ഒന്നാം ലോകയുദ്ധത്തിൽ തകർന്ന യുഎസ് മുങ്ങിക്കപ്പൽ കണ്ടെത്തി; ഒരു നൂറ്റാണ്ടോളം കാലം , തിരിച്ചെടുക്കുന്നില്ലെന്ന് അധികൃതർ

Mail This Article
ഒന്നാം ലോകയുദ്ധകാലത്തു കലിഫോർണിയയിലെ സാൻ ഡീഗോ തീരത്തിനടുത്ത് തകർന്ന യുഎസ് മുങ്ങിക്കപ്പൽ കണ്ടെത്തി. 1917ൽ ആണ് യുഎസ്സ് എഫ്1 എന്നു പേരുള്ള മുങ്ങിക്കപ്പൽ മുങ്ങിയത്. മറ്റൊരു യുഎസ് മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ചാണ് ഇത് അന്നു തകർന്നത്. ഇതിലുണ്ടായിരുന്നവരിൽ 19 പേർ മുങ്ങിപ്പോകുകയും 3 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
വുഡ്‌സ് ഹോൾ ഓഷ്യനോഗ്രഫിക് ഇൻസ്റ്റിറ്റിയൂഷനും യുഎസ് നേവിയും സംയുക്തമായാണ് ഇതു കണ്ടെത്താനായി തിരച്ചിൽ നടത്തിയത്.നിലവിൽ സമുദ്രനിരപ്പിൽ നിന്ന് 1300 അടി താഴ്ചയിലാണ് ഈ മുങ്ങിക്കപ്പലിന്‌റെ ശേഷിപ്പ് സ്ഥിതി ചെയ്യുന്നത്.

സാൻ പെഡ്രോയിൽ നിന്നു സാൻ ഡീഗോയിലേക്കു 48 മണിക്കൂർ പരിശീലന യാത്ര ടത്തുകയായിരുന്നു അന്ന് യുഎസ്എസ് എഫ്1. യുഎസ്എസ് എഫ്2, എഫ്3 എന്ന മറ്റു 2 മുങ്ങിക്കപ്പലുകൾ കൂടി സമാനമായ പരീക്ഷണദൗത്യത്തിന്‌റെ ഭാഗമായി മേഖലയിലുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് സാങ്കേതികമായ പ്രതിസന്ധികൾ ഉടലെടുത്തതിനെത്തുടർന്ന് എഫ്3 എഫ്1മായി കൂട്ടിയിടിക്കുകയായിരുന്നു.തുടർന്ന് എഫ്3 രക്ഷാദൗത്യത്തിലേർപ്പെടുകയും എഫ്1ലെ 3 പേരെ രക്ഷിക്കുകയുമായിരുന്നു.
ഏകദേശം ഒരു നൂറ്റാണ്ടോളം കാലം പിന്നിട്ട ശേഷമാണ് ഈ മുങ്ങിക്കപ്പൽ കണ്ടെത്തിയിരിക്കുന്നത്. ശേഷിപ്പുകൾ ഇന്നും പൂർണരൂപത്തിൽ സ്ഥിതി ചെയ്യുന്നുണ്ടെന്നു യുഎസ് നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.അന്നു മരിച്ച 19 നേവി ഉദ്യോഗസ്ഥരുടെ സ്മാരകം കൂടിയായതിനാൽ ശേഷിപ്പിനെ തങ്ങൾ ശല്യപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നു യുഎസ് നേവിയും പര്യവേക്ഷകരും അറിയിച്ചു.1950ൽ മുങ്ങിയ ഒരു പരിശീലന എയർക്രാഫ്റ്റിന്‌റെ ശേഷിപ്പുകളും പര്യവേക്ഷണത്തിനിടെ ഗവേഷകർ കണ്ടെത്തി.