ചു. കരയുദ്ധത്തിനു പുറമെ ശക്തമായ വ്യോമാക്രമണങ്ങളും നടത്തി. പതിനായിരക്കണക്കിന് നഗരവാസികൾ ദിനംപ്രതി കൊല്ലപ്പെട്ടു. ഒട്ടേറെ കെട്ടിടങ്ങൾ പൊട്ടിത്തകർന്നു നശിച്ചു.
പത്തുലക്ഷത്തിലധികം ആളുകൾ പരസ്പരം പോരടിച്ചുകൊണ്ടിരുന്നു
രണ്ട് മുന്നണികളിലും ഭക്ഷണത്തിന്റേതുൾപ്പെടെ കടുത്ത ക്ഷാമം ഉടലെടുത്തു.ഇരുമുന്നണികളിലുമായി പത്തുലക്ഷത്തിലധികം ആളുകൾ പരസ്പരം പോരടിച്ചുകൊണ്ടിരുന്നു.നാത്‌സി സൈന്യം എണ്ണത്തിൽ കൂടുതലുണ്ടെങ്കിലും അവരെ വളയാൻ സോവിയറ്റ് സൈന്യം തീരുമാനിച്ചു. ശൈത്യകാലവും സോവിയറ്റ് യൂണിയനു സഹായകമായി. താമസിയാതെ റഷ്യ സൈന്യം നാലുപാടുനിന്നും ഇരച്ചുകയറി. ടാങ്കുകളും പീരങ്കികളും പടയാളികളും അവർക്കൊപ്പമുണ്ടായിരുന്നു.

പിന്നീട് വലിയ പോരാട്ടമായിരുന്നു. സോവിയറ്റ് യൂണിയൻ പൗരൻമാരായ 10 ലക്ഷം പേരെങ്കിലും ഈ കൊടും യുദ്ധത്തിൽ മരണപ്പെട്ടെന്നാണ് കണക്ക്. എങ്കിലും നാൾക്കു നാൾ നാത്സികൾ പരാജയതീരത്തോടടുത്തു. ഒടുവിൽ 1943 ഫെബ്രുവരിയിൽ അവർ പരാജയം സമ്മതിച്ചു പിന്തിരിഞ്ഞു.
നാത്സികളെ പരാജയപ്പെടുത്തിയവരെന്ന തങ്ങളുടെ ചരിത്രം വീണ്ടും പറഞ്ഞ് റഷ്യൻ അഭിമാനത്തെ ഉയർത്താനുള്ള ശ്രമമാണു പുട്ടിന്റേതെന്ന് വിദഗ്ധർ വിലയിരുത്തപ്പെടുന്നു. യുക്രെയ്നിൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന റഷ്യൻ സൈനികർ ഇങ്ങനെയൊരു ആവശ്യം ഉയർത്തിയെന്നും അവരുടെ വാക്കുകൾ തനിക്ക് നിയമം പോലെയാണെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്നെയും പോളണ്ടിനെയും പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യവും പിന്നിലുണ്ടെന്നു നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.